ഈ തൊഴുത്തിൽ ചൂടൊരു പ്രശ്നമേയല്ല: ഊട്ടിയിലെ കാലാവസ്ഥ; കുറയാതെ പാൽ ചുരത്തി പശുക്കൾ; മാതൃകയാക്കേണ്ട രീതി
Mail This Article
എന്നുവരും എന്നു പിടിതരാതെ മഴ വഴുതിമാറുമ്പോൾ സംസ്ഥാനം എരിതീയിൽ ഉരുകുകയാണ്. എല്ലാ മേഖലകളും ചൂട് എന്ന വലിയ പ്രതിസന്ധിയെ മറികടക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ്. കാർഷിക മേഖലയിൽ വരൾച്ചയും ചൂടും തെല്ലൊന്നുമല്ല പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. മൃഗസംരക്ഷണ മേഖലയും വലിയ പ്രതിസന്ധിയിലാണ്. പാലുൽപാദനം ഗണ്യമായി കുറഞ്ഞതിനു പിന്നാലെ താപസമ്മർദത്തിൽ പശുക്കൾ ചത്തുവീഴുകയാണ്. സംസ്ഥാനത്ത് ഇതുവരെ അഞ്ഞൂറോളം പശുക്കൾ ചത്തതായാണ് റിപ്പോർട്ട്. മൃഗസംരക്ഷണ വകുപ്പും പഞ്ചായത്തുകളും സംയുക്തമായി അടിയന്തിര സാചര്യത്തെ നേരിടുമെന്നു മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചു.
കേരളത്തിലെ ഒട്ടുമിക്ക ക്ഷീരകർഷകരുടെയും ഫാമുകളിൽ പാലുൽപാദനം ഗണ്യമായി കുറഞ്ഞപ്പോൾ തന്റെ ഫാമിൽ കുറവുണ്ടായില്ലെന്നു പറയുകയാണ് എറണാകുളം ഇലഞ്ഞി സ്വദേശി വെളിയത്തുമാലിൽ മോനു വർഗീസ് മാമ്മൻ. പശുക്കൾക്ക് ഏറ്റവും സുഖകരമായ അന്തരീക്ഷം ഒരുക്കിക്കൊടുത്തതാണ് തന്റെ ഫാമിൽ പാലുൽപാദനം കുറയാത്തതിനു കാരണമെന്നും അദ്ദേഹം പറയുന്നു. തൊഴുത്തിന്റെ നാലു വശങ്ങളിലായി 4 ഫാനുകളും മേൽക്കൂരയ്ക്കു പുറത്ത് 5 സ്പ്രിംഗ്ലറുകളും ഘടിപ്പിച്ചാണ് മോനു വർഗീസ് എന്ന വക്കച്ചൻ തന്റെ പശുക്കൾക്കായി സുരക്ഷിത അന്തരീക്ഷം ഒരുക്കിയത്.
മുകളിലല്ല വശങ്ങളിൽ വയ്ക്കണം
ഉയരമുള്ള മേൽക്കൂരയിൽ സീലിങ് ഫാൻ വയ്ക്കുന്നതാണ് പല കർഷകരും സ്വീകരിച്ചിരിക്കുന്ന രീതി. എന്നാൽ, വക്കച്ചന്റെ തൊഴുത്തിന് രണ്ടു വശങ്ങളിൽനിന്നും പശുക്കൾക്ക് കാറ്റ് ലഭിക്കത്തക്കവിധമാണ് ഫാൻ ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഒരു വശത്തു മാത്രം രണ്ടു ഫാനുകൾ ഉറപ്പിച്ചായിരുന്നു ഇതിന്റെ പരീക്ഷണം. അത് വിജയമാണെന്നു കണ്ടതോടെയാണ് എതിർ വശത്തുകൂടി ഉറപ്പിച്ചത്. അതു ചെലവ് കുറഞ്ഞ രീതിയിൽ ആണെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. കാരണം, വക്കച്ചൻ നിർമിച്ചിരിക്കുന്ന ഫാനിന് ഏകദേശം 3500 രൂപയാണ് ചെലവ്. അര എച്ച്പി വാട്ടർ മോട്ടറിന്റെ വെള്ളം പമ്പ് ചെയ്യുന്ന ഭാഗം മുറിച്ചുമാറ്റി അവിടെ ലീഫ് ഘടിപ്പിച്ചാണ് ചെലവ് കുറഞ്ഞ ഫാൻ തയാറാക്കിയിരിക്കുന്നത്. സാധാരണ സീലിങ് ഫാനുകൾക്ക് ആർപിഎം കുറവായതുകൊണ്ടുതന്നെ വേണ്ട പ്രയോജനം ലഭിക്കില്ല. എന്നാൽ, ഈ മോട്ടർഫാനിന് 2500 ആർപിഎം ആണുള്ളത്. അതുകൊണ്ടുതന്നെ അതിവേഗം കറങ്ങുന്നതിനാൽ ഉള്ളിലേക്ക് തണുത്ത വായു കടത്തിവിടുകയും ചെയ്യുന്നു. പ്രത്യേക കവചം നിർമിച്ചാണ് ഫാൻ സുരക്ഷിതമായി ഉറപ്പിച്ചിരിക്കുന്നത്.
ഷെഡ്ഡിനുള്ളിലെ വായു സഞ്ചാരം ഈ നാലു ഫാനുകൾ സുഗമമാക്കുമ്പോൾ ഷെഡ്ഡിനു മുകളിൽ ചൂടു കുറയ്ക്കാനുള്ളത് 5 സ്പ്രിംഗ്ലറുകളാണ്. 20 പശുക്കളെ കെട്ടാൻ കഴിയുന്ന ഷെഡ്ഡിന്റെ മേൽക്കൂര മാത്രമല്ല 20 അടി ചുറ്റളവിൽ പരിസരവും നനയ്ക്കുന്ന വിധത്തിലാണ് സ്പ്രിംഗ്ലർ പ്രവർത്തിക്കുക. അതുകൊണ്ടുതന്നെ ഷെഡ്ഡിനുള്ളിലേക്ക് വരുന്ന വായുവിനും നല്ല കുളിർമയായിരിക്കും. കഴിഞ്ഞ വർഷംതന്നെയാണ് വക്കച്ചൻ പ്ലിംഗ്ലറും സ്ഥാപിച്ചത്. അന്ന് ഇക്കാര്യം ‘മനോരമ ഓൺലൈൻ കർഷകശ്രീ’ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ ചൂട് ഈ വർഷം കൂടുതലായതിനാൽ ഇത്തവണ മേൽക്കൂരയിൽ ഒരു അഡീഷനൽ സംവിധാനംകൂടി വക്കച്ചൻ ഒരുക്കിയിട്ടുണ്ട്. മേൽക്കൂരയ്ക്ക് മുകളിൽ ഏകദേശം 2 അടിയോളം ഉയരത്തിൽ ജിഐ പൈപ്പ് ഉറപ്പിച്ച് അതിൽ 90 ശതമാനം ഷേഡ് ഉള്ള നെറ്റ് വലിച്ചുകെട്ടി. ഇതിനു മുകളിലാണ് സ്പ്രിംഗ്ലർ വച്ചത്. സ്പ്രിംഗ്ലറിൽനിന്ന് വീഴുന്ന ജലം ഗ്രീൻ നെറ്റ് നനയ്ക്കുന്നു. ഇത് ഷെഡ്ഡിന്റെ മേൽക്കൂര ചൂടാവാതെ സംരക്ഷിക്കുന്നു. തൽഫലമായി തൊഴുത്തിനുള്ളിലെ ചൂടും കുറയും.
പരീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം ഈ സംവിധാനങ്ങൾ ഒരുക്കിയപ്പോൾ പാലുൽപാദനം വലിയ തോതിൽ താഴാതെ ശ്രദ്ധിക്കാൻ കഴിഞ്ഞു. സംവിധാനങ്ങളിൽ ചെറി പരിഷ്കാരങ്ങൾകൂടി വരുത്തിയപ്പോൾ ഇത്തവണ പാലുൽപാദനത്തിൽ ഒട്ടും കുറവു വന്നില്ലെന്നും വക്കച്ചൻ.
പശുക്കളുടെ ഉയരത്തിൽ ഫാൻ
വശങ്ങളിൽ മോട്ടർ ഫാൻ ഉറപ്പിച്ചിരിക്കുന്ന പശുക്കളുടെ ഉയരത്തിനൊപ്പംതന്നെയാണ്. കഴിഞ്ഞ വർഷം ഫാൻ ഉറപ്പിച്ചപ്പോൾ അൽപംകൂടി ഉയരം നൽകിയിരുന്നു. എന്നാൽ പശുക്കൾ കിടക്കുമ്പോൾ അണപ്പ് കൂടുതലാണെന്നത് ശ്രദ്ധയിൽപ്പെട്ടതോടെ കഴിഞ്ഞ വർഷം ഉറപ്പിച്ച ഫാൻ അര അടിയോളം താഴ്ത്തിയാണ് ഉറപ്പിച്ചത്. അതോടെ കിടക്കുമ്പോഴുള്ള അണപ്പ് കുറവുണ്ട്. മാത്രമല്ല പശുക്കൾ തീറ്റയെടുക്കുന്നത് കൂടിയെന്നും വക്കച്ചൻ പറയുന്നു. പുല്ലും കൈതപ്പോളയും കാലിത്തീറ്റയും ഒരുമിച്ചാണ് പശുക്കൾക്ക് നൽകുക. മുൻപൊക്കെ ചൂട് കൂടുതലായതിനാൽ പശുക്കൾ പകുതിയോളം തിന്നതേശേഷം ബാക്കി ചൂട് കുറയുമ്പോഴായിരുന്നു കഴിച്ചിരുന്നത്. എന്നാൽ ഇപ്പോൾ പശുക്കൾ നല്ല രീതിയിൽ തീറ്റയെടുക്കുന്നുണ്ടെന്നും വക്കച്ചൻ.
ഇനിയും പരിഷ്കരിക്കാനുണ്ട്
പരീക്ഷിച്ച് മെച്ചപ്പെടുത്തുന്ന രീതിയിലാണ് വക്കച്ചന്റെ ഫാമിലെ പ്രവർത്തനങ്ങൾ മുൻപോട്ടു പോകുന്നതെന്ന് മൃഗസംരക്ഷണ വകുപ്പിൽനിന്ന് ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച ഡോ. ഈപ്പൻ ജോൺ. ആദ്യം വെറുതെ മേൽക്കൂരയ്ക്കു മുകളിൽ ഷേഡ് നെറ്റ് വലിച്ചുകെട്ടിയായിരുന്നു ചൂട് കുറയ്ക്കാൻ ശ്രമിച്ചത്. വിജയമാണെന്നു മനസിലാക്കിയതോടെ സ്ഥിരം സംവിധാനം ഒരുക്കുകയായിരുന്നു.
കേരളത്തിലെ കാലാവസ്ഥയിൽ ടിഎച്ച്ഐ (Temperature–humidity index) കൂടുതലാണ്. ടിഎച്ച്ഐ 68ൽ താഴെ നിൽക്കുന്നതാണ് പശുക്കൾക്ക് ഏറ്റവും യോജ്യമായ അന്തരീക്ഷം. ഈ അന്തരീക്ഷത്തിൽ പശുക്കളുടെ ശരീരോക്ഷ്മാവ് 101.5–102.5 ഡിഗ്രി ഫാരൻ ഹീറ്റിൽ ആയിരിക്കും. എന്നാൽ, കേരളത്തിലെ സാഹചര്യത്തിൽ ഇത് ബുദ്ധിമുട്ടാണ്. 68–72 വരെ മൈൽഡ് സ്ട്രെസ് സാഹചര്യമാണെന്നു പറയാം. ഈ അന്തരീക്ഷത്തിൽ പശുക്കളുടെ ശരീരോക്ഷ്മാവ് 102.5–103 ഡിഗ്രി ഫാരൻ ഹീറ്റിൽ ആയിരിക്കും.
ടിഎച്ച്ഐ 72–79 വരെ മൈൽഡ് ടു മോഡറേറ്റ് സ്ട്രെസ് സാഹചര്യമാണെന്നു പറയാം. ഈ അന്തരീക്ഷത്തിൽ പശുക്കളുടെ ശരീരോക്ഷ്മാവ് 104 ഡിഗ്രി ഫാരൻ ഹീറ്റിലെത്തും. അസുഖങ്ങളൊന്നും ഇല്ലാതെ ശരീരോക്ഷ്മാവ് കൂടിയാൽ നമുക്ക് പനി വരുന്നതുപോലെതന്നെ പശുക്കൾ വെള്ളം കുടിക്കുകയും ഭക്ഷണം കഴിക്കുന്നത് നിർത്തുകയും ചെയ്യും. മാത്രമല്ല സ്ട്രെസ് മൂലം രോഗങ്ങളും പിടിപെടും. രക്ത പരാദരോഗങ്ങളായ ബബീസിയ, തൈലേറിയ, അനാപ്ലാസ്മ തുടങ്ങിയവയെല്ലാം പ്രധാനമായും പിടിപെടുന്നത് ചൂടുകൂടിയ സാഹചര്യങ്ങളിലാണ്. രോഗം വ്യാപകമാകുന്നു എന്നല്ല ഇതിലൂടെ അർഥമാക്കേണ്ടത്. പശുക്കൾ സമ്മർദത്തിലാകുമ്പോൾ രോഗാണുക്കൾ മേൽക്കൈ നേടുന്നു എന്നതാണ് കാരണം.
ടിഎച്ച്ഐ 80–90 ആണെങ്കിൽ മോഡറേറ്റ് ടു സിവിയർ ആണ്. പശു അണയ്ക്കും. ശരീരോക്ഷ്മാവ് 105 ഫാരൻ ഹീറ്റിലേക്ക് എത്തും. തീറ്റ എടുക്കൽ കുറയും, ഉൽപാദനം കുറയും, പ്രത്യുൽപാദനത്തെയും ബാധിക്കും. 90നു മുകളിലാണെങ്കിൽ സിവിയർ എന്ന അവസ്ഥയിലേക്ക് എത്തും. സൂര്യാഘാതമേൽക്കുന്നതും പശുക്കൾ ചത്തുവീഴുന്നതുമെല്ലാം ഈ സാഹചര്യത്തിലാണെന്നും ഡോ. ഈപ്പൻ ജോൺ.
കൂടിന്റെ ഉയരത്തിനു പ്രാധാന്യമേറെ
മേൽക്കൂരയ്ക്ക് ഉയരം കൂടുതലുള്ള ഷെഡ്ഡുകളിൽ പാർപ്പിച്ചിരിക്കുന്ന ഓരോ പശുവിനും ലഭ്യമായ സ്ഥലവും കൂടുതലായിരിക്കും. പശുക്കൾ നിച്ഛ്വസിക്കുന്ന കാർബൺ ഡയോക്സൈഡും റൂമനിൽനിന്നുള്ള മീഥെയ്നും നിശ്ചിത സ്ഥലത്ത് കെട്ടിനിൽക്കുന്നത് ഒഴിവാക്കാൻ ഷെഡ്ഡിനുള്ളിലെ ഉയരം കൂട്ടുന്നത് സഹായിക്കും. വശങ്ങളിൽനിന്നു ഫാൻകൂടി നൽകുന്നതോടെ ഉള്ളിലെ വാതകങ്ങൾ പുറത്തേക്കു പോയി ശുദ്ധവായു അകത്തേക്ക് വരികയും ചെയ്യും. ഇത് പശുക്കൾക്ക് സുഖകരമായ അന്തരീക്ഷം ഒരുക്കിത്തരുന്നുവെന്നും ഡോ. ഈപ്പൻ.
ഫോൺ: 95629 83198 (വക്കച്ചൻ), 94470 53869 (ഡോ. ഈപ്പൻ ജോൺ)