വീണ്ടും തീറ്റദുരന്തം; കൂട്ടമായി ചത്ത് പൈക്കൾ- വില്ലനായത് ചക്കയും പൊറോട്ടയും
Mail This Article
തീറ്റയിൽ പൊറോട്ട അമിതമായി നൽകി അഞ്ചുപശുക്കൾ ചത്തതും ഒൻപതോളം പശുക്കൾ അവശനിലയിലായതുമായ വാർത്ത പുറത്തുവന്നത് ഇന്നലെ കൊല്ലം ജില്ലയിൽ നിന്നാണ്. കൊല്ലം ഓയൂർ വെളിനല്ലൂർ വട്ടപ്പാറയിലെ ഹസ്ബുള്ളയുടെ ഡയറിഫാമിലാണ് തീറ്റദുരന്തമുണ്ടായത്.
പൊറോട്ട സ്ഥിരമായി പൈക്കൾക്ക് നൽകാറുണ്ടായിരുന്നെങ്കിലും കഴിഞ്ഞദിവസം പൊറോട്ടയും ഒപ്പം ചക്കയും അമിതമായി കാലികൾക്ക് നൽകിയതാണ് ദുരന്തത്തിന് വഴിയൊരുക്കിയത്.
പൊറോട്ടയും ചക്കയും പോലുള്ള അന്നജസമൃദ്ധമായ ആഹാരങ്ങൾ പശുക്കൾക്കും ആടുകൾക്കും നൽകിയാൽ അവയുടെ ആമാശയത്തിൽ അത് ശരിയായ ദഹനം നടക്കാതെ പുളിക്കുകയും അധിക തോതിൽ അമ്ലം ഉല്പാദിക്കപ്പെടുകയും അമ്ല-ക്ഷാര നില താഴുകയും ദഹനപ്രവർത്തനങ്ങൾ താറുമാറാവുകയും ചെയ്യും. അക്യൂട്ട് ലാക്ടിക് അസിഡോസിസ് അഥവാ അമ്ലവിഷബാധ എന്ന ഗുരുതരമായ രോഗാവസ്ഥക്ക് ഇടയാക്കുകയും ചെയ്യും.
അമ്ലവിഷബാധ ഗുരുതരമായാൽ വയറ്റിൽ അമ്ലം ഉയർന്ന് കന്നുകാലികൾ തളർന്ന് വീഴുകയും ഒരുപക്ഷേ മരണം വരെ സംഭവിക്കുകയും ചെയ്യാം. ഈ അപകടത്തെക്കുറിച്ചറിയാതെ കർഷകർ ചോറും ചപ്പാത്തിയും പൊറോട്ട ഉൾപ്പെടെ മറ്റ് ധാന്യവിഭവങ്ങളും സദ്യയുടെയും സൽക്കാരത്തിന്റെയും ബാക്കി ആഹാരവുമെല്ലാം ആടുകൾക്കും പശുക്കൾക്കും നൽകുന്നതാണ് ഇത്തരം തീറ്റദുരന്തങ്ങൾക്ക് കാരണമാവുന്നത്.
മനുഷ്യർ കഴിക്കുന്ന ഒരു ഭക്ഷണവും കന്നുകാലിക്കു വേണ്ട; കാരണം ഇതാണ്
ആടുമാടുകളിൽ അമ്ലവിഷബാധ എന്ന ഉപാപചയപ്രശ്നം ഉണ്ടാകുന്നതിന്റെ കാരണം അറിയണമെങ്കിൽ അവയുടെ ദഹനവ്യൂഹത്തിലെ പ്രത്യേകതകളെക്കുറിച്ചറിയണം. മനുഷ്യരിൽ നിന്നും മറ്റു മൃഗങ്ങളിൽനിന്നു വ്യത്യസ്തമായി ആട്, പശു, എരുമ തുടങ്ങിയ അയവെട്ടുന്ന മൃഗങ്ങളുടെ ദഹനപ്രവര്‍ത്തനങ്ങളും പോഷകാഗിരണവും പ്രധാനമായും നടക്കുന്നത് സൂക്ഷ്മാണുക്കളുടെ സഹായത്തോടെയാണ്. പശുവിന്റെയും ആടിന്റെയുമെല്ലാം ആമാശയവ്യൂഹത്തിലെ നാല് അറകളിൽ ഒന്നാമത്തെ അറയായ പണ്ടം അഥവാ റൂമനില്‍ ദഹനപ്രവര്‍ത്തനങ്ങള്‍ തടസമില്ലാതെ നടത്തുന്നതിനായി അനേകലക്ഷം സൂക്ഷ്മാണുക്കളാണ് ഇടതടവില്ലാതെ പണിയെടുക്കുന്നത്. അയവെട്ടുന്ന മൃഗങ്ങളുടെ പ്രധാന തീറ്റയായ പുല്ലിൽ അടങ്ങിയ നാരുകളുടെ ദഹനത്തിനും മാംസ്യനിർമാണത്തിനും വേണ്ടിയുമാണ് സൂക്ഷമാണുസംവിധാനം മുഖ്യമായും പ്രവർത്തിക്കുന്നത്.
പൂർണരോഗ്യമുള്ള ഒരു പശുവിന്റെ പണ്ടത്തിൽനിന്നും ശേഖരിക്കുന്ന ഒരു മില്ലി ദ്രാവകത്തില്‍ പോലും ഒരു ലക്ഷം കോടിയിലധികം മിത്രാണുക്കളായ ബാക്റ്റീരിയകളും ഒരു ദശലക്ഷത്തിലധികം പ്രോട്ടോസോവകളും ഉണ്ടാവും എന്നാണ് ഏകദേശകണക്ക്. പണ്ടത്തില്‍ വച്ച് ഈ സൂക്ഷ്മാണുക്കള്‍ പെരുകുകയും പുതുക്കുകയും ചെയ്യും. കന്നുകാലികള്‍ക്ക് നല്‍കുന്ന നാരുകളാൽ സമൃദ്ധമായ പുല്ലും വൈക്കോലും, മാംസ്യസമൃദ്ധമായ പെല്ലറ്റും, പിണ്ണാക്കുമെല്ലാം മണിക്കൂറുകൾ സമയമെടുത്ത് തരാതരംപോലെ ദഹിപ്പിച്ചും, പുല്ലിലടങ്ങിയ നാരുകളെ പലവിധ ഫാറ്റി അമ്ലങ്ങളായും മാംസ്യമാത്രകളെ സൂക്ഷ്മാണുമാംസ്യമാത്രകളായും (മൈക്രോബിയൽ പ്രോട്ടീൻ ) പരിവര്‍ത്തനം ചെയ്ത് ആഗിരണം ചെയ്യാന്‍ പാകത്തിന് മിത്രാണുക്കള്‍ തയാറാക്കി നല്‍കും.
നാരുകൾ ധാരാളം അടങ്ങിയ പുല്ലിൽ നിന്നും വ്യത്യസ്തമായി അന്നജം ഉയർന്ന അളവിൽ അന്നജം അടങ്ങിയ ചോറ്, ചപ്പാത്തി, പൊറോട്ട ഉൾപ്പെടെ തീറ്റകൾ നൽകുമ്പോൾ അയവെട്ടുന്ന മൃഗങ്ങളുടെ ആമാശയവ്യൂഹത്തിലെ ഒന്നാം അറയായ റൂമനിൽ വെച്ച് ശരിയായ സൂക്ഷമാണു ദഹനം നടക്കില്ല. ഇത് ധാരാളമായി ലാക്ടിക് അമ്ലം വയറ്റില്‍ ഉൽപാദിപ്പിക്കപെടുന്നതിനും അമ്ലം കൊണ്ട് ആമാശയം നിറയുന്നതിനും അമ്ല-ക്ഷാര നില സ്വാഭാവികപരിധിയിൽ താഴുന്നതിനും ഇടയാക്കും. ഇതാണ് അമ്ലവിഷബാധയ്ക്ക് കാരണമാകുന്നത്.
അയവെട്ടൽ നിലയ്ക്കൽ, വയറുസ്തംഭനം, വയറുകമ്പനം / ബ്ലോട്ട് , വയറിളക്കം, തളർച്ച, തീറ്റമടുപ്പ് , ദഹനക്കേട്, നടക്കാനുള്ള ബുദ്ധിമുട്ട്, വേദന കൊണ്ട് വയറ്റിൽ കൈകാലുകൾ കൊണ്ട് ചവിട്ടൽ തുടങ്ങിയവ അമ്ലവിഷബാധയുടെ ആരംഭലക്ഷണങ്ങളാണ്. രോഗലക്ഷണങ്ങൾ അസിഡോസിസിന്റെ തീവ്രത അനുസരിച്ച് വ്യത്യാസപ്പെടും. അമിതമായി അമ്ലം നിറഞ്ഞാൽ ക്രമേണ അത് രക്തത്തിലേക്ക് കലരുന്നതിനിടയാകും. അതോടെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാകും. പണ്ടത്തിൽ നിന്നും പുളിച്ച് തികട്ടിയ പച്ചനിറത്തിലുള്ള ദ്രാവകം വായിലൂടെ പുറത്തേയ്ക്ക് ഒഴുകുകയും നിര്‍ജലീകരണം മൂർച്ഛിക്കുകയും നാഡീസ്പന്ദനം, ഹൃദയമിടിപ്പ്, ശരീരോഷ്മാവ് എന്നിവയെല്ലാം സാധാരണ നിലയിൽ നിന്നും താഴുകയും ക്രമേണ പശുക്കളും ആടുകളും എഴുന്നേല്‍ക്കാന്‍ കഴിയാത്ത വിധം വീണുപോവുകയും ചെയ്യും. ശ്വാസനതടസ്സവും ഉണ്ടാവും. വേഗത്തിൽ ചികിത്സ ഉറപ്പുവരുത്തിയില്ലെങ്കില്‍ മരണം സംഭവിക്കാം. ഇത്തരം സംഭവങ്ങൾ ഒഴിവാക്കാനുള്ള ഏറ്റവും ഫലപ്രദമായ വഴി മനുഷ്യർ കഴിക്കുന്ന ആഹാരങ്ങൾ ഒന്നും തന്നെ കന്നുകാലികൾക്ക് തീറ്റയായി നൽകാതിരിക്കുക എന്നതാണ്.
അമ്ലവിഷബാധ തടയാൻ
1. ചോറും കഞ്ഞിയും ചപ്പാത്തിയും പൊറോട്ടയും മാത്രമല്ല, ഉയർന്ന അളവിൽ എളുപ്പം ദഹിക്കുന്ന അന്നജം അടങ്ങിയ ചക്ക, മാങ്ങ, പച്ചക്കറി അവശിഷ്ടങ്ങൾ, ധാന്യപ്പൊടികൾ, കപ്പ അടക്കമുള്ള കിഴങ്ങ് വർഗ്ഗങ്ങൾ, വീടുകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും മാർക്കറ്റുകളിൽ നിന്നുമുള്ള ഭക്ഷ്യഅവശിഷ്ടങ്ങൾ എന്നിവയെല്ലാം പശുവിനും ആടിനുമെല്ലാം അധിക അളവിൽ നൽകുമ്പോഴും സംഭവിക്കുന്നത് അമ്ലവിഷബാധ തന്നെയാണ്. അധിക അമ്ലത മൂലം ഉണ്ടാവുന്ന കുഴപ്പങ്ങൾ തടയാൻ അന്നജം കൂടുതൽ അടങ്ങിയ തീറ്റകൾ കഴിച്ചുശീലമില്ലാത്ത ആടുകൾക്കും പശുക്കൾക്കും ഇത്തരം തീറ്റകൾ ഒറ്റയടിക്ക് നൽകുന്നത് തീർച്ചയായും ഒഴിവാക്കണം. സ്ഥിരമായി പാലിച്ചുപോരുന്ന തീറ്റക്രമം തന്നെ തുടരുക. പെട്ടെന്ന് ഒരു ദിവസം തീറ്റയിൽ മാറ്റങ്ങൾ വരുത്തുന്നത് തീർച്ചയായും ഒഴിവാക്കുക.
2. തീറ്റക്രമത്തിൽ മാറ്റം വരുത്തുകയോ പുതിയ തീറ്റ ഉൾപെടുത്തുകയോ ചെയ്യുന്ന സാഹചര്യത്തിൽ പുതിയ തീറ്റ ക്രമമായി ശീലിപ്പിച്ച് ഘട്ടം ഘട്ടമായി മാത്രം തീറ്റയിൽ മാറ്റങ്ങൾ വരുത്തുക. സാന്ദ്രീകൃത തീറ്റകൾ നൽകുമ്പോൾ ലാക്ടിക് അമ്ലം കാരണം ഉണ്ടാവുന്ന പ്രശ്‌നങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ എന്ന നിലയിൽ അപ്പക്കാരം (സോഡിയം ബൈ കാര്‍ബണേറ്റ്) 100 -150 ഗ്രാം വരെ പശുക്കൾക്കും 50 ഗ്രാം വരെ ആടുകൾക്കും നല്‍കാം.
3. നാരുകളാൽ സമൃദ്ധമായ തീറ്റപ്പുല്ലും, വൈക്കോൽ വൃക്ഷയിലകൾ കന്നാരയില തുടങ്ങിയ മറ്റ് പരുഷാഹാരങ്ങളും കന്നുകാലികളുടെ ദൈനംദിന തീറ്റയിൽ കൂടുതൽ ഉൾപ്പെടുത്തുക. പെല്ലറ്റ്, ധാന്യപ്പൊടികൾ, ബിയർ വേസ്റ്റ് ഉൾപ്പെടെയുള്ള സാന്ദ്രീകൃതതീറ്റകൾ ക്രമം പാലിച്ച് ഉൽപാദനത്തിന്റെ അടിസ്ഥാനത്തിൽ മാത്രം നൽകുക. തീറ്റക്രമം ശാസ്ത്രീയമായി ചിട്ടപ്പെടുത്താൻ ഈ മേഖലയിലെ വിദഗ്‌ധരുടെയോ അനുഭവസമ്പന്നരായ കർഷകരുടെയോ സേവനം തേടുക.
4. ഉയർന്ന അളവിൽ എളുപ്പം ദഹിക്കുന്ന അന്നജം അടങ്ങിയ തീറ്റകൾ അബദ്ധവശാൽ നൽകിയതിനു ശേഷം മുൻപ് സൂചിപ്പിച്ച ലക്ഷണങ്ങൾ ഏതെങ്കിലും ശ്രദ്ധയിൽ പെട്ടാൽ എത്രയും പെട്ടെന്ന് അടുത്തുള്ള വെറ്ററിനറി സർജനെ ബന്ധപ്പെട്ട് ആവശ്യമായ ചികിത്സ ഉറപ്പാക്കേണ്ടതാണ്. അധിക അമ്ല നിലയെ നിർവീര്യമാക്കാനുള്ള പ്രതിമരുന്നുകൾ ആമാശയത്തിലേക്കും സിരകളിലേക്കും നൽകുന്നതാണ് പ്രധാന ചികിത്സ.