ADVERTISEMENT

ടൈഗർ എന്ന നായ്ക്കുട്ടിയുടെ കഥ പറയാം!!

കിടപ്പായ അവസ്ഥയിലാണ് സെന്റ് ബെർണാഡ് ഇനത്തിൽപ്പെട്ട അവനെ ഞങ്ങളുടെ ഹോസ്പിറ്റലിൽ എത്തിച്ചത്. വയറ്റിൽ നീർക്കെട്ടുണ്ട്, ശ്വാസം എടുക്കാനും നന്നേ ബുദ്ധിമുട്ട്. ഭക്ഷണം കഴിക്കുന്നില്ല, അതുകൊണ്ടുതന്നെ ഒരു സെന്റ് ബെർണാഡ് ആണെന്നു പറയുകയേയില്ല. നന്നായി മെലിഞ്ഞുക്ഷീണിച്ച അവസ്ഥ. 

ഒട്ടും ആശാവഹം ആയിരുന്നില്ല അവന്റെ കാര്യങ്ങൾ. എന്റെ ഭർത്താവ് ഡോ. കിഷോർ കുമാർ ആണ് അവന്റെ കേസ് കൈകാര്യം ചെയ്തത്. എവിടെ തുടങ്ങണമെന്നും പിടിത്തമില്ല. ബ്ലഡ്‌ ചെക്ക്, x ray, സ്കാനിങ് എന്നിവയിൽനിന്നും തുടങ്ങി. ഒരു വയസ്സ് മാത്രമുള്ള നായ്ക്കുട്ടി. ഹൃദയത്തിനും കരളിനും ചുറ്റും നീർക്കെട്ടുണ്ട്. രണ്ടു ദിവസം നീർക്കെട്ട് കുറയാനുള്ള മരുന്ന് കുത്തിവയ്പ്പായി കൊടുത്തു, പ്രതികരണമില്ല. തുടർന്ന് thoracocentesis വഴി ഒരു ലീറ്ററോളം serosanguineus exudate വലിച്ചെടുത്തു കളഞ്ഞു. അതോടെ അവൻ ചികിത്സയോടു പ്രതികരിക്കാൻ തുടങ്ങി. ഞങ്ങൾക്കും അവന്റെ ഉടമകൾക്കും പ്രതീക്ഷ നൽകി ഭക്ഷണം കഴിക്കാനും മെല്ലെ നടക്കാനും തുടങ്ങി. ഇപ്പോൾ ഇരിക്കാനും കിടക്കാനും വയ്യേ എന്നും പറഞ്ഞ് ടൈഗർ ഹോസ്പിറ്റലിൽ എല്ലാവരുടെയും ഓമനയായി നടപ്പുണ്ട്.

ഒരു ദിവസം അവന്റെ ഉടമകളായ സൗഭാഗും ദീപയും അവനെ കാണാൻ വന്നപ്പോൾ അവരുടെ കൂടെ ആശാൻ താഴെക്കിറങ്ങി വന്നു. നേരെ ഡോക്ടറെ കാണാൻ. തന്നെ ചികിൽസിച്ചു ഭേദപ്പെടുത്തിയ ഡോക്ടറോട് നന്ദി പറയാൻ. അന്ന് ഒരു മണിക്കൂർ ഡോക്ടറുടെ റൂമിൽ കിടന്നുറങ്ങിയ ശേഷമാണ് അവന്റെ കൂട്ടിലേക്ക് അവൻ കയറിയത്. രണ്ടു ദിവസം കൂടെ കഴിഞ്ഞാൽ അവൻ വീട്ടിലേക്കു തിരികെ പോകും. ഉറക്കെ പറഞ്ഞില്ലെങ്കിലും നെഞ്ചിലെ ഭാരമിറക്കിത്തന്ന ആളോടുള്ള നന്ദി അവന്റെ കണ്ണിലുണ്ട്. 

മൃഗസംരക്ഷണ മേഖലയിൽ നിങ്ങൾക്കുമുണ്ടോ മറക്കാനാവാത്ത അനുഭവങ്ങൾ! രസകരമായതും ഹൃദയസ്പർശിയതുമായ അനുഭവങ്ങൾ മനോരമ ഓൺലൈൻ കർഷകശ്രീയുമായി പങ്കുവയ്ക്കൂ (കർഷകർ, വെറ്ററിനറി ഡോക്ടർമാർ/വിദ്യാർഥികൾ, സ്കൂൾ/കോളജ് വിദ്യാർഥികൾ, പെറ്റ്ഷോപ് ഉടമകൾ, അരുമ പരിപാലകർ എന്നിങ്ങനെ ആർക്കും അയയ്ക്കാം). നിങ്ങളുടെ അനുഭവക്കുറിപ്പുകൾ 87146 17871 എന്ന നമ്പറിലേക്ക് വാട്സാപ് ചെയ്യൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com