പ്രവാസം അവസാനിപ്പിച്ച് കാടക്കൃഷി: തീറ്റവിലവർധന ലാഭം ചോർത്തിയപ്പോൾ കമ്പനിയായി; നാട്ടിലെ കർഷകരും വളർന്നു
Mail This Article
ആറു വർഷം മുൻപ് പ്രവാസജീവിതം വിട്ട് നാട്ടിലെത്തിയ മലപ്പുറം മഞ്ചേരി മക്കരപ്പറമ്പ് സ്വദേശി അബ്ദുൾ കരീം പുതിയ വരുമാനത്തിനായി കൈവച്ചത് കാടക്കൃഷിയില്‍. തരക്കേടില്ലാത്ത വരുമാനം ലഭിച്ചതോടെ കാടക്കൃഷി ചെയ്യുന്ന മറ്റൊരു സുഹൃത്തുമായി ചേർന്ന് സംരംഭം വിപുലീകരിച്ച് കാടകളുടെ എണ്ണം 10,000 എത്തിച്ചു. ഇടക്കാലത്തു പക്ഷേ തീറ്റവിലവർധന കാടക്കൃഷിയുടെ ലാഭം ചോർത്തിത്തുടങ്ങി. കാടമുട്ടയ്ക്ക് നല്ല ഡിമാൻഡ് ഉണ്ടെങ്കിലും തീറ്റച്ചെലവു താങ്ങാൻ കഴിയാതെ ഒട്ടേറെ ചെറുകിടക്കാർ പിൻവാങ്ങിയെന്നു കരീം. എണ്ണം കൂടുതലുള്ളതുകൊണ്ട് ലാഭം കുറഞ്ഞെങ്കിലും കരീമിന് സംരംഭം തുടരാനായി.
കാടയ്ക്കു നേരിട്ട ഈ തിരിച്ചടിയിൽനിന്നു പക്ഷേ, പുതിയ ആശയങ്ങൾ ഉരുത്തിരിഞ്ഞു. കരിം ഉൾപ്പെടെ വിപുലമായി കാടക്കൃഷി ചെയ്യുന്ന 11 പേർ ചേർന്ന് മഞ്ചേരി കേന്ദ്രമാക്കി കാടക്കർഷകരുടെ കമ്പനിയുണ്ടാക്കി. 11 പേരുടെയും കൃഷി ‘മിറക്കിൾ ഫാം’ എന്ന ഒറ്റ ബ്രാൻഡിലാക്കി. കോഴി ക്കോട്, മലപ്പുറം ജില്ലകളിലായുള്ള ഈ 11 കർഷകരുടെയും കാടമുട്ട ഒറ്റ ബ്രാൻഡിൽ വിപണിയിലെത്തി. പിന്നാലെ കൊണ്ടോട്ടിയിലും മഞ്ചേരി വീമ്പൂരിലും ഹാച്ചറി യൂണിറ്റും സ്ഥാപിച്ചു. കാടക്കുഞ്ഞുങ്ങളെ വാങ്ങാനെത്തുന്ന കർഷകരെക്കൂടി കൂട്ടായ്മയുടെ ഭാഗമാക്കി. അവർക്ക് കാടക്കുഞ്ഞുങ്ങൾ, കൂട്, തീറ്റ, മരുന്ന് എന്നിവയെല്ലാം ന്യായവിലയ്ക്ക് നല്‍കി. ഒപ്പം മിറക്കിൾ ഫാം എന്ന ബ്രാൻഡിൽ വിൽക്കാനുള്ള അവസരവും.
കർഷകർ സംഘടിച്ചതോടെ മുട്ടവിപണിയിൽ ന്യായവില ഉറപ്പാക്കാനായെന്ന് കരിം. മുട്ടയൊന്നിന് 2 രൂപയുടെ സ്ഥാനത്ത് 2.75 രൂപയിലേക്ക് വില ഉയർത്താൻ സാധിച്ചു. മുൻപ് മുട്ടയൊന്നിന് 50 പൈസ ലാഭമുണ്ടായിരുന്ന സ്ഥാനത്ത് ഒന്നേകാൽ രൂപ വരെ ലാഭമെത്തി. മിറക്കിളിന്റെ കർഷകർ വില ഉയർത്തിയതോടെ മറ്റുള്ളവരും വില കൂട്ടി. നിര്‍ത്തിപ്പോയവരൊക്കെ വില കൂടിയതോടെ കൃഷിയിലേക്കു തിരിച്ചു വരുന്നതായി അബ്ദുൾ കരീം പറയുന്നു.
ഫോൺ: 9061428578
English summary: Quail farming business