വേദനകൊണ്ട് പുളഞ്ഞ ഡുണ്ടുമോൾക്ക് ഇനി ആശ്വസിക്കാം: 7 കിലോയുള്ള നായയുടെ വയറ്റിലുണ്ടായിരുന്നത് 420 ഗ്രാം ഭാരമുള്ള മുഴ
Mail This Article
അരുമ നായയുടെ അണ്ഡാശയമുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു ഡോക്ടർമാർ. ഏറ്റുമാനൂർ കുറുപ്പംകുന്നേൽ ഉഷാ ഹരികുമാറിന്റെ 11 വയസുള്ള സ്പിറ്റ്സ് ഇനം നായയുടെ വയറ്റിൽനിന്നാണ് 420 ഗ്രാം ഭാരമുള്ള അണ്ഡാശയമുഴ ഡോക്ടർമാർ നീക്കം ചെയ്തത്. നായയ്ക്ക് വെറും 7 കിലോ മാത്രമായിരുന്നു തൂക്കമെന്ന് ശസ്ത്രക്രിയ നടത്തിയ കാക്കനാട് പെറ്റ് ട്രസ്റ്റ് വെറ്ററിനറി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു.
രാത്രിയിൽ വേദനകൊണ്ടു ദയനീയമായി ശബ്ദമുണ്ടാക്കിയ ഡുണ്ടുമോളെ നാലു ദിവസം മുൻപാണ് അടുത്തുള്ള ഒരു വെറ്ററിനറി ക്ലിനിക്കിൽ പരിശോധനയ്ക്കായി എത്തിച്ചത്. ചികിത്സകൾ തുടരുമ്പോൾ തന്നെ ഛർദ്ദി നിൽക്കാതെ വന്നതോടെയാണ് വിദഗ്ധ ചികിത്സയ്ക്കായി കാക്കനാട് പെറ്റ് ട്രസ്റ്റിൽ എത്തിച്ചതെന്ന് ഡോ. ജോബി ജോർജ് പറഞ്ഞു. എക്സ് റേ, അൾട്രാസൗണ്ട് സ്കാനിങ്, രക്തപരിശോധനകൾ എന്നിവയിൽനിന്ന് ട്യൂമർ സ്ഥിരീകരിച്ച ശേഷം ശസ്ത്രക്രിയ നടത്താൻ വിദഗ്ധ സംഘം തീരുമാനിക്കുകയായിരുന്നു.
ശസ്ത്രക്രിയയ്ക്കു ശേഷം ആശുപത്രിയിലെ പരിചരണ വിഭാഗത്തിൽ തുടർ നിരീക്ഷണത്തിലാണ് ഡുണ്ടുമോൾ ഇപ്പോൾ. മൂന്നു ദിവസത്തെ നിരീക്ഷത്തിനുശേഷം ഡിസ്ചാർജ് ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. ഡോ. ജോബി ജോർജ്, ഡോ. ഷഹബാസ്, ഡോ. ആഷിർ, ഡോ. ജോർജ് റോഷൻ എന്നിവരുൾപ്പെട്ട വിദഗ്ധ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
3 ദിവസത്തെ ശസ്ത്രക്രിയാനന്തര പരിചരണത്തിനു ശേഷം ഡുണ്ടുമോൾ വീട്ടിലേക്ക് വരുന്നതും കാത്തിരിക്കുകയാണ് ഉഷാ ഹരികുമാറും കുടുംബവും.