പാൽ ചുരത്തി നാലു ദിവസം മാത്രം പ്രായമുള്ള കന്നുകുട്ടി: വാസ്തവമറിയാം
Mail This Article
നാലു ദിവസം പ്രായമുള്ള പശുകിടാവ് പാൽ ചുരത്തിയ സംഭവം ഇക്കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ ജനശ്രദ്ധ ആകർഷിച്ചിരുന്നു. പ്രകൃതിയിലെ നിയമങ്ങളെ മറികടന്ന്, കേവലം 4 നാൾ മാത്രം പ്രായമുള്ള കിടാവ് എങ്ങനെ പാൽ ഉൽപാദിപ്പിച്ചു എന്നത് ആളുകളിൽ വിസ്മയമുളവാക്കി. ഇത് നവജാത മനുഷ്യ ശിശുക്കളിൽ അപൂർവമായിട്ടാണെങ്കിലും കണ്ടിട്ടുള്ളതാണ് എന്ന അഭിപ്രായങ്ങളും ഉണ്ടായി. എന്താവാം ഇതിനു പിന്നിലുള്ള ശാസ്ത്രീയവശം?
മറ്റു സസ്തനികളെപ്പോലെ കന്നുകാലികളിലെ പാൽ ഉൽപാദനം വിവിധ ഹോർമോണുകൾ, ജനിതകശാസ്ത്രം, പോഷകാഹാരം, പാരിസ്ഥിതിക ഘടകങ്ങൾ എന്നിവയാൽ നിയന്ത്രിക്കപ്പെടുന്ന ഒരു സങ്കീർണ്ണമായ ഫിസിയോളജിക്കൽ പ്രക്രിയയാണ്. ഭ്രൂണവികാസ വേളയിലാണ് മാമോജെനിസിസ് അഥവാ അകിട് രൂപീകരണം ആരംഭിക്കുന്നത്. ഗർഭാവസ്ഥയിൽ ഏകദേശം 75 ദിവസം ആകുമ്പോൾ ഭ്രൂണത്തിൽ മുലപ്പാൽ ഗ്രന്ഥി കോശങ്ങൾ രൂപപ്പെടാൻ തുടങ്ങുന്നു. ഒരു പശുക്കുട്ടി ജനിക്കുമ്പോൾ അകിടിലെ സ്രവ, ഗ്രന്ഥി ഭാഗങ്ങൾ വികസിച്ചിട്ടുണ്ടാവില്ലെങ്കിലും, ഘടനാപരമായ പങ്ക് വഹിക്കുന്ന കണക്റ്റീവ് ടിഷ്യുവും, മുലക്കണ്ണുകളും നന്നായി രൂപപ്പെട്ടിട്ടുണ്ടാവും. പ്രായപൂർത്തിയാകുമ്പോൾ ഉണ്ടാകുന്ന ഹോർമോൺ മാറ്റങ്ങൾ, പ്രത്യേകിച്ച് ഈസ്ട്രജൻ, പ്രൊജസ്ട്രോൺ, സസ്തനകോശങ്ങളുടെ വളർച്ചയും വികാസവും ഉത്തേജിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു.
കന്നുകാലികളിൽ മാമോജെനിസിസിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടം ഗർഭകാലത്താണ് സംഭവിക്കുന്നത്. ഗർഭധാരണം ഈസ്ട്രജൻ, പ്രൊജസ്റ്ററോൺ, പ്രോലാക്റ്റിൻ തുടങ്ങിയ ഹോർമോണുകളുടെ കുതിച്ചുചാട്ടത്തിന് കാരണമാകുന്നു, ഇത് മുലയൂട്ടലിനുള്ള തയാറെടുപ്പിൽ സസ്തനഗ്രന്ഥി കോശങ്ങളുടെ കൂടുതൽ വളർച്ചയും വികാസവും പ്രോത്സാഹിപ്പിക്കുന്നു. പിറ്റ്യൂട്ടറി ഗ്രന്ഥിയിൽനിന്ന് സ്രവിക്കുന്ന പ്രൊലാക്ടിനാണ് ഗ്രന്ധികളിൽ പാൽ സംശ്ലേഷണം ആരംഭിക്കുന്നതിനു കാരണം ആകുന്നത്.
പാൽ ചുരത്താൻ ഒരു പശുക്കിടാവിനു മേൽപ്പറഞ്ഞ കാരണങ്ങളാൽ സാധ്യമല്ലെങ്കിലും ചില അസാധാരണ സന്ദർഭങ്ങളിൽ സാധ്യമാണ്. ജനനത്തിനു മുമ്പുള്ള മാതൃ ഹോർമോണുകളുടെ സ്വാധീനം, പശുക്കിടാവ് കുടിക്കുന്ന പാലിലൂടെ ശരീരത്തിൽ എത്തിച്ചേർന്നിട്ടുള്ള പ്രോലാക്റ്റിൻ, വളർച്ചാ ഹോർമോണുകളുടെ എന്നിവയുടെ സാന്നിധ്യം, പ്രസവാനന്തര പിറ്റ്യൂട്ടറി, തൈറോയ്ഡ് ഹോർമോണുകളുടെ വർധന എന്നീ കാരണങ്ങളാൽ ഇത് സംഭവിക്കാം. 8 മാസം പ്രായമുള്ളപ്പോൾ പാൽ ചുരത്തിയ കിടാരിയെ ശാസ്ത്രീയ പഠനത്തിനു വിധേയമാക്കിയപ്പോൾ മനസ്സിലായത്, ഗ്രാനുലോസ കോശ ട്യൂമർ തത്ഫലമായി സംഭവിച്ച ഈസ്ട്രോജൻ ഹോർമോൺ ആധിക്യത്തിനാലാണ് ഇത്തരം പ്രതിഭാസം ഉണ്ടായത് എന്നാണ്.
മനുഷ്യ നവജാത ശിശുക്കളിൽ ‘വിച്ചസ് മിൽക്ക്’ എന്നറിയപ്പെടുന്ന ഈ പ്രതിഭാസം, വലിയ പ്രശ്‌നമായി കണക്കാക്കപ്പെടാറില്ല. മനുഷ്യനെ അപേക്ഷിച്ചു, കന്നുകാലികളിൽ മാതൃ-ഗർഭപിണ്ഡത്തിന്റെ രക്തചംക്രമണങ്ങളെ വേർതിരിക്കുന്ന ഒന്നിലധികം പാളികൾ ഉള്ളതിനാൽ, പ്ലാസെന്റൽ ബാരിയർ വളരെ ശക്തിയുറ്റതാണ്. ഇത് മാതൃ -ശിശു രക്തം ഇടകലരുന്നത് തടയുന്നതിൽ കാര്യക്ഷമമാണ് അതിനാൽ ഈ പ്രതിഭാസം അപൂർവങ്ങളിൽ അപൂർവമായേ സംഭവിക്കാൻ തരമുള്ളൂ.