ADVERTISEMENT

ഒരു കൊച്ചു ബാലനെ എങ്ങും എപ്പോഴും പിന്തുടര്‍ന്നിരുന്ന ഇത്തിരിക്കുഞ്ഞന്‍ നായ! ഹച്ച് എന്ന മൊബൈല്‍ ഫോണ്‍ നെറ്റ്‌വര്‍ക്ക് കമ്പനിയുടെ ആ പഴയ പരസ്യമാണ് പഗ് എന്ന നായ ഇനത്തെ മലയാളികള്‍ക്കു പ്രിയങ്കരമാക്കിയത്. കേവലം ഒരടിയോളം ഉയരം, 6-9 കിലോ ഭാരം, ഉറച്ച ശരീരം, നീളം കുറഞ്ഞ രോമം, ചാര/ക്രീം/ കറുപ്പ് നിറങ്ങൾ, ചപ്പിയ മുഖത്ത് ആഴത്തിലുള്ള ചുളിവുകള്‍, കുറുകിയതും നേരെയുള്ളതുമായ മുതുക്, നന്നായി ചുരുണ്ട് ഇടുപ്പിനു മുകളിലിരിക്കുന്ന വാല്‍, നിവര്‍ന്ന് ഉറപ്പുള്ള കാലുകള്‍. തുറിച്ച ഉണ്ടക്കണ്ണുകളിലെ ദൈന്യഭാവം നമ്മുടെ ഹൃദയത്തെ തൊടും. 

siby-pug-4

കേരളത്തിൽ ഹച്ചിന്റെയും ഹച്ച് നായയുടെയും പരസ്യം പ്രചാരത്തിലാകും മുൻപുതന്നെ പഗിനെ കണ്ട് ഇഷ്ടപ്പെട്ടു സ്വന്തമാക്കിയ ശ്വാനപ്രേമിയാണ് ആലപ്പുഴ ഹരിപ്പാട് കാർത്തികപ്പള്ളി സിബി വർഗീസ് വല്യത്ത്. ഒരു സുഹൃത്തിന്റെ വീട്ടിൽച്ചെന്നപ്പോഴായിരുന്നു ആദ്യമായി പഗിനെ കണ്ടത്, 2006ൽ. ആദ്യ കാഴ്ചയിൽത്തന്നെ ഇഷ്ടപ്പെട്ടു. തുടര്‍ന്ന് ഏറെ അന്വേഷിച്ച് ഒരു നായ്ക്കുട്ടിയെ സ്വന്തമാക്കി. കുറെ നാൾ വളർത്തിയപ്പോൾ ഒന്നിനെക്കൂടി വേണമെന്നു തോന്നി, തൃശൂരിൽനിന്ന് ഒരെണ്ണത്തിനെ വാങ്ങി. നായ്ക്കളോടു താൽപര്യം ഓരോ ദിവസവും ഏറിവന്ന അക്കാലത്ത് ഇവയെ ഡോഗ് ഷോകളിൽ കൊണ്ടുപോകാൻ തുടങ്ങി. എന്നാൽ, ഷോകളിൽ പങ്കെടുത്തു നിരാശയോടെയായിരുന്നു മടക്കം. കാരണം, പഗിന്റെ യഥാർഥ ശരീരരചനയുള്ളവയായിരുന്നില്ല സിബിയുടെ നായ്ക്കൾ. 2007 കാലഘട്ടത്തിൽ ഇവയെക്കുറിച്ച് പഠിക്കാൻ മാർഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും ഇന്റർനെറ്റിലൊക്കെ പരതി പഗിനെക്കുറിച്ച് കൂടുതൽ പഠിക്കാൻ ശ്രമിച്ചു. അങ്ങനെയാണ് ഇവയുടെ യഥാർഥ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞത്. ചതുര ശരീരവും കുറുകിയ വാലും പ്രത്യേക മുഖവും പഞ്ച് ഫെയ്സും തൂക്കവുമൊക്കെ മനസ്സിലായത് അപ്പോഴാണ്. അതുകൊണ്ടുതന്നെ നല്ല ആൺനായ്ക്കളെ തേടിപ്പിടിച്ച് കൈവശമുള്ള നായ്ക്കളെ ഇണചേർക്കാൻ ശ്രമിച്ചു. ഓരോ തലമുറയും അങ്ങനെ മെച്ചപ്പെടുത്തിയെടുത്തു. ഇന്ന് വിദേശപാരമ്പര്യമുള്ള പത്തോളം പഗ് ഇനം നായ്ക്കളുണ്ട് സിബിയുടെ കെന്നലില്‍.

siby-pug-3

പഗ് നായ്ക്കുട്ടികളെ മികച്ച രീതിയിൽ വളർത്തി ഡോഗ് ഷോകളിൽ പങ്കെടുപ്പിക്കുകയാണ് സിബിയുടെ വിനോദം. ‘സിബീസ് കെന്നലി’ൽ ജനിച്ച 26 പഗ് നായ്ക്കുട്ടികൾ ഇതുവരെ ഇന്ത്യൻ ചാമ്പ്യന്മാരായി. ഒരു നായ്ക്കുട്ടി 2019ൽ കെന്നൽ ക്ലബ് ഓഫ് ഇന്ത്യയുടെ ‘റിസർവ് പഗ് ഓഫ് ദി ഇയർ’ എന്ന ടൈറ്റിൽ നേടി. ഒക്ടോബറിൽ കർണാടകയിലെ ബെൽഗാമിൻ നടന്ന ചാമ്പ്യൻഷിപ്പിൽ സിബിയുടെ സ്പൈസ് എന്ന പെൺനായ്ക്കുട്ടി വിജയിച്ചു.

മുൻപു നാട്ടിലുണ്ടായിരുന്ന പഗ് നായ്ക്കൾക്ക് പ്രധാനമായും ചർമരോഗങ്ങൾ കൂടുതലായിരുന്നുവെന്ന് സിബി. വിശേഷിച്ച് മുഖത്തെ ചുളിവുകളുള്ള ഭാഗത്ത്. മാത്രമല്ല, അണപ്പും കൂടുതലായിരുന്നു. എന്നാൽ, ഇന്ന് ഇവിടെയുള്ള  വിദേശ പഗുകള്‍ക്ക് ഈ പ്രശ്നങ്ങളില്ല. ബ്രീഡ് ഇംപ്രൂവ്മെന്റ് തന്നെ കാരണം. അതു കൊണ്ടുതന്നെ ഇത്തരം നായ്ക്കളെ വളരെ അനായാസം വളർത്താം. 

siby-pug-2

ശരീരവലുപ്പം നന്നേ കുറഞ്ഞ ഇവയെ വീടിനുള്ളിൽ വളർത്താനാണ് മിക്ക പഗ് പ്രിയര്‍ക്കും താല്‍പര്യം. വായുസഞ്ചാരമുള്ള വലിയ കൂടുകളിൽ വീടിനു പുറത്തും വളർത്താം. തണൽ ഉള്ളിടത്താവണം കൂട്. കുറഞ്ഞ ഭക്ഷണം മതി. എന്നാൽ, ഭക്ഷണത്തിൽ ശ്രദ്ധിക്കാനേറെയുണ്ടെന്ന് സിബി. വീട്ടിലുള്ള ഭക്ഷണം തന്നെ നൽകി വളർത്താമെങ്കിലും മത്സ്യം, മാംസം എന്നിവയാണ് ഏറെ നല്ലത്. ചോറ്  അൽപം മതി. ഇവ ദ്രാവകരൂപത്തിൽ നൽകരുത്. ഭക്ഷണത്തിനൊപ്പം കുടിക്കാൻ ശുദ്ധജലം ഉറപ്പാക്കുകയും വേണം. ആവശ്യമെങ്കിൽ മാത്രം കുളിപ്പിച്ചാൽ മതി (അതും 2 ആഴ്ചയിൽ ഒരിക്കൽ). എന്നാൽ, ദിവസവും 5 മിനിറ്റെങ്കിലും രോമം ചീകുന്നതു നല്ലതാണ്. 

ഫോൺ: 9847053519

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com