പുറത്തേക്ക് വരാനാകാതെ കുട്ടി, അർധരാത്രി കാലിത്തൊഴുത്തിൽ സിസേറിയൻ: ഒടുവിൽ സംഭവിച്ചത് അപൂർവ ജനനം
Mail This Article
കോട്ടയം ജില്ലയിലെ മാഞ്ഞൂർ പഞ്ചായത്തിലെ പവോത്തി ൽ വീട്ടിൽ മോളി ജിറ്റി തങ്ങളുടെ വീട്ടിലെ ഓമനയായ കടിഞ്ഞൂൽപശുവിന്റെ കന്നി പ്രസവം പാതിരാത്രിയിൽ ആകുമെന്ന് ഒട്ടുമേ കരുതിയിരുന്നില്ല. കഴിഞ്ഞ ദിവസം സന്ധ്യ കഴിഞ്ഞതോടുകൂടിയാണ് പശു ആദ്യ പ്രസവ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്. കൈകൾ രണ്ടും പുറത്തേക്ക് വന്നു നിൽക്കുന്നത് കാണാമായിരുന്നു.പശു നന്നായി മുക്കുന്നുമുണ്ട്. എന്നാൽ കുട്ടി പൂർണമായും പുറത്തേക്ക് വരുന്നില്ല പ്രസവം നടക്കും എന്ന് കരുതി രണ്ടുമൂന്നു മണിക്കൂർ കാത്തിരിക്കുകയായിരുന്നു. ഒടുവിൽ പ്രസവം നടക്കാതെ വന്നപ്പോഴാണ് ഡോക്ടറെ വിളിച്ചത്.
ഏറ്റുമാനൂർ സർക്കിൾ കന്നുകുട്ടി പരിപാലന പദ്ധതിയിലെ ഡോക്ടർ അഭിജിത്ത് തമ്പാൻ രാത്രി എട്ടുമണിയോടെ സ്ഥലത്തെത്തി പശുവിനെ പരിശോധിച്ചു. വിശദമായ പരിശോധനയിൽ ഇത് സാധാരണ പ്രസവം ആകാൻ ഇടയില്ല എന്ന് മനസ്സിലാക്കി. ഗർഭാശയത്തിനുള്ളിലെ കുട്ടിയുടെ അസാധാരണമായ കിടപ്പാണ് പ്രസവ താമസത്തിന് കാരണമെന്ന് മനസ്സിലാക്കി. കൈകൾ മുന്നോട്ട് കാണുന്നുണ്ടെങ്കിലും കഴുത്ത് തിരിഞ്ഞു കിടക്കുന്നതിനാൽ കിടാവിന് പുറത്തേക്ക് സ്വയം വരാൻ കഴിയില്ല. മനുഷ്യക്കുഞ്ഞുങ്ങളിൽ എന്നപോലെ ഗർഭാശയത്തിനുള്ളിൽ കിടാവിന്റെ കൈകാലുകൾ മടങ്ങിയിരിക്കുക, കഴുത്ത് വശങ്ങളിലേക്കോ താഴേക്ക് ചരിഞ്ഞിരിക്കുക, പിൻകാലുകളിൽ കിടാവ് കുത്തിയിരിക്കുക അഥവാ ബ്രീച്ച് പൊസിഷൻ എന്നീ അവസ്ഥകൾ വിഷമ പ്രസവങ്ങൾക്ക് കാരണമാകാറുണ്ട്. സാധാരണ രീതിയിലുള്ള പ്രസവം നടക്കില്ല എന്ന് ഉറപ്പാക്കിയതിനാൽ സിസേറിയനിലൂടെ കിടാവിനെ പുറത്തെടുക്കുവാൻ തീരുമാനിക്കുകയാണ് ഉണ്ടായത്.
തീർത്തും സങ്കീർണമായ ശസ്ത്രക്രിയയാണ് പശുക്കളുടെ സിസേറിയൻ. തൊഴുത്തിനുള്ളിലെ പരിമിത സൗകര്യങ്ങളും പരിചയസമ്പന്നരായ ഡോക്ടർമാരുടെ ലഭ്യതക്കുറവും, പാതിരാസമയവും എല്ലാം മറികടക്കേണ്ടതുണ്ട്. തുടർന്ന് കടുത്തുരുത്തി വെറ്ററിനറി സർജനായ ഡോക്ടർ അഖിൽ ശ്യാം എത്തി സർജറിക്ക് മുൻകൈയെടുത്തു. ഇത് ഒരു ടീം വർക്കായി ചെയ്യേണ്ട ശസ്ത്രക്രിയ ആണ്.ഏറ്റുമാനൂർ സർക്കിൾ കന്നുകുട്ടി പരിപാലന പദ്ധതിയിലെ ഡോക്ടർ അഭിജിത്ത് തമ്പാൻ വൈക്കം മൃഗാശുപത്രിയിലെ വെറ്ററിനറി സർജൻഡോക്ടർ ഫിറോസ്, ഏറ്റുമാനൂർ ബ്ലോക്ക് രാത്രികാല മൃഗചികിത്സാ പദ്ധതിയിലെ ഡോക്ടർ രാധിക എന്നിവരും ഡോക്ടർ അഖിൽ ശ്യാമിനോടൊപ്പം ശസ്ത്രക്രിയയിൽ സഹായികളായി.
ഗർഭിണിയായ പശുവിനെ ശരിയായ രീതിയിൽ കിടത്തി ആവശ്യമായ മരുന്നുകൾ നൽകി പരമാവധി അണുവിമുക്തമായ രീതിയിൽ ശസ്ത്രക്രിയ ആരംഭിച്ചു .ഏകദേശം രണ്ട് മണിയോടുകൂടി ശസ്ത്രക്രിയ പൂർത്തിയാക്കി. നല്ല ശരീര വലിപ്പമുള്ള മുഴുത്ത ഒരു കാളക്കുട്ടനനെ ആയിരുന്നു ശസ്ത്രക്രിയയിലൂടെപുറത്തെടുത്തത്.പ്രസവ ലക്ഷണങ്ങൾ തുടങ്ങി മണിക്കൂറുകൾ കഴിഞ്ഞിട്ടും പുറത്തെടുത്ത കുട്ടിക്ക് ജീവൻ ഉണ്ടായിരുന്നത് എല്ലാവരുടെയും സന്തോഷത്തിന് കാരണമായി. വിഷമ പ്രസവങ്ങളിൽ കൃത്യ സമയത്ത് വൈദ്യസഹായം നൽകാൻ കഴിഞ്ഞെങ്കിൽ മാത്രമേ കുട്ടിയെ ജീവനോടെ ലഭിക്കുകയുള്ളു. അരമണിക്കൂറിനുള്ളിൽ തന്നെ കുട്ടി എഴുന്നേറ്റ് നിന്ന് അമ്മയുടെ പാൽ കുടിക്കുകയും ചെയ്തു. തുടർന്ന് അനുബന്ധ ആൻ്റിബയോട്ടിക് ചികിത്സ മാഞ്ഞൂർ പഞ്ചായത്ത് മേമ്മുറി വെറ്ററിനറി ഡിസ്പെൻസറിയിലെ വെറ്ററിനറി സർജൻ ഡോക്ടർ ബിനി ചെയ്തുവരുന്നു.