ഹോർമോൺ കുത്തിവയ്പ്പ് ഇല്ലാതെ കോയി ഫിഷ് ബ്രീഡിങ്, ലൈവായി പ്രദർശിപ്പിച്ചു കർഷകൻ
Mail This Article
അലങ്കാരമത്സ്യങ്ങളിൽ ലോകവ്യാപകമായി ആരാധകരേറെയുള്ള മത്സ്യയിനമാണ് കോയി ഫിഷുകൾ. കാർപ് ഇനത്തിൽപ്പെടുന്ന ഇവയുടെ ആകാരവും വലുപ്പവും വർണങ്ങളുമെല്ലാം ആരാധകരുടെ മനസ് കീഴടക്കുന്നു. കുളങ്ങളിൽ പല വർണങ്ങളിലുള്ള മത്സ്യങ്ങൾ നീന്തിത്തുടിക്കുന്നതു കാണാൻതന്നെ പ്രത്യേക അഴകാണ്. ഹോർമോൺ കുത്തിവയ്പ് നൽകിയാണ് ഇവയുടെ വംശവർധന പൊതുവെ സാധ്യമാക്കുക. എന്നാൽ, ഹോർമോൺ കുത്തിവയ്പ്പില്ലാതെതന്നെ കോയി മത്സ്യങ്ങളുടെ പ്രജനനം സാധ്യമാക്കാമെന്ന് കാണിച്ചുതരികയാണ് മലപ്പുറം സ്വദേശി ഉബൈദ് കോട്ടയ്ക്കൽ. മലപ്പുറം എംഎസ്‌പി മൈതാനിയിൽ നടന്ന കർഷകശ്രീ കാർഷിക മേളയിൽ ഫിഷറീസ് ഡിപ്പാർട്ട്മെന്റിന്റെ സ്റ്റാളിൽ പ്രത്യേകം തയാറാക്കിയ കൃത്രിമ ടാങ്കിൽ കോയി മത്സ്യങ്ങളുടെ ഇണചേരലും മുട്ടയിടലും സന്ദർശകർക്കായി ഒരുക്കിയിരുന്നു. ഹോർമോൺ കുത്തിവയ്പ്പില്ലാതെയായിരുന്നു മത്സ്യങ്ങളുടെ പ്രജനനം.
കോയി മത്സ്യങ്ങൾ
കാർപ്പിനത്തിലെ ഏറ്റവും ഭംഗിയുള്ളവരാണ് കോയികൾ. പ്രത്യേകം സജ്ജീകരിച്ച കുളങ്ങളിലാണ് വളർത്തുക. മുകളിൽനിന്നു നോക്കിയാൽ മീനുകളെ നന്നായി കാണാവുന്ന വിധത്തിൽ വേണം ഇവർക്കുള്ള കുളം തയാറാക്കാൻ. അതായത് മുകളിൽനിന്നുള്ള കാഴ്ചയിലാണ് ഇവരുടെ അഴക് അനുഭവവേദ്യമാകുക. അതുകൊണ്ടുതന്നെ ചില്ലു ടാങ്കുകളിൽ വളർത്തുന്നതിലും നല്ലത് സിമന്റ് ടാങ്കുകളോ പടുതക്കുളങ്ങളോ സ്വാഭാവിക കുളങ്ങളോ ആണ്. കൂടാതെ വളരുന്നതിന് നീളവും വീതിയുമുള്ള ആവാസസ്ഥലം വേണമെന്നതിനാൽ ഇവയെ അക്വേറിയം ഫിഷ് എന്നതിലുപരി പോണ്ട് ഫിഷ് എന്ന രീതിയിലാണ് പരിഗണിക്കുക.
അസോള, ജലസസ്യങ്ങൾ, പായലുകൾ, ലാർവകൾ, പഴവർഗങ്ങൾ, പെല്ലറ്റ് തീറ്റകൾ എന്നിവയെല്ലാം ഭക്ഷണമായി നൽകാം. എപ്പോഴും ഭക്ഷണം കഴിക്കുന്ന സ്വഭാവമുള്ളതിനാൽ വിസർജ്യത്തിന്റെ അളവ് കൂടുതലാണ്. ഫിൽട്രേഷൻ, എയറേഷൻ സംവിധാനങ്ങൾ ഒരുക്കിയ കുളങ്ങളിൽ വളർത്തുകയാണെങ്കിൽ അസുഖങ്ങളോ ആരോഗ്യക്കുറവോ ഉണ്ടാവില്ല.
പുതിയ കുളങ്ങളിലേക്കോ വെള്ളത്തിലേക്കോ മാറ്റേണ്ടിവരുമ്പോൾ വെള്ളവുമായി പൊരുത്തപ്പെടുത്തിയശേഷം മാത്രമേ മീനുകളെ നിക്ഷേപിക്കാവൂ. അല്ലാത്തപക്ഷം സമ്മർദംമൂലം ഉണ്ടാകുന്ന സ്‌ലീപ്പിങ് ഡിസീസ് ആണ് ഇവയെ ബാധിക്കുന്ന പ്രധാന രോഗം. അതുകൊണ്ടുതന്നെ വെള്ളം മാറ്റേണ്ടിവരുമ്പോൾ പുതിയ വെള്ളത്തിലേക്കു പെട്ടെന്ന് ഇറക്കിവിടാതെ ശ്രദ്ധിക്കണം.
വിസ്താരമുള്ള കുളങ്ങളിലാണ് കോയി ഫിഷുകൾക്ക് മികച്ച വളർച്ച ലഭിക്കുക. ഇത്തരം സാഹചര്യത്തിൽ വളർച്ചാനിരക്കും ആരോഗ്യവും ആയുസും കൂടുതലായിരിക്കും.
പ്രജനനം
ഹാൻഡ് ബ്രീഡിങ്, ഇഞ്ചക്ഷൻ ബ്രീഡിങ് തുടങ്ങിയ പ്രേരിത പ്രജനന രീതികൾ ഉപയോഗിക്കുന്നുണ്ടെങ്കിലും സ്വാഭാവികമായി പ്രജനനം നടത്തുന്നവരാണ് കോയികൾ. അതുകൊണ്ടുതന്നെ ആർക്കും ഇവയെ അനായാസം ബ്രീഡ് ചെയ്യാവുന്നതേയുള്ളൂ. 800 ഗ്രാമിന് മുകളിൽ തൂക്കമുള്ള, ഒരേ ഇനത്തിൽപ്പെട്ട മത്സ്യങ്ങളെയായിരിക്കണം പ്രജനനത്തിനായി തിരഞ്ഞെടുക്കേണ്ടത്. നല്ല നിറവും ആരോഗ്യവുമുള്ള ഒരു പെൺമത്സ്യത്തിന് 2 ആൺമത്സ്യങ്ങൾ എന്ന രീതിയിൽവേണം പ്രജനനത്തിന് എടുക്കേണ്ടത്. പ്രജനനത്തിന് ഒന്നോ രണ്ടോ ആഴ്ച മുമ്പ് പ്രോട്ടീൻ കൂടുതലടങ്ങിയ ജീവനുള്ള തീറ്റകൾ ഭക്ഷണമായി നൽകാം. പ്രോട്ടീൻ അടങ്ങിയ പെല്ലറ്റ് തീറ്റകളാണെങ്കിലും മതിയാകും. ഇത് ആരോഗ്യമുള്ള കുഞ്ഞുങ്ങളെ ലഭിക്കാൻ സഹായിക്കും. മുട്ടയിടാറായ പെൺമത്സ്യത്തിന്റെ വയർ നന്നായി വീർത്തിട്ടുണ്ടാകും.
ബ്രീഡിങ് പോണ്ട്
2.5 മീറ്റർ നീളവും 1.5 മീറ്റർ വീതിയും രണ്ടടി ആഴവുമുള്ള ടാങ്ക് പ്രജനനത്തിനായി ഉപയോഗിക്കാം. വലിയ മത്സ്യങ്ങളായതിനാലാണ് ഇത്തരത്തിലൊരു ക്രമീകരണം. ഇതിൽ ഒരടി വെള്ളം നിറയ്ക്കാം. 2–3 ദിവസം മാത്രമേ വലിയ മത്സ്യങ്ങൾ ഇതിൽ ഉണ്ടാവുകയുള്ളൂ എന്നതിനാലും തീറ്റ നൽകുന്നില്ലാത്തതിനാലും ഫിൽറ്റർ സംവിധാനം ആവശ്യമില്ല. അതേസമയം എയറേഷൻ അവശ്യവുമാണ്. ഒപ്പം മുട്ടകൾ ഒട്ടിപ്പിടിക്കുന്നതിനാവശ്യമായ വസ്തുക്കൾ കുളത്തിൽ നിക്ഷേപിക്കുകയും വേണം. ഇതിനായി താഴേക്കു വേരുകളുള്ള പായലുകൾ (വാട്ടർ കാബേജ്, പോള), വല, പ്ലാസ്റ്റിക് ചാക്കുകൾ തുടങ്ങിയവ ഉപയോഗിക്കാം.
മാതൃമത്സ്യങ്ങളെ നിക്ഷേപിക്കുന്നതിന് 4–5 ദിവസം മുമ്പ് വെള്ളം നിറച്ച് മെത്തിലിൻ ബ്ലൂ ലായനി ഒഴിച്ച് കുളം സജ്ജീകരിക്കണം. പ്രജനനത്തിനുശേഷം മുട്ടകൾ കേടുവരാതിരിക്കാനും ഫംഗസ് ബാധ ഉണ്ടാവാതിരിക്കാനും ഇത് സഹായിക്കും. കൂടാതെ കൊതുകും മറ്റും മുട്ടയിടാതിരിക്കാൻ കൊതുകുവല വിരിച്ച് സുരക്ഷ ഉറപ്പാക്കുകയും വേണം.
മാതൃ–പിതൃമത്സ്യങ്ങളെ നിക്ഷേപിക്കുമ്പോൾ
വെള്ളവുമായി പൊരുത്തപ്പെടുത്തിവേണം മാതൃ–പിതൃമത്സ്യങ്ങളെ പ്രജനനക്കുളത്തിലേക്ക് നിക്ഷേപിക്കാൻ. ഇതിന് വലിയ കവറിലാക്കി 15–20 മിനിറ്റ് നേരം വെള്ളത്തിൽ വച്ചശേഷം സാവധാനം പുറത്തുവിടാം. ബ്രീഡിങ്ങിനുള്ള മത്സ്യങ്ങളെ പകൽ മൂന്നു മണിയോടെ പ്രജനനക്കുളത്തിലേക്ക് ഇറക്കിയാൽ പിറ്റേന്ന് രാവിലെ ആകുമ്പോഴേക്ക് മുട്ടയിട്ടു തുടങ്ങും. വൈകുന്നേരത്തോടെ മുട്ടയിടീൽ പൂർത്തിയായി മത്സ്യങ്ങളെ മാറ്റാം. 24 മണിക്കൂറിനുള്ളിൽത്തന്നെ കോയി ഫിഷുകളുടെ സ്വാഭാവിക പ്രജനനം അവസാനിക്കും.
ചില മത്സ്യങ്ങൾ ഇണ ചേരാനും മുട്ടയിടാനും ഏതാനും ദിവസങ്ങൾ എടുക്കാറുണ്ട്. സ്വകാര്യത ഉറപ്പാക്കിയാൽ ഈ കാലതാമസത്തിന് മാറ്റമുണ്ടാകും. പായലുകൾ ഇടയ്ക്ക് മാറ്റി നോക്കുക, എയറേറ്ററിന്റെ ശബ്ദം, കുളത്തിൽ ഇറങ്ങുക, പക്ഷികൾ വന്നിരിക്കുക തുടങ്ങിയവയൊക്കെ സ്വാഭാവിക പ്രജനനത്തിന് തടസം സൃഷ്ടിക്കും.
മുട്ടവിരിയാൻ 2 ദിവസം
പായലുകളിലും മറ്റും ഒട്ടിപ്പിടിച്ച രീതിയിലായിരിക്കും മുട്ടകൾ. വളരെ നേരിയ തോതിൽ മാത്രമേ എയറേഷൻ നൽകാവൂ. 48 മണിക്കൂർ ആകുമ്പോൾ മുട്ടകളിൽ ജീവൻ തുടിച്ചുതുടങ്ങും. പ്രജനനം നടന്ന കുളമായതിനാൽ പ്രത്യേക ദുർഗന്ധം ഉണ്ടാകുമെങ്കിലും അത് കാര്യമാക്കേണ്ടതില്ല. തണുപ്പ് കൂടുക, മറ്റേതെങ്കിലും വിധത്തിൽ ജലം മലിനമാകുക എന്നിവയുണ്ടായാൽ മാത്രമേ മുട്ടകൾ നശിച്ചു പോകൂ.
കുഞ്ഞുങ്ങൾക്കു വേണം സംരക്ഷണം
വിരിഞ്ഞിറങ്ങി സ്വന്തമായി നീന്തിത്തുടങ്ങിയതിനുശേഷമാണ് ഇവ തീറ്റയെടുക്കുക. ഈ പ്രായത്തിൽ ഇവയുടെ വായയുടെ വലുപ്പത്തിനനുസരിച്ചുള്ള തീറ്റ നൽകണം. ലൈവ് ഫുഡുകൾ മാത്രമാണ് ഇതിനുള്ള വഴി. ഇൻഫ്യുസൂറിയ ആണ് ചെറു പ്രായത്തിൽ നൽകാൻ കഴിയുന്ന തീറ്റ. കുഞ്ഞുങ്ങൾ വിരിയുന്നതിനു മുമ്പേ തീറ്റയ്ക്കുള്ള വഴികൾ കണ്ടെത്തിയിരിക്കണം. ചാണകം കലക്കി നല്ല രീതിയിൽ ആൽഗയും സൂക്ഷ്മ ജീവികളുമുള്ള കുളത്തിൽ കുഞ്ഞുങ്ങളെ ഇറക്കിവിട്ടും വളർത്തിയെടുക്കാം.
ഇങ്ങനെ ലളിതമായ രീതിയിൽ കോയി ഫിഷുകളെ ബ്രീഡ് ചെയ്തെടുക്കാം. മാതൃമത്സ്യങ്ങൾ ഒരേ ഇനത്തിലുള്ളവയല്ലെങ്കിൽ പല വർണത്തിലും ആകൃതിയിലുമുള്ള കുഞ്ഞുങ്ങളെയാകും ലഭിക്കുക. നല്ല തീറ്റ ലഭിച്ച് വളർന്ന കുഞ്ഞുങ്ങളിൽ ഒരു മാസത്തിനുശേഷം നിറങ്ങൾ കാണാൻ സാധിക്കും.
കൂടുതൽ വിവരങ്ങൾക്ക്: 9544744493