ADVERTISEMENT

ഒരുകാലത്ത് ഇന്ത്യയിൽനിന്ന് ബ്രസീലിലേക്ക് പോയ ഗിർ വീണ്ടും ഇന്ത്യയിലേക്ക് തിരികെ വന്നു! എന്നാൽ പോയ ഗിർ ആയല്ല ഈ തിരിച്ചുവരവ്. അതുക്കും മേലേ! ഇന്ത്യയിലെ ഗിർ പശുക്കളുടെ അടുത്ത തലമുറയിൽ മികച്ച പാലുൽപാദകരെ സൃഷ്ടിക്കാനാണ് ഈ ചരിത്ര നീക്കം.

പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 40,000 ബീജമാത്രകളാണ് രാജ്യത്ത് എത്തിച്ചിട്ടുള്ളത്. പ്രധാനമായും ഗുജറാത്തിലെ ഗിർ പശുക്കളിൽ ആധാനം ചെയ്യാനാണ് തീരുമാനം. ഇതുവഴി പാലുൽപാദനത്തിലും ഗിർ പശുക്കളുടെ മേന്മയിലും വലിയൊരു മാറ്റം കൊണ്ടുവരാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇറക്കുമതി ചെയ്ത ബീജമാത്രകൾ ഗുജറാത്തിൽ മാത്രമല്ല ഗിർ പശുക്കൾ ഏറെയുള്ള മഹാരാഷ്ട്ര, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലേക്കു കൂടി വിതരണം ചെയ്യും. വൈകാതെ വിതരണം ചെയ്തുതുടങ്ങുമെന്നാണ് സൂചന.  മികച്ച രീതിയിൽ പശുക്കളെ പരിപാലിക്കുന്ന ഫാമുകളിൽ മാത്രമായിരിക്കും ഇറക്കുമതി ചെയ്ത ബീജമാത്രകൾ നൽകുന്നത്. ഈ സംസ്ഥാനങ്ങളിൽ മാത്രമല്ല ഭ്രൂണമാറ്റ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന സ്ഥാപനങ്ങളിലേക്കും ബീജമാത്രകൾ നൽകിയേക്കും.

ബ്രീസീലിയൻ ഗിർ കാളയുടെ ബീജം ആധാനം ചെയ്യുന്നതിലൂടെ ജനിക്കുന്ന ആദ്യ തലമുറയിൽപ്പെട്ട പശുക്കൾക്ക് നിലവിലുള്ള പാലുൽപാദനത്തേക്കാൾ 5–8 മടങ്ങ് അധിക ഉൽപാദനം ലഭിച്ചേക്കാം. കഴിഞ്ഞ പതിറ്റാണ്ടുകളിൽ ഇന്ത്യയിലെ ഗിർ പശുക്കളുടെ എണ്ണം കുറഞ്ഞതായാണ് റിപ്പോർട്ടുകൾ. പാലുൽപാദനം ഉയർത്താനായാൽ പശുക്കളുടെ എണ്ണം വർധിപ്പിക്കാൻ കഴിഞ്ഞേക്കും. അതുകൊണ്ടുതന്നെയാണ് കേന്ദ്ര മ‍ൃഗസംരക്ഷണ–ക്ഷീര വകുപ്പ് ജനിതക നവീകരണ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതും. ആറു കോടി രൂപയുടെ ഈ പദ്ധതി നടപ്പിലാക്കുന്നത് നാഷനൽ ഡെയറി ഡവലപ്മെന്റ് ബോർഡ് (എൻഡിഡിബി) ആണ്.

ബ്രസീലിലെ ഏറ്റവും മികച്ച നാലു കാളകളുടെ ബീജ സ്ട്രോകളാണ് ഇറക്കുമതി ചെയ്തത്. പദ്ധതി വിജയമായാൽ അടുത്ത പതിറ്റാണ്ടിനുള്ളിൽ രാജ്യത്തെ ഗിർ പശുക്കളുടെ ശരാശരി പാലുൽപാദനം 20–30 ലീറ്ററിലേക്ക് എത്തിക്കാൻ കഴിയും. ബ്രസീലിയൻ സർക്കാരിന്റെ അംഗീകാരമുള്ള സ്വകാര്യ ക്ഷീരകർഷകനിൽനിന്നാണ് ബീജ സ്ട്രോകൾ വാങ്ങിയത്. രണ്ടു വർഷംകൊണ്ട് പദ്ധതിയുടെ ഫലം ലഭിക്കും. ശേഷം ഗിറിന്റെ തന്നെ 2,50,000 സെമെൻ സ്ട്രോകൾ കൂടി ഇറക്കുമതി ചെയ്യാനും പദ്ധതിയുണ്ട്. ഇതിൽ രണ്ടു ലക്ഷം കൺവൻഷണൽ സെമെനുകളും 50,000 സെക്സ് സോർട്ടഡ് സെമെനുകളും ഉണ്ടാകും.

Also read: പാലിനേക്കാൾ വിലയുള്ള ബീജമാത്രകൾ, വർഷം ഉൽപാദനം ഒരു കോടി: ഇത് 358 ഏക്കറിലെ വിത്തുകാള ശേഖരം

ബ്രസീലിൽ 40 ലക്ഷം ഗിർ പശുക്കളുണ്ടെന്നാണ് കണക്ക്. ഇന്ത്യയിൽ 2019ലെ ലൈവ്സ്റ്റോക് സെൻസസ് അനുസരിച്ച് 23 ലക്ഷം ഗിർ പശുക്കളുണ്ട്. എന്നാൽ, ഇന്ത്യയിലേക്കാളും മികച്ച ഗിർ പശുക്കളെ വാർത്തെടുക്കാൻ ബ്രസീലിനു കഴിഞ്ഞു. 1976ൽ തുടങ്ങിയ ജനറ്റിക് ഇംപ്രൂവ്മെന്റ് പ്രോഗ്രാമാണ് ബ്രസീലിലെ ഗിർ പശുക്കളുടെ ഉൽപാദനക്ഷമത മെച്ചപ്പെടുത്തിയത്.

ഉയർന്ന പാലുൽപാദനത്തിനുള്ള ജനിതകഘടനയില്ലാത്ത കന്നുകാലികളാണ് ഇന്ത്യയിൽ ഏറിയ പങ്കും. ചില കർഷകർക്ക് പാലുൽപാദനമുള്ള പശുക്കളുണ്ടെങ്കിലും ഫാമിലെ ശരാശരി പാലുൽപാദനം നന്നേ കുറവാണ്. ഉയർന്ന പാൽ ഉൽപാദനത്തിലേക്കും രോഗങ്ങളെ പ്രതിരോധിക്കുന്നതിലേക്കും നയിക്കുന്ന ജനിതക മെച്ചപ്പെടുത്തൽ പരിപാടി 50 വർഷമായി ബ്രസീലിൽ ചെയ്തുവരുന്നതു പോലെ ഇന്ത്യയിൽ ഉണ്ടായിട്ടില്ല. കൃത്രിമ ബീജാധാനത്തിലൂടെയുള്ള ജനിതക മെച്ചപ്പെടുത്തൽ ബ്രസീലിൽ കൂടുതൽ വ്യാപകമാണ്. അതുകൊണ്ടുതന്നെയാണ് അവിടുത്തെ ഗിർ പശുക്കൾ ഏറെ മികച്ചതായതെന്ന് ‌സർക്കാർ വൃത്തങ്ങൾ പറയുന്നു.

gir cow. Image credit: PRASANNAPiX/iStockPhoto
gir cow. Image credit: PRASANNAPiX/iStockPhoto

2019ലെ കണക്കനുസരിച്ച് ഇന്തയിലെ പ്രതിദിന പാൽ/പാലുൽപന്ന ഉപഭോഗം 320 മില്യൺ ലിറ്ററാണ്. 2030 ആകുമ്പോഴേക്ക് ഇത് 468 മില്യൺ ലീറ്ററാകുമെന്നാണ് കണക്കുകൂട്ടൽ. അതുകൊണ്ടുതന്നെ പാലുൽപാദനം ഉയർത്തിയാൽ മാത്രമേ ഡിമാൻഡ് അനുസരിച്ചുള്ള ഉപഭോഗം സാധ്യമാകൂ. പാലുൽപാദനം ഉയർത്താൻ പല വഴികളുണ്ട്. പശുക്കളുടെ എണ്ണം ഉയർത്തി പാലുൽപാദനം ഉയർത്താം. അതല്ലെങ്കിൽ നിലവിലുള്ള പശുക്കളുടെ ഉൽപാദനക്ഷമത വർധിപ്പിക്കാം. നിലവിലെ സാഹചര്യത്തിൽ പശുക്കളുടെ എണ്ണം ഉയർത്താൻ ഒട്ടേറെ വെല്ലുവിളികളുണ്ട്. എണ്ണം കൂടുന്തോറും പശുക്കൾക്കായുള്ള തീറ്റയുടെ ലഭ്യത കുറയും. അതുകൊണ്ടുതന്നെ നിലവിലുള്ള പശുക്കളെ നല്ല തീറ്റ നൽകിയും ജനിതക മേന്മ മെച്ചപ്പെടുത്തിയും മികച്ച പാലുൽപാദകരാക്കുന്നതാണ് അഭികാമ്യം.

Also read: പച്ചപുല്ല് കഴിക്കാത്ത പശുക്കൾ; പാലുൽപാദനത്തിന് ഉണക്കപ്പുല്ല്: അറിയാം സൗദി മോഡൽ ഡെയറി ഫാമിങ് 

60കളുടെ തുടക്കത്തിലാണ് രാജ്യത്ത് പാലുൽപാദനം ഉയർത്തുന്നതിനുള്ള ശ്രമം ആരംഭിച്ചത്. ഉയർന്ന പാലുൽപാദനമുള്ള എച്ച്എഫ്, ജേഴ്സി ഇനങ്ങളെ ഇന്ത്യൻ ഇനങ്ങളുമായി ഇണചേർക്കുന്ന സങ്കര പ്രജനന പദ്ധതി ഇതിനായി അവലംബിച്ചു. നിലവിൽ രാജ്യത്തെ ആകെ പാലുൽപാദനത്തിന്റെ 22 ശതമാനം സങ്കര ഇനം പശുക്കളിൽനിന്നാണ്. ഈ സങ്കര പ്രജനന പദ്ധതിയാണ് രാജ്യത്തെ പാൽ സ്വയംപര്യാപ്തതയിലേക്ക് നയിച്ചത്. 

gir-farm-8

നിലവിലെ ജനിതക മെച്ചപ്പെടുത്തൽ പരിപാടികൾ ശുദ്ധമായ തദ്ദേശീയ ഇനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് എൻഡിഡിബിയുടെ തീരുമാനം. ഒപ്പം സങ്കരയിനം കന്നുകാലികളെ മെച്ചപ്പെടുത്താനും ശ്രമിക്കുന്നു. വരും വർഷങ്ങളിൽ മികച്ച ഇനങ്ങളിൽപ്പെട്ട കാളകൾ, ശീതീകരിച്ച ഭ്രൂണങ്ങൾ എന്നിവ ഇറക്കുമതി ചെയ്യാനും പദ്ധതിയുണ്ട്.

വിദേശത്തുനിന്ന് ഗിർ കാളകളുടെ സെമൻ ഇറക്കുമതി ചെയ്യാനുള്ള ശ്രമം തുടങ്ങിയിട്ട് ഏതാനും വർഷങ്ങളായി. ഒരു ലക്ഷം ഡോസ് ബീജമാത്രകൾ ഇറക്കാനുള്ള സർക്കാരിന്റെ ശ്രമം ആർഎസ്എസ് നേതാവ് മോഹൻ ഭഗ്‌വത് 2019ൽ ചോദ്യം ചെയ്തിരുന്നു. രാജ്യത്തെ ഗിർ പശുക്കളുടെ വംശശുദ്ധി ഇല്ലാതാക്കുമെന്ന് പറഞ്ഞ് സൗരാഷ്ട്ര കർഷകരും രംഗത്തെത്തിയിരുന്നു. എന്നാൽ, ശുദ്ധജനുസിൽപ്പെട്ട ഗിർ കാളകളുടെ ബീജമാത്രകൾ മാത്രമേ ഇറക്കുമതി ചെയ്യൂവെന്ന് എൻഡിഡിബിയിലെ ശാസ്ത്രജ്ഞർ അറിയിച്ചിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com