അഞ്ചു മാസം മുൻപ് അപകടത്തിൽ ഉടമ മരിച്ചു: ഇന്നും ജനലരികിൽ ഉടമയെ കാത്തിരുന്ന് അപ്പു
Mail This Article
പപ്പി എന്ന നായകുട്ടിയുടെയും നാഗരത്ന എന്ന വീട്ടമ്മയുടെയും ജീവിതകഥ കഴിഞ്ഞ ദിവസം പത്രത്തിൽ വായിച്ചപ്പോൾ, Hachiko - A dog's story എന്ന മൂവി കണ്ടത് ഓർത്തു പോയി. കണ്ണുനിറഞ്ഞല്ലാതെ ആ സിനിമ ആർക്കും കാണാൻ കഴിയില്ല.
കഴിഞ്ഞ ദിവസം ഒരു പൂച്ചക്കുട്ടൻ ആശുപത്രിയിൽ വന്നു. അപ്പു! അവനു രണ്ടു വയസുണ്ട്. അവനിപ്പോൾ ഭക്ഷണം കഴിക്കാൻ മടിയാണ്. മാത്രമല്ല മുൻപുള്ളതു പോലെ അത്ര പ്രസരിപ്പുമില്ല. പ്രത്യേകിച്ച് അസുഖമൊന്നും ഇല്ല. പരിശോധിക്കുമ്പോഴും ആൾക്ക് അസുഖത്തിന്റേതായ ഒരു ലക്ഷണങ്ങളും ഇല്ല. പിന്നീട് അപ്പുവിനെ കൊണ്ടുവന്ന ചേച്ചി പറഞ്ഞു, ഞാനല്ല അപ്പുവിന്റെ ഉടമ. അപ്പു അവരുടെ അനുജന്റെ പൂച്ചയാണ്. അഞ്ചു മാസം മുൻപുണ്ടായ ഒരു വാഹനാപകടത്തിൽ അദ്ദേഹം ഈ ലോകത്തോടു വിടപറഞ്ഞു. ഇതൊക്കെ പറയുമ്പോൾ അവരുടെ കണ്ണുകൾ നിറയുന്നുണ്ട്. അപ്പു എന്നും അവന്റെ ഉടമയെ കാത്തിരിക്കാറുണ്ട്, ജനലരികിൽ. അദ്ദേഹം ഒരിക്കലും തിരികെ വരില്ലെന്ന് അവനു മനസിലായോ എന്നറിയില്ല. അദ്ദേഹം ഓടിച്ചിരുന്ന ബുള്ളറ്റിന്റെ ശബ്ദം കേട്ടാൽ അവൻ പ്രതീക്ഷയോടെ ഓടിയെത്തും ഇപ്പോഴും. മാസങ്ങൾക്കു ശേഷവും അവൻ അദ്ദേഹത്തെ പ്രതീക്ഷിച്ചിരിക്കുന്നത് കാണുമ്പോൾ ആ വീട്ടുകാരും സങ്കടത്തിലാവുകയാണ്. എന്തൊക്കെ ചിന്തകളാകും അപ്പുവിനുണ്ടാകുക.
അപകടത്തിന് ഒരാഴ്ച മുൻപുകൂടി അപ്പുവിനെ ഗ്രൂമിങ് പാർലറിൽ കൊണ്ടുപോയി കുളിച്ചു കുട്ടപ്പനാക്കി, ട്രീറ്റ്സ് വാങ്ങിച്ചുകൊടുത്തു. ഒരുപാട് സ്നേഹവും സന്തോഷവും ഒക്കെ അവന്റെ കുഞ്ഞ് മനസ്സിൽ നിറച്ചു വച്ചിട്ടാണ് ഒരു ദിവസം രാവിലെ പതിവുപോലെ അദ്ദേഹം പോയതും. ഭക്ഷണത്തോട് അതീവ താൽപര്യമുള്ള അപ്പുവിന് അതുപോലും വേണ്ടെന്നുവയ്ക്കാൻ തോന്നിക്കണമെങ്കിൽ, ജനലരികിൽ ഒരുപാടു നേരമങ്ങനെ കാത്തിരിക്കണമെങ്കിൽ എത്രയേറെ സ്നേഹിച്ചിട്ടുണ്ടാകും അപ്പുവിനെ അവന്റെ ഉടമ. തിരിച്ച് അവനും. അവനതൊക്കെ നഷ്ടമായതിന്റെ വേദന മാസങ്ങൾക്കു ശേഷവും മാറിയിട്ടില്ല.
പെറ്റ് പേരന്റ്സ്, ഒന്നും നോക്കണ്ട നിങ്ങളുടെ പൊന്നോമനയെ അവരുടെ മനസ്സ് നിറയും വിധം അങ്ങു സ്നേഹിച്ചേക്ക്. തിരിച്ച് ഇരട്ടിക്കിരട്ടിയായി സ്നേഹിക്കാൻ അവർക്കേ കഴിയൂ. നമ്മൾ മനുഷ്യർക്ക് തമ്മിൽ അതു കഴിയില്ല. അവിടെ നിബന്ധനകൾ കാണും, But this is purely unconditional!!