വയറിന് അസാധാരണ വലുപ്പം; എക്സ്റേയിൽ തെളിഞ്ഞത് കണ്ട് ഡോക്ടർമാർ ഞെട്ടി; ഇഗ്വാനയ്ക്ക് സംഭവിച്ചത്...
Mail This Article
അരുമ മൃഗങ്ങളുടെ ലോകം ഇന്ന് നായ, പൂച്ച എന്നിവകളിൽ മാത്രം ഒതുങ്ങുന്നില്ല. ലക്ഷങ്ങൾ വിലയുള്ള വിദേശ ഇനം അരുമ മൃഗങ്ങൾ ഇന്ന് നമുക്കു സുപരിചിതരാണ്. വിവിധതരം ഉരഗങ്ങൾ, സസ്തനികൾ, വർണചാരുതയുള്ള വലുതും ചെറുതുമായ പക്ഷികൾ, വിവിധതരം ആമകൾ, മത്സ്യങ്ങൾ എന്നിവയെല്ലാം ഈ ശ്രേണിയിൽ ഉൾപ്പെടുന്നു. പോക്കറ്റിൽ ഒതുങ്ങുന്ന ഇത്തിരിക്കുഞ്ഞൻ മർമോസെറ്റ് മങ്കി, ഓന്ത് വർഗ്ഗത്തിൽപ്പെട്ട ഇഗ്വാന, സൽക്കാറ്റ ആമകൾ, ബോൾ പൈതൺ, സെർവൽ പൂച്ചകൾ, ഫെററ്റുകൾ, തവളകൾ, ഷുഗർ ഗ്ലൈഡറുകൾ എന്നിവയെ എല്ലാം വളർത്തുകയും വിപണനം ചെയ്യുകയും ചെയ്യുന്ന ഒട്ടേറെ പേർ നമുക്കിടയിലുണ്ട്.
വിദേശമൃഗങ്ങളുടെ കച്ചവടം വർധിക്കുന്നതിന് സോഷ്യൽ മീഡിയ സ്വാധീനിച്ചിട്ടുണ്ട്. ഒരു വിദേശ മൃഗത്തിന് അനുയോജ്യമായ പാരിസ്ഥിതിക സാഹചര്യങ്ങളും പാർപ്പിടവും ഭക്ഷണക്രമവും നൽകുന്നത് പല കാരണങ്ങളാൽ ബുദ്ധിമുട്ടാണ്. ഇത്തരം മൃഗങ്ങളെ പരിപാലിക്കുന്നതിനെക്കുറിച്ച് മതിയായ വിവരങ്ങളും ലഭ്യമല്ല. ശരിയായ അന്തരീക്ഷം, താപനില, അല്ലെങ്കിൽ സൂര്യപ്രകാശത്തിന്റെ അളവ് ഇതൊക്കെ നൽകുന്നത് പലപ്പോഴും ഇവയുടെ പരിപാലനത്തിൽ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. ശരിയായ ഭക്ഷണക്രമം നൽകുന്നത് പോലും ബുദ്ധിമുട്ടുള്ളതോ അസാധ്യമോ ആയിരിക്കും. ഇതിനുപുറമേ ചില വിദേശ ഇനം മൃഗങ്ങളെ സ്വന്തമാക്കുന്നതിനോ വളർത്തുന്നതിനോ ലൈസൻസ് ആവശ്യമായി വന്നേക്കാം. വിദേശികളായ മൃഗങ്ങൾ അവയുടെ പ്രവചനാതീതമായ വന്യമായ സ്വഭാവം നിലനിർത്തുന്നു. ചിലത് അവയുടെ ഉടമസ്ഥന് അപകടങ്ങൾ ഉണ്ടാക്കാനുള്ള സാധ്യതയും ഏറെയാണ്. ഇങ്ങനെ നിരവധി പ്രശ്നങ്ങൾ ഇവകളെ വളർത്തുന്നവർ അഭിമുഖീകരിക്കുന്നുണ്ട്. ഒപ്പം ഇവകളെ ബാധിക്കുന്ന രോഗങ്ങളും വിരളമല്ല.
വിദേശ മൃഗങ്ങളെ ചികിത്സിക്കുന്നതിനുള്ള ചെലവ് മറ്റു വളർത്തുമൃഗങ്ങളേക്കാൾ വളരെ കൂടുതൽ ആയിരിക്കും. വിദേശ അരുമ മൃഗങ്ങളുടെ പരിപാലനത്തിൽ ഏറെ മുന്നോട്ടു പോയിട്ടുണ്ടെങ്കിലും ഇവയുടെ ആരോഗ്യ പരിപാലനം, രോഗങ്ങൾ, രോഗനിർണയം, ചികിത്സ എന്നിവയ്ക്കുള്ള സൗകര്യങ്ങളും കേരളത്തിൽ പരിമിതമാണ്. സർക്കാർ തലത്തിൽ ഇവയ്ക്കായി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ നിലവിലില്ല. ഇവയുടെ ചികിത്സയിൽ പ്രാവീണ്യം നേടിയ വെറ്ററിനറി സ്പെഷ്യലിസ്റ്റുകളുടെ എണ്ണവും വിരലിലെണ്ണാവുന്നത് മാത്രമാണ്. വിശദമായ അറിവും വൈദഗ്ധ്യവും ആത്മവിശ്വാസവും ഉണ്ടെങ്കിൽ മാത്രമേ ഇത്തരം ജീവികളുടെ രോഗം നിർണയവും ചികിത്സയും സാധ്യമാകൂ. അതോടൊപ്പം എല്ലാവിധ ആധുനിക രോഗനിർണയ രീതികളും സൗകര്യങ്ങളും ഇതിന് ആവശ്യവുമാണ്. ഇത്തരം ഒരു പ്രതിസന്ധിഘട്ടത്തിലാണ് മലപ്പുറം വളാഞ്ചേരിയിൽനിന്നുള്ള മുഹമ്മദ് സഹീർതന്റെ ഇഗ്വാനയുടെ ചികിത്സയ്ക്കായി എറണാകുളം പാലാരിവട്ടത്തുള്ള ബേർഡിനെക്സ് ആൻഡ് എക്സോട്ടിക് പെറ്റ് സ്പെഷലിറ്റി ഹോസ്പിറ്റലിലെ ഡോ. ടിറ്റു എബ്രഹാമിനെ തേടിയെത്തുന്നത്.
സർജറിയിൽ ബിരുദാനന്തര ബിരുദവും ഒപ്പം വൈൽഡ് അനിമൽ ഡിസീസ് മാനേജ്മെന്റ്, എൻഡോസ്കോപ്പി എന്നീ മേഖലകളിൽ പ്രാവീണ്യവും നേടിയിട്ടുള്ള പെറ്റ് സ്പെഷലിസ്റ്റാണ് ഡോ. ടിറ്റു ഏബ്രഹാം. കേരളത്തിലെ തന്നെ വിരലിലെണ്ണാവുന്ന വിദേശ അരുമമൃഗ ചികിത്സകരിൽ ഒരാളാണ് ഇദ്ദേഹം. വിദേശ അരുമമൃഗ ചികിത്സയിലെ എല്ലാവിധ നൂതന സൗകര്യങ്ങളും ഈ സ്ഥാപനത്തിലുണ്ട്. ഉരഗങ്ങൾ, സസ്തനികൾ, പക്ഷികൾ, മത്സ്യങ്ങൾ, എന്നിവയ്ക്കായി പ്രത്യേകം ഒ പി വിഭാഗങ്ങളും, എക്സ്റേ, എൻഡോസ്കോപ്പി, അൾട്രാസൗണ്ട് സ്കാനിങ്, ഓപ്പറേഷൻ തിയേറ്റർ, അത്യാഹിത പരിചരണ വിഭാഗം, കിടത്തി ചികിത്സ വിഭാഗം, വിദേശ ഇനം അരുമകളുടെ ബോർഡിങ് ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.
മുഹമ്മദ് സാഹിർ യാദൃശ്ചികമായി തന്റെ ഇഗ്വാനയെ എടുത്തപ്പോഴാണ് വയറിനുള്ളിൽ ഒരു ഭാഗത്തായി തടിപ്പ് തോന്നിയത്. ആഹാരം കഴിക്കുന്നതും അൽപം മടിയോടെ ആയിരുന്നു. മലവിസർജനം നടത്തുന്നതും അളവിൽ കുറച്ചായിരുന്നു. തുടർന്നാണ് മുഹമ്മദ് സഹീർ ഡോ. ടിറ്റുവിനെ സമീപിക്കുന്നത്. എക്സ്-റേ പരിശോധനയിൽ കുറെയേറെ വലുപ്പമുള്ള ഒരു വസ്തു മൂത്രാശയത്തിനുള്ളിൽ കാണപ്പെട്ടു. മൂത്രാശയത്തിലെ കല്ലായിരുന്നു എക്സറേ പരിശോധനയിൽ കണ്ടത്. താരതമ്യേന വലുപ്പം കൂടിയ കല്ല് ആയതിനാൽ മരുന്നുകൾ ഉപയോഗിച്ച് അലിയിച്ച് കളയാൻ കഴിയില്ല. തുടർന്ന് ശസ്ത്രക്രിയ നടത്തി കല്ല് നീക്കം ചെയ്യുകയായിരുന്നു.
ഏകദേശം 4.35 കിലോ ഭാരവും ആറടി നീളവുമുള്ള ഇഗ്വാനയുടെ വയറിനുള്ളിൽ നിന്നും നീക്കം ചെയ്തത് 340 ഗ്രാം ഭാരവും 11 സെന്റി മീറ്റർ നീളവും 7 സെന്റിമീറ്റർ വീതിയുമുള്ള ഒരു കല്ലായിരുന്നു. ഓക്സലേറ്റ് കൂടുതൽ അളവിൽ അടങ്ങിയിട്ടുള്ള സ്പിനാച്ച് ആയിരുന്നു കൂടുതലായും സ്ഥിരമായും ഇഗ്വാനയ്ക്ക് ആഹാരമായി കൊടുത്തു വന്നിരുന്നത്. ഒപ്പം തുടർച്ചയായി കാത്സ്യം അടങ്ങിയ ടോണിക്കുകളും നൽകി വന്നിരുന്നു. ഒരുപക്ഷേ ഇതാവാം മൂത്രാശയത്തിനുള്ളിലെ കല്ലിനു കാരണമായത് എന്നാണ് നിഗമനം. കൃത്രിമമായി വരുത്തുന്ന ബോധക്ഷയം അഥവാ അനസ്തേഷ്യ ചെയ്യുന്നത് വെല്ലുവിളി ആയതുകൊണ്ട് കൃത്രിമ വെന്റിലേഷൻ നൽകിയാണ് ശസ്ത്രക്രിയ നടത്തിയത്. ഏകദേശം 3 മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയ ആയിരുന്നു ഇത്. ഡോ. ടിറ്റുവും ഈ സ്ഥാപനത്തിലെ തന്നെ ഡോ. അനു ചന്ദ്രനും ചേർന്നായിരുന്നു സങ്കീർണ്ണമായ ഈ ശസ്ത്രക്രിയ നടത്തിയത്. തുടർന്നുള്ള ആന്റിബയോട്ടിക് ചികിത്സയ്ക്കും മറ്റ് അനുബന്ധ ചികിത്സകൾക്കും ശേഷം പൂർണ ആരോഗ്യത്തോടെ നാട്ടിലേക്ക് മടങ്ങുകയാണ് മുഹമ്മദ് സഹീറും തന്റെ ഓമന ഇഗ്വാനയും.