ADVERTISEMENT

പശുവിനെ വെട്ടിക്കൊലപ്പെടുത്തി അയൽവാസി. തടയാൻ ശ്രമിച്ച ക്ഷീരകർഷകയ്ക്കും വെട്ടേറ്റു. എറണാകുളം എടയ്ക്കാട്ടുവയലിൽ പള്ളിക്ക നിരപ്പേൽ പി.കെ. മനോജിന്റെ പശുക്കളെയാണ് ഇന്നു രാവിലെ എട്ടിനു ശേഷം അയൽവാസി വെട്ടിയത്. കോടാലി ഉപയോഗിച്ച് ഒരു പശുവിന്റെ മുതുകിനും ഒരെണ്ണത്തിന്റെ കഴുത്തിനുമാണ് വെട്ടേറ്റത്. വെട്ടേറ്റ പശുക്കളിലൊന്ന് പിന്നീട് ചത്തു. പശുക്കളെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച മനോജിന്റെ ഭാര്യ സുനിതയുടെ കൈക്കും വെട്ടേറ്റിട്ടുണ്ട്. പശുക്കളെ ആക്രമിച്ച അയൽവാസി വെള്ളക്കാട്ടുതടത്തിൽ വി.പി.രാജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

cow-death-2
കഴുത്തിന് വെട്ടേറ്റ പശു

ടാപ്പിങ് തൊഴിലാളിയായ മനോജ് പശുക്കളെക്കൂടി വളർത്തിയാണ് കുടുംബം മുൻപോട്ടു കൊണ്ടുപോകുന്നത്. രാവിലെ കറവ കഴിഞ്ഞ് പാൽ വിതരണം നടത്തിയശേഷമാണ് ടാപ്പിങ്ങിന് പോകുന്നത്. അയൽവാസി ആക്രമിക്കുന്ന സമയം മനോജ് വീട്ടിലുണ്ടായിരുന്നില്ലെന്ന് ബന്ധു മനോരമ ഓൺലൈൻ കർഷകശ്രീയോടു പറഞ്ഞു. ഒരു വർഷത്തോളമായി മനോജിന്റെ പശുവളർത്തൽ സംരംഭം പൂട്ടിക്കാൻ രാജു ശ്രമിക്കുന്നു. പഞ്ചായത്തിനും ഹെൽത്തിലും മലിനീകരണ നിയന്ത്രണ ബോർഡിലും അദാലത്തിലുമെല്ലാം പരാതി കൊടുത്തു. എന്നാൽ, ഒരാളുടെ വരുമാനമാർഗം ഇല്ലാതാക്കാൻ കഴിയില്ല. അതിനാൽ മലിനീകരണ പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള സംവിധാനങ്ങൾ ഒരുക്കാൻ നിർദേശിക്കുകയായിരുന്നു അധികൃതർ ചെയ്തത്. ബയോഗ്യാസ് പ്ലാന്റിന്റെയും സെപ്റ്റിക് ടാങ്കിന്റെയുമെല്ലാം നിർമാണം പൂർത്തീകരിക്കുകയും തൊട്ടൂർ പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഇൻ ചാർജ് മനോജിന് അനുകൂലമായ റിപ്പോർട്ട് ഓഗസ്റ്റ് 29ന് മെഡിക്കൽ ഓഫീസർക്ക് നൽകി. ഇതിൽ പ്രകോപിതനായിട്ടാണ് രാജു അക്രമം കാണിച്ചതെന്ന് മനോജിന്റെ ബന്ധുക്കൾ പറയുന്നു. പശുക്കളെ കൊന്നാലെങ്കിലും നിങ്ങൾ പശുവളർത്തൽ നിർത്തും എന്നാക്രോശിച്ചുകൊണ്ടായിരുന്നു രാജു ആക്രമിച്ചതെന്നും മനോജിന്റെ ബന്ധുക്കൾ പറഞ്ഞു.

cow-death-3
മുതുകിൽ പരിക്കേറ്റ പശു. ഇത് പിന്നീട് ചത്തു

മൂന്നു പശുക്കളും മൂന്നു കിടാരികളുമടക്കം ആറ് ഉരുക്കളാണ് മനോജിന്റെ ഡെയറി ഫാമിലുള്ളത്. ഒരു പശു ചെനയിലാണ്. രണ്ടെണ്ണം കറവയിലുണ്ട്. ദിവസം 20 ലീറ്ററോളം പാൽ ലഭിക്കുന്നു. അയൽവീടുകളിൽ വിതരണം ചെയ്താണ് മനോജിന്റെ കുടുംബം വരുമാനം കണ്ടെത്തുന്നത്. ഇതിൽ രണ്ടു പശുക്കളെയാണ് രാജു ആക്രമിച്ചത്. വെറ്ററിനറി സംഘം സ്ഥലത്തെത്തി കഴുത്തിന് പരിക്കേറ്റ പശുവിന് ചികിത്സ ആരംഭിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com