തൃശൂരിൽ ചിറകടിച്ച് മദാമ്മത്താറാവുകൾ; നൂറു മുതൽ രണ്ടു ലക്ഷം വരെ രൂപ വിലയുള്ളവ
Mail This Article
ഗപ്പിക്കൃഷിയിലൂടെ മികച്ച വരുമാനം കിട്ടിയപ്പോൾ കൗതുകത്തിന് ഏതാനും മസ്കോവി അഥവാ മണിത്താറാവുകളെക്കൂടി വാങ്ങിയതാണ് ചാവക്കാട് അയിനിക്കൽ വീട്ടിൽ അഷ്കറും സുരൂറും. കുണുങ്ങിക്കുണുങ്ങി നടക്കുന്ന ഈ സുന്ദരികൾ മുട്ടയിട്ട ശേഷം സ്വയം അടയിരുന്ന് കുഞ്ഞുങ്ങളെ നൽകിയപ്പോഴാണ് സഹോദരന്മാർ ഇതിലെ സംരംഭസാധ്യത തിരിച്ചറിഞ്ഞത്. അങ്ങനെയെങ്കിൽ വിദേശയിനം താറാവുകളുടെ ഫാം തുടങ്ങാമെന്നു ഗൾഫിലുള്ള ജ്യേഷ്ഠൻ നിർദേശിച്ചതോടെ ചാവക്കാട്–പൊന്നാനി ദേശീയപാതയ്ക്കു സമീപം ജലപ്പക്ഷികൾ വിരിഞ്ഞിറങ്ങുന്ന ബോസം ഫാം പിറന്നു. രൂപം കൊണ്ട് നമ്മുടെ നാടൻ താറാവുകളോട് സാമ്യം തോന്നുമെങ്കിലും ഇവിടെയുള്ള എല്ലാ താറാവിനങ്ങളും വിദേശികളാണ്. ചാരയും ചെമ്പല്ലിയും മണിത്താറാവും വിഗോവയുമൊക്കെ കണ്ടുശീലിച്ചവർക്ക് നവ്യാനുഭവം നൽകുന്ന ജലപ്പക്ഷികള്‍.
മണിത്താറാവിലൂടെ മൂന്നു വർഷം മുൻപ് ആരംഭിച്ച ബോസം ഫാമിലിപ്പോൾ പത്തിലേറെ താറാവിനങ്ങളുണ്ട്. കുഞ്ഞന്മാരും ജോടിയായി ജീവിക്കുന്നവരുമായ ഗ്രേ കോൾ താറാവുകള്‍ (കോൾ ഡക്ക്) മുതൽ ഭീമാകാരന്മാരായ റുവോൺ ഡക്ക് വരെ. തെങ്ങോലപോലെ തൂങ്ങിയാടുന്ന തൂവലുകളുള്ള സെബാസ്റ്റപോൾ ഗൂസ് എന്ന മുന്തിയ ഇനവുമുണ്ട്.
കറുപ്പിൽ പച്ചയുടെ വർണചാരുതയുള്ള അമേരിക്കക്കാരൻ കയൂഗ, ചാര ചെമ്പല്ലി ഇനങ്ങളോടു സാമ്യമുള്ള ഖാക്കി കാംപെൽ, വലുപ്പത്തിലും ശൗര്യത്തിലും മുൻപിലുള്ള പോമറേനിയൻ ഗൂസ്, വിഗോവയുടെ ഭംഗിയുണ്ടെങ്കിലും കുഞ്ഞന്മാരായ വൈറ്റ് കോൾ ഡക്ക്, തൊപ്പിക്കാരായ ക്രെസ്റ്റഡ് ഡക്ക്, ശാന്ത സ്വഭാവമുള്ള എംഡെൻ ഗൂസ്, താഴേക്ക് തൂക്കിയിട്ടപോലെ കൊക്കുകളുള്ള ഹുക്ക്ബിൽ ഡക്ക് തുടങ്ങിയവയാണ് ഇവിടെ താരങ്ങൾ.
ഓരോ ഇനത്തിനും പ്രത്യേകം പാർപ്പിടവും നീന്തൽക്കുളവും തയാര്‍. താറാവുകൾ പൊതുവെ ശാന്ത സ്വഭാവക്കാരായതുകൊണ്ടുതന്നെ ഏറെ ഉറപ്പുള്ള വേലിയുടെ ആവശ്യമില്ല. ചുറ്റുമതിലിനുള്ളിലായി 4 അടി ഉയരത്തിൽ വേലി തിരിച്ച് പെന്നുകൾ ഒരുക്കിയാണ് ഓരോ ഇനത്തെയും സംരക്ഷിച്ചിരിക്കുന്നത്. അടച്ചുറപ്പുള്ള കൂടുകൾ ഓരോ പെന്നിലുമുണ്ട്. പ്ലാസ്റ്റിക് വലകൊണ്ട് തിരിച്ചിരിക്കുന്ന വേലിക്കുള്ളിൽ നടന്നും സിമന്റ് ടാങ്കിലെ വെള്ളത്തിൽ നീരാടിയും പകൽ ചെലവഴിക്കുന്ന താറാവുകൾ വൈകുന്നേരം അടച്ചുറപ്പുള്ള കൂട്ടിലേക്കു കയറും. രണ്ടു നേരം ഭക്ഷണം. ഇനങ്ങൾ അനുസരിച്ചാണ് തീറ്റ. ചിലയിനങ്ങൾക്ക് തവിടും പിണ്ണാക്കും ധാന്യപ്പൊടിയും ചേർത്തു കുഴച്ച തീറ്റ നൽകുമ്പോൾ കോൾ താറാവുപോലുള്ള ചെറിയ ഇനങ്ങൾക്ക് ധാന്യങ്ങൾ ഉൾപ്പെടുത്തിയ ഡ്രൈ തീറ്റയാണ് നൽകുന്നത്.
കുഞ്ഞുങ്ങളുടെ വിൽപന
താൽപര്യം തോന്നുന്ന താറാവിനങ്ങളെ തങ്ങളുടെ ശേഖരത്തിലേക്കു കൂട്ടാൻ അഷ്കറും സുരൂറും ശ്രദ്ധിക്കുന്നുണ്ട്. ചെറുപ്രായത്തിൽ ഫാമിലെത്തുന്നവയെ വളർത്തി വലുതാക്കി പ്രത്യുൽപാദനത്തിനു പാകപ്പെടുത്തുന്നു. താറാവുകൾ പൊതുവേ അടയിരിക്കാൻ മടിയുള്ള കൂട്ടത്തിലായതിനാൽ ഇൻകുബേറ്ററിലാണ് മുട്ട വിരിയിക്കുക. മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾക്ക് ആദ്യ ഒരാഴ്ച ബൾബ് ബ്രൂഡിങ് നൽകിയ ശേഷം രണ്ടാഴ്ചക്കാലം മറ്റൊരു കൂട്ടിലാക്കും. സ്റ്റാർട്ടർ ഫീഡ് ആണ് നൽകുക. മൂന്നാഴ്ച പ്രായത്തിൽ വലിയ താറാവുകളെ പാർപ്പിച്ചിരിക്കുന്ന സ്ഥലത്തേക്ക് മാറ്റും. എന്നാൽ, വലിയ താറാവുകൾക്കൊപ്പം പാർപ്പിക്കില്ല.
ഡിമാൻഡ് ഏറെ
കേരളത്തിന് അകത്തും പുറത്തുമായി ഒട്ടേറെ ആരാധകർ താറാവുകൾക്കുണ്ടെന്ന് അഷ്കർ. കേരളത്തിൽ പ്രധാനമായും റിസോട്ടുകളിലേക്കാണ് പോകുന്നത്. സന്ദർശകരെ ആകർഷിക്കുന്നതിനായി റിസോട്ടുകളിൽ ജീവജാലങ്ങളെ വളർത്തുന്ന പതിവേറുന്നതു സംരംഭകര്‍ക്കു വലിയ സാധ്യതയാണ്. വീട്ടില്‍ അരുമകളായി വളർത്തുന്നവരുമേറെ. കേരളത്തിന് പുറത്തും ഒട്ടേറെ ആവശ്യക്കാരുണ്ട്. ഒരു കുഞ്ഞിന് 100 രൂപ വിലയുള്ള മണിത്താറാവ് അഥവാ പറക്കും താറാവ് മുതൽ 2 ലക്ഷം രൂപ വിലയുള്ള ഇനം വരെ ഇവിടെയുണ്ട്.
ഫോൺ: 6238561166, 9847078957
English summary: Exotic Duck Farm Kerala