ADVERTISEMENT

കണ്ണൂർ ജില്ലയിൽ ശ്രീകണ്ഠാപുരത്തിനടുത്ത് മലയോര മേഖലയിൽ നല്ലരീതിയിൽ പ്രവർത്തിച്ചുവരുന്ന മുയൽ ഫാമിൽ ഇക്കഴിഞ്ഞ ആഴ്ചയാണ് മുയലുകൾ ഒന്നൊന്നായി ചത്തൊടുങ്ങാൻ തുടങ്ങിയത്. മഴ കനത്തോടു കൂടിയായിരുന്നു പ്രശ്നത്തിന്റെ തുടക്കം. കുഞ്ഞുങ്ങളും മുതിർന്ന മുയലുകളും ഗർഭിണി മുയലുകളുമടക്കം എല്ലാ വിഭാഗത്തിൽപ്പെട്ട മുയലുകളും രോഗബാധയേറ്റു വീണു. കാര്യമായ ലക്ഷണങ്ങൾ ഒന്നും കൂടാതെ പെട്ടന്നു പിടഞ്ഞുവീണ് ചാവുകയായിരുന്നു മുയലുകൾ. അത്യാവശ്യം ചില മരുന്നുകൾ പ്രയോഗിച്ചെങ്കിലും ഒന്നും ഫലവത്തായില്ല, കൺമുന്നിൽ പൂർണ വളർച്ചയെത്തിയ മുയലുകളും ബ്രീഡിങ് സ്റ്റോക്കിൽപ്പെട്ട മുയലുകളുമെല്ലാം പിടഞ്ഞു വീഴുന്നത് കണ്ണീരോടെ നോക്കിനിക്കാൻ മാത്രമേ കർഷകനായുള്ളു. അത്രയ്ക്ക് വേഗമായിരുന്നു മുയലുകളിൽ നിന്നും മുയലുകളിലേക്ക് മരണം പടർന്നത്. വിഷബാധയയാണെന്ന് കർഷകൻ സംശയിച്ചെങ്കിലും അതിനുള്ള സാധ്യതകളും സൂചനകളും തീർത്തും വിരളമായിരുന്നു.

അടച്ചുറപ്പുള്ള ഷെഡ് ഒരുക്കി പ്രത്യേകം കമ്പിക്കൂടുകളിൽ പാർപ്പിച്ച മുയലുകൾ ആയതിനാൽ പുറത്തു നിന്നുള്ള ജീവികളുടെ ആക്രമണ സാധ്യതയുമില്ല. ദിവസങ്ങൾ കഴിഞ്ഞിട്ടും മുയൽ മരണത്തെ പിടിച്ചു നിർത്താൻ കഴിയാതെ വന്നതോടെയാണ് പ്രശ്നത്തിന്റെ കാരണം കണ്ടെത്താൻ കർഷകൻ ചത്ത കുറച്ചു മുയലുകളുമായി കണ്ണൂരിലെ ജില്ലാ വെറ്ററിനറി ലാബിലെത്തുന്നത്. അവിടെ നടത്തിയ പോസ്റ്റ്മോർട്ടം, തുടർ പരിശോധനകളിലായിരുന്നു മുയലുകളുടെ ജീവനെടുത്ത യഥാർഥ വില്ലൻ മറനീക്കി പുറത്തുവന്നത്. 

rabbit-lungs
രോഗം ബാധിച്ച മുയലുകളുടെ രക്തം വാർന്ന് വീർത്ത ശ്വാസകോശം

ജില്ലാ ലാബിലെ വെറ്ററിനറി സർജൻ ഡോ. വർഷാ മേരി മത്തായിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ജഡപരിശോധനക്കായി തുറന്ന മുയലുകളുടെ ശരീരത്തിനകത്തും ആന്തരാവയവങ്ങളിലത്രയും രക്തവാർച്ചയായിരുന്നു. ഇത്രയും രക്തവാർച്ച ശരീരത്തിനകത്ത്  സംഭവിക്കണമെങ്കിൽ രക്താണുരോഗങ്ങളിൽ ഏതെങ്കിലുമായിരിക്കുമെന്ന സൂചന തുടക്കത്തിൽ തന്നെ ലഭിച്ചു. ജഡത്തിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തിയതോടെ മുയലുകളുടെ മരണകാരണമായത് പാസ്ചറല്ല രോഗാണുവാണന്ന് വ്യക്തമായി. പാസ്ചറല്ല എന്ന ബാക്ടീരിയകൾ കാരണമുണ്ടാവുന്ന കുരലടപ്പൻ രോഗമായിരുന്നു മുയലുകളെ കൂട്ടമായി കൊന്നൊടുക്കിയത്. കാലാവസ്ഥയിൽ പെട്ടെന്നുണ്ടാവുന്ന മാറ്റം പോലെ ശരീരത്തിൽ പെട്ടന്ന് സമ്മർദ്ദം ഉണ്ടാവുന്ന സാഹചര്യങ്ങളിൽ എളുപ്പം പെരുകി മുയലുകളിൽ മരണം വിതയ്ക്കുന്ന രോഗാണുവാണ് പാസ്ചറല്ല. മുയൽ വളർത്തുന്ന കർഷകരുടെ എക്കാലത്തെയും ആശങ്കയാണ് കുരലടപ്പൻ.

എത്ര കരുതലുകൾ മുയൽ ഫാമിലൊരുക്കിയാലും കുരലടപ്പൻ മുയലുകളെ ബാധിക്കുന്ന സാഹചര്യമുണ്ടാവാറുണ്ട്. കുരലടപ്പൻ,  രോഗബാധയിൽ പലപ്പോഴും കാര്യമായ ലക്ഷണങ്ങൾ പോലുമില്ലാതെയാണ് മുയലുകളുടെ അകാലമരണം സംഭവിക്കുക. പോസ്റ്റ്മോർട്ടം അടക്കമുള്ള പരിശോധനകൾ നടത്തിയിട്ടില്ലെങ്കിൽ രോഗം തിരിച്ചറിയാൻ പോലും കഴിയില്ല.

പാസ്ചുറല്ല മൾട്ടോസിഡ എന്ന് പേരുള്ള ബാക്ടീരിയകളാണ് കുരലടപ്പൻ രോഗമുണ്ടാക്കുന്നത്. സ്‌നഫിൾസ് എന്നും ഈ രോഗം അറിയപ്പെടുന്നു. മുയലുകളുടെ ശ്വസനനാളത്തിൽ സ്വാഭാവികമായി കാണപ്പെടുന്ന പാസ്ചറല്ല ബാക്ടീരിയ ശരീരസമ്മർദ്ദം ഉണ്ടാവുന്ന അനുകൂല അവസരത്തില്‍ പെരുകുന്നതാണ് പ്രധാനമായും രോഗത്തിനു കാരണമാവുന്നത്. ശ്വാസകോശത്തെയാണ് പാസ്ചുറല്ല രോഗാണുക്കൾ പ്രധാനമായും ബാധിക്കുന്നത്. ദഹനവ്യൂഹത്തിലും രോഗാണുക്കളെത്തും. ക്രമേണ രോഗാണുക്കൾ രക്തത്തിൽ പടരുകയും മറ്റ് ശരീരാവയങ്ങളിലെല്ലാം എത്തുകയും  രോഗം തീവ്രമായി തീരുകയും ചെയ്യും. തുമ്മൽ, തല ഇടയ്ക്കിടെ ഇരുവശങ്ങളിലേക്കും കുടയൽ, മുഖത്ത് വിക്കം, കണ്ണിൽ നിന്നും മൂക്കിൽ നിന്നും നീരൊലിപ്പുമാണ് പ്രധാന ലക്ഷണം. പലപ്പോഴും ലക്ഷണങ്ങൾ പ്രകടമാവും മുന്നേ മുയലുകൾ ചത്തുവീഴും. വായുവിലൂടെയും സമ്പർക്കത്തിലൂടെയും മറ്റ് മുയലുകളിലേക്കും രോഗം പടരും. പ്രായഭേദമന്യേ എല്ലാ തരം മുയലുകളെയും രോഗം ബാധിക്കാമെങ്കിലും താരതമ്യേന പ്രതിരോധശേഷി കുറഞ്ഞ കുഞ്ഞുങ്ങളിലാണ് രോഗം ഏറ്റവും ഗുരുതരമായി തീരുക.

Also read: ആർക്കും മുയലുകളെ വളർത്താം: കർഷകർക്കായി സമ്പൂർണ മാർഗരേഖ

എങ്ങനെ പ്രതിരോധിക്കാം

കൂടുകളിൽ മുയലുകൾക്ക് സമ്മർദ്ദം ഉണ്ടാക്കാൻ ഇടയുള്ള സാഹചര്യങ്ങൾ ചെറുതാണെങ്കിൽ പോലും കൃത്യമായി തടയുക എന്നതാണ് രോഗപ്രതിരോധത്തിന് ഏറ്റവും പ്രധാനം. വലിയ മുയലുകളെയും മുയൽ കുഞ്ഞുങ്ങളെയും ഒരുമിച്ച് ഒരു കൂട്ടിൽ പാർപ്പിക്കുന്നത് ഒഴിവാക്കണം. മതിയായ വായുസഞ്ചാരം എപ്പോഴും ഉറപ്പാക്കണം. മുയൽ കുഞ്ഞുങ്ങളെ കൂട്ടിൽ തിങ്ങി പാർപ്പിക്കുന്നത് ഒഴിവാക്കണം. മഴചാറ്റൽ പോലും മുയൽ കൂട്ടിൽ വീഴാതെ കരുതലെടുക്കണം. കാരണം അൽപപ്രാണിയായ മുയലുകളിൽ ഏത് സാഹചര്യവും സമ്മർദ്ദമുണ്ടാക്കാം.

കൂട് എപ്പോഴും വൃത്തിയോട് കൂടിയും തറ ഉണക്കമുള്ളതാക്കിയും സൂക്ഷിക്കണം. കൂടുകൾ വയർ മെഷ് കൊണ്ടാവുന്നതാണ് ഏറ്റവും നല്ലത്. വയർ മെഷിലൂടെ മാലിന്യം താഴേക്കു വീഴുന്നതിനാൽ കൂടുകൾ വൃത്തിയുള്ളതായിരിക്കും. 

കാഷ്ഠവും മൂത്രവും കെട്ടികിടക്കാതെ കൃത്യമായ ഇടവേളകളിൽ കൂട്ടിൽനിന്ന് നീക്കം ചെയ്യാൻ ശ്രദ്ധിക്കണം മുയൽ ഷെഡിൽ മുയലുകളുടെ മൂത്രവും കാഷ്ഠവും കെട്ടികിടന്ന് നനഞ്ഞാൽ  അതിൽ നിന്നും അമോണിയ വാതകം പുറന്തള്ളുന്നതിന് ഇടയാക്കും ഷെഡിനുള്ളിൽ തങ്ങി നിൽക്കുന്ന അമോണിയ വാതകം മുയലുകൾക്ക് കുരലടപ്പൻ അടക്കം വിട്ടുമാറാത്ത ശ്വാസകോശരോഗങ്ങൾക്ക് ഇടയാക്കും.

കുഞ്ഞുങ്ങളെ അമ്മ മുയലിൽ നിന്ന് മാറ്റുന്നതിനൊപ്പം മുയൽ കുഞ്ഞുങ്ങൾക്ക് കുരലടപ്പൻ രോഗാണുക്കളെ പ്രതിരോധിക്കാൻ മുൻകരുതൽ എന്ന നിലയിൽ ആന്റിബയോട്ടിക് മരുന്നുകൾ നൽകുന്നത് പല കർഷകരുടെയും രീതിയാണ്. ഇത് ശരിയായ ഒരു പ്രവണതയല്ല. അനാവശ്യമായി മുയലുകളുടെ ദഹനവ്യൂഹത്തിൽ എത്തുന്ന ആന്റിബയോട്ടിക്ക് മരുന്നുകൾ മുയലുകളുടെ സീക്കം എന്ന വൻകുടൽ അറയിലെ മിത്രാണുക്കളായ ബാക്ടീരിയകളുടെ സാന്ദ്രത കുറയുന്നതിനും അവ നശിച്ച് പോവുന്നതിനും ഇടയാക്കും. ഇതോടെ മുയൽ കഴിക്കുന്ന പുല്ലിന്റെ ദഹനപ്രവർത്തനങ്ങൾ താളം തെറ്റും. മിത്രാണുക്കൾ നശിക്കുന്നതോടെ ഉപദ്രവകാരികളായ അണുക്കൾ പെരുകും. മുയൽ കുഞ്ഞുങ്ങൾ കൂടുതൽ ശരീര സമ്മർദ്ദത്തിൽ ആവും. വീനിങ് ചെയ്യുന്നതിനൊപ്പം ആന്റിബയോട്ടിക് മരുന്നുകൾ നൽകുന്നത് തീർച്ചയായും ഒഴിവാക്കണം. ആന്റിബയോട്ടിക് നൽകുന്നതിന് പകരം മിത്രാണുമിശ്രിതമായ ഫീഡ് അപ് യീസ്റ്റ് പോലുള്ള പ്രോബയോട്ടിക് സപ്ലിമെന്റുകൾ മുയലുകൾക്ക് നൽകാവുന്നതാണ്.

മുയലുകളിൽ പ്രത്യേക ലക്ഷണങ്ങൾ ഒന്നുമില്ലാതെ കൂട്ടമരണം കണ്ടാൽ ആദ്യം സംശയിക്കേണ്ടത് കുരലടപ്പൻ രോഗത്തെയാണ്. രോഗം ഉറപ്പിച്ചാൽ അണുക്കളുടെ പെരുപ്പം തടയാൻ ആന്റിബയോട്ടിക്കുകൾ നൽകണം. രോഗാണുവിനെതിരെ ഫലപ്രദമായ നിരവധി ആന്റിബയോട്ടിക് മരുന്നുകൾ ഉള്ളതിനാലും മുയലുകളുടെ ശരീരത്തിൽ മിത്രാണുകളെ ഉപയോഗിച്ച്  ദഹനം നടക്കുന്നതിനാലും കൃത്യമായ അളവിൽ ആന്റിബയോട്ടിക്കുകൾ കണ്ടെത്തി അളവനുസരിച്ച് നൽകുന്നതിനായി വെറ്ററിനറി ഡോക്ടറുടെ സേവനം തേടണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com