ADVERTISEMENT

കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഒരു എട്ടരയോടുകൂടിയാണ് കൊടുവള്ളി ബ്ലോക്കിലെ മൊബൈൽ വെറ്ററിനറി യൂണിറ്റിലെ ഡോ. അബ്ദുവിന്റെ ഫോൺ എന്നെ തേടിയെത്തിയത്. താമരശേരി കൊടിയത്തൂർ എളങ്ങൽ അബ്ദുവിന്റെ മൂന്നു വയസുള്ള പശു രാവിലെ മുതൽ പ്രസവവേദന കാട്ടിയിട്ടും കുട്ടി പുറത്തു വരുന്നതിന്റെ യാതൊരു ലക്ഷണവും കാണാത്തതിനാൽ സിസേറിയൻ നടത്തി കുട്ടിയെ എത്രയും പെട്ടെന്ന് പുറത്തെടുക്കാൻ സഹായിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭ്യർഥന. ആ സമയം ഞാൻ വേളം പഞ്ചായത്തിൽ ഒരു ആടിന്റെ പ്രസവപ്രശ്നം പരിഹരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഒരു പശുവിന്റെ സിസേറിയൻ ഏതാണ്ട് അഞ്ചോ ആറോ മണിക്കൂർ വേണ്ടി വരുന്നതാണ്. മാത്രമല്ല, ഏതാണ്ട് 65 കിലോമീറ്റർ ദൂരെയുള്ള സ്ഥലം... സമയത്ത് എത്താൻ കഴിയുമോ എന്നു മനസ്സിൽ ചിന്തിച്ചെങ്കിലും ഒരു ജീവനല്ലേ, കുട്ടിയെ പെട്ടെന്നു പുറത്തെത്തിക്കണം എന്ന നിശ്ചയദാർഢ്യത്തിൽ ഉടൻ അവിടെ നിന്ന് പുറപ്പെട്ടു. 

എന്നോടൊപ്പം ഡോ. നാദിർഷ (പേരാമ്പ്ര നൈറ്റ് ഡോക്ടർ), ഡോ. ഷജിം (കുന്നുമ്മൽ നൈറ്റ് ഡോക്ടർ) പിന്നെ ഹൗസ് സർജന്മാരായ ഡോ. സച്ചിൻ, ഡോ. റോഹിൻ, ഡോ. അമൽ, ഡോ. അഞ്ചു, ഡോ. ദിയ എന്നിവരുമുണ്ടായിരുന്നു. രാത്രി പതിനൊന്നു മണിയോടുകൂടി താമരശേരി എത്തി. അവിടെ ഞങ്ങളെ കാത്ത് ഡോ. അബ്ദുവിന്റെ നേതൃത്വത്തിൽ മൊബൈൽ യൂണിറ്റ് കാത്തു നിൽക്കുന്നുണ്ടായിരുന്നു. സഹായികളായ ഋഷികേശും ഷിബിനും ഓപ്പറേഷനു വേണ്ടിയുള്ള എല്ലാ സാമഗ്രികളും തയാറാക്കി വാഹനത്തിൽ വച്ചിരുന്നു. പതിനൊന്നരയോടുകൂടി കൊടിയത്തൂർ എത്തി. വയനാട് വെറ്റിനറി കോളജ് പ്രൊഫസർ ഡോ. മുനീർ ഒരു ശസ്ത്രക്രിയയ്ക്കു വേണ്ടിയുള്ള എല്ലാ സജ്ജീകരണങ്ങളും അവിടെ ഏർപ്പാടാക്കിയിട്ടുണ്ടായിരുന്നു. 

cow-surgery-2
സിസേറിയനിലൂടെ കിടാവിനെ പുറത്തെടുത്ത ഡോക്ടർമാരുടെ സംഘം

മൊബൈൽ വെറ്റിനറി യൂണിറ്റിലെ ഹൈമാസ് ലൈറ്റ് സംവിധാനം ഉപയോഗിച്ച് തൊഴുത്തിൽ തന്നെ പശുവിനെ കിടത്തി അനസ്തീഷ്യ കൊടുത്ത് ഞങ്ങൾ സിസേറിയൻ ആരംഭിച്ചു. ഗർഭപാത്രം ഇടത്തോട്ട് ഏകദേശം തൊണ്ണൂറ് ഡിഗ്രി തിരിഞ്ഞു കിടന്നതും ഗർഭപാത്രം പെരിട്ടോണിയിൽ പാളിയിൽ ചേർന്ന് ഒട്ടിനിൽക്കുന്ന ‘അഡ്ഹെഷൻ’ എന്ന അവസ്ഥയും ശസ്ത്രക്രിയ കുറച്ച് സങ്കീർണമാക്കി. വെളുപ്പിനെ നാലര ആയപ്പോഴേക്കും ശസ്ത്രക്രിയ പൂർത്തിയാക്കി കുട്ടിയെ ജീവനോടെതന്നെ വളരെ സുരക്ഷിതമായി പുറത്തെടുത്തു. കർഷകനും ഞങ്ങൾക്കും ഒരുപോലെ സന്തോഷവും ആശ്വാസവും തോന്നിയ നിമിഷങ്ങൾ. രാത്രി മുഴുവൻ പരിശ്രമിച്ചതിന്റെ ബുദ്ധിമുട്ടുകൾ ഞങ്ങളുടെ ശരീരത്തിനും കണ്ണുകൾക്കും ഉണ്ടായിരുന്നെങ്കിലും കുട്ടിയെ ജീവനോടെതന്നെ പുറത്തെടുക്കാൻ സാധിച്ചതിന്റെ സന്തോഷത്തിൽ അതൊക്കെ മറക്കാൻ ഞങ്ങൾക്കായി.

അൽപ സമയത്തിനുശേഷം മയക്കം വിട്ട് അമ്മപ്പശു ചാടിയെണീറ്റു. സിസേറിയന്റെ ക്ഷീണമുണ്ടായിരുന്നെങ്കിലും കുട്ടിയെ കാണാനും നക്കിത്തുടയ്ക്കാനുമുള്ള ആവേശമായിരുന്നു ആ മിണ്ടാപ്രാണിക്ക്. കുട്ടിയെ തുടച്ചു വൃത്തിയാക്കിയ ശേഷം അമ്മയുടെ അടുത്തേക്കു നീക്കി കിടത്തിയപ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. രാവിലെ മുതൽ കടിച്ചമർത്തിയ വേദന ആ സന്തോഷത്തിൽ അലി ഞ്ഞില്ലാതായി പോയതുപോലെ തോന്നി. ഓപ്പറേഷൻ സെറ്റ് എല്ലാം പായ്ക്ക് ചെയ്ത് ഡോക്ടർമാരും സഹായികളും അടങ്ങിയ ഞങ്ങൾ അഞ്ചു മണിയോടെ അവിടെ നിന്നും തിരിച്ചു, പറഞ്ഞറിയിക്കാനാവാത്ത സംതൃപ്തിയോടെ. കോഴിക്കോട് ജില്ലയിലെ മൊബൈൽ വെറ്റിനറി ക്ലിനിക്ക് മുഖേന ചെയ്യുന്ന ആദ്യത്തെ സിസേറിയൻ ആയിരുന്നു കൊടിയത്തൂരിൽ കഴിഞ്ഞ ദിവസം നടന്നത്. ഇത്തരം പ്രതിസന്ധിഘട്ടങ്ങൾ തരണം ചെയ്യാൻ മൃഗസംരക്ഷണ വകുപ്പ് ഒരുക്കുന്ന ആധുനിക സംവിധാനങ്ങൾ കർഷകർക്ക് വളരെയധികം സഹായകരമാകുന്നുണ്ട്.

വിലാസം: ഡോ. എം.എസ്. ജിഷ്ണു, ചീഫ് വെറ്ററിനറി സർജൻ, വെറ്ററിനറി പോളിക്ലിനിക്ക്, പേരാമ്പ്ര

മൃഗസംരക്ഷണ മേഖലയിൽ നിങ്ങൾക്കുമുണ്ടോ മറക്കാനാവാത്ത അനുഭവങ്ങൾ! രസകരമായതും ഹൃദയസ്പർശിയതുമായ അനുഭവങ്ങൾ മനോരമ ഓൺലൈൻ കർഷകശ്രീയുമായി പങ്കുവയ്ക്കൂ (കർഷകർ, വെറ്ററിനറി ഡോക്ടർമാർ/വിദ്യാർഥികൾ, സ്കൂൾ/കോളജ് വിദ്യാർഥികൾ, പെറ്റ്ഷോപ് ഉടമകൾ, അരുമ പരിപാലകർ എന്നിങ്ങനെ ആർക്കും അയയ്ക്കാം). നിങ്ങളുടെ അനുഭവക്കുറിപ്പുകൾ 87146 17871 എന്ന നമ്പറിലേക്ക് വാട്സാപ് ചെയ്യൂ.

English summary: Cesarean Section in Cattle-Service Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com