ജോലി ഐടി മേഖലയിൽ, ഹോബി നായ വളർത്തൽ: നായ്ക്കളെ നെഞ്ചോട് ചേർത്ത് ജെറ്റിം
Mail This Article
ജോലി ഐടി മേഖലയിലാണെങ്കിലും നായക്കമ്പം കയറി നാലു നായ്ക്കളെ കൂടെക്കൂട്ടിയ യുവാവാണ് കല്ലൂർക്കാട് സ്വദേശി തെക്കേക്കര ജെറ്റിം ജോർജ്. നാലു വർഷം മുൻപ് പത്തനംതിട്ടയിൽനിന്ന് വാങ്ങിക്കൊണ്ടുവന്ന ലാബ്രഡോർ നായ്ക്കുട്ടിയോടു തോന്നിയ അടുപ്പമാണ് പിന്നീട് രണ്ടു ലാബ്രഡോർ നായ്ക്കളെയും ഒരു റോട്ട്‌വെയ്‌ലറിനെയും വീട്ടിൽ എത്തിക്കാൻ ജെറ്റിമിന് പ്രചോദനമായത്.
ആദ്യം കൊണ്ടുവന്ന ലൂണ എന്ന ലാബ്രഡോർ നായയാണ് ജെറ്റിമിന്റെ അരുമയും വീട്ടിലെ റാണിയും. വീടിനുള്ളിൽ കയറിയാൽ തന്റെ കട്ടിലാണ് അവളുടെ വിശ്രമസ്ഥലമെന്ന് ജെറ്റിം. അതുപോലെതന്നെയാണ് ലെയ്ക എന്ന റോട്ട്‌വെയ്‌ലറും. ലൂണയെ അമ്മയെപ്പോലെയാണ് ലെയ്ക കരുതുക. കരണം, ലെയ്കയെ വാങ്ങുമ്പോൾ ലൂണ പ്രസവിച്ചുകിടക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഇരുവരും തമ്മിൽ അമ്മയും മോളും ബന്ധമാണെന്നും ജെറ്റിം. ഇവർക്കു പിന്നാലെയാണ് മാഗിയും മാക്സും എത്തിയത്. എല്ലാവരും കെസിഎ റജിസ്ട്രേഷൻ ഉള്ളവരും. കൈവശമുള്ള രണ്ട് ലാബ്രഡോർ പെൺനായ്ക്കൾ ഇപ്പോൾ പ്രസവിച്ചിട്ടുമുണ്ട്.
ചോറും ചിക്കൻ, ബീഫ്, മത്തി തുടങ്ങിയവ ചേർന്നുള്ള ഭക്ഷണമാണ് നാലു പേർക്കും നൽകുക. ദിവസം രണ്ടു നേരം ഭക്ഷണം നൽകും. അതുപോലെ പ്രസവിച്ചവർക്കും കുഞ്ഞുങ്ങൾക്കും കമ്പനിത്തീറ്റയും നൽകുന്നുണ്ട്.
വർക്ക് ഫ്രം ഹോം രീതിയിലാണ് തന്റെ ജോലിക്രമമെന്ന് ജെറ്റിം. അതുകൊണ്ടുതന്നെ നായ്ക്കളുമായി ഇടപെഴകാൻ സമയം ലഭിക്കുന്നുണ്ട്. റബർ തോട്ടത്തിൽ അഴിച്ചുവിടുന്നതാണ് ഇവരുടെ പ്രധാന വ്യായാമം. അതുപോലെ നായ്ക്കളുമായി നടക്കാൻ പോകാറുമുണ്ട്. പുരയിടത്തിനു സമീപത്തെ കൈത്തോട്ടിൽ നീന്തുന്നതാണ് നാലുപേരുടെയും വിനോദം.
ഫോൺ: 8547589371