ADVERTISEMENT

ലോകത്തിലെ മാസോൽപാദന രംഗത്ത് പന്നികൾ വലിയ ഒരു പങ്കാണ് വഹിക്കുന്നത്. ഇത് ഏതാണ്ട് 36 ശതമാനത്തോളം വരും. ഇന്ത്യയിൽ കാര്യമായി പന്നി മാംസം ഉപയോഗിക്കപ്പെടുന്നില്ലെങ്കിലും, തെക്കു കിഴക്കൻ സംസ്ഥാനങ്ങളിലും, കേരളത്തിലും വലിയ ഡിമാൻഡ് നിലനിൽക്കുന്നുണ്ട്. ഉയർന്ന തീറ്റപരിവർത്തന ശേഷി, ചുരുങ്ങിയ കാലം കൊണ്ട് പ്രജനന പ്രായം കൈവരിച്ചു കൂടുതൽ കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കാനുള്ള കഴിവ്, പ്രസവങ്ങൾ തമ്മിലുള്ള കുറഞ്ഞ കാലദൈർഘ്യം എന്നിവയിലൂടെ പന്നികൾ കർഷകർക്ക് മികച്ച വരുമാനം നേടി കൊടുക്കുന്ന ഒരു പ്രിയ മൃഗമായി മാറി. 

ഇനങ്ങൾ

  • തദ്ദേശീയ വളർത്തു പന്നികൾ (ദേശി/അങ്കമാലി)
  • ലാർജ് വൈറ്റ് യോർക്ക് ഷയർ, ലാൻഡ്രേസ്, ഡ്യൂറോക്ക് തുടങ്ങിയ വിദേശയിനം പന്നികൾ 
  • വിദേശ പന്നികൾ, ദേശി എന്നിവയുടെ സങ്കരയിനം

ഗുണനിലവാരമുള്ള പന്നികൾ ലഭ്യമായ സ്ഥലങ്ങൾ

  • സെന്റർ ഫോർ പിഗ് പ്രൊഡക്ഷൻ ആൻഡ് റിസർച്ച്, മണ്ണുത്തി (വിദേശ ജനുസ്സുകൾ, നാടൻ ഇനം, സങ്കരവർഗം എന്നിവ മാംസാവശ്യത്തിന് വളർത്തുന്നതിനും പ്രജനനത്തിനും)
  • മൃഗസംരക്ഷണ വകുപ്പിനു കീഴിലുള്ള പന്നി വളർത്തൽ ഫാമുകൾ - കാപ്പാട്, കുന്നംകുളം, കോലാനി, മുണ്ടയാട്, പാറശ്ശാല
  • കേരളത്തിന് പുറത്ത് -ഗവൺമെന്റ് പന്നി വളർത്തൽ കേന്ദ്രം ഹസർഘട്ട (കർണാടക), തമിഴ്നാട് വെറ്ററിനറി യൂണിവേഴ്സിറ്റി ഫാം കാട്ടുപാക്കം, തമിഴ്‌നാട്
pig-farm-2
നീർവാർച്ചയുള്ള കൂടുകൾ ആവശ്യം

പാർപ്പിടം ഒരുക്കൽ 

കൂടുകൾ പണിയാൻ നീർവാർച്ചയുള്ളതും അടുത്ത വീടുകളിൽനിന്നും 100 മീറ്റർ എങ്കിലും ദൂരം ഉള്ളതുമായ സ്ഥലം തിരഞ്ഞെടുക്കണം (മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിലവിലുള്ള നിഷ്കർഷ-50 പന്നികൾക്കു മുകളിൽ). 16-50 പന്നികളെ വളർത്തുന്നവർക് ഇത് 75 മീറ്ററും, 6-15 പന്നികളെ വളർത്തുന്നവർക്ക് 50 മീറ്ററുമാണ്. ഷെഡുകൾ കഴിയുന്നതും ചെലവ് കുറച്ച് എന്നാൽ വേണ്ട കെട്ടുറപ്പോടെ പണിയുവാൻ ശ്രദ്ധിക്കണം. നേരിട്ട് സൂര്യപ്രകാശത്തിൽ നിന്നും മഴയിൽ നിന്നും പന്നികൾക്കു മതിയായ സംരക്ഷണം നൽകണം. പന്നികൾ അധികം ചൂടും തണുപ്പും സഹിക്കാനുള്ള ശേഷി ഇല്ലാത്തവരാണ്. പന്നികൾ ഭക്ഷണം കണ്ടെത്തുന്നതിനായി മണ്ണിൽ കുഴിക്കുന്ന ശീലമുള്ളതിനാൽ അത് പ്രതിരോധിക്കാൻ കഴിയും വിധം തറയും ഭിത്തിയും ഉറപ്പുള്ളതായിരിക്കണം. കോൺക്രീറ്റ് ഫ്ലോറിങ് ഈടുള്ളതും വൃത്തിയാക്കാൻ എളുപ്പവുമാണ്. 100 കിലോയിൽ താഴെയുള്ള പന്നികളെ വളർത്തുന്നതിന് ഗ്രിപ്പുള്ള ടൈലുകളും താരതമ്യേന കുറഞ്ഞ വിലയിൽ ലഭ്യമായ മറ്റ് ഫ്ലോറിങ് മെറ്റീരിയലുകളും ഉപയോഗിക്കാം. ചുവരുകൾ ഇഷ്ടികയിലും, വാതിലുകളൾ ശക്തിയുള്ള മരപ്പലകയിലോ ഇരുമ്പിലോ നിർമിക്കാം. പുറത്തുനിന്ന് ഭക്ഷണം നൽകുന്നതിന് ഷെഡിന്റെ മുൻവശത്തു തന്നെ തീറ്റ, വള്ളം എന്നിവയ്ക്കുള്ള തൊട്ടികളും പാത്രങ്ങളും സ്ഥാപിക്കണം. ഭക്ഷണം കഴിക്കുന്നതിനും വിശ്രമിക്കുന്നതിനുമായി ഒരു മേൽക്കൂരയുള്ള കോൺക്രീറ്റ് ചെയ്ത ഭാഗവും, അതിനു പിന്നിൽ വാലോയിങ് ടാങ്കുകളുള്ള (Wallowing Tank - പന്നികൾക്കു ചൂട്മ കൂടുന്ന സമയത്തു സ്വയം തണുപ്പിക്കാൻ) ചുറ്റു മതിലുകളുള്ള ഒരു തുറന്ന മുറ്റവും അഭികാമ്യമാണ്‌. 

വളരുന്ന (ഗ്രോവർ) പന്നിക്ക് രണ്ടു ചതുരശ്ര മീറ്റർ സ്ഥലം ആവശ്യമാണ്. എപ്പോഴും കുടിവെള്ളം ലഭിക്കുന്നതിന് ഓട്ടോമാറ്റിക് വാട്ടറുകൾ നൽകാം. 20-25 ഡിഗ്രി സെൽഷ്യസ് താപനിലയാണ് പന്നികൾ നന്നായി വളരുന്നതിന് ഏറ്റവും അഭികാമ്യം. ചൂട് കുറയ്ക്കാൻ കൂടുകൾക്കു ചുറ്റും തണൽ മരങ്ങൾ, വലോയിങ് ടാങ്ക്, വെള്ളം തളിക്കൽ, കുളിപ്പിക്കൽ തുടങ്ങിയവ സ്വീകരിക്കാം. ഉയർന്ന ചൂടുള്ള സമയത്ത് വെന്റിലേറ്ററുകളും മേൽക്കൂരയിൽ സ്ഥാപിക്കുന്ന സ്പ്രിംഗ്ലറുകളും സഹായകരമാകും. 

പ്രസവ സമയമടുത്ത് പെൺപന്നികളെ മേൽക്കൂരയുള്ള അടച്ചുറപ്പുള്ള ഷെഡിലാണ് പാർപ്പിക്കേണ്ടത്. കൂട്ടിൽ പന്നി ഒന്നിന് 2.5 x 4.0 മീറ്റർ  = 10 ചതുരശ്ര മീറ്റർ (108  ച.അടി) വിസ്തീർണമുണ്ടാവണം. കൂടാതെ കുഞ്ഞുങ്ങളുടെ സംരക്ഷണത്തിന് ഗാർഡ് റെയ്ൽസ്, ക്രീപ് ഏര്യ, തീറ്റ, കുടിവെള്ള സൗകര്യം  തുടങ്ങിയവയും ഉൾപ്പെടുത്തണം. വലിയ ഹൈടെക് ഫാമുകളിൽ ജിഐ കൊണ്ട് നിർമിച്ച കൂടുകളിൽ ഫാരോവിങ് ക്രേറ്റുകൾ (തള്ളപ്പന്നികളെ ഉൾക്കൊള്ളാവുന്ന കൂടുകൾ) സ്ഥാപിക്കാവുന്നതാണ്. മലിനജലം ഒഴുകാനുള്ള ചാലുകളും, അവയിലെ ഖരമാലിന്യം നീക്കം ചെയ്യാൻ വലകൾ, സെറ്റിലിങ് ടാങ്കുകൾ, ശേഖരിച്ചു പരിവർത്തനം ചെയ്യാനുതകുന്ന ടാങ്കുകൾ മുതലായവ ഉണ്ടാവണം. 

പന്നിക്കൂടുകളുടെ മേൽക്കൂരക്ക തറയിൽനിന്ന് മൂന്നു മീറ്റർ എങ്കിലും ഉയരത്തിൽ ആയിരിക്കണം. എല്ലാ വിഭാഗത്തിലുള്ള പന്നികൾക്കും ഉപയോഗിക്കാവുന്ന മൾട്ടി പർപ്പസ് കൂടുകൾ തറ വിസ്തീർണം അനുസരിച്ച് രൂപകൽപ്പന ചെയ്യാവുന്നതാണ്. അനാവശ്യ പ്രജനനവും ഒഴിവാക്കാൻ കാസ്ട്രേറ്റ് ചെയ്യാത്ത ആണിനെയും പെണ്ണിനെയും നാലു മാസത്തിനപ്പുറം ഒരുമിച്ച് പാർപ്പിക്കാൻ പാടുള്ളതല്ല.

pig-farm-3

പന്നി ഫാം തുടങ്ങുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ 

അഞ്ചിൽ കൂടുതൽ പന്നികളുള്ള ഒരു ഫാം സ്ഥാപിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽനിന്ന് ലൈസൻസ് നേടേണ്ടതുണ്ട്. ഇതിനു മുന്നോടിയായി മലിനീകരണ നിയന്ത്രണ ബോർഡിൽനിന്നു കെട്ടിടം പണിയുമ്പോൾ കൺസെന്റും പണി പൂർത്തീകരിച്ച ശേഷം സർട്ടിഫിക്കറ്റും ലഭ്യമാക്കണം. ലൈസൻസ് നൽകേണ്ടത് പഞ്ചായത്ത് സെക്രട്ടറി ആണ്. ലൈസൻസ് ലഭിക്കുന്നതിന് യോഗ്യതയുള്ള അധികാരിയിൽനിന്നുള്ള സ്പെസിഫിക്കേഷനുകൾ അനുസരിച്ച് ഇനിപ്പറയുന്ന ആവശ്യകതകൾ നിർബന്ധമാണ്.

  • ഖര മാലിന്യം ശേഖരിക്കാനുള്ള സംവിധാനം 
  • ദ്രവ മാലിന്യങ്ങൾ ശേഖരിക്കുന്നതിനുള്ള സംഭരണ ടാങ്ക്
  • വളക്കുഴി / കമ്പോസ്റ്റ് കുഴി 
  • ബയോഗ്യാസ് പ്ലാന്റ് 
  • സെപ്റ്റിക് ടാങ്ക് 
  • ചത്ത മൃഗങ്ങളെ കുഴിച്ചിടാനുള്ള സംവിധാനങ്ങൾ 
  • തീറ്റ കൊണ്ടുവരാൻ അടഞ്ഞ പാത്രങ്ങൾ 
  • അടുത്ത ഭവനത്തിൽ നിന്നും 100 മീറ്റർ എങ്കിലും ദൂരം 
  • അതിരിൽ നിന്ന് 25 മീറ്റർ എങ്കിലും അകലം
  • ജല സ്രോതസ്സുകളിൽ നിന്നും 100 മീറ്റർ എങ്കിലും അകലം 
  • ജല സ്രോതസ്സിലേക്കു മലിനജലം ഒഴുകരുത് 
  • ബാക്കി വരുന്ന മാലിന്യ അവശിഷ്ടങ്ങൾ കൃത്യമായി സംസ്കരിക്കുക 
  • ETP -എഫ്ലുവെൻറ് ട്രീറ്റ്മെന്റ് പ്ലാന്റ് ആവശ്യമെങ്കിൽ സ്ഥാപിക്കുക 
pig-farm-6

പന്നികളുടെ  തീറ്റ

പന്നികളുടെ ആമാശയം മനുഷ്യന്റേതിന് സമാനമാണ്. നാരുകളുള്ള ഭക്ഷണം പരിമിതമായ അളവിൽ മാത്രമേ ഇവയ്ക്കു ദഹിപ്പിക്കാനാകൂ. പന്നികൾക്ക് തുടർച്ചയായ ഇടവേളകളിൽ തീറ്റ നൽകേണ്ടതുണ്ട്. കൂട്ടിൽനിന്ന് മുമ്പ് കഴിച്ച തീറ്റയുടെ അവശിഷ്ടം നീക്കം ചെയ്തതിനുശേഷം മാത്രമേ പുതിയ തീറ്റ നൽകാവൂ. പാല് കുടി മാറിയ (weaned) കുഞ്ഞുങ്ങളുടെ തൂക്കം കുറയാതിരിക്കാൻ ഒരു ഓട്ടോമാറ്റിക് ഫീഡർ ഉപയോഗിച്ച് എല്ലാ സമയവും തീറ്റ ലഭ്യമാക്കാവുന്നതാണ്. വലിയ പന്നികൾക്ക് രാവിലെ ഒരു നേരവും, തള്ളപ്പന്നികൾക്കും മുലയൂട്ടുന്നവയ്ക്കും വളരുന്ന പന്നികൾക്കും രാവിലെയും വൈകുന്നേരവും തീറ്റ നൽകണം. എല്ലാ പന്നികൾക്കും കുറഞ്ഞ അളവിൽ പുല്ലു നൽകുകയോ വെയിലു കുറഞ്ഞ സമയങ്ങളിൽ മേയാൻ അനുവദിക്കുകയോ ചെയ്യാം. പോഷക സമൃദ്ധമായ ആഹാരം കൊടുക്കുന്നത് വിരശല്യം കുറയ്ക്കുന്നതിനും പന്നികൾ ഇര തേടുന്നതിനു വേണ്ടി മണ്ണ് കുഴിക്കുന്നതും തടയുന്നതിനും സഹായിക്കും. പന്നികൾക്ക് വേവിക്കാത്ത ഹോട്ടൽ വേസ്റ്റ് നൽകാൻ പാടില്ല.

  • പ്രജനനത്തിനുള്ള ആൺപന്നികൾക്ക്

പ്രജനനത്തിനുള്ള ആൺ പന്നികൾക്ക് ദിവസവും 2-2.5 കിലോഗ്രാം തീറ്റ ഓരോ 100 കിലോ തൂക്കത്തിനും ആവശ്യമാണ്. തീറ്റ ശരീരഭാരം അനുസരിച്ച് ക്രമീകരിക്കണ്ടതാണ്. കൂട്ടിലിട്ട് വളർത്തുന്ന പന്നികൾക്ക് പച്ചപ്പുല്ല് നൽകണം. പുറത്ത് മേയാൻ അനുവദിക്കുകയാണെങ്കിൽ അത് വ്യായാമം കൂടിയാകും.

  • പ്രജനനത്തിനുള്ള പെൺപന്നികൾക്ക്

പ്രസവത്തിശേഷമുള്ള തള്ളപ്പന്നിയുടെ ആരോഗ്യ പരിരക്ഷയ്ക്കായി പ്രസവത്തിനു മുൻപുള്ള ആഴ്ചകളിൽ നല്ല തോതിൽ പോഷകാഹാരം നൽകുന്നു എന്ന്  ഉറപ്പുവരുത്തണം. ഈ സമയങ്ങളിൽ മാംസ്യം, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ കൂടുതൽ അടങ്ങിയ തീറ്റകൾ നൽകേണ്ടതാണ്.

pig-farm-5

ഒരു ഗർഭിണിപ്പന്നിക്ക് ഈ സമയം 30–35 കിലോയും ആദ്യമായി ഗർഭിണിയാകുന്ന പന്നികൾക്ക് 40–45 കിലോയും തൂക്കം കൂടാൻ സാധ്യതയുണ്ട്. ശരീരഭാരം അധികമായി കൂടുന്നത് ഒഴിവാക്കാൻ തീറ്റ നിയന്ത്രിക്കണം.

ഇണചേർക്കാൻ ഉദ്ദേശിക്കുന്ന തീയതിയുടെ ഏതാണ്ട് രണ്ടാഴ്ച്ച മുന്നേ മാംസ്യവും മറ്റും കൂടുതൽ അടങ്ങിയ പോഷക സമൃദ്ധമായ ആഹാരം നൽകുന്ന രീതിക്കു ഫ്‌ളഷിങ് (Flushing) എന്ന് പറയും. ഇത് പ്രജനന സമയത്തു കൂടുതൽ അണ്ഡോൽപാദനത്തിനു സഹായിക്കും. തൽഫലമായി, കൂടുതൽ പന്നി കുട്ടികളെ ലഭിക്കുന്നതിനും സഹായിക്കും. 

  • പ്രസവത്തിനു ശേഷം

പ്രസവത്തിന് മുൻപും പിൻപും തവിടു നൽകാം. പത്തു ദിവസത്തിന് ശേഷം പഴയ ആഹാരരീതിയിലേക്കു കൊണ്ടുവരേണ്ടതാണ്. ധാരാളം പച്ചപ്പുല്ല് ഈ സമയം നൽകണം. 100 കിലോ തൂക്കമുള്ള ഒരു പന്നിക്ക് 2.5–3 കിലോ തീറ്റയ്ക്കൊപ്പം ഒരു പന്നിക്കുട്ടിക്ക് 200 ഗ്രാം എന്ന തോതിലുള്ള തീറ്റയും നൽകാം. പന്നി കുട്ടികൾക്ക് ക്രീപ്പ് (creep- മാംസ്യം കൂടുതൽ അടങ്ങിയ കുട്ടിത്തീറ്റ)  ഫീഡ് നൽകാം.

  • പന്നിക്കുട്ടികൾക്കുള്ള ക്രീപ് ഫീഡ്

പന്നിക്കുട്ടികൾ തീറ്റ എടുക്കുന്നതിനായി അമ്മപ്പന്നിയിൽനിന്നും മാറി ഭക്ഷണം മുഴുവൻ ലഭിക്കുന്ന രീതിയിലുള്ള സംവിധാനമാണിത്. രണ്ടാഴ്ച പ്രായമുള്ളപ്പോൾ വരെ ക്രീപ്പ് ഫീഡ് കൊടുക്കാം. ഒരു പന്നിക്കുട്ടി 8 ആഴ്ച ആകുമ്പോഴേക്ക് 10 കിലോ തീറ്റ എടുക്കും. അതിൽ മൂന്നിൽ രണ്ടു ഭാഗവും 6–8 ആഴ്ച കാലഘട്ടത്തിലാണ് ഭക്ഷിക്കുന്നത്.

  • ഗ്രോവറിനും ഫിനിഷെറിനും കൊടുക്കേണ്ട തീറ്റക്രമം

പന്നികൾക്കുള്ള പെല്ലറ്റ് അല്ലെങ്കിൽ മാഷ് തീറ്റയാണ് ഈ സമയം നൽകേണ്ടത്. 30–45 മിനിറ്റുകൊണ്ട് മുഴുവൻ തീറ്റയും കഴിക്കുന്ന രീതിയിൽ വേണം തീറ്റ കൊടുക്കാൻ. പാലുകുടി മാറിയ പന്നിക്കുട്ടികൾക്ക് വിൽപന പ്രായം വരെ തീറ്റപരിവർത്തന ശേഷി 4 ആണ്. അതായത് ഓരോ നാലു കിലോ തീറ്റ ഒരു കിലോ ശരീര വളർച്ചയ്ക്ക് സഹായിക്കും. താപനിലയും പ്രായവും തീറ്റപരിവർത്തന ശേഷിയെ ബാധിക്കുമെന്നതും ഓർക്കണം. മാംസ്യത്തിന്റെ ആവശ്യം ചെറുപ്രായത്തിലാണ് കൂടുതൽ. തടി കൂടുന്തോറും മാംസ്യത്തിന്റെ അളവ് കുറച്ചുകൊണ്ടുവരാം. ഓരോ 100 കിലോ തീറ്റയിലും 20 ഗ്രാം വൈറ്റമിൻ സപ്ലിമെന്റ് ചേർക്കേണ്ടതാണ്. എണ്ണ വേർതിരിച്ച പിണ്ണാക്കാണ് തീറ്റ നിർമിക്കാൻ ഉപയോഗിക്കുന്നതെങ്കിൽ വെജിറ്റബിൾ ഓയിൽ അല്ലെങ്കിൽ ടാലോ (മൃഗ കൊഴുപ്പു) 1-2 % നൽകാവുന്നതാണ്.

മറ്റുള്ള തീറ്റകൾ

അടുക്കള അവശിഷ്ടം, മാംസാവശിഷ്ടം, മീൻ അവശിഷ്ടം. അടുക്കള അവശിഷ്ടങ്ങൾ കൊണ്ട് 30 കിലോ ഭാരമുള്ള പന്നി 70 ദിവസം കൊണ്ട് 70 കിലോ തൂക്കം വയ്ക്കുന്നു. പഴകിയതും ഒരുപാട് നാൾ മാറ്റിവച്ചതുമായ തീറ്റ ഉപയോഗിക്കരുത്. ദിവസം 4–8 കിലോ അവശിഷ്ടം നൽകാം. വിവിധ തരം ഭക്ഷ്യാവശിഷ്ടങ്ങൾ തീറ്റയിൽ ചേർക്കാവുന്ന/ ഉൾപ്പെടുത്താവുന്ന അളവ്

  • കപ്പ (15-20%)
  • റബർക്കുരു പിണ്ണാക്ക് (15%)
  • പുളിങ്കുരു (20%)
  • തേയില (20%)
  • മാംസാവശിഷ്ടം (20%)

പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം പൂപ്പൽ ഉള്ളതും പഴകിയതുമായ ഭക്ഷണങ്ങൾ പന്നികൾക്കു നൽകാതിരിക്കുക 

തയാറാക്കിയത്: 

ഡോ. തിരുപ്പതി വെങ്കടചലപതി, പ്രഫസർ ആൻഡ് ഹെഡ്

ഡോ. എൻ.പി.ഉണ്ണികൃഷ്ണൻ, അസിസ്റ്റന്റ് പ്രഫസർ

ഡോ. ഡി.കെ.ദീപക് മാത്യു, അസിസ്റ്റന്റ് പ്രഫസർ

സെന്റർ ഫോർ പിഗ് പ്രൊഡക്ഷൻ ആൻഡ് റിസർച്ച്, മണ്ണുത്തി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com