ADVERTISEMENT

ഒരു സെന്റ് സ്ഥലത്ത് 15–20 മുട്ടക്കോഴികളെ വളർത്താം. പത്തു സെന്റ് സ്ഥലമുള്ള പുരയിടത്തിൽ ഒരു സെന്റ് സ്ഥലത്ത് 15–20 മുട്ടക്കോഴികളെ വളർത്താം. നിലത്തുനിന്ന് അല്‍പം ഉയരത്തില്‍ വച്ച കൂടും നല്ലയിനം കോഴിക്കുഞ്ഞുങ്ങളുമുണ്ടെങ്കില്‍ വീട്ടാവശ്യത്തിനു പുറമേ അല്‍പം ആദായത്തിനുമുള്ള മുട്ട ഉറപ്പ്.   

പല  മോഡലുകളില്‍ കൂടുകൾ ഇന്നു വിപണിയിൽ ലഭ്യമാണ്. ഓരോരുത്തരുടെയും ആവശ്യത്തിനും ആശയത്തിനും അനുസൃതമായ കൂടുകൾ നിർമിക്കുകയുമാവാം. തറയിൽനിന്ന് 4 അടി ഉയരത്തിൽ താഴ്ഭാഗം തകരപ്പാളികളും മുകളിലേക്ക് ജിഐ കമ്പികളും നെറ്റും ചേർത്തു നിർമിക്കുന്ന കൂടുകൾ പാമ്പുകളിൽനിന്നും നായ്ക്കളിൽ‌നിന്നും കോഴികൾക്കു സംരക്ഷണം നൽകും. മഴ, വെയിൽ എന്നിവ ഏൽക്കാതിരിക്കാൻ കൂടിനു മുകളിൽ ഷീറ്റിന്റെ കവചവും നൽകാം.

ഇരുപതു കോഴികളെ നിർത്തുന്നതിന് ആവശ്യമായ 2 മീറ്റർ നീളവും 1.5 മീറ്റർ വീതിയുമുള്ളതും പുറത്തേക്കു തുറക്കാവുന്നതുമായ ഇത്തരം കൂടുകൾ നിർമിക്കാൻ ഏകദേശം 20,000 രൂപ ചെലവു വരും. 5 വർഷത്തോളം മറ്റു ചെലവുകൾ ഒന്നും ഇല്ലാത്ത കൂട്ടിൽ അറക്കപ്പൊടിയോ ചകിരിച്ചോറോ വിരിച്ച് കോഴികളെ പാർപ്പിക്കാം. കൂടിന്റെ വശത്തുകൂടി ഉള്ളിലേക്കു വെള്ളവും തീറ്റയും നൽകുന്നതിനു സംവിധാനം ഒരുക്കാം. കൂടിനു ചുറ്റും പുറത്ത് വലകൊണ്ടു വേലി തീർത്താൽ പകൽസമയം പുറത്തേക്ക് ഇറക്കുകയും ചെയ്യാം. സ്ഥിര സംവിധാനമായതിനാൽ വീടിന്റെ ഏതു ഭാഗത്തും കൂടും കോഴിയും ഒരുക്കാവുന്നതാണ്.

Also read: ഉദ്യാനത്തിന്റെ അഴകിനൊപ്പം മുട്ടയുൽപാദനവും: വീട്ടുമുറ്റത്ത് ഒരുക്കാം കോഴിക്കൂടുകള്‍; 3 മാതൃകകൾ

ഹൈടെക് കൂടുകൾ അല്ലാത്തതിനാൽ ഏത് ഇനത്തെയും വളർത്താം. ഗ്രാമശ്രീ, ഗ്രാമലക്ഷ്മി ഇനങ്ങളാണ് കൂടുതൽ നല്ലത്. 10 പിടയ്ക്ക് ഒരു പൂവൻ എന്ന അനുപാതത്തിൽ, പ്രതിരോധ കുത്തിവയ്പുകൾ നൽകിയതും 60 ദിവസം പ്രായമായതുമായ കുഞ്ഞുങ്ങളെ സമീപത്തെ സർക്കാർ ഫാമുകളിൽനിന്നോ അംഗീകൃത നഴ്സറികളിൽനിന്നോ വാങ്ങി വളർത്താം. കൂടിനു പുറത്ത് വലകെട്ടി സുരക്ഷിതമാക്കിയ സ്ഥലത്ത് പകൽ സമയത്തു തുറന്നു വിടാം.

അറുപതു  ദിവസം മുതൽ 6 മാസം വരെ വിപണിയില്‍ കിട്ടുന്ന ഗ്രോവർ തീറ്റയും വീട്ടിലെ ഭക്ഷണാവശിഷ്ടങ്ങളും 6 മാസം മുതൽ 18 മാസം വരെ ലെയർ തീറ്റയും ഭക്ഷണാവശിഷ്ടങ്ങളും നൽകണം. മുട്ടയിടു ന്ന ഓരോന്നിനും 60 ഗ്രാം ലെയറും 60 ഗ്രാം ഭക്ഷണാവശിഷ്ടങ്ങളും നൽകിയാൽ മതി.

20 മുട്ടക്കോഴികളുണ്ടെങ്കില്‍ 6 മാസം പ്രായം മുതൽ 10-15 മുട്ട ലഭിക്കും. മനുഷ്യശരീരത്തിന് ഗുണകരമായ അപൂരിത കൊഴുപ്പിന്റെ കലവറയായ മുട്ട സുരക്ഷിത ഭക്ഷണമാണ്. 4–5 അംഗങ്ങളുള്ള  കുടുംബത്തിന് ആവശ്യമായ പോഷകം ഇതുവഴി ലഭിക്കും. വീടുകളിൽ അടുക്കളത്തോട്ടങ്ങൾ ഒരുക്കുന്നതുപോലെതന്നെ ഒരു സെന്റ് സ്ഥലം കോഴിമുട്ട ഉൽപാദനത്തിനു മാറ്റിവച്ചാൽ കുടുംബത്തിനു സുരക്ഷിത പോഷണം ഉറപ്പുവരുത്താം. 

വിലാസം: അസി.ഡയറക്ടർ(റിട്ട), മൃഗസംരക്ഷണ വകുപ്പ്. 

ഫോണ്‍: 9526602405

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com