ADVERTISEMENT

മറ്റു വളർത്തുമൃഗങ്ങളെപ്പോലെ തന്നെ കഴുതകളെയും ഇണക്കിവളർത്താം. ഇവയ്ക്ക് രോഗസാധ്യത വളരെ കുറവായതിനാൽ പരിപാലിക്കാൻ ബുദ്ധിമുട്ടില്ല. ഒപ്പം പരിപാലനച്ചെലവും വളരെ കുറവ്. ഇന്ത്യയിൽ 142 കഴുതഫാമുകളുണ്ടെന്നാണ് കണക്ക്. എന്നാൽ, കേരളത്തിൽ അധികമാരും കടന്നു വരാത്തൊരു മേഖലയാണിത്. കഴുതകളെക്കുറിച്ചുള്ള കുറച്ചു പൊതുവിവരങ്ങൾ ഇവിടെ ചേർക്കുന്നു.

20–25 വർഷമാണ് കഴുതയുടെ ആയുർദൈർഘ്യം. ഒരു അറ മാത്രമുള്ള ആമാശയമായതിനാൽ ഇവ അയവെട്ടാറില്ല. കഴുത വളർത്തതിൽ പാലും ചാണകവും മൂത്രവുമാണ് പ്രധാന വരുമാനസ്രോതസ്സ്. കഴുതമാംസത്തിന്റെ വിപണനം ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ട്. കഴുതപ്പാൽ മനുഷ്യമുലപ്പാലിനോട് വളരെ സാദൃശ്യമുള്ളതും മധുരമുള്ളതുമാണ്. പലതരം ത്വക്ക് രോഗങ്ങൾക്കെതിരെയുള്ള ഒറ്റമൂലിയായിട്ടാണ് കഴുതപ്പാൽ ഉപയോഗിക്കുക. അതുകൊണ്ടുതന്നെ സോപ്പ്, ലേപനം മുതലായ സൗന്ദര്യവർധകവസ്തുക്കളിൽ ഉപയോഗിക്കുന്നു. മാത്രമല്ല കുട്ടികളിൽ പ്രതിരോധശേഷി കൂട്ടാനും ഇത് നൽകിവരുന്നു. പാൽപ്പൊടിയാക്കി വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നുമുണ്ട്.

Image credit: Alberto Menendez/iStockPhoto
Image credit: Alberto Menendez/iStockPhoto

ഒരു ലീറ്റർ കഴുതപ്പാലിന് 2000 മുതൽ 7000 വരെ രൂപ വില ലഭിക്കുന്നു. കഴുതമൂത്രത്തിന് ലീറ്ററിന് 500–600 രൂപയും ചാണകത്തിന് 600–700 രൂപയും വിലയുണ്ട്. 

വ്യായാമം ആവശ്യമുള്ള മൃഗമായതിനാൽ ലൂസ് ഫാമിങ് രീതിയിലാണ് ഇവയെ പ്രധാനമായും വളർത്തുക. ഫാമുകളിൽ യഥേഷ്ടം മേഞ്ഞു നടക്കാനുള്ള സൗകര്യം ഇവയ്ക്ക് നൽകാറുണ്ട്. പുല്ലും വൈക്കോലുമാണ് പ്രധാന ഭക്ഷണം. ശരാശരി വലുപ്പമുള്ള കഴുതയ്ക്ക് അതിന്റെ ശരീരഭാരത്തിന്റെ 1.3 –1.8 ശതമാനം ഡ്രൈ മാറ്റർ ആവശ്യമുണ്ട്. 150 കിലോഗ്രാം ശരീരഭാരം വരുന്ന കഴുതകൾക്ക് ഇത് 2–3 കിലോ വരെയാണ്. കന്നുകാലികളെ അപേക്ഷിച്ച് ഇവയ്ക്ക് കുറച്ച് മേച്ചിൽ സ്ഥലം മതിയാകും. നല്ല വായുസഞ്ചാരമുള്ള കൂടുകളും സദാ ശുദ്ധജലലഭ്യതയും ഉറപ്പു വരുത്തേണ്ടതാണ്. ഒരു കഴുതയ്ക്ക് 4  മുതൽ 4.5  ച. മീറ്റർ സ്ഥലം എന്ന തോതിൽ വേണം നൽകേണ്ടത്. മണ്ണിനോട് ചേർന്നുള്ള പുല്ല് കൂടി കടിച്ചെടുക്കാൻ   സാധിക്കുന്നതിനാലും പക്ഷപാതമില്ലാതെ എല്ലാത്തം പുല്ലിനങ്ങളും ഭക്ഷിക്കുന്നതിനാലും സ്ഥലം കാടുപിടിച്ചുപൊകാതിരിക്കാൻ ഇവയെ പ്രയോജനപ്പെടുത്താം. സ്പിതി, ഹലാരി, കച്ചി എന്നിവയാണ് ഇന്ത്യയിൽ ഔദ്യോഗിക ബ്രീഡ് ആയി റജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള ഇനങ്ങൾ. ഇതിൽ ഹലാരി  ഇനത്തിന് പാലുൽപാദനം കൂടും, പ്രതിദിനം 1.3 ലീറ്റർ. ഗുജറാത്തിൽ കാണപ്പെടുന്ന ഇവ വെളുത്ത നിറമുള്ളതാണ്. 

donkey-palace-2

പെൺകഴുതകളെ ജെന്നി (Jenny) എന്നും ആൺകഴുതകളെ ജാക്ക് (Jack) എന്നുമാണ് വിളിക്കാറുള്ളത്. പെൺകഴുതകൾ 10 മുതൽ 22 മാസത്തിനുള്ളിൽ മദിലക്ഷണങ്ങൾ കാണിക്കുന്നു. 6 മുതൽ 10 ദിവസം വരെ ഈ മദി നിലനിൽക്കും. മറ്റു കഴുതകളെ മുകളിൽ കയറാൻ അനുവദിക്കുക, വായ നിരന്തരം തുറക്കുകയും അടക്കുകയും ചെയ്യുക, യോനി അകത്തോട്ടും  പുറത്തോട്ടും വലിക്കുക, വാല് പൊക്കിനിൽക്കുക, ഇടയ്ക്കിടെ മൂത്രമൊഴിക്കുക മുതലായവയാണ് മദിലക്ഷണങ്ങൾ. 23 – 30 ദിവസമാണ് ഇവയുടെ മദിചക്രത്തിന്റെ കാലയളവ്. എല്ലാ മാസവും പ്രജനനസജ്ജമാണെങ്കിലും ഡിസംബർ മാസത്തിൽ പ്രജനനസാധ്യത കുറവുള്ളതായി കാണപ്പെടുന്നു. 

Read also: ലീറ്ററിന് 2000 രൂപ വിലയുള്ള പാൽ: 100 കഴുതകൾക്കായി ബാബു ഒരുക്കി ഒരു ഡോങ്കി പാലസ് 

ആൺ കഴുതകൾ 16 – 20 മാസം കൊണ്ട് പ്രായപൂർത്തിയാകുന്നു. ഇവയെ സാധാരണ മൂന്നു വയസാകുമ്പോഴാണ് പ്രജനനത്തിന് ഉപയോഗിക്കുന്നത്. പ്രായപൂർത്തിയായ രണ്ട് ആൺ കഴുതകൾ പരസ്പരം ആക്രമിക്കാനുള്ള പ്രവണത കൂടുതലാണ്. 

donkey-palace-1

കഴുതകളുടെ ഗർഭകാലം 11–14 മാസമാണ്. പ്രസവം അടുക്കുമ്പോൾ പെൺകഴുതകൾ കൂട്ടം വിട്ട് മാറിനിൽക്കാൻ താൽപര്യം കാണിക്കുന്നു. ഈ സമയം മുലക്കാമ്പുകൾ വേർതിരിച്ചറിയാൻ സാധിക്കാത്ത വിധം അകിടിന് വലുപ്പം വയ്ക്കും. പ്രസവത്തിന് 72 മണിക്കൂർ മുൻപ് പാൽ ചുരത്തിത്തുടങ്ങും. ലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയാൽ 40 മിനിറ്റിനുള്ളിൽ പ്രസവിക്കും. കൂടുതലും രാത്രിയിലാണ് പ്രസവം നടക്കുക. പ്രസവശേഷം ഒരു മണിക്കൂറിനുള്ളിൽ തന്നെ മറുപിള്ള പോകും. ജനിച്ച് അധികം വൈകാതെതന്നെ കുട്ടി പാൽ കുടിച്ചുതുടങ്ങുന്നു. പന്ത്രണ്ട് മണിക്കൂറിനുള്ളിൽ കുട്ടി രണ്ടു ലീറ്റർ കന്നിപ്പാലെങ്കിലും അകത്താക്കും. കുട്ടിക്ക് ആവശ്യത്തിന് ചൂട് ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. പ്രസവശേഷം 20 ദിവസം കഴിഞ്ഞാൽ കഴുതപ്പാൽ എടുത്തുതുടങ്ങാം. ദിവസം മൂന്നു തവണ കറക്കുന്ന രീതിയാണ് വാണിജ്യാടിസ്ഥാനത്തിലുള്ള ഫാമുകളിൽ സ്വീകരിക്കുക. ഇനമനുസരിച്ച് 350 മില്ലി മുതൽ 1.3 ലീറ്റർ പാൽ പ്രതിദിനം ലഭിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com