പൂട്ടിയ കോഴിക്കടയ്ക്കു മുന്നിലെ വ്യത്യസ്ത പോസ്റ്റർ: സമൂഹമാധ്യമങ്ങളിൽ വൈറൽ
Mail This Article
ഇറച്ചിക്കോഴിക്കെതിരേയുള്ള ആരോപണങ്ങൾ ഏറെക്കുറെ കെട്ടടങ്ങി. എന്നാൽ, അവ നൽകിയ പ്രത്യാഘാതം മേഖലയെ അക്ഷരാർഥത്തിൽ പിടിച്ചുലച്ചു. കോഴിവില കൂപ്പുകുത്തി. ഒരാഴ്ചകൊണ്ട് 40 രൂപയോളമാണ് കോഴിവില ഇടിഞ്ഞത്. വിവാഹങ്ങളും തിരുന്നാളുകളും പോലുള്ള വിശേഷങ്ങളിലൂടെ ഡിമാൻഡ് ഏറെയുള്ള ഈ സീസണിൽ ഇറച്ചിക്കോഴിക്കെതിരേ ഉയർന്ന ആരോപണങ്ങൾ ഉപഭോക്താക്കളെ പിന്തിരിപ്പിച്ചപ്പോൾ കർഷകരും കച്ചവടക്കാരും ബുദ്ധിമുട്ടിലായി. അതോടെ ഫാം റേറ്റ് ജനുവരി 1ന് 115 രൂപയിൽ നിന്ന കോഴിവില കൂപ്പുകുത്തി. നാലു ദിവസം മുൻപ് 65 രൂപയായിരുന്നു ഏറ്റവും കുറഞ്ഞ ഫാം റേറ്റ്. ഇപ്പോൾ നേരിയ മാറ്റത്തോടെ ഫാമിൽനിന്നു കോഴി പിടിക്കുന്ന വില 71ൽ എത്തിനിൽക്കുന്നു. കോഴിവില ഇടിഞ്ഞതോടെ കുഞ്ഞുങ്ങളുടെ വിലയും താണു.
പൗൾട്രി മേഖലയിലെ ഈ ‘കോഴിപ്പോരു’ മൂലം കർഷകരാണ് ഏറ്റവുമധികം ബുദ്ധിമുട്ടിയത്. കിലോഗ്രാമിന് 45 രൂപ വിലയുള്ള തീറ്റയും 30 രൂപയ്ക്കു മുകളിൽ വിലയുള്ള കുഞ്ഞുങ്ങളെയും വാങ്ങി വളർത്തിയാൽ 65 രൂപ ലഭിച്ചാൽ എങ്ങനെ മുതലാകാനാണ്? ഒരു കിലോ തൂക്കത്തിലെത്താൻ ഒരു കോഴിക്കുഞ്ഞ് 1.6 അല്ലെങ്കിൽ 1.7 കിലോ തീറ്റ കഴിക്കും. അപ്പോൾത്തന്നെ 70 രൂപയ്ക്കു മുകളിൽ തീറ്റയ്ക്ക് മാത്രം ചെലവായിട്ടുണ്ടാകും. കുഞ്ഞിന്റെ വിലകൂടി കൂട്ടിയാൽ കൈക്കാശ് പോകുന്ന അവസ്ഥ. തീറ്റ വില ഉയർന്നുതന്നെ നിൽക്കുന്നതിനാൽ ഏതാനും മാസങ്ങളായി വിപണിയിൽനിന്ന് വിട്ടുനിൽക്കുന്നവരുമേറെ. ശരാശരി 30 രൂപയായിരുന്ന കോഴിത്തീറ്റവില കോവിഡ് കാലത്താണ് കുത്തനെ ഉയർന്നത്. കിലോഗ്രാമിന് 15 രൂപയോളം വർധിച്ചെങ്കിലും കോഴിവിലയിൽ വലിയ പ്രതിഫലനമുണ്ടായില്ല. അതിനാലാണ് പല കർഷകരും മേഖലയിൽനിന്ന് വിട്ടുനിന്നത്.
ഈ പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇന്നലെ ഒരു പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വൈറലായത്. ‘കോഴി കടം വാങ്ങിയിട്ട് പൈസ തരാത്ത നിങ്ങളാണ് ഈ കട പൂട്ടാൻ കാരണം’ എന്നാണ് പോസ്റ്ററിലെ പ്രധാന വാചകം. സി.എ. നഗർ ചിക്കൻകട എന്നും പോസ്റ്ററിലുണ്ട്. എന്നാൽ, ഇത് എവിടുള്ളതാണെന്ന് വ്യക്തമല്ല. ‘നിങ്ങൾ വാങ്ങിയതിന്റെ പൈസ ഉടനെ തന്നെ നൽകേണ്ടതാണ്. അല്ലാത്തപക്ഷം തരാത്തവരുടെ പേര് ഇവിടെ വെളിപ്പെടുത്തുന്നതായിരിക്കും’ എന്നും പോസ്റ്ററിലുണ്ട്. ഇത് കേവലം ഒരു കോഴിക്കടയുടെയോ അല്ലെങ്കിൽ കടയുടമയുടെയോ മാത്രം പ്രശ്മല്ല. സംസ്ഥാനത്തെ പല കോഴിക്കടയുടെയും അവസ്ഥ ഇങ്ങനെതന്നെയാണ്. പറ്റുബുക്ക് ഇല്ലാത്ത കോഴിക്കടകൾ ഇല്ലെന്നുതന്നെ പറയാം. വിൽപനകൂടി കുറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ നാട്ടിൻപുറങ്ങളിലെ ചെറുകിട കച്ചവടക്കാർ കൂടുതൽ പ്രതിസന്ധിയിലായിട്ടുണ്ട്. അതുകൊണ്ടുതന്നെയാകാം ഇത്തരത്തിലൊരു പോസ്റ്റർ കടയ്ക്കുമുൻപിൽ ഇടംപിടിച്ചത്.