ADVERTISEMENT

? മിച്ചഭക്ഷണവും ഇറച്ചിക്കോഴി അവശിഷ്ടങ്ങളും മുഖ്യത്തീറ്റയായി വളർത്തുന്ന എന്റെ ഫാമിൽ പന്നിക്കുഞ്ഞുങ്ങൾ ഉണ്ടായി രണ്ടാഴ്ചയ്ക്കുള്ളിൽ ചത്തുപോയി. എന്താണ് കാരണം.
ബിജു കാപ്പിക്കര, കോട്ടയം

സമീകൃത തീറ്റയാണ് ഏതൊരു ബ്രീഡിങ് യൂണിറ്റിലെയും നിലനിൽപിന് ആധാരം. അതായത്, ഊർജം, മാസ്യം, നാര് എന്നിവയെല്ലാം ഉൾപ്പെട്ടതായിരിക്കും തീറ്റ. അതുപോലെ വൈറ്റമിൻ, ധാതുലവണ മിശ്രിതം തുടങ്ങിയവയും നൽകാൻ ശ്രദ്ധിക്കണം.

പന്നിക്കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കുന്ന ബ്രീഡിങ് യൂണിറ്റിലെ തള്ളപ്പന്നികൾക്ക് മിച്ചഭക്ഷണം ഒഴിവാക്കി പന്നികൾക്കു മാത്രം നൽകുന്ന സമീകൃത തീറ്റ നൽകുന്നതാണ് ഉചിതം. പന്നിത്തീറ്റ ലഭ്യമല്ലെങ്കിൽ ബ്രോയിലർ കോഴികൾക്ക് നൽകുന്ന ഫിനീഷർ തീറ്റ നൽകുന്നതിൽ കുഴപ്പമില്ല. വലിയ പന്നികൾക്ക് 2.5–3 കിലോ തീറ്റ ദിവസേന നൽകേണ്ടതുണ്ട്. ഇതിനു പുറമെ പന്നിക്കുഞ്ഞുങ്ങളുടെ എണ്ണം അനുസരിച്ച് ഒരു കുഞ്ഞിന് 200 ഗ്രാം എന്ന തോതിൽ അധിക തീറ്റ പാലുൽപാദനത്തിനായി അമ്മപ്പന്നിക്ക് നൽകണം. പന്നിക്കുഞ്ഞുങ്ങൾ ആദ്യത്തെ രണ്ടാഴ്ച തള്ളയുടെ പാലിനെ ആശ്രയിച്ചാണ് കഴിയുന്നത്. അതിനാൽ

തള്ളപ്പന്നിയുടെ പാലുൽപാദനം കൂടാനുള്ള കാത്സ്യം സിറപ്പ്, സിങ്ക് പോലുള്ള സൂക്ഷ്മ മൂലകങ്ങൾ അടങ്ങിയ ധാതു ലവണമിശ്രിതം നിത്യേന തീറ്റയിലൂടെ നൽകണം. പന്നിയുടെ രോഗപ്രതിരോധ ശേഷി കൂട്ടുന്നതിന് ഇത് സഹായിക്കും.

പ്രസവിച്ച് രണ്ടു ദിവസത്തിനുള്ളിൽ തള്ളപ്പന്നിയുടെ അകിടിന് നീര്, കല്ലിപ്പ് എന്നിവയുണ്ടോയെന്ന് നിരീക്ഷിക്കണം. അകിടുവീക്കത്തിൽ ഇത്തരം ലക്ഷണങ്ങൾ കാണിക്കും. ഈ സാഹചര്യത്തിൽ തള്ളപ്പന്നിയുടെ പാൽ കുറവായിരിക്കും. അപ്പോൾ ഉചിതമായ ചികിത്സ നൽകണം. തള്ളപ്പന്നിയുടെ പാലിനു തുല്യമായ ഗുണമുള്ള ബദൽ പാൽ ( Milk Replacer) ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. പാൽപ്പൊടി, വിറ്റാമിനുകൾ, ധാതുക്കൾ, പ്രോബയോട്ടിക്, അമിനോ അമ്ലം എന്നിവ ചേരുവകളായുള്ള ബദൽ പാൽപ്പൊടി 150 ഗ്രാം ഒരു ലീറ്റർ തിളപ്പിച്ചാറിയ ഇളം ചൂട് പരുവത്തിലുള്ള (37 ഡിഗ്രി) വെള്ളത്തിലലിപ്പിച്ച് പന്നിക്കുഞ്ഞുങ്ങൾക്ക് ദിവസം 4-5 പ്രാവശ്യമായി നൽകാവുന്നതാണ്. ഇതിനായി പ്രത്യേക ഫീഡിങ് ബോട്ടിലുകളും ലഭ്യമാണ്.

pig-farming-1

ഫാമിൽ സ്വീകരിക്കേണ്ട നടപടികൾ ചുവടെ

  • ജനിച്ച പന്നിക്കുഞ്ഞുങ്ങളുടെ പൊക്കിൾക്കൊടി ചരടുപയോഗിച്ച് കെട്ടി മുറിച്ച് അവിടെ ടിഞ്ചർ അയഡിൻ പുരട്ടി രോഗാണുക്കളുടെ പ്രവേശനം തടയണം.
  • പന്നിക്കുഞ്ഞുങ്ങൾക്ക് ആദ്യത്തെ ഒരാഴ്ച കൂട്ടിൽ വൈക്കോലോ ചീന്തേരുപൂളോ ഉപയോഗിച്ച് വിരിപ്പ് നൽകണം. മുല കുടിക്കുമ്പോൾ കുഞ്ഞുങ്ങളുടെ മുട്ട് പൊട്ടാതിരിക്കാൻ ഇതു സഹായിക്കും. കൂടാതെ, 60 വാട്ട് ബൾബ് ഉപയോഗിച്ച് ചൂട് കൊടുക്കുന്നതും നന്ന്.
  • വിളർച്ചയകറ്റാൻ ജനിച്ച് രണ്ടാം ദിവസം ഇരുമ്പുസത്ത് ഒരു മില്ലി മാംസപേശിയിൽ കുത്തിവയ്ക്കണം
  • പന്നിക്കൂട്ടിൽ അണുനാശിനി തളിച്ച് കൂടിന്റെ ശുചിത്വം ഉറപ്പാക്കി പന്നി കുഞ്ഞുങ്ങൾക്ക് ഉണ്ടാകാനിടയുള്ള വയറിളക്ക രോഗങ്ങൾ പോലുള്ള അസുഖങ്ങൾ തടയുക
  • കുഞ്ഞുങ്ങളുള്ള കൂട് എപ്പോഴും ഉണങ്ങിക്കിടക്കുന്നതായിരിക്കണം. നനവ് കൂടുതലുണ്ടെങ്കിൽ കുഞ്ഞുങ്ങളിൽ രോമവളർച്ച കൂടുകയും വളർച്ച കുറയുകയും ചെയ്യും.
  • പന്നി കുഞ്ഞുങ്ങളെ എല്ലാ ദിവസവും നിരീക്ഷിച്ച് അവയ്ക്ക് ആവശ്യമായ പാൽ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com