ലക്ഷങ്ങൾ വിലയുള്ള അരുമകൾ, കയ്യിലെടുക്കാം, കൊഞ്ചിക്കാം; യുവാക്കളുടെ സംരംഭം സൂപ്പർഹിറ്റ്; വെറുമൊരു ഫാം അല്ല ഈ ഫാം വില്ല
Mail This Article
തൃശൂരിലെ ആദ്യ സ്വകാര്യ പെറ്റ് പാർക്ക് എന്ന വിശേഷണത്തോടെ അടുത്തിടെ ചാവക്കാട് പഞ്ചവടിയിൽ പ്രവർത്തനമാരംഭിച്ച പെറ്റ് പാർക്കാണ് ഫാം വില്ല. സുഹൃത്തുക്കളും അരുമപരിപാലകരുമായ വി.ഹിഷാം, ഫർസീൻ കൈനിക്കര, ഫിഹാസ് ഹനീഫ് എന്നിവർ ചേർന്നാണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. വർഷങ്ങളായി അരുമ മേഖലയിൽ സജീവമായിരുന്ന മൂവരും തങ്ങളുടെ പക്കലുള്ള അരുമകളെയാണ് ഫാം വില്ലയിൽ പാർപ്പിച്ചത്. വീട്ടിൽ ചെറു കൂടുകളിൽ കഴിഞ്ഞിരുന്ന അവയെ വലിയ കൂടുകളിലേക്ക് മാറ്റാൻ സാധിച്ചതാണ് ഏറ്റവും വലിയ നേട്ടമെന്ന് ഹിഷാം. ഒപ്പം അവയെ കാണാനും അറിയാനും ആളുകൾ വന്നുതുടങ്ങുകയും ചെയ്തതോടെ വരുമാനമാർഗവുമായി.
പഞ്ചവടിയിൽ മൂന്നേക്കർ സ്ഥലം പത്തു വർഷത്തേക്ക് പാട്ടത്തിനെടുത്താണ് ഫാം വില്ല ആരംഭിച്ചത്. തുടക്കം ആയതിനാലും എത്രത്തോളം വിജയിക്കും എന്ന് ഉറപ്പില്ലായിരുന്നതിനാലും ഒരേക്കർ സ്ഥലത്താണ് അരുമകൾക്കായി കൂടുകൾ ഒരുക്കിയത്. അരുമ പ്രേമികൾ ഇരു കയ്യും നീട്ടി സ്വീകരിച്ചതിനാൽ ബാക്കിയുള്ള സ്ഥലത്തേക്കുകൂടി വ്യാപിപ്പിക്കാൻ പദ്ധതിയുണ്ട്.
സ്കൂൾ കുട്ടികളാണ് ഇവിടുത്തെ പ്രധാന സന്ദർശകർ. സ്കൂളുകളിൽനിന്ന് പഠനയാത്രയായി കുട്ടികൾ ഇവിടെ എത്താറുണ്ട്. പ്രവേശന നിരക്ക് 100 രൂപയാണെങ്കിലും വിദ്യാർഥികൾക്ക് ചെറിയ ഇളവുണ്ട്. കുട്ടികൾ ചെറു പ്രായത്തിൽത്തന്നെ അരുമകളെ അടുത്തറിഞ്ഞും പേടിയില്ലാതെയും വളരട്ടെ. അവർക്ക് ഓരോ ജീവിയുടെയും കാര്യങ്ങൾ പറഞ്ഞു നൽകാൻ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ – ഫർസീൻ പറഞ്ഞു.
Read also: അരുമ വിപണിയിൽ ലക്ഷങ്ങൾ വില; കേരളത്തിൽ താരങ്ങളായി ലോകത്തിലെ ഏറ്റവും വലിയ പക്ഷികൾ
പ്രവേശന കവാടത്തിനരികെ സന്ദർശകരെ സ്വീകരിക്കാൻ ആദ്യമുള്ളത് ഒട്ടകമാണ്. സമീപത്തായി കഴുതയും പോണി ഇനത്തിൽപ്പെട്ട കുതിരയുമുണ്ട്. നന്നേ വലുപ്പം കുറഞ്ഞ ആന്ധ്രക്കാരൻ പുങ്കനൂർ കാളയും പ്രത്യേകം പാർപ്പിടത്തിലുണ്ട്. ആരെയും ആകർഷിക്കും വിധത്തിൽത്തന്നെയാണ് ഓരോ അരുമയുടെയും പാർപ്പിടം ചിട്ടപ്പെടുത്തിയിരിക്കുന്നത്. മരങ്ങൾക്കിടയിലെ ചെറു ജലാശയത്തിൽ സദാ നീന്തിത്തുടിച്ച് ഒരു ജോടി ബ്ലാക്ക് സ്വാൻ, കോൾ ഡക്ക്, കയൂഗ, പോമറേനിയൻ ഗൂസ് തുടങ്ങി വ്യത്യസ്ത ജലപ്പക്ഷികളെയും കാണാം. ലോകത്തെ ഏറ്റവും വലിയ പക്ഷികളായ ഒട്ടകപ്പക്ഷിയെയും എമുവിനെയും അടുത്തു കാണാനും ഭക്ഷണം നൽകാനും അവസരമുണ്ട്. റെക്സ്, മിനി ലോപ്, ഡ്വാർഫ് തുടങ്ങിയ ഇനം മുയലുകൾ, ഫിൻക്സ്, ബ്രിട്ടീഷ് ഷോർട്ട് ഹെയർ, ബെംഗാൾ ക്യാറ്റ്, മെയിൻകൂൺ ഇനം പൂച്ചകൾ, റെഡ് ഹാൻഡ് ടമരിൻ ഉൾപ്പെടെ രണ്ടിനം പോക്കറ്റ് കുരങ്ങുകൾ, ബോൾ പൈതൺ, മെക്സിക്കൻ ബ്ലാക്ക് കിങ് സ്നേക്, ഫെററ്റ്, മീർക്യാറ്റ്, ബിയർഡ് ഡ്രാഗൺ ലിസാർഡ്, ബ്ലാക്ക് ആൻഡ് വൈറ്റ് ടെഗു, വിവിധയിനം കോന്യൂറുകൾ, ബ്ലൂ ആൻഡ് ഗോൾഡ് മക്കാവ്, ഇഗ്വാന, പ്രാവുകൾ എന്നുതുടങ്ങി ഒട്ടേറെ അരുമകളെ ഇവിടെ കാണാം.
ചില വിദേശികളെ പരിചയപ്പെടാം
റെഡ് ഹാൻഡ് ടമരിൻ
ഗോൾഡൻ ഹാൻഡഡ് ടമരിൻ എന്നും ബ്രസീലിലെ ആമസോൺ നദിക്കരയിലെ മഴക്കാടുകളിൽ വസിക്കുന്ന ഈ കൊച്ചു കുരങ്ങിനു പേരുണ്ട്. പഴങ്ങൾക്കൊപ്പം ചെറു പ്രാണികളും പുഴുക്കളും പൂക്കളും പൂമ്പൊടിയുമൊക്കെ ഉൾപ്പെടുന്നതാണ് ഭക്ഷണ മെനു.
ബിയർഡ് ഡ്രാഗൺ ലിസാർഡ്
പല്ലിവർഗത്തിൽപ്പെടുന്ന, എന്നാൽ നിറംകൊണ്ട് ആരെയും ആകർഷിക്കുന്ന ജീവിയാണ് ബിയർഡ് ഡ്രാഗൺ ലിസാർഡ്. ഓസ്ട്രേലിയൻ സ്വദേശികളായ ഇവരുടെ ശരീരത്തിന്റെ രൂപംതന്നെയാണ് ഇത്തരത്തിലൊരു പേര് നേടിക്കൊടുത്തത്. കഴുത്തിന് താഴെയുള്ള പ്രത്യേക ഭാഗമാണ് ഈ പേരിന് ആധാരം. അനായാസം ഇണക്കിവളർത്താം. ആർക്കും കൈകളിൽ എടുക്കാനും കൈകാര്യം ചെയ്യാനും കഴിയും. മിശ്രഭുക്കാണ്. ക്യാരറ്റ്, കുക്കുംബർ, സൂപ്പർ വേംസ് എന്നിവയാണ് ഇവിടുത്തെ ഭക്ഷണം.
ഫോൺ: 9048500000, 7559962694
കാർഷിക വിശേഷങ്ങൾ നേരത്തെ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ചാനൽ ഫോളോ ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യുക