നിറ ചെന പശുവിന്റെ അകിട് കുത്തിക്കീറി, പരാതി; ക്ഷീരകർഷകർക്കും ഇവിടെ ജീവിക്കണ്ടേ?
Mail This Article
നിറ ചെനയിലുള്ള പശുവിന്റെ അകിട് കുത്തിക്കീറിയതായി പരാതി. പിറവം മണീട് മേമുഖത്തെ ക്ഷീരകർഷകനായ കളത്തിനാൽ മെബിൻ ഏലിയാസിന്റെ ഒൻപതു മാസം ചെനയുള്ള കടിഞ്ഞൂൽ പശുവിന്റെ അകിടാണ് അജ്ഞാതൻ കുത്തിക്കീറിയത്. ഇന്നലെ നടന്ന സംഭവത്തിൽ മെബിൻ പിറവം പൊലീസിൽ പരാതി നൽകി.
ഫാം ഡി ബിരുദധാരിയായ മെബിൻ അധ്യാപക ജോലി വേണ്ടെന്നുവച്ചാണ് ഡെയറി ഫാം ആരംഭിച്ചത്. മുൻപ് ചെറിയ തോതിൽ പശുക്കളെ വളർത്തിയിരുന്നു. അതുകൊണ്ടുതന്നെ അവയോടുള്ള താൽപര്യംകൊണ്ട് നാലു വർഷം മുൻപ് ഫാം ആയി വികസിപ്പിക്കുകയായിരുന്നു. ഇന്ന് 25 പശുക്കളുണ്ട്.
നിറ ചെനയിലുള്ള പശുക്കളെ പകൽ സമയത്ത് ഷെഡ്ഡിൽനിന്ന് പുറത്തിറക്കി കെട്ടുന്നതാണ് തന്റെ രീതിയെന്ന് മെബിൻ. അത്തരത്തിൽ ഇന്നലെ പുറത്തിറക്കിക്കെട്ടിയ പശുവിനെ തിരികെ ഷെഡ്ഡിലേക്ക് കയറ്റാൻ എത്തിയപ്പോഴാണ് മുറിവ് ശ്രദ്ധയിൽപ്പെട്ടത്. നിലത്ത് രക്തവുമുണ്ടായിരുന്നു. ഉടനെ വെറ്ററിനറി ഡോക്ടറെ എത്തിച്ച് ചികിത്സ നൽകി. അകിടിന്റെ മുൻഭാഗത്ത് 2 മുറിവാണുണ്ടായിരുന്നത്. കത്രിക പോലുള്ള എന്തോ ആയുധം ഉപയോഗിച്ച് കുത്തിയതാകാമെന്നാണ് നിഗമനം. പ്രസവം അടുത്തതിനാലും അകിട് വികസിക്കുന്ന ഘട്ടമായതിനാലും തയ്യൽ ഇടാൻ കഴിയില്ലെന്ന് ഡോക്ടർ പറഞ്ഞതായി മെബിൻ അറിയിച്ചു. ആന്റിബയോട്ടിക് ചികിത്സയും ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയെന്നും മെബിൻ.
ഏതാനും നാളുകളായി തന്റെ ഫാമിനെതിരേ കരുതിക്കൂട്ടിയുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഫാമിനെതിരെ പഞ്ചായത്തിൽ തുടർച്ചയായി പരാതികൾ ചെന്നിരുന്നു. അധികൃതർ പലപ്പോഴായി ഫാമിൽ എത്തി ഇവിടെ മലിനീകരണ പ്രശ്നങ്ങൾ ഇല്ലെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ നിന്റെ പശുക്കളെ കൊല്ലുമെന്ന് അയൽവാസി ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ, ഇപ്പോൾ അധിക്രമം നടത്തിയ ആൾ ആരാണെന്ന് അറിയില്ലെന്നും മെബിൻ പറഞ്ഞു.