പാൽ അധികമായാൽ ആട്ടിൻകുട്ടികളുടെ ജീവനെടുക്കും: ഇത് ഫ്ലോപ്പി കിഡ് സിൻഡ്രോം, കാരണമറിയാം
Mail This Article
നല്ലതുപോലെ പാൽ കുടിച്ചിരുന്ന, നല്ല തൂക്കമുള്ള മിടുക്കരായ ആട്ടിൻകുഞ്ഞുങ്ങൾ 5 - 21 ദിവസം പ്രായത്തിനിടയിൽ പെട്ടെന്ന് കൂനിക്കൂടി നിൽക്കുന്നു. പാൽ കുടിക്കാനുള്ള ഇവരുടെ താൽപര്യം കുറയുന്നു. ക്ഷീണിതരാകുന്ന ഇവർ പിന്നീട് വേച്ചു നടന്ന് കുഴഞ്ഞു വീഴുന്നു. തളർന്നു കിടന്നുപോകുന്ന ഇവർ ചത്തുപോകുകയും ചെയ്യുന്നു. മൂന്നാഴ്ചയിൽ താഴെ പ്രായമുള്ള ആട്ടിൻകുട്ടികളെ ബാധിക്കുന്ന ഫ്ലോപ്പി കിഡ് സിൻഡ്രോമിന്റെ രോഗാവസ്ഥയാണു മേൽ വിവരിച്ചത്. അധികം പാൽ കുടിക്കുന്ന ആട്ടിൻകുട്ടികളുടെ ആമാശയത്തിൽ രോഗാണുക്കളായ ബാക്ടീരിയകളുടെ പ്രവർത്തന ഫലമായി ലാക്ടിക് ആസിഡ് അമിതമായി ഉൽപാദിപ്പിക്കപ്പെടുന്നു. ലാക്ടിക് അസിഡോസിസ് എന്ന ഈ അവസ്ഥ ആത്യന്തികമായി തലച്ചോർ, നാഡീവ്യൂഹം എന്നിവയെ ബാധിക്കുകയും തളർച്ചയുടെ ലക്ഷണങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.
ലക്ഷണങ്ങൾ
- നടക്കാനുള്ള പ്രയാസം, ആടിയാടിയുള്ള നടത്തം
- തളർച്ചയും നിർജലീകരണവും
- ശരീരോഷ്മാവ് കുറയുക
- രക്തത്തിലെ ഗ്ലൂക്കോസ് നില താഴുന്നു
- വയറിളക്കം, വയറു വീർക്കൽ
- കുഴഞ്ഞു വീണു കിടക്കുക
ചികിത്സ
- വിദഗ്ധ ചികിത്സ കുട്ടികളെ രക്ഷപ്പെടുത്താൻ അത്യാവശ്യം
- തളർച്ചയുടെ തുടക്കത്തിൽ അര ടീസ്പൂൺ അപ്പക്കാരം വായിലൂടെ നൽകുക
- മറ്റു രോഗലക്ഷണങ്ങൾക്കുള്ള ചികിത്സ ഡോക്ടറുടെ നിർദ്ദേശപ്രകാരം
- ആമാശയത്തിന്റെ ആരോഗ്യത്തിന് പ്രോബയോട്ടിക് മരുന്നുകൾ
- ചികിത്സ കഴിഞ്ഞ ദിവസങ്ങളിൽ മിതമായ അളവിൽ മാത്രം പാൽ നൽകുക
കർഷകർക്ക് ചെയ്യാവുന്നത്
- ആദ്യത്തെ ആഴ്ചകളിൽ അധിക അളവിൽ പാൽ കഴിക്കുന്നത് ഒഴിവാക്കണം. തള്ളയാടിന് പാൽ കൂടുതലും കുട്ടികളുടെ എണ്ണം കുറവുമാണെങ്കിൽ അധികം പാൽ കറന്നെടുക്കുക.
- അണുബാധ ഒഴിവാക്കാൻ പരിസരശുചിത്വം.
- അമിതമായ തണുപ്പ്, സ്ഥലസൗകര്യമില്ലായ്മ, വൃത്തിയില്ലായ്മ എന്നിവ രോഗ സാധ്യത കൂട്ടുന്നു.
- ആവശ്യമെങ്കിൽ കുഞ്ഞുങ്ങൾക്ക് കൃത്രിമച്ചൂട് നൽകുക.
- ഈർപ്പരഹിതമായ സ്ഥലം കുട്ടികൾക്ക് നൽകണം.
- നല്ല ആരോഗ്യവും തൂക്കവും വളർച്ചയുമുള്ള കുട്ടികൾക്ക് രോഗബാധയ്ക്കുള്ള സാധ്യത കൂടുതലായതിനാൽ അവയെ പ്രത്യേകം ശ്രദ്ധിക്കണം.
- കുട്ടികളിൽ തളർച്ച കണ്ടാൽ പിന്നീടുള്ള രണ്ടു ദിവസം പാൽ നൽകാതിരിക്കണം. ഒരു ടീസ്പൂൺ അപ്പക്കാരം ഒരു ഗ്ലാസ് വെള്ളത്തിൽ നേർപ്പിച്ച് രണ്ടു മണിക്കൂർ ഇടവേളയിൽ ഒരു സിറിഞ്ച് ഉപയോഗിച്ച് നൽകുകയും വേണം.
ചുരുക്കത്തിൽ കുടലിൽ ഉണ്ടാകുന്ന ബാക്ടീരിയ അണുബാധമൂലം ആട്ടിൻകുട്ടികൾക്ക് പാൽ ദഹിപ്പിക്കാൻ കഴിയാതെ വരുന്നു. ഇത് അമ്ലത കൂട്ടുകയും രോഗലക്ഷണങ്ങളുണ്ടാക്കുകയും ചെയ്യുന്നു. ഇത് തടയാൻ രോഗാണുബാധയ്ക്കുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. രോഗലക്ഷണങ്ങൾ കാണുമ്പോൾ തന്നെ പാൽ നിർത്തി, അപ്പക്കാരലായനി നൽകി കുട്ടികളെ രക്ഷപ്പെടുത്തുക. തുടർ ചികിത്സ ഡോക്ടറുടെ നിർദ്ദേശപ്രകാരം ചെയ്യുക. അപ്പക്കാര ലായനി നൽകുമ്പോൾ രോഗം കുറയുന്നുണ്ടെങ്കിൽ പ്രശ്നം 'ഫ്ലോപ്പി കിഡ് സിൻഡ്രോം' തന്നെ!