ADVERTISEMENT

2014 മുതൽ കുട്ടനാട് മേഖലയിലും, കേരളത്തിന്റെ ചില ഭാഗങ്ങളിലും പക്ഷിപ്പനി റിപ്പോർട്ട് ചെയ്യുന്നുണ്ട്. H5N1 ഇനത്തിൽ വരുന്ന തീവ്രത കൂടിയ വൈറസ് രോഗമാണിത്. പക്ഷികളിൽ അസുഖം വന്നാൽ കൂട്ടത്തോടെ മരണപ്പെടും. പക്ഷികളുമായി സമ്പർക്കത്തിൽ വരുന്ന മനുഷ്യരിലും രോഗം വരാം. ചിലപ്പോൾ മരണം സംഭവിക്കാം. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പടർന്നിട്ടില്ല. എന്നാൽ വൈറസിന് ജനിതക മാറ്റം വന്നാൽ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് അതിവേഗം പടരുന്ന കൂട്ട മരണത്തിന് കാരണമായേക്കാവുന്ന ഒരു രോഗമായിത്തീരും. ഈ അടുത്ത് കന്നുകാലികളിൽ ഈ വൈറസിനെ കണ്ടെത്തിയിട്ടുണ്ട്. ജനിതകമാറ്റം സംഭവിച്ചതിനാലാണ് കന്നുകാലികളില്‍ രോഗം വന്നത്. അതിനാൽ ഈ രോഗം റിപ്പോർട്ട് ചെയ്താൽ, ചികിത്സകളൊന്നും തന്നെ മൃഗങ്ങളിലില്ല. ലോകാരോഗ്യ സംഘടന വളരെ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. രോഗം വന്ന പക്ഷികളെ നശിപ്പിക്കുന്നതിനോടൊപ്പം, ചുറ്റുപാടുമുള്ള പക്ഷി വർഗത്തിൽപെട്ട എല്ലാ ജീവികളേയും അവയുടെ മുട്ട ഉൾപ്പെടെയുള്ള എല്ലാ ഉൽപന്നങ്ങളും നശിപ്പിക്കുകയും േവണം. ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകുന്നതിനോടൊപ്പം പക്ഷികളെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്യും. നശിപ്പിക്കുന്ന താറാവുകൾക്ക് കുഞ്ഞിന് 100 രൂപയും, വലുതിന് 200 രൂപയും നിരക്കിൽ സർക്കാർ നൽകുന്നതിനാൽ കർഷകർക്ക് വലിയ പരാതിയില്ല. 

പക്ഷിപ്പനി സമൂഹത്തിൽ സൃഷ്ടിക്കുന്നത്

വാർത്ത പുറത്ത് വരുന്നതോെട രോഗബാധിതവും അല്ലാത്തതുമായ മേഖലയിൽ, ജനങ്ങൾ മുൻകരുതലെന്ന വണ്ണം, കോഴിയും, മുട്ടയും അവയുടെ ഉൽപന്നങ്ങളും കുറച്ചു നാളത്തേക്ക് വാങ്ങാതിരിക്കും. ഇതോടെ കോഴി വില ക്രമാതീതമായി കുറയും. കോഴിവളർത്തൽ മേഖലയിൽ ഭീമമായ നഷ്ടമാണ് ഇതുമൂലമുണ്ടാകുന്നത്. ഈ നഷ്ടം സർക്കാർ തലത്തിൽ നികത്താൻ കഴിയുന്നതല്ല. 

പക്ഷിപ്പനി റിപ്പോർട്ട് ചെയ്തു കഴിഞ്ഞാൽ കോഴിയുടേയും കോഴി ഉൽപന്നങ്ങളുടേയും കയറ്റുമതി പൂർണമായും നിലയ്ക്കും. ഈ നിരോധനം വർഷങ്ങളോളം നിലനിൽക്കും. തന്മൂലം കോടിക്കണക്കിന് രൂപയാണ് ഈ മേഖലയിൽ നഷ്ടമാകുന്നത്. തിരുവല്ല നിരണം സർക്കാർ ഫാമിൽ വളർത്തി വരുന്ന ചാര, ചെമ്പല്ലി തുടങ്ങിയ തനി നാടൻ കുട്ടനാടൻ താറാവുകളുടെയും അവിടെ വികസിപ്പിച്ച് ‘‘സ്നോ വൈറ്റ്’’ എന്ന ഇനം സങ്കര താറാവിനത്തിനെയും പൂർണമായും നശിപ്പിച്ചത് കേരളത്തിനുണ്ടാക്കിയത് നികത്താനാവാത്ത നഷ്ടമാണ്. 

സർക്കാര്‍ തലത്തിൽ തീരുമാനമെടുക്കേണ്ടത്

കഴിഞ്ഞ പത്ത് വർഷമായി കേരളത്തിൽ, പ്രത്യേകിച്ച് കുട്ടനാടൻ മേഖലയിൽ പക്ഷിപ്പനി വരുന്നുണ്ട്. ദേശാടനപ്പക്ഷികളാണ് ഇതിന്റെ രോഗവാഹകരെന്ന് സ്ഥിരീകരിച്ചിട്ടുള്ളതാണ്. കുട്ടനാടൻ മേഖലയിൽ പക്ഷികളെ തുറന്ന് വിട്ടാണ് വളർത്തുന്നത്. ദേശാടനപക്ഷികളെ നമുക്ക് നിയന്ത്രിക്കാൻ കഴിയില്ല. എന്നാൽ നമുക്ക് നമ്മുടെ വളർത്തു പക്ഷികളെ ദേശാടനപ്പക്ഷികളിൽ നിന്നുള്ള സമ്പർക്കത്തിൽ നിന്ന് അകറ്റി നിർത്തണം. ദേശാടനപക്ഷികൾ വരുന്ന സീസണിൽ നമ്മുടെ വളർത്തു പക്ഷികളേയും താറാവുകളേയും കൂട്ടിലിട്ട് വളർത്താൻ കഴിയണം. എന്നിട്ടും ഫലപ്രദമാകുന്നില്ലെങ്കിൽ കുറച്ച് വർഷങ്ങൾ ഈ മേഖലയിൽ താറാവ് വളർത്തൽ നിരോധിക്കണം. അതിനായി കർഷകർക്കുണ്ടാകുന്ന നഷ്ടം സർക്കാർ ഇടപെടലിലൂടെ നികത്താൻ കഴിയണം. 

വർഷാവർഷം കോടിക്കണക്കിനു രൂപയും മനുഷ്യ അധ്വാനവും ചെലവഴിച്ച് പക്ഷികളെയും താറാവുകളെയും കൊന്നൊടുക്കുന്നതിലും ഭേദമല്ലേ, കുറച്ചു വർഷത്തേക്ക് താറാവ് വളർത്തൽ നിരോധിത മേഖലയായി പ്രഖ്യാപിക്കുന്നത്. മനുഷ്യവാസയോഗ്യമല്ലാത്ത മേഖലയിൽ ആരും വീട് കെട്ടി താമസിക്കില്ലല്ലോ? അതുപോലെ കരുതിയാൽ മതി. 

കേന്ദ്ര നിരീക്ഷകർ എല്ലാവർഷവും മുടങ്ങാതെ പക്ഷിപ്പനി വരുമ്പോൾ വന്ന് നിരീക്ഷിച്ച് പോകാറുണ്ട്. ഈ നിരീക്ഷകർ കഴിഞ്ഞ പത്തു വർഷമായി ഈ രോഗം വരാതിരിക്കാൻ എന്ത് നിർദേശമാണ് നൽകിയിട്ടുള്ളത്? നിർദേശം ഫലപ്രദമായിരുന്നെങ്കിൽ എല്ലാവർഷവും മുറപോലെ ഈ അസുഖം വരില്ലല്ലോ? സ്ഥിരമായി നിരീക്ഷണ സംവിധാനമൊരുക്കുമെന്ന് പത്രവാർത്ത കണ്ടു. അതുകൊണ്ട് എന്താണ് പ്രയോജനം? പക്ഷിപ്പനി വന്നതായി നേരത്തേ നിരീക്ഷിച്ച് കണ്ടെത്തുമെന്ന് അനുമാനിക്കാം. വരാതിരിക്കാനുള്ള നടപടി അതല്ലല്ലോ? അതിന് ദേശാടനപക്ഷികളും നമ്മുടെ വളർത്തു പക്ഷികളും തമ്മിലുള്ള സമ്പർക്കമൊഴിവാക്കണം. അതിന് എന്ത് ചെയ്യാൻ കഴിയുമെന്ന് ചിന്തിക്കണം. മുൻവർഷങ്ങളിൽ സർക്കാർ തലത്തിൽ എടുത്ത തീരുമാനങ്ങൾ എത്രത്തോളം നടപ്പിലായി എന്നറിയില്ല. നടപ്പിലായാലും ഇല്ലെങ്കിലും, ആ തീരുമാനങ്ങൾ കൊണ്ട് പക്ഷിപ്പനി തടയാൻ കഴിഞ്ഞില്ലെന്നുള്ളതാണ് വാസ്തവം. 

1. പക്ഷിപ്പനി റിപ്പോർട്ട് ചെയ്യാറുള്ള ‘സീസണായ ഒക്ടോബർ മുതൽ ജനുവരി വരെയുള്ള മാസങ്ങളിൽ താറാവുകളെ കൂട്ടിലിട്ടു വളർത്തണമെന്നും പാടങ്ങളിൽ ഇറക്കരുതെന്നും തീരുമാനമെടുത്തിരുന്നു. 

2. മുൻകാലങ്ങളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിട്ടുള്ള സ്ഥലങ്ങളിൽ നിന്ന് രക്തപരിശോധന കൂടുതൽ താറാവുകൾ വളർത്തുന്നവർക്ക് ലൈസൻസ് തുടങ്ങിയ തീരുമാനങ്ങളും മുൻവർഷങ്ങളിൽ എടുത്തതാണ്. 

3. ചെക്ക് പോസ്റ്റുകളില്‍ നിരീക്ഷണം 

പരമ്പരാഗത രീതിയിലുള്ള പ്രതിരോധ മാർഗങ്ങൾ കൊണ്ട് ഈ അസുഖം തടയാൻ കഴിയില്ല. സ്ഥിരമായി പക്ഷിപ്പനി ബാധിത മേഖലയിൽ താറാവ് നിരോധനം പോലുള്ള തീരുമാനങ്ങളാണ്, മുൻ വർഷങ്ങളിലെ അനുഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് സർക്കാർ തലത്തിൽ ഉണ്ടാവേണ്ടത്.

English Summary:

Poultry Sector Suffers as H5N1 Avian Influenza Hits Kerala: Economic and Health Impacts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com