ADVERTISEMENT

അരളിയുടെ ഇല അറിയാതെ ചവച്ചിറക്കിയ യുവതി ഏതാനും മണിക്കൂറുകൾക്കകം ഹൃദയസ്തംഭനം മൂലം കുഴഞ്ഞുവീണ് മരണപ്പെട്ട വാർത്ത കേരളം കേട്ടത് ഇക്കഴിഞ്ഞ ആഴ്ചയാണ്. അതിനു പിന്നാലെ പത്തനംതിട്ട ജില്ലയിൽ അടൂർ തെങ്ങമത്ത് പറമ്പിൽ വെട്ടിയിട്ട അരളിച്ചെടിയുടെ ഇലകഴിച്ച് വിഷബാധയേറ്റു പശുവും കിടാവും ചത്ത വാർത്തയും പുറത്തുവന്നു. അരളി മാത്രമല്ല, മനുഷ്യർക്കും മൃഗങ്ങൾക്കും ഒരുപോലെ വിഷമായ സസ്യങ്ങൾ നമ്മുടെ പറമ്പുകളിൽ ഏറെയുണ്ട്. പൊതുവെ കന്നുകാലികൾ വിഷച്ചെടികൾ കഴിക്കാതെ ഒഴിവാക്കുകയാണു പതിവെങ്കിലും തീറ്റപ്പുല്ലിന് ക്ഷാമമുണ്ടാകുന്ന സാഹചര്യത്തിൽ വയറുനിറയ്ക്കാൻ അവ വിഷച്ചെടികളും അകത്താക്കും. പറമ്പിൽ മേയുന്നതിനിടെയാണ് ഇത്തരം വിഷബാധകൾ ഏറെയുമേൽക്കുക. ഉടമയുടെ ശ്രദ്ധയിൽ പെടുമ്പോഴേക്കും വിഷബാധ മൂർച്ഛിച്ചിട്ടുണ്ടാവും. ഇനി നേരത്തെ ശ്രദ്ധയിൽപ്പെട്ടുവെന്ന് തന്നെയിരിക്കട്ടെ, മിക്ക സസ്യവിഷബാധകൾക്കും നൽകാൻ കൃത്യമായ മറുമരുന്നുകൾ പോലും കണ്ടെത്തിയിട്ടില്ല. മറുമരുന്നുകൾ ഉള്ള സസ്യവിഷബാധകളിലാവട്ടെ, പലപ്പോഴും ചികിത്സയ്ക്കുള്ള സാവകാശം കിട്ടും മുൻപേ കന്നുകാലികൾ മരണപ്പെടും. തീറ്റപ്പുല്ലിന് ക്ഷാമമുണ്ടാവുന്ന സാഹചര്യത്തിൽ വിഷച്ചെടികൾ പശുക്കൾക്കു വെട്ടി തീറ്റയായി നൽകുന്നതും പശുക്കൾക്ക് കൂട്ടമായി വിഷബാധയേൽക്കുന്നതിലേക്കു നയിക്കും. കപ്പയുടെ ഇലയും തൊണ്ടും കഴിച്ച് പതിമൂന്നോളം പശുക്കൾ കൂട്ടമായി ചത്ത സംഭവമുണ്ടായത് ഇക്കഴിഞ്ഞ ജനുവരിയിൽ ഇടുക്കി തൊടുപുഴയിലായിരുന്നു. പറമ്പിലുള്ള പൈക്കളെക്കൊല്ലി സസ്യങ്ങളെ പറ്റി കൃത്യമായി അറിയുക എന്നതു മാത്രമാണ് തൊഴുത്തിന്റെ പടികയറിയെത്തുന്ന വിഷസസ്യദുരന്തങ്ങൾ ഒഴിവാക്കാനുള്ള ഏറ്റവും ഫലവത്തായ മാർഗം.

അരളി മുതൽ എരിക്ക് വരെ; ഹൃദയവിഷച്ചെടികൾ ഏറെ

ചുവപ്പും പച്ചയും മഞ്ഞയും വെള്ളയും ഒക്കെ നിറങ്ങളിലായി നമ്മുടെ വീട്ടുമുറ്റത്തും പാതയോരങ്ങളിലും ഒരു പരിചരിചരണവും ഇല്ലാതെ തന്നെ തഴച്ചുവളരുന്ന അരളി അടിമുടിയൊരു വിഷസസ്യമാണ്. സംസ്കൃതത്തിൽ അരളിയെ വിളിക്കുന്നത് തന്നെ കാജമാരക എന്നാണ്, ഇതിനർത്ഥം 'കുതിരയെ കൊല്ലാൻ തക്ക വിഷം' എന്നാണ്. കുതിരക്കൊല്ലിയായതിനാൽ അശ്വമാരക, ഹയമാരക എന്നും വിളിപ്പേരുകളുണ്ട്. വേരുകള്‍, ഇലകള്‍, തണ്ട്, വെള്ള നിറമുള്ള പാല്, പൂക്കള്‍ തുടങ്ങി അരളിയുടെ എല്ലാ ഭാഗങ്ങളിലും വിവിധയിനം വിഷാംശങ്ങൾ അടങ്ങിയിരിക്കുന്നു. ഒലിയാൻഡ്രിൻ, ഒലിയാൻഡ്രോസൈഡ്, നീരിൻ, ഡിജിറ്റോക്സിഡെനിൻ തുടങ്ങിയ ഗ്ലൈക്കോസൈഡ് വിഭാഗത്തിൽ പെടുന്ന രാസസംയുക്തങ്ങളാണ് അരളിയിലെ വിഷങ്ങൾ. മഞ്ഞയരളിയിൽ അടങ്ങിയിരിക്കുന്ന തെവറ്റിൻ എന്ന ഗ്ലൈക്കോസൈഡുകളും വിഷമാണ്. മനുഷ്യരിലും മൃഗങ്ങളിലും ഒരുപോലെ ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ നേരിട്ട് തകരാറിലാക്കാനും മന്ദീഭവിപ്പിക്കാനും ശേഷിയുള്ളവയാണ് അരളിയിലെ ഈ വിഷങ്ങൾ. മാത്രമല്ല, പശുക്കളിൽ പണ്ടാശയത്തിന്റെ പ്രവർത്തനങ്ങളെയും ബാധിക്കും. അരളിയുടെ തണ്ടും ഇലകളും അകത്തെത്തി 12 മുതൽ 24 മണിക്കൂറിനകം തളർച്ചയും പണ്ടാശയസ്തംഭനവും രക്തം കലർന്ന വയറിളക്കവും അടക്കം രോഗലക്ഷണങ്ങൾ കാണിച്ചുതുടങ്ങും. അകത്തെത്തിയ അളവനുസരിച്ച് ലക്ഷണങ്ങളുടെ തീവ്രതയിലും ലക്ഷണം കാണിക്കാനെടുക്കുന്ന സമയത്തിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടാവും. അരളി കുടുംബത്തിൽ പെടുന്ന ഒതളങ്ങയും എരിക്കും ഹൃദയത്തെ ബാധിക്കുന്ന വിഷമടങ്ങിയ സസ്യങ്ങളാണ്. ഒതളങ്ങയുടെ കായിലാണ് ഏറ്റവും വിഷമടങ്ങിയിരിക്കുന്നതെങ്കിൽ എരുക്കിന്റെ കറയിലാണ് കൂടുതൽ വിഷം. അരളിയിലെയും ഒതളങ്ങയിലെയും എരുക്കിലേയും വിഷത്തെ പ്രതിരോധിക്കാൻ മൃഗവൈദ്യത്തിൽ കൃത്യമായ മറുമരുന്നുകളില്ല, ലക്ഷണങ്ങൾക്കു മാത്രമാണു ചികിത്സ.

കപ്പ മുതൽ ബദാമില വരെ; സയനൈഡ് ഒളിപ്പിച്ച ചെടികൾ

kappa
കപ്പ. Image credit: tinglee1631/iStockPhoto

ഇലയിലും തണ്ടിലും കായിലും കിഴങ്ങിലും തൊണ്ടിലുമെല്ലാം സയനൈഡ് സാന്നിധ്യമുള്ള ചെടികളിൽ പ്രധാനമാണ് കപ്പ. കീടങ്ങളുടെയും എലികളുടെയുമെല്ലാം ആക്രമണത്തിൽ നിന്നും കപ്പയെ കാക്കാൻ പ്രകൃതി നൽകിയ സുരക്ഷാകവചമാണ് കപ്പയിലെ കട്ടെന്നും കയ്പ്പെന്നും വിളിക്കുന്ന സയനൈഡ് സാന്നിധ്യം. ഇനം, പ്രായം, പ്രദേശം, കാലാവസ്ഥ, വളപ്രയോഗം എന്നിവയനുസരിച്ച് കപ്പയിലെ സയനൈഡ് സാന്നിധ്യത്തിൽ ഏറ്റക്കുറച്ചിലുകളുണ്ടാവും, കട്ടുള്ള കപ്പയിൽ വിഷാംശം കൂടുതലായിരിക്കും. കിഴങ്ങിലുള്ളതിനേക്കാൾ പതിന്മടങ്ങ് സയനൈഡ് വിഷം കപ്പയുടെ തൊലിയിലുണ്ട്. താഴ്‌ത്തണ്ടുകളിലെ ഇലകളേക്കാള്‍ സയനൈഡ് വിഷം കൂമ്പുകളിലെ ഇലകളിലുണ്ടാവും. കപ്പയുടെ പച്ചയിലയും കപ്പ സംസ്കരിക്കുമ്പോൾ ബാക്കിയാകുന്ന തൊണ്ടും മറ്റവശിഷ്ടങ്ങളും വെള്ളവുമെല്ലാം ഒരേ പോലെ അപകടകരമെന്നു ചുരുക്കം. ചൂടാക്കുമ്പോഴും ഉണക്കുമ്പോഴും വെള്ളത്തിലിട്ട് കുതിർക്കുമ്പോഴും കപ്പയിലെ സയനൈഡിന്റെ അംശം കുറയും.

ലിനമാരിന്‍, ലോട്ടോസ്ട്രാലിന്‍ എന്നീ സംയുക്തരൂപത്തിലാണ് കപ്പയുടെ വിവിധ ഭാഗങ്ങളിൽ സയനൈഡ് വിഷം സംഭരിച്ചിരിക്കുന്നത്. ഇതിനെ വിഘടിപ്പിച്ച് സയനൈഡിനെ പുറന്തള്ളാന്‍ സഹായിക്കുന്ന രാസാഗ്നികളും കപ്പയിൽ തന്നെയുണ്ട്. കന്നുകാലികള്‍ സസ്യഭാഗങ്ങള്‍ ചവച്ചരയ്ക്കുന്നതോടെ പൊട്ടി പുറത്തുവരുന്ന ഈ രാസാഗ്നികള്‍ ഗ്ലൈക്കോസിഡിക് സംയുക്തങ്ങളില്‍ നിന്ന് സയനൈഡിനെ സ്വതന്ത്രമാക്കും. മാത്രമല്ല, കന്നുകാലികളുടെ ആമാശയത്തിലെ ഒന്നാം അറയായ റൂമനില്‍ സൂക്ഷ്മജീവികളുടെ സഹായത്തോടെ നടക്കുന്ന ദഹനപ്രക്രിയയും, സയനൈഡ് വിഷം പുറത്തുവരുന്നതിനിടയാക്കും. റൂമിനിലെ അസിഡിറ്റിയും വെള്ളത്തിന്റെ സാന്നിധ്യവും ഇത് എളുപ്പമാക്കും. ഇങ്ങനെ പുറത്തു വരുന്ന ഹൈഡ്രജന്‍ സയനൈഡ് വിഷം വളരെ വേഗത്തില്‍ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും രക്തം വഴി ശരീരകോശങ്ങളിലാകെ വ്യാപിക്കുകയും ചെയ്യും. ഓക്സിജന്‍ ഉപയോഗപ്പെടുത്തി കോശങ്ങള്‍ ജീവല്‍ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഊര്‍ജമുണ്ടാക്കുന്ന പ്രക്രിയയെയാണ് സയനൈഡ് വിഷം തടസ്സപ്പെടുത്തുക. ചെറിയ അളവില്‍ മാത്രമാണ് സയനൈഡ് വിഷം കാലികളുടെ അകത്തെത്തിയതെങ്കില്‍ അത് കരളില്‍വച്ച് നിര്‍വീര്യമാക്കപ്പെടും. എന്നാല്‍ വിഷത്തിന്‍റെ തോത് ഉയര്‍ന്നതാണെങ്കില്‍ 5 - 15 മിനിറ്റിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങും. അധികം താമസിയാതെ ശ്വസനതടസ്സം മൂര്‍ച്ഛിച്ച് മരണം സംഭവിക്കുകയും ചെയ്യും.

കപ്പച്ചെടിയിൽ മാത്രമല്ല റബറിന്റെ ഇലകളും തണ്ടും, മുളയുടെ തളിരിലകൾ, കരിമ്പുചെടി, മണിച്ചോളത്തിന്റെ (സോർഗം) തളിരിലകളും തണ്ടും, ബദാം മരത്തിന്റെ ഇലകൾ, ഹൈഡ്രാഞ്ചിയം പൂച്ചെടി എന്നിവയിലും സയനൈഡ് വിഷത്തിന്റെ സാന്നിധ്യമുണ്ട്. വിഷബാധയേറ്റ ഉടൻ സോഡിയം തയോസൾഫേറ്റ് പൗഡർ 30 - 60 ഗ്രാം വരെ വായിലൂടെ നൽകുന്നതും ലായനിയാക്കി സിരകളിൽ കുത്തിവയ്ക്കുന്നതും ഫലപ്രദമാണ്.

മഞ്ഞപ്പിത്തം മുതൽ തൊലിപ്പുറത്ത് പൊള്ളൽ വരെ; അരിപ്പുചെടിയും അപകടകാരി

kongini
കൊങ്ങിണിച്ചെടി

മേയുന്നതിനിടെ വിവിധ വർണങ്ങളിലുള്ള പൂക്കളുമായി തഴച്ചുവളരുന്ന അരിപ്പുച്ചെടി അഥവാ കൊങ്ങിണിച്ചെടിയിൽ നിന്ന് വിഷബാധയേൽക്കുന്ന സംഭവങ്ങൾ ഗ്രാമപ്രദേശങ്ങളിൽ സാധാരണയാണ്. പൊതുവെ കാലികൾ ഈ ചെടി കഴിക്കാറില്ലെങ്കിലും ആകസ്മികമായി കഴിക്കുന്നതാണ് അപകടമുണ്ടാക്കുക.

അരിപ്പൂച്ചെടിയിലെ ലന്താടീൻ എന്ന വിഷം കരളിനെയാണ് ബാധിക്കുക. മഞ്ഞപ്പിത്തത്തിനും കാരണമാവും. വയറിൽ രക്തസ്രാവവുമുണ്ടാക്കും.

ചുവന്ന പൂക്കളുള്ള അരിപ്പൂ ചെടിയാണ് ഏറ്റവും അപകടം. പിങ്കും വെളുപ്പും പൂക്കളുള്ളവയും അതീവ വിഷം തന്നെ. കന്നുകാലികൾക്ക് മാത്രമല്ല മുയലുകൾ ഉൾപ്പെടെയുള്ള മറ്റു വളർത്തുമൃഗങ്ങൾക്കും അരിപ്പു വിഷമാണ്. അരിപ്പൂച്ചെടി കഴിച്ച കന്നുകാലികൾ സൂര്യപ്രകാശമേൽക്കുന്ന സാഹചര്യത്തിൽ തൊലിപ്പുറം പൊള്ളലേറ്റു പൊട്ടും. അരിപ്പൂ വിഷത്തിന്റെ ഫോട്ടോസെൻസിറ്റൈസേഷൻ എന്ന സ്വഭാവമാണ് ഇതിന് കാരണം. അരിപ്പൂ ചെടി കഴിഞ്ഞ കാലികൾക്ക് മതിയായ ചികിത്സ നൽകുന്നതിനൊപ്പം അവയെ തണലിൽ പാർപ്പിക്കാനും കർഷകർ ശ്രദ്ധിക്കണം.

കിഡ്നി നശിപ്പിക്കും ആനത്തൊട്ടാവാടി

anathottavadi
ആനത്തൊട്ടാവാടി

നിറയെ മുള്ളുകളും പൂക്കളുമായി പറമ്പിൽ പടർന്നു വളരുന്ന കുറ്റിച്ചെടിയായ ആനത്തൊട്ടാവാടി മനുഷ്യരിൽ ഔഷധച്ചെടിയായാണ് പരിഗണിക്കുന്നതെങ്കിൽ കാലികൾക്ക് വിഷച്ചെടിയാണ്. ആനത്തൊട്ടാവാടിയിലെ മൈമോസിൻ എന്ന വിഷം വൃക്കകൾക്ക് കേടുപാടുണ്ടാക്കും. ആനത്തൊട്ടാവാടിയുടെ തളിർ ചെടികളിലാണ് വിഷസാന്നിധ്യം ഏറെയുണ്ടാവുക. വൃക്കകളുടെ പ്രവർത്തനത്തെ മൈമോസിൻ വിഷം ബാധിക്കുന്നതോടെ മൂത്രം പുറത്തു പോവുന്നത് നിലയ്ക്കും. പശുക്കളുടെ പിൻഭാഗം മുതൽ അകിടുവരെ നീർക്കെട്ട് ഉണ്ടാവുന്നത് പ്രധാന ലക്ഷണമാണ്. വിശപ്പിലായ്മ, ഉദരസ്തംഭനം ഉൾപ്പെടെ മറ്റു ലക്ഷണങ്ങളും കാണാം. നീർക്കെട്ട് പരിഹരിക്കാനും മൂത്രതടസം ഒഴിവാക്കാനും മതിയായ ചികിത്സകൾ നൽകിയിലെങ്കിൽ ആനത്തൊട്ടാവാടി കാലികളുടെ ജീവനെടുക്കും.

കല്ലുനെരന്ത ജീവനെടുക്കും

kallunerantha-sq
കല്ലുനെരന്ത

വേനലിൽ പൂക്കളും കായ്ക്കളുമൊക്കെയായി സമ്യദ്ധമായി വളരുന്ന വള്ളിച്ചെടികളിൽ ഒന്നായ കല്ലുനെരന്ത കന്നുകാലികൾക്ക് വിഷസസ്യമാണ്. പൊള്ള, കരണ്ടകവള്ളി, നഞ്ചിൻവള്ളി, വള്ളിനെരന്ത, ആനയമൃത് എന്നെല്ലാമുള്ള വിവിധ പേരുകളിലും ഈ സസ്യം അറിയപ്പെടുന്നു. കന്നുകാലികൾ മേയുന്നതിനിടെ ഈ ചെടിയും അതിന്റെ കായ്ക്കളും ആഹാരമാക്കാനും വിഷബാധയേൽക്കാനും സാധ്യത വളരെ കൂടുതലാണ്. കല്ലുനെരന്തയുടെ കായ്ക്കളിൽ കൂടുതലായി അടങ്ങിയിട്ടുള്ള പിക്രോടോക്സിൻ എന്ന രാസഘടകമാണ് വിഷബാധയുടെ കാരണം. കന്നുകാലികളുടെ നാഡീവ്യൂഹത്തെ ബാധിക്കുന്ന വിഷപദാർഥമാണ് പിക്രോടോക്സിൻ. കല്ലുനെരന്ത കഴിച്ചതിന് ഒന്നുരണ്ടു മണിക്കൂറിനുള്ളിൽ പശുക്കൾ വിഷബാധയുടെ ലക്ഷണങ്ങൾ ഒന്നൊന്നായി പ്രകടിപ്പിച്ച് തുടങ്ങും. വായിൽ നിന്ന് നുരയും പതയും ഒലിക്കൽ, ഉദരസ്തംഭനം, പേശീ വിറയൽ, മറിഞ്ഞുവീണ് കൈകാലുകളും തലയും തറയിൽ ഇട്ടടിക്കൽ എന്നിവയാണ് പ്രാരംഭലക്ഷണങ്ങൾ. ക്രമേണ ശ്വാസതടസവും പ്രകടമാവും. അടിയന്തിര ചികിത്സ ഉറപ്പുവരുത്തിയില്ലങ്കിൽ ശ്വാസതടസ്സം മൂർച്ഛിച്ച് പശുക്കൾ മരണപ്പെടും. കല്ലുനെരന്തയിൽ അടങ്ങിയ വിഷ പദാർഥത്തെ നിർവീര്യമാക്കാൻ സഹായിക്കുന്ന കൃത്യമായ മറുമരുന്നുകൾ ലഭ്യമല്ല. മറിച്ച് രോഗലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാനുള്ള ചികിത്സയാണ് കല്ലുനെരന്ത വിഷബാധയിൽ നൽകുന്നത്. കാത്സ്യവും ഗ്ലൂക്കോസും അടങ്ങിയ ലായനികൾ, ആന്റിഹിസ്റ്റമിനുകൾ, ജീവകം ബി. അടങ്ങിയ മരുന്നുകൾ, കരൾ ഉത്തേജന മരുന്നുകൾ എന്നിവ വിഷബാധ കണ്ട ഉടനെ വിദഗ്ധ സഹായത്തോടെ ചികിത്സയായി നൽകാവുന്നതാണ്.

വിഷം അജ്ഞാതം, പക്ഷേ ബ്ലൂമിയ കാലികൾക്ക് അപകടം

blumia
ബ്ലൂമിയ

കടും പച്ച നിറത്തിലുള്ള മിനുസമുള്ള ഇലകളും മാംസളമായ തണ്ടുകളും വെളുപ്പ്, മഞ്ഞ നിറങ്ങളിലുള്ള ചെറിയ പുഷ്പങ്ങളുമായി മരത്തണലിലും പാതയോരങ്ങളിലും വഴിവക്കിലുമെല്ലാം പൂത്തുനില്‍ക്കുന്ന ബ്ലൂമിയ ചെടികള്‍ സ്ഥിര കാഴ്ചയാണിപ്പോള്‍. സംസ്ഥാനത്ത് ബ്ലൂമിയയുടെ വർധിച്ച സാന്നിധ്യം കേരള വനഗവേഷണ സ്ഥാപനം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബ്ലൂമിയ സസ്യകുടുംബത്തില്‍പ്പെട്ട പതിനാറോളം ഇനം ചെടികള്‍ കേരളത്തില്‍ കാണപ്പെടുന്നുണ്ട്. കുക്കുറച്ചെടി, രാക്കില എന്നൊക്കെ പ്രാദേശിക പേരുകളില്‍ അറിയപ്പെടുന്ന സസ്യമാണ് ബ്ലൂമിയ ലസീറ ചെടികള്‍. ഒരു മീറ്റര്‍ മുതല്‍ ഒന്നര മീറ്റര്‍ വരെ ഉയരത്തില്‍ വളരാന്‍ ബ്ലൂമിയ ചെടികള്‍ക്ക് ശേഷിയുണ്ട്. ബ്ലൂമിയ ചെടികളുടെ പുഷ്പകാലം ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളാണ്.

പൂത്ത് നിൽക്കുന്ന ബ്ലൂമിയ ചെടികൾ അധിക അളവിൽ കഴിക്കുന്നത് വഴിയാണ് പശുക്കളിലും ആടുകളിലും വിഷബാധയേൽക്കുന്നത്. തീറ്റയെടുക്കാതിരിക്കല്‍, ഉദരസ്തംഭനം, പശുക്കളുടെ ശരീരതാപനില സാധാരണനിലയില്‍ നിന്നും വളരെയധികം താഴല്‍, നിര്‍ജലീകരണം, നില്‍ക്കാനും നടക്കാനുമുള്ള പ്രയാസം, വായില്‍ നിന്നും നുരയും പതയുമൊലിക്കല്‍, മൂക്കില്‍ നിന്നും ഗുദദ്വാരത്തില്‍ നിന്നും രക്തസ്രാവം, ശരീരവിറയല്‍, മറിഞ്ഞുവീണ് കൈകാലുകള്‍ നിലത്തിട്ടടിക്കല്‍ ഇവയെല്ലാമാണ് ബ്ലൂമിയ സസ്യവിഷബാധയുടെ പ്രധാനലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതിന് ശേഷം ചുരുങ്ങിയ സമയത്തിനുള്ളില്‍ മരണം സംഭവിക്കാൻ സാധ്യതയേറെയാണ്. തീവ്രവിഷബാധയിൽ ലക്ഷണങ്ങള്‍ പ്രകടമാവുന്നതിന് മുൻപ് തന്നെ പശുക്കൾ മരണപ്പെടാനും സാധ്യതയുണ്ട്. ബ്ലൂമിയ ചെടികള്‍ ധാരളമായി പൂക്കുന്ന ഡിസംബര്‍- ജൂണ്‍ കാലയളവിലാണ് സംസ്ഥാനത്ത് ബ്ലൂമിയ വിഷബാധ വ്യാപകമായി കണ്ടുവരുന്നത്. പൊതുവെ പച്ചപ്പുല്ലിനും പച്ചിലകള്‍ക്കും ക്ഷാമമുണ്ടാവുന്ന ഈ കാലത്ത് പാതയോരങ്ങളില്‍ സമൃദ്ധമായി പൂത്ത് നില്‍ക്കുന്ന ബ്ലൂമിയ ചെടികള്‍ പശുക്കള്‍ ആഹാരമാക്കാനും സ്വന്തമായി തീറ്റപുൽ കൃഷിയൊന്നുമില്ലാത്ത സാധാരണകര്‍ഷകര്‍ പശുക്കള്‍ക്ക് അവ വെട്ടി നല്‍കാനും സാധ്യതയേറെയാണ്. ഇത് വിഷബാധയേൽക്കാനുള്ള സാധ്യതയും ഉയർത്തും. ബ്ലൂമിയ ചെടികള്‍ വിഷബാധയ്ക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും വിഷബാധയ്ക്ക് ഇടയാക്കുന്ന രാസഘടകമേതാണെന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താന്‍ ഇന്നും ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല. ബ്ലൂമിയയിലെ സസ്യവിഷം കൃത്യമായി ഏതന്നറിയാത്തത് കൊണ്ട് തന്നെ വിഷത്തിനെതിരായ പ്രതിവിധിയും അജ്ഞാതമാണ്.

ചെറുതല്ല ചേല വിഷം, കാരാൽ കാലിവിഷം

വേനൽക്കാലത്തുപോലും നിറയെ ഇലകളുമായി നിൽക്കുന്ന ആൽവർഗത്തിൽപ്പെട്ട ചേല മരത്തിന്റെ ഇലകൾ പശുക്കളുടെ ജീവനു ഭീഷണിയാണ്. കാരാൽ എന്ന പേരിലും ചേല മരം അറിയപ്പെടുന്നു. ചേലമരത്തിന്റെ ഇല ഉള്ളില്‍ ചെന്ന് അധികനേരം കഴിയുന്നതിനു മുൻപുതന്നെ വിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടമാകും. ഉന്മേഷമില്ലായ്മ, ഉദരസ്തംഭനം, തീറ്റമടുപ്പ് മുതലായവയാണ് ആരംഭലക്ഷണങ്ങൾ. ക്രമേണ നടക്കാൻ കഴിയാതെ തല താഴ്ത്തിപ്പിടിച്ചു നിൽക്കുന്ന പശുവിന്റെ വായില്‍നിന്ന് ധാരാളം പത പുറത്തു വന്നുകൊണ്ടിരിക്കും. ശരീരമാകെ മാംസപേശികളിൽ വിറയൽ പ്രത്യക്ഷപ്പെടുന്നതോടെ പശുക്കൾ താഴെ വീണ് പിടയും. തീവ്രമായ വിഷബാധയിൽ ലക്ഷണങ്ങൾ കണ്ടു മണിക്കൂറുകൾക്കകം കാലികൾ ചത്തുപോവും. എന്നാൽ ചെറിയ തോതിലുള്ള വിഷബാധയിൽ ക്രമേണ നിലംപതിക്കുകയും രണ്ടു മൂന്നു ദിവസത്തിനകം മരണമടയുകയും ചെയ്യുന്നു. ചേല വിഷത്തിനെതിരെയും കൃതമായ മറുമരുന്നില്ല, രോഗലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാൻ മാത്രമാണ് ചികിത്സ.

English Summary:

Understanding Plant Poisonings: The Hidden Dangers in Kerala’s Fields

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com