ADVERTISEMENT

ചികിത്സ എന്നത് പ്രതിസന്ധികൾ നിറഞ്ഞതാണ്. മിണ്ടാപ്രാണികളെ ചികിത്സിക്കുന്നത്‌ അതിലും വിഷമം പിടിച്ചത്. എന്താണ് അസുഖം എന്നു പറയാൻ പറ്റാത്തതിനാൽ ചികഞ്ഞ്‌ കണ്ടുപിടിക്കുക തന്നെ വേണം. ഉടമസ്ഥൻ മാനസിക വെല്ലുവിളി നേരിടുന്ന ആളാണെങ്കിലോ? രോഗിയെയും ഉടമസ്ഥനെയും ചികിത്സകൻ ഒരുപോലെ ഗൗനിക്കണം.

നകുലനും കുടുംബവും പശുവിനെ വളർത്തുന്നത് നകുലന്റെ ചേട്ടനു വേണ്ടിയാണ്. പശു തീറ്റയെടുത്തില്ലെങ്കിൽ ചേട്ടൻ ഭക്ഷണം കഴിക്കില്ല. പശു ഹാപ്പി ആണെങ്കിൽ ചേട്ടൻ ഹാപ്പി. അതിനാൽ കുടുംബത്തിലെ അംഗങ്ങൾക്ക് പ്രിയപ്പെട്ടവളാണ് നന്ദിനി. അവൾക്ക് അസുഖം വന്നാൽ വീട്ടിലുള്ളവർക്ക് ആധിയാണ്.

റിട്ടയർ ചെയ്യുന്നതു വരെ നകുലനെ സ്ഥിരം കാണുമായിരുന്നു, ചേട്ടനുവേണ്ടി വളർത്തുന്ന കുള്ളത്തി പശുവുമായി. അങ്ങിനെയാണ് കഥകൾ അറിയുന്നത്. അവനോട് ഇഷ്ടം തോന്നി. മാനസിക അസ്വാസ്ഥ്യങ്ങളുള്ള കൂടപ്പിറപ്പിന്റെ സന്തോഷത്തിനുവേണ്ടി സമയം കണ്ടെത്തുന്നവൻ.

കോവിഡും റിട്ടയർമെന്റും ആ കുടുംബത്തെ ഓർമകൾ മാത്രമാക്കി. കുറച്ചു ദിവസങ്ങൾക്കു മുൻപാണ് വീണ്ടും നകുലനെ കാണുന്നത്. പുതുതായി തുടങ്ങിയ ക്ലിനിക്കിൽവച്ച്. നകുലൻ വിഷണ്ണനാണ് കാരണം 9 മാസം ഗർഭിണിയായ നന്ദിനി തീറ്റയെടുക്കാത്തതിനാൽ ചേട്ടൻ വിഷമത്തിലാണ്. 9 മാസമായി പശുക്കുട്ടിയുടെ വരവും കാത്തിരിക്കുകയാണ് ചേട്ടൻ. ജീവനോടെ പശുകുട്ടിയെ കിട്ടിയില്ലെങ്കിൽ ആകെ താളം തെറ്റും. പിന്നെ കുറച്ചുനാളത്തേക്കു വിഷമഘട്ടമായിരിക്കും.

നകുലന്റെ കൂടെ വീട്ടിൽപോയി. മരുന്നുകൾ നൽകി. പെട്ടെന്ന് ശരിയാകുമെന്ന് ചേട്ടനെ പറഞ്ഞു ബോധ്യപ്പെടുത്തി. കുട്ടിയെ കാത്തിരിക്കുന്ന ആ ചെറുപ്പക്കാരനോട് ചികിത്സകർ രോഗികൾക്കും ദൈവത്തിനും ഇടയിലുള്ള മധ്യവർത്തികൾ ആണെന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. അടുത്ത ആഴ്ച കുട്ടി പുറത്തുവരുമെന്ന് പറഞ്ഞപ്പോൾ കണ്ട കണ്ണുകളിലെ തിളക്കം വിവരിക്കാൻ വിഷമമാണ്. 

കുറവില്ലെന്ന് പറഞ്ഞു പിറ്റേന്ന് നകുലൻ വന്നപ്പോൾ മനസ്സിലൊരു കരട് തടഞ്ഞു. മരുന്നുകൾ മാറ്റി ഇൻജെക്ഷൻ തുടങ്ങി.

ചേട്ടൻ വിഷണ്ണൻ ആണ്...

പിറ്റേന്ന് നകുലൻ പ്രസന്നൻ. മരുന്ന് ഏറ്റു. നന്ദിനി വെള്ളം കുടിച്ചു, ചേട്ടൻ ഭക്ഷണം കഴിച്ചു. കുടുംബം പഴയ നിലയിലേക്ക്.

കുട്ടിക്ക് കുഴപ്പമൊന്നും ഉണ്ടാകില്ലല്ലോ?

രാത്രി ആരെ കിട്ടും? 

സാർ വരുമോ? 

നകുലന്റെ സംശയങ്ങൾ സ്വാഭാവികം. സമാധാനിപ്പിച്ചുവിട്ടു.

ഒരാഴ്ചയായി വിവരം ഒന്നും ഇല്ല...

ഇന്ന് രാവിലെ നകുലന്റെ വാട്സാപ് മെസേജ്. നന്ദിനി പ്രസവിക്കാൻ തുടങ്ങുന്നു. കുഴപ്പമുണ്ടാകില്ല എന്ന് പറഞ്ഞു സമാധാനിപ്പിച്ചു. അയൽവാസിയായ റിട്ട.ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർ ബാലേട്ടനെ ആവശ്യമെങ്കിൽ വിളിക്കാനും പറഞ്ഞു.

ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ പശുവും കുട്ടിയും ചേട്ടനും ഒരുമിച്ചു നിൽക്കുന്ന ഫോട്ടോ വന്നു. 

ദൈവത്തിന് നന്ദി.

സാധാരണ നടക്കുന്ന കാര്യങ്ങൾ ആയതിനാൽ ഇതിൽ ആകുലതയ്ക്ക് സ്ഥാനമൊന്നും ഇല്ല. എന്നാൽ മാനസിക വെല്ലുവിളി നേരിടുന്ന ചേട്ടനും ചേട്ടന്റെ സന്തോഷത്തിന് പ്രാധാന്യം നൽകുന്ന നകുലനും കുടുംബവും അവർ അനുഭവിക്കുന്ന ടെൻഷനും എന്നിലും ചില ചലനങ്ങൾ ഉണ്ടാക്കി.

നന്മ മരിച്ചിട്ടില്ല...

(ലേഖകൻ മൃഗസംരക്ഷണ വകുപ്പ്  റിട്ട. അസിസ്റ്റന്റ് ഡയറക്ടറും ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരളയുടെ ട്രഷററുമാണ്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com