വിചിത്ര രൂപത്തിൽ ആട്ടിൻകുട്ടി; സിസേറിയൻ ചെയ്ത ഡോക്ടർമാർ ഞെട്ടി; ആലപ്പുഴയിൽ സംഭവിച്ചത്
Mail This Article
കഴിഞ്ഞ ദിവസം ഏകദേശം 11 മണിയോടുകൂടിയാണ് രാമങ്കരി വെറ്ററിനറി സർജനായ ഡോ. വിബിൻ കൈമളിന് മുട്ടാർ പഞ്ചായത്തിലെ മിത്രക്കരി നടുവിലെ പറമ്പ് വീട്ടിൽ സൗമേഷിന്റെ ഫോൺ വിളിയെത്തുന്നത്. തന്റെ വീട്ടിൽ വളർത്തുന്ന ബാർബാറി ഇനത്തിൽപ്പെട്ട ആടു പ്രസവിക്കാൻ ബുദ്ധിമുട്ട് കാണിക്കുന്നു എന്നായിരുന്നു അദ്ദേഹം അറിയിച്ചത്. അതിന്റെ മാച്ച് വള്ളിയാണ് പുറത്തുവന്നതെന്നും തൂനിക്കുടം അഥവാ തണ്ണീർക്കുടത്തിനുള്ളിൽ കുട്ടിയെയോ കുട്ടിയുടെ ഭാഗമോ കാണാനില്ലെന്നും അദ്ദേഹം പറഞ്ഞു. കാര്യത്തിന്റെ ഗൗരവം ബോധ്യമായ ഡോ. വിബിൻ 15 മിനിറ്റിനകം സ്ഥലത്തെത്തുകയും ബാഹ്യ ജനനേന്ദ്രിയം വഴി കൈകടത്തി പരിശോധിക്കുകയും ചെയ്തു.
പരിശോധനയിലൂടെ കുട്ടിയുടെ കുടലാണ് തണ്ണീർക്കുടത്തിനുള്ളിലേക്കു വന്നിരിക്കുന്നതെന്നു മനസ്സിലായി. ഇതൊരു ജനിതക വൈകല്യമാണ്. മാത്രമല്ല കുട്ടി ഗർഭാശയത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. അതിനെ പുറത്തേക്ക് വലിച്ചെടുക്കാൻ കഴിയാത്ത അവസ്ഥയിലുമാണ്. ഇത്തരം അവസ്ഥയിൽ കൈ കടത്തി കുട്ടിയെ പുറത്തേക്ക് വലിച്ചെടുത്താൽ അത് ആടിന് ദോഷം ചെയ്യും. കാരണം, ഗർഭാശയ ഭിത്തി കീറിപ്പോകാൻ സാധ്യതയുണ്ട്. ഇക്കാര്യങ്ങൾ ഉടമയെ പറഞ്ഞു മനസ്സിലാക്കി സിസേറിയൻ ശസ്ത്രക്രിയയിലൂടെ മാത്രമേ കുട്ടിയെ പുറത്തെടുക്കുവാൻ കഴിയൂ എന്ന് അറിയിച്ചു.
സങ്കീർണമായ ശസ്ത്രക്രിയ ആയതിനാൽ സ്കാനിങ്, എക്സ്റേ, ലബോറട്ടറി, ഓപ്പറേഷൻ തിയേറ്റർ എന്നീ സൗകര്യങ്ങളുള്ള ജില്ലയിലെ ആസ്ഥാന റഫറൽ ആശുപത്രിയായ ആലപ്പുഴ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലേക്കു റഫർ ചെയ്തു. തുടർന്ന് അവർ ആടിനൊപ്പം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ ഏകദേശം ഒന്നരയോടുകൂടി എത്തി.
ജില്ലാ വെറ്ററിനറി ആശുപത്രിയിലെ ഡോ. മുഹമ്മദ് അഫ്സൽ, ഡോ. രാജീവ്, രാത്രികാല അടിയന്തിര ചികിത്സാ പദ്ധതിയിലെ ഡോ. സജീർ മോൻ, ഇന്റേൺഷിപ് ട്രെയിനി ഡോ. നസറിൻ എന്നിവർ ചേർന്ന് പരിശോധിച്ചതിനു ശേഷം സിസേറിയൻ നടത്താൻ തയാറെടുത്തു. 40% മാത്രമാണ് ഇത്തരം സർജറിയുടെ വിജയ സാധ്യത. അത്യധികം സങ്കീർണമായ ശസ്ത്രക്രിയ നടത്തി കുട്ടിയെ പുറത്തെടുത്തു. ആരോഗ്യമുള്ള ആ കുട്ടിയെ പുറത്തെടുത്തപ്പോൾ മറ്റൊരു കുടലിന്റെ ഭാഗം കൂടി പുറത്തു വരാൻ തുടങ്ങി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ജനതിക വൈകല്യമുള്ള മറ്റൊരു കുട്ടി കൂടി ഉണ്ടെന്ന് കണ്ടെത്തിയത്. ആദ്യം കിട്ടിയ കുട്ടി പൂർണ വളർച്ചയെത്തിയതും ആരോഗ്യമുള്ളതുമായ ഒരു ആൺകുട്ടിയായിരുന്നു.
രണ്ടാമത്തെ കുട്ടിക്ക് ജീവനില്ലായിരുന്നു. വൈകല്യമുള്ള ആ കുട്ടിയെ കണ്ടാൽ ആരുമൊന്നു ഭയക്കും. കയ്യും കാലും ‘റ’ പോലെ വളഞ്ഞ് കുടൽമാല നെഞ്ചിൽനിന്നു പുറത്തു ചാടിയ നിലയിലുള്ള കുട്ടിയെയാണ് രണ്ടാമത് കിട്ടിയത്. ഈ അവസ്ഥയെ ‘ഷിസ്റ്റോസോമസ് റിഫ്ലക്സസ്’ എന്നാണ് പറയുന്നത്. ശസ്ത്രക്രിയയ്ക്കു ശേഷം നിശ്ചിത സമയത്തിനുള്ളിൽ തന്നെ തള്ളയാട് മയക്കം വിട്ട് ഉണർന്നു. ചികിത്സയോടും മരുന്നുകളോടും നന്നായി പ്രതികരിക്കുന്നുണ്ടായിരുന്നു. ആന്റിബയോട്ടിക്കുകൾ വേദനസംഹാരികൾ, ഫ്ലൂയിഡുകൾ എന്നിവ അടങ്ങിയിട്ടുള്ള 5 ദിവസത്തെ തുടർ ചികിത്സയ്ക്കായി രാമങ്കരി മൃഗാശുപത്രിയിലേക്ക് ശുപാർശ ചെയ്തുകൊണ്ട് ആടിനെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തു.
ഷിസ്റ്റോസോമസ് റിഫ്ലക്സസ്
വളരെ അപൂർവമായി പശു, ആട് എന്നീ മൃഗങ്ങളിൽ കണ്ടുവരുന്ന മരണകാരണമായേക്കാവുന്ന ജന്മനാ ഉള്ള ഒരു വൈകല്യത്തെയാണ് ഷിസ്റ്റോസോമസ് റിഫ്ലക്സസ് എന്നു പറയുന്നത്. രൂപഭംഗം വന്ന ശരീരവും അസ്ഥികളും നെഞ്ചിലെയും വയറിലെയും അവയവങ്ങൾ പുറത്തു തുറന്നു കാണപ്പെടുകയും ചെയ്യുന്ന അവസ്ഥയാണിത്. ആടുകളിൽ ഈ അവസ്ഥ വിഷമ പ്രസവത്തിനു കാരണമാകും. ഗർഭാവസ്ഥയുടെ ആദ്യ ഘട്ടത്തിൽ അന്തഃസ്രാവി ഗ്രന്ഥികളുടെ പ്രവർത്തന പോരായ്മകൾ, ഉപാപചയ പ്രശ്നങ്ങൾ, പാരമ്പര്യം തുടങ്ങിയ വിവിധ ഘടകങ്ങളാണ് ഈ അവസ്ഥ ഉണ്ടാകാൻ കാരണമാകുന്നത്.