ADVERTISEMENT

ഒരുപാടു പേര് ശ്രമിച്ചിട്ടും നടക്കാതെ സാറാണ് അവളെ ഗർഭിണിയാക്കിയത്! അതുകൊണ്ട് സാറു തന്നെ എത്രയും പെട്ടന്നു വന്ന് ഇതിനൊരു പരിഹാരം കാണണം!

ഈ ഗർഭം എന്റെ തലയിലായൊ എന്നു ആരും തെറ്റിദ്ധരിക്കരുത്. ഞാൻ കുത്തിവച്ചു ചെന പിടിച്ച ഒരു പശുവിന് പ്രസവിക്കാൻ പ്രയാസം. ഉടമസ്ഥന്റെ ഫോൺ വിളിയാണ് നേരത്തെ പരാമർശിച്ചത്.

പ്രസവത്തിന്റെ വിളികൾ മിക്കവാറും ഒരു ഇടിത്തീ പോലെയാണ്, പൊട്ടലും ചീറ്റലും ആദ്യ വിളിയിൽ തന്നെ ഉണ്ടാകും. അതുകൊണ്ടു തന്നെ ഗൂഗിൾ ഫോമൊ ഗൂഗിൾ മീറ്റൊ മറ്റ് എന്തു തല പോണ കേസാണേലും ഇട്ടെറിഞ്ഞു പോകേണ്ടി വരും. 

മിനിറ്റിന് മിനിറ്റിന് വിളി വന്ന് ആ വീട്ടിലോട്ടു വച്ചുപിടിക്കുമ്പോ പാതി വഴിയിൽ, അവള് പെറ്റൂട്ടോ, സാറിനി വരണ്ട തിരിച്ചു പൊയ്ക്കോ എന്ന് തേക്കുന്ന സന്ദർഭങ്ങളും കുറവല്ല.

പക്ഷേ, തികച്ചും ശാന്തനായാണ് അതിരാവിലെ തന്നെ മുരുകന്റെ വിളി വന്നത്. സാറേ പ്രസവ ലക്ഷണങ്ങൾ കണ്ടു തുടങ്ങീട്ട് കുറച്ചു നേരമായി. വെള്ള മാച്ചല്ലാതെ മറ്റൊന്നും കാണുന്നില്ല. സാറിനൊന്ന് വന്ന് നോക്കാൻ പറ്റുമോ? 

സംഗതി ‘എന്റെ ഗർഭം’ അല്ലെങ്കിലും ഞാൻ വൈകിക്കാതെ തന്നെ അവിടെയെത്തി.

കാറ് നിർത്തി മുരുകന്റെ വീട്ടിലേക്കുള്ള ഇടവഴിയിലൂടെ നടക്കുമ്പോൾ പുറകിൽ മൂന്നു പേര് നടന്നു വരുന്നുണ്ട്.

ഇനി ഈ വഴിക്കെങ്ങാനും കണ്ടാൽ കാലു തല്ലി ഒടിക്കണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു. 

ഉള്ളൊന്ന് നടുങ്ങി. ഞാൻ ചികിത്സിച്ച ഏതോ പശുവിന്റെ ഉടമസ്ഥനായിരിക്കും. ഇടത്തെക്കാല് തല്ലിയൊടിച്ചാൽ മതിയാർന്നു. ഓട്ടൊമാറ്റിക് കാറ് ഓടിക്കാൻ വലത്തെക്കാല് മതിയല്ലോ.

ഭാഗ്യം എന്റെ കാലല്ല. അവര് എന്നെ മറി കടന്ന് ശരവേഗത്തിൽ മുന്നോട്ട് നടന്നു പോയി. ഞാൻ മുരുകന്റെ വീട്ടിലേക്കു തിരിഞ്ഞു.

ഇയാൾക്കെന്താ ഇവിടെ കാര്യം എന്ന ഭാവം പശുവിന്റെ മുഖത്തുണ്ടോ? ഏയ് വെറുതെ തോന്നുന്നതാകും. കയ്യിൽ ഗ്ലൗസിട്ട് പശുവിനെ പരിശോധിക്കാൻ തുടങ്ങിയപ്പോഴും അതിന്റെ മുഖത്തെ പുച്ഛഭാവത്തിന് മാറ്റം ഉണ്ടാകാത്തതിന്റെ കാരണം വൈകാതെ മനസിലായി.

ഗ്ലൗസ് ഊരി കൈ നഗ്നമാക്കുന്നതിനൊപ്പം തന്നെ ഞാനാ നഗ്ന സത്യം വീട്ടുകാരോടു പറഞ്ഞു. അകത്ത് കുട്ടിയില്ല. പശു പ്രസവിച്ചിട്ടുണ്ട്.

എന്താ ഈ പറയുന്നത്? 9 മാസം ചെന പൂർത്തിയായ പശുവിനെ ഇന്നലെ രാത്രിയാണ് തൃശൂർന്ന് വണ്ടിയിൽ കയറ്റി കൊണ്ടു വന്നത്. സാറ് ഒന്നൂടെ നോക്ക്.

കൈക്കു പകരം തലയിട്ട് നോക്കിയാലും കുട്ടി അകത്തില്ല. ഇന്നലെ രാത്രി വണ്ടി എവിടേലും നിർത്തിയിരുന്നോ? ഞാൻ കാര്യങ്ങളുടെ ചുരുളഴിക്കാൻ ശ്രമം തുടങ്ങി.

ചായ കുടിക്കാൻ വടക്കഞ്ചേരി കഴിഞ്ഞ് നിർത്തിയിരുന്നു. വേറെ എവിടേം നിർത്തിയിട്ടില്ല.

അപ്പോ ഇനിയങ്ങോട്ട് അവിടെ നിങ്ങൾക്ക് ചായ ഫ്രീ ആയിരിക്കും! കേട്ടിട്ടില്ലേ വിമാനത്തിൽ വച്ച് പ്രസവിച്ചതിന് വിമാന ടിക്കറ്റ് സൗജന്യമാക്കിയ വാർത്ത.

ഇന്നലെ അവിടന്ന് കുടിച്ച ഊള ചായയായിരുന്നു ഇതിനേക്കാൾ ഭേദം എന്ന ഭാവം. രാത്രി വണ്ടിയിൽനിന്ന് ഇറക്കുമ്പോൾ ഇവൾ പ്രസവിച്ചിട്ടില്ല എന്ന് ഉറപ്പാണ് സർ. 

ഇനിയിപ്പോ പൈക്കുട്ടിയെ നായ്ക്കൾ കൊണ്ട് പോയ്ക്കാണുമോ? ഉണ്ടാവാനുള്ള മറ്റു  സാധ്യതകൾ ഞാനെടുത്തിട്ടു.

ഇവിടുള്ളോർക്ക് തലവേദനയായിട്ട് ഒരു പട്ടിയുണ്ട്. എന്തു കിട്ടിയാലും എടുത്തോണ്ടു പോകും. ഭയങ്കര ശല്ല്യമാണ്. പക്ഷേ, ഇന്നലെ രാത്രി സംഭവിച്ചതാണെന്നു തോന്നുന്നു. മതിലിനപ്പുറത്ത് ചത്തു കിടപ്പുണ്ട്. അതിനെ കുഴിച്ചിടാനുള്ള കുഴിയെടുക്കുകയാണവിടെ.

താഴ്ന്നു കിടക്കുന്ന അടുത്ത വീട്ടിലെ പറമ്പിൽ കുറച്ചു മുന്നേ എന്നെ പേടിപ്പിച്ച് കടന്നു പോയവർ ചേർന്ന് കുഴിയെടുക്കുന്നത് അപ്പോഴാണ് ശ്രദ്ധിച്ചത്. 

ഇടുപ്പോളം മാത്രം ഉയരുള്ള മതിലിനപ്പുറം മതിലിനോട് ചേർന്ന് കാട് പിടിച്ചു കിടക്കുന്ന പുല്ലിനിടയിലൂടെ കറുപ്പും വെളുപ്പും നിറമുള്ള നായടെ ശരീരം കാണാം. 

കുഴിയെടുക്കുന്നവരിൽ ഒരാളെ നല്ല മുഖ പരിചയം തോന്നുന്നു. ഞാൻ പതുക്കെ എന്റെ വലതു കാൽ പുറകിലോട്ടെടുത്തു. പശു വളർത്തുന്ന ആളാണെങ്കിൽ റിസ്ക് എടുക്കേണ്ടല്ലൊ.

എന്തായാലും നായ്ക്കുട്ടിക്ക് എന്താ പറ്റിയതെന്ന് നോക്കാം. ചേട്ടാ ആ നായയെ പുല്ലിനിടയിൽനിന്ന് ഒന്നു വലിച്ച് പുറത്തിടുമോ? 

ആടിനെ പട്ടിയാക്കുക എന്നു കേട്ടിട്ടുണ്ട്. എന്നാൽ പട്ടി പൈക്കുട്ടിയാകുന്ന അതിശയത്തിന് എല്ലാരും ദൃക്സാക്ഷികളായി. 

മതിലിനോടു ചേർന്നുനിന്ന പശു പ്രസവിച്ചത് അപ്പുറത്തായിപ്പോയി. ഒരുപക്ഷേ ജനിച്ചപ്പോഴെ അതിന് ജീവനില്ലായിരിക്കാം. പട്ടി ചാകാൻ കൊതിച്ചവർക്ക് സന്തോഷത്തിൽ കണ്ണ് മഞ്ഞളിച്ചു പോയത് കൊണ്ടാവും ചത്ത പൈക്കുട്ടി പട്ടിക്കുട്ടിയായത്.

പട്ടി ചാവാത്ത ദേഷ്യത്തിൽ നാട്ടുകാര്. പശുക്കുട്ടി ചത്ത വിഷമത്തിൽ വീട്ടുകാര്. സത്യത്തിന്റെ ചുരുളഴിഞ്ഞ ആശ്വാസത്തിൽ ഞാൻ.

ഇടവഴിയിലൂടെ കാറിനടുത്തേക്ക് തിരിച്ചു നടക്കുമ്പോൾ പിന്നിൽ നിന്നും വീണ്ടും  ആക്രോശം. 

ദേ പോകുന്നു. എടുക്കെടാ വടി. തല്ലിയൊടിക്കടാ അവന്റെ കാല്. 

ഞാൻ പതുക്കെ ഇടതു കാല് മുന്നോട്ടുവച്ച് വലതുകാല് സേഫാക്കി നടത്തം നിർത്തി. ശരവേഗത്തിൽ അവര് എന്നെയും കടന്ന് മുന്നോട്ട് ഓടിപ്പോയി. ആശ്വാസം, അവരുടെ ലക്ഷ്യം എന്റെ കാലല്ല. മുന്നിലോടുന്ന പട്ടിയുടെ കാലാണ്. അതിന് നാലു കാലുള്ളത് ഭാഗ്യം. ഒന്നൊടിഞ്ഞാലും ബാക്കി മൂന്നെണ്ണം ഉണ്ടല്ലൊ.

കാല് തല്ലിയൊടിക്കുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ് എന്ന് തോന്നുന്നു. എത്രയും പെട്ടന്ന് കൈ കൊണ്ട് മാത്രം ഓടിക്കാൻ പറ്റുന്ന ഒരു ഓട്ടൊമാറ്റിക്ക് കാറ് വാങ്ങണം എന്ന ആലോചനയിൽ വലതുകാൽ ആക്സിലറേറ്ററിൽ അമർത്തി വണ്ടി മുന്നോട്ടെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com