ADVERTISEMENT

അരുമകളുമായി ബന്ധപ്പെട്ടുള്ള അനുഭവങ്ങൾ പങ്കുവയ്ക്കാൻ അവസരം നൽകുന്ന കോളം ശ്രദ്ധയിൽപ്പെട്ടതിനാലാണ് ഇത്തരത്തിലൊരു കുറിപ്പ് എഴുതുന്നത്. ഞാൻ ഐഷ ഷാലിൻ. മലപ്പുറമാണ് സ്വദേശം. എനിക്കുണ്ടായ വളരെ വേദനാജനകമായ അനുഭവം പങ്കുവയ്ക്കണമെന്നു തോന്നി. എനിക്ക് 6 പൂച്ചകൾ അരുമകളായിട്ടുണ്ടായിരുന്നു. ഒരമ്മയും 5 കുഞ്ഞുങ്ങളും. അമ്മപ്പൂച്ച ഏതാനും നാളുകൾക്കു മുൻപ് ഞങ്ങളെ വിട്ടുപോയി. പിന്നീട് 5 കുട്ടികൾ വീട്ടിലെ രാജാക്കന്മാരായി വളരുകയായിരുന്നു. നല്ല രോമങ്ങളുള്ള പൂച്ചകളായിരുന്നു. 

പെട്ടെന്നൊരു ദിവസം അഞ്ചു പേരിൽ ഒരാൾ ക്ഷീണം വന്നു കിടപ്പിലായി. ഭക്ഷണവും കഴിക്കാതെവന്നു. ഞങ്ങൾ എന്നും കൺസൾട്ട് ചെയ്യാറുള്ള ബ്ലോക്ക് വെറ്ററിനറി ഹോസ്പിറ്റലിലായിരുന്നു  ആദ്യം കൊണ്ടുപോയത്. പൂച്ചക്കുഞ്ഞിന് കുഴപ്പമൊന്നും ഇല്ലെന്ന് ഡോക്ടർ പറഞ്ഞതിനാൽ ഞങ്ങൾ തിരിച്ചുപോന്നു. എന്നാൽ, പൂച്ചക്കുഞ്ഞിന്റെ അവസ്ഥയ്ക്ക് മാറ്റമൊന്നും വന്നില്ല. അതുകൊണ്ട് മറ്റൊരു ഗവൺമെന്റ് ക്ലിനിക്കിൽ വീണ്ടും കൊണ്ടുപോയി. വയറിന്റെ പ്രശ്നമായിരിക്കും എന്നുപറഞ്ഞ് എന്തൊക്കെയോ മരുന്നും നൽകി. എന്നിട്ടും വലിയ മാറ്റമൊന്നും ഉണ്ടായില്ല. അതുകൊണ്ട് ജില്ലാ വെറ്ററിനറി ആശുപത്രിയിലേക്കും കൊണ്ടുപോയി. അവിടെനിന്നും പ്രതീക്ഷ നൽകുന്ന വിധത്തിൽ ഒന്നും സംഭവിച്ചില്ല.  ആന്റിബയോട്ടിക് മാത്രം തന്നു. 3 ദിവസം നോക്കാമെന്നു പറഞ്ഞു. അപ്പോഴേക്കും പൂച്ചക്കുഞ്ഞ് ആകെ അവശനിലയിൽ എത്തിയിരുന്നു. അപ്പോഴേക്ക് രോഗം തുടങ്ങിയിട്ട് 6–7 ദിവസമായി. അത്രം ദിവസം ഒന്നും കഴിച്ചിട്ടുമില്ല. വെള്ളം പോലും നന്നായി കുടിക്കുന്നില്ല. എന്നിട്ടുപോലും ഡ്രിപ് നൽകാൻ ഒരു ഡോക്ടറും കൂട്ടാക്കിയില്ല. 

9 ദിവസം ആയപ്പോൾ മറ്റൊരു പൂച്ചക്കുഞ്ഞിനും സമാന ലക്ഷണങ്ങൾ പ്രകടമായി. ആ കുഞ്ഞിനെയുംകൊണ്ട് ബ്ലോക്ക് വെറ്ററിനറി ആശുപത്രിയിൽ ചെന്നപ്പോഴും ആദ്യത്തെ കുഞ്ഞിന് നൽകിയ മരുന്നുകൾ നൽകാൻ പറ​ഞ്ഞു.  ഡ്രിപ്പ് കൊടുത്തുകൂടെ എന്നു ചോദിച്ചപ്പോൾ അതിന്റെ ആവശ്യമില്ലെന്നായിരുന്നു മറുപടി. സർക്കാർ ആശുപത്രിയിൽനിന്ന് ഇനി പ്രതീക്ഷയ്ക്ക് വയുള്ളതൊന്നും ലഭിക്കില്ലെന്ന് മനസിലായതോടെ സ്വകാര്യ വെറ്ററിനറി ക്ലിനിക്കിലേക്ക് പോയി. അവർ അപ്പോൾത്തന്നെ പാർവോയുടെ (ഫെലൈൻ പാൻലുക്കോപീനിയ) സാധ്യത ഉണ്ടെന്നു പറഞ്ഞു. അത് പരിശോധിക്കാനുള്ള കാര്യങ്ങൾ ചെയ്തു. ടെസ്റ്റ് പോസിറ്റീവ് ആയിരുന്നു. അതായത്, എന്റെ 2 പൂച്ചക്കുഞ്ഞുങ്ങൾക്കും പാർവോ പിടിപെട്ടിരുന്നു.

രോഗനിർണയം പൂർത്തിയാക്കി ചികിത്സ തുടങ്ങാൻ ശ്രമിച്ചപ്പോഴേക്ക് അതിന്റെ ജീവൻ പോയി. കുറച്ചുകൂടി നേരത്തെ എത്തിച്ചിരുന്നെങ്കിൽ ഒരുപക്ഷേ രക്ഷിക്കാമായിരുന്നുവെന്ന് ഡോക്ടർ പറഞ്ഞപ്പോൾ ഞാൻ ആകെ തളർന്നുപോയി. ആദ്യം രോഗം വന്ന പൂച്ചക്കുഞ്ഞ് പിറ്റേദിവസം ഞങ്ങളെ വിട്ടുപോയി. ഞങ്ങൾക്ക് അവരെ നഷ്ടപ്പെടാനുള്ള കാരണം ആരാണ്? കുഴപ്പമൊന്നുമില്ല എന്നു പറഞ്ഞ ഡോക്ടർമാരെ വിശ്വസിച്ച് മറ്റു സാധ്യതകൾ തേടാത്ത ഞങ്ങളോ? അതോ രോഗം തിരിച്ചറിയാൻ കഴിയാത്ത ഡോക്ടർമാരോ?

സ്വകാര്യ ആശുപത്രിയിൽ പോയതിനാൽ രോഗം തിരിച്ചറിയാനും ബാക്കി മൂന്നു കുഞ്ഞുങ്ങളെ രക്ഷിക്കാനും സാധിച്ചു. എങ്കിലും നഷ്ടപ്പെട്ട 2 പേരെ ഓർക്കുമ്പോൾ ഇന്നും ഒരു വേദനയാണ്. എനിക്കുണ്ടായ അനുഭവം മറ്റാർക്കും ഉണ്ടാവരുതെ എന്നാണ് പ്രാർഥന. അതുപോലെ രോഗം തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിൽ, അതിനുള്ള സൗകര്യങ്ങൾ ഇല്ലെങ്കിൽ സ്വകാര്യ ആശുപത്രിയിലേക്ക് പോകാൻ നിർദേശിക്കാനെങ്കിലും ഡോക്ടർമാർ ശ്രദ്ധിക്കണം എന്നാണ് എന്റെ അപേക്ഷ. കാരണം, അരുമകളെ വളർത്തുന്ന എല്ലാവരും രോഗങ്ങളെക്കുറിച്ച് ബോധവാന്മാരല്ലല്ലോ. അതുകൊണ്ടുതന്നെ അവരെ സഹായിക്കാൻ വെറ്ററിനറി ഡോക്ടർമാർ ശ്രദ്ധിക്കണം.

എന്ന്,

ഐഷ ഷാലിൻ, മലപ്പുറം

മൃഗസംരക്ഷണ മേഖലയിൽ നിങ്ങൾക്കുമുണ്ടോ മറക്കാനാവാത്ത അനുഭവങ്ങൾ! രസകരമായതും ഹൃദയസ്പർശിയതുമായ അനുഭവങ്ങൾ മനോരമ ഓൺലൈൻ കർഷകശ്രീയുമായി പങ്കുവയ്ക്കൂ (കർഷകർ, വെറ്ററിനറി ഡോക്ടർമാർ/വിദ്യാർഥികൾ, സ്കൂൾ/കോളജ് വിദ്യാർഥികൾ, പെറ്റ്ഷോപ് ഉടമകൾ, അരുമ പരിപാലകർ എന്നിങ്ങനെ ആർക്കും അയയ്ക്കാം). നിങ്ങളുടെ അനുഭവക്കുറിപ്പുകൾ 87146 17871 എന്ന നമ്പറിലേക്ക് വാട്സാപ് ചെയ്യൂ.

English summary: A pet parent speaks about the disease that affects her cat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com