ADVERTISEMENT

ഏതൊരു പശുവിന്റെയും പാലുല്‍പാദനത്തില്‍ പ്രധാന പങ്കുവഹിക്കുന്നത് അവയുടെ പാരമ്പര്യമാണെങ്കിലും ജനനം മുതല്‍ അവയ്ക്കു നല്‍കുന്ന പരിചരണത്തിനും അവയുടെ ഭാവിയിലെ മികച്ച പാലുല്‍പാദനത്തിനു പിന്നില്‍ കാര്യമായ സ്ഥാനമുണ്ട്. ചുരുക്കത്തില്‍ മികച്ച പാരമ്പര്യം, നല്ല പരിചരണം, നല്ല ഭക്ഷണം, കാലാവസ്ഥ എന്നിവയ്‌ക്കെല്ലാം പശുക്കളുടെ പാലുല്‍പാദനത്തില്‍ വ്യക്തമായ പങ്കുണ്ട്. ഒരു കന്നുകുട്ടിയെ നല്ല രീതിയില്‍ വളര്‍ത്തി പാലുല്‍പാദനത്തിലേക്ക് എത്തിക്കാന്‍ ഒരു കര്‍ഷകനെ സംബന്ധിച്ചിടത്തോളം കുറഞ്ഞത് 85000 രൂപയെങ്കിലും ചെലവ് വരുമെന്ന് പറയുന്നു ക്ഷീരകര്‍ഷകനായ സി.കെ.അരുണ്‍. മൂവാറ്റുപുഴ നെല്ലാടുള്ള അരുണിന്റെ ഡെയറി ഫാമില്‍ പശുക്കളും കിടാരികളുമായി ഇരുപത്തഞ്ചോളം ഉരുക്കളുണ്ട്. വര്‍ഷങ്ങളായി സ്വന്തം ഫാമില്‍ ജനിക്കുന്ന മികച്ച കന്നുകുട്ടികളെ തിരഞ്ഞെടുത്ത് വളര്‍ത്തിയെടുക്കുന്ന അരുണ്‍ ഫാമിങ്ങില്‍ തന്റെ കണക്കുകള്‍ കൃത്യമായി എഴുതിസൂക്ഷിക്കാറുണ്ട്. അതുകൊണ്ടുതന്നെയാണ് ഇത്രയും ചെലവ് വരുമെന്ന് പറയുന്നതും. ആദ്യ പ്രസവത്തില്‍ 16-18 ലീറ്റര്‍ പാലുല്‍പാദനം ഇത്തരത്തില്‍ വളര്‍ത്തിയെടുക്കുന്ന പശുക്കള്‍ക്ക് ലഭിക്കുന്നുമുണ്ട്.

ജനിക്കുന്ന അന്നു മുതല്‍ കന്നുകുട്ടികള്‍ക്ക് നല്‍കുന്ന പാല്‍ ചെലവ് ഇനത്തില്‍ത്തന്നെ കൂട്ടേണ്ടിവരും. പലപ്പോഴും നല്‍കുന്ന പാലിന് കൃത്യമായ അളവോ കണക്കോ കര്‍ഷകര്‍ സൂക്ഷിക്കാറില്ല. അതുകൊണ്ടുതന്നെ അത് ചെലവായി കണക്കാക്കാറുമില്ല. തുടര്‍ന്ന് വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും നല്‍കുന്ന സാന്ദ്രിത തീറ്റയും പുല്ലും ചെലവ് തന്നെയാണ്. സ്വന്തമായി കൃഷി ചെയ്ത് പുല്ലുല്‍പാദിപ്പിക്കുന്നെങ്കിലും കര്‍ഷകന്റെ അധ്വാനത്തിന്റെ വില അതിനും കണക്കാക്കേണ്ടതായി വരും. അതുകൊണ്ടുതന്നെ കിലോയ്ക്ക് ഒന്നര രൂപയെങ്കിലും പുല്ലിന്റെ വിലയായി കണക്കാക്കണമെന്നും അരുണ്‍.

Read also: മികച്ച വളർച്ചയ്ക്ക് തവണകളായി പാൽ നൽകാം: നേരത്തെ തുടങ്ങണം കിടാരിപരിപാലനം

ഒരു കന്നുകുട്ടിയെ പശുവായി വളര്‍ത്തിയെടുക്കാന്‍ ചെലവാകുന്ന തുകയുടെ ഏകദേശ കണക്ക്

ബീജാധാനം -  200-750 (കാളയുടെ ഇനവും റേറ്റിങ്ങും അനുസരിച്ച് തുക മാറും)

1 മുതല്‍ 90 വരെ ദിവസം

ആദ്യ മാസം പ്രതിദിനം 4 ലീറ്റര്‍ പാല്‍. ഒരു ലീറ്റര്‍ പാലിന് 45 രൂപ കണക്കാക്കിയാല്‍ 30 ദിവസത്തേക്ക് (45x4)x30) 5400 രൂപ. 30 ദിവസം പ്രായത്തില്‍ ആകെ 1.5 കിലോ കാഫ് സ്റ്റാര്‍ട്ടര്‍ വേണ്ടിവരും. ഇതിന് ഏകദേശം 50 രൂപ. തീറ്റപ്പുല്ല് 10 കിലോയ്ക്ക് 15 രൂപ. വിരമരുന്ന്, മറ്റു സപ്ലിമെന്റുകള്‍ എന്നിവയ്ക്ക് 200 രൂപ. 

ആകെ ആദ്യ മാസം 500+5400+50+15+200= 6165 രൂപ

രണ്ടാം മാസം നല്‍കുന്ന പാല്‍ പ്രതിദിനം 3 ലീറ്റര്‍. ചെലവ് 135x30= 4050 രൂപ. കാഫ് സ്റ്റാര്‍ട്ടര്‍ പ്രതിദിനം 250 ഗ്രാം (100 ഗ്രാമിന് 3 രൂപ). ചെലവ് 7.5x30= 225 രൂപ. തീറ്റപ്പുല്ല് പ്രതിദിനം 5 കിലോ. ചെലവ് 7.5x30= 225 രൂപ. ആകെ രണ്ടാം മാസം ചെലവ് 4050+225+225=4500 രൂപ.

മൂന്നാം മാസം പ്രതിദിനം 2 ലീറ്റര്‍ പാല്‍ നല്‍കാം. ചെലവ് 90x30=2700 രൂപ. സ്റ്റാര്‍ട്ടര്‍ പ്രതിദിനം 400 ഗ്രാം. 12x30=360 രൂപ. പ്രതിദിനം 10 കിലോ പുല്ല്, മാസം ചെലവ് 450 രൂപ.

ആകെ മൂന്നാം മാസം ചെലവ് 2700+360+450= 3510 രൂപ.

4 മുതല്‍ 12 വരെ മാസം (270 ദിവസം)

ദിവസം 20 കിലോ പുല്ല്. 30x270= 8100 രൂപ

ദിവസം ഒരു കിലോ സാന്ദ്രിത തീറ്റ 30x270=8100 രൂപ.

സപ്ലിമെന്റുകള്‍, വിരമരുന്ന് എന്നിവയ്ക്ക് 1000 രൂപ. 

ചെലവ് - 17,200 രൂപ

13-18 മാസം (180 ദിവസം)

30 കിലോ പുല്ല് (45x180) - 8100 രൂപ

1.5 കിലോ സാന്ദ്രിത തീറ്റ (45x180) - 8100 രൂപ

സപ്ലിമെന്റുകള്‍, വിരമരുന്ന് എന്നിവയ്ക്ക് 1500 രൂപ. 

ചെലവ് - 17,700 രൂപ

Read also: ഡെയറി ഫാമിലെ മുഖ്യ ഉൽപന്നം പാൽ മാത്രമല്ല, ഫാമിൽ ജനിക്കുന്ന കിടാക്കളും കൂടിയാണ് 

ഒന്നര വയസില്‍ കൃത്രിമബീജാധാനം നടത്താം. മുന്‍പ് പറഞ്ഞതുപോലെ 200-750 (കാളയുടെ ഇനവും സ്റ്റാർ വാല്യുവും അനുസരിച്ച് തുക മാറും. സെക്‌സ് സോര്‍ട്ടഡ് ആണെങ്കില്‍ 2500 വരെ എത്തും)

19-27 മാസം (ഗര്‍ഭകാലം-270 ദിവസം)

40 കിലോ തീറ്റ (60x270) - 16200 രൂപ.

2.5 കിലോ സാന്ദ്രിത തീറ്റ (75x270) - 20250 രൂപ.

സപ്ലിമെന്റുകള്‍, വിരമരുന്ന് എന്നിവയ്ക്ക് 2000 രൂപ. 

ചെലവ് - 38,450 രൂപ

കന്നുകുട്ടിയുടെ ജനനം മുതല്‍ ആദ്യ പ്രസവം വരെയുള്ള ചെലവ് 87,525 രൂപ (കൃത്രിമ ബീജാധാന ചെലവ് ഉള്‍പ്പെടുത്തിയിട്ടില്ല). 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com