ചത്തത് നാലു പശുക്കൾ; ഞെട്ടിച്ച് പരിശോധനാഫലം; രോഗനിയന്ത്രണ ദൗത്യത്തിന് ഒരുങ്ങി അധികൃതർ
Mail This Article
കഴിഞ്ഞ ഒന്നര ആഴ്ചയ്ക്കുള്ളിലാണ് തണ്ണീർമുക്കം പഞ്ചായത്തിലെ വിവിധ വാർഡുകളിലായി നാലു പശുക്കൾ ചത്തുപോയത്. എല്ലാം പ്രകടിപ്പിച്ചത് സമാന ലക്ഷണങ്ങൾ ആയിരുന്നു. തീറ്റമടുപ്പായിരുന്നു ആദ്യ ലക്ഷണം. ചികിത്സയുടെ ഭാഗമായി നടത്തിയ രക്തപരിശോധനയിൽ രക്താണു രോഗമായ തൈലേറിയ തിരിച്ചറിഞ്ഞതിനെ തുടർന്ന് അതിനുള്ള ചികിത്സ തുടങ്ങുകയും ചെയ്തു. എന്നാൽ രണ്ടാം ദിവസം മുതൽ പശു പേവിഷബാധയുടെതായ ലക്ഷണങ്ങൾ കാണിക്കുകയും തുടർന്ന് മരണമടയുകയും ചെയ്തു.
പശുവിന്റെ മരണത്തേത്തുടർന്ന് മൃഗസംരക്ഷണ വകുപ്പ് തിരുവല്ല മേഖലാ രോഗനിർണയ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിക്കപ്പെട്ടത്. മരണപ്പെട്ട എല്ലാ ഉരുക്കളും സമാന ലക്ഷണങ്ങൾ ആയിരുന്നു പ്രകടിപ്പിച്ചിരുന്നതും. ഈ കന്നുകാലികൾക്ക് ഒന്നും തന്നെ നായ്ക്കളുടെ കടിയേറ്റതായി അറിവില്ല. പുല്ല് തിന്നുന്നതിനായി പുറമ്പോക്കിലും മറ്റും കെട്ടിയിടാറുണ്ടെങ്കിലും നായ കടിച്ചിട്ടുള്ളതായ മുറിവുകൾ ഈ കന്നുകാലികൾക്ക് ഉണ്ടായിരുന്നുമില്ല. എന്നാൽ, ഈ പ്രദേശത്ത് ധാരാളമായി കീരികൾ കണ്ടുവരുന്നുണ്ട്. നായ കടി ഏൽക്കാത്ത സ്ഥിതിക്ക് ഇവർക്ക് കീരിയിൽനിന്ന് ആവാം രോഗബാധ ഉണ്ടായതെന്നാണ് അനുമാനം.
വന്യജീവികളുടെയും മനുഷ്യന്റെയും പ്രദേശങ്ങൾ രണ്ടാണ്. രണ്ടു കൂട്ടരും ഈ അതിർത്തികൾ കഴിവതും ലംഘിക്കാതെ ജീവിക്കാൻ ശീലിച്ചിട്ട് നാളുകൾ ഏറെയായി. സാധാരണ നായ്ക്കൾ, പൂച്ചകൾ എന്നിവയിലൂടെയാണ് പേവിഷ രോഗബാധ ഉണ്ടാകുന്നത്. അണ്ണാൻ, മുയൽ, വീടുകളിൽ കാണപ്പെടുന്ന ചെറിയ എലികൾ എന്നിവ പേ വിഷബാധ പടർത്തുന്നതായി കണ്ടെത്തിയിട്ടില്ല. എന്നാൽ വലിയ പെരുച്ചാഴി കടിച്ചാലോ മാന്തിയാലോ പേവിഷ പ്രതിരോധ കുത്തിവയ്പ്പുകൾ ആവശ്യമാണ്. അണ്ണാൻ, മുയൽ, ചെറിയ എലികൾ എന്നിവ കടിച്ചാൽ സാധാരണ പ്രതിരോധ കുത്തിവയ്പ്പുകൾ നൽകാറില്ല.
ഇന്ത്യയിൽ സാധാരണ കാണാറുള്ള വവ്വാലുകളിൽ ഇതുവരെ പേവിഷബാധയുടെ വൈറസ് കണ്ടെത്തിയിട്ടില്ല. എന്നാൽ പല പാശ്ചാത്യ രാജ്യങ്ങളിലും കാണപ്പെടുന്ന ചിലയിനം വവ്വാലുകൾ അവിടെ രോഗവാഹകരാണ്. നട്ടെല്ലുള്ള ഉഷ്ണരക്തമുള്ള ഏതു ജീവിക്കും സാങ്കേതികമായി പേവിഷബാധ ഉണ്ടാകാം. സസ്തനികൾ പ്രത്യേകിച്ച് നായ്ക്കൾ, പൂച്ചകൾ, കുറുക്കൻ, കുറുനരി വിഭാഗത്തിൽപ്പെട്ട ജീവികൾ, ചിലയിനം വവ്വാലുകൾ എന്നിവയിലാണ് വൈറസ് നിലനിൽക്കുന്നതും കൈമാറ്റം ചെയ്യുകയും ചെയ്യുന്നത്.
പേവിഷബാധയുള്ള മൃഗം കടിക്കുമ്പോൾ ഉമിനീരിലൂടെ ശരീരത്തിനുള്ളിലേക്കു രോഗാണുക്കൾ പ്രവേശിക്കുന്നു. ഈ വൈറസുകൾ നാഡികൾ വഴി തലച്ചോറിൽ എത്തുന്നു. തലച്ചോറിനുള്ളിൽ എത്തിക്കഴിഞ്ഞാൽ വൈറസ് അതിവേഗം പെരുകുകയും ഗ്രന്ഥികളിലേക്കും ശരീര സ്രവങ്ങളിലേക്കും ഉയർന്ന അളവിൽ വൈറസ് വ്യാപിക്കുകയും ചെയ്യും. തുടർന്ന് രോഗലക്ഷണങ്ങൾ പ്രകടമാകും.
വളർത്തുമൃഗങ്ങളിൽ പ്രത്യേകിച്ച് പശുക്കളിൽ തീറ്റ മടുപ്പായിരിക്കും ആദ്യ ലക്ഷണം. വായിൽ നിന്നും ഉമിനീരൊലിക്കുക, വയറിന്റെ ഇടതുഭാഗം ഒട്ടിക്കിടക്കുക, ഇടവിട്ട് ഇടവിട്ട് മൂത്രം ഒഴിക്കുക, പ്രത്യേക ശബ്ദത്തിൽ കരയുക, ചെറിയ ചലനങ്ങൾ പോലും ഭയപ്പെടുക, ആക്രമണ സ്വഭാവം കാണിക്കുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. തുടർന്ന് കിടപ്പിലായി മരണപ്പെടുകയും ചെയ്യും. പേവിഷബാധ ഉണ്ടായാൽ മനുഷ്യനെപ്പോലെ നായ്ക്കളും പൂച്ചകളും പശു, ആട് എന്നിവയും ഏതാനും ദിവസങ്ങൾക്കുള്ളിൽ മരണപ്പെടും. പരമാവധി പത്തു ദിവസമാണ് അവ പേ ഇളകിയ ശേഷം ജീവിക്കുന്നത്.
ചില സംശയങ്ങളും ഉത്തരങ്ങളും
പേവിഷബാധയെത്തുടർന്നു ചത്ത വളർത്തു മൃഗങ്ങളുടെ പാൽ കുടിച്ചു പോയാൽ ആളുകൾ പരിഭ്രാന്തരാവാറുണ്ട്. തിളപ്പിച്ച പാൽ കുടിച്ചവർ യാതൊരുവിധത്തിലും ആശങ്കപ്പെടേണ്ടതില്ല. ആ ചൂടിൽ വൈറസ് പൂർണമായും നശിച്ചു പോകും. തിളപ്പിക്കാത്ത പാൽ കുടിച്ച് പേവിഷബാധ ഏറ്റതായി ലോകത്തെവിടെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും വായിലെയോ ഉള്ളിലെയോ ചെറിയ മുറിവുകളിലൂടെ പാലിലെ വൈറസ് മനുഷ്യ ശരീരത്തിനുള്ളിൽ പ്രവേശിക്കാനുള്ള സാങ്കേതിക സാധ്യത നിലനിൽക്കുന്നുണ്ട്. ഇനി ഇല്ലെങ്കിൽ പോലും തിളപ്പിക്കാത്ത പാൽ കുടിക്കരുത്. തിളപ്പിക്കാത്ത പാൽ കുടിക്കുന്നത് അനാരോഗ്യകരമായ പ്രവണതയാണ്.
മറ്റൊരു സംശയം ആണ് വിഷബാധയുള്ള നായയുടെ കടിയേറ്റ പക്ഷികളുടെ ഇറച്ചിയും മറ്റും ഉപയോഗിക്കാമോ എന്നുള്ളത്. റാബിസ് വൈറസ് സ്വാഭാവികമായി കാണപ്പെടാത്ത അപൂർവ സാഹചര്യത്തിൽ രോഗമുണ്ടായാൽ പോലും മറ്റൊരു ജീവിയിലേക്കു പകർത്താൻ കഴിയാത്ത വളർത്തു പക്ഷികളുടെ ഇറച്ചിയും മുട്ടയും ഉപയോഗിക്കാവുന്നതാണ്. പേവിഷബാധയുള്ള സസ്തനികളുടെ ആക്രമണത്തിന് ഇരയായ പക്ഷികൾക്കും മൃഗങ്ങൾക്കും മനുഷ്യർക്കും അപകടം ഉണ്ടാകാനുള്ള സാധ്യത ഇല്ല. അവയെ ഭക്ഷിച്ചാൽ പോലും പാചകം ചെയ്തിട്ടാണ് ഭക്ഷിക്കുന്നതെങ്കിൽ രോഗാണുബാധയുടെ സാധ്യത ഇല്ല.
രോഗ നിയന്ത്രണ മാർഗ്ഗങ്ങൾ
രോഗനിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി തണ്ണീർമുക്കം പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും ഇതിനോടകം തന്നെ തയാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു. പ്രദേശത്തെ മുഴുവൻ തെരുവുനായ്ക്കളെയും ഊർജിത പേവിഷപ്രതിരോധ കുത്തിവയ്പ്പിന് വിധേയമാക്കുന്നതാണ്. വേൾഡ് റാബിസ് മിഷൻ എന്ന സന്നദ്ധ സംഘടന വഴി പൊതുജനങ്ങൾക്കുള്ള ബോധവൽകരണ പരിപാടികളും നടപ്പിലാക്കുന്നുണ്ട്. പ്രദേശത്ത് കീരികളിലൂടെ ആവാം രോഗപ്പകർച്ച എന്നുള്ളതിനാൽ ഇവയെ നിയന്ത്രണവിധേയമാക്കുന്നതിന് പ്രദേശത്തെ മുഴുവൻ കുറ്റിക്കാടുകളും വെട്ടി നശിപ്പിക്കുക, മാലിന്യക്കൂമ്പാരം ഒഴിവാക്കുക, വളർത്തുനായ്ക്കൾക്കുള്ള പ്രതിരോധ കുത്തിവയ്പ്പ്, തൊഴുത്തും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് കർഷകർക്ക് അവബോധം നൽകുക എന്നിവ ഗ്രാമപഞ്ചായത്ത് രോഗനിയന്ത്രണത്തിന്റെ ഭാഗമായി നടപ്പിലാക്കി വരുന്നു.