പ്രസവവേദനയിൽ പുളഞ്ഞ് പശു; ഡോക്ടർ ശ്രമിച്ചിട്ടും പുറത്തേക്കു വരാതെ കുട്ടി; ഒടുവിൽ സിസേറിയൻ; കുട്ടിയെ കണ്ട് എല്ലാവരും ഞെട്ടി
Mail This Article
കഴിഞ്ഞ ദിവസം രാവിലെ ആറു മണിയോടു കൂടിയാണ് എടത്വാ പഞ്ചായത്തിലെ കണ്ണമാലിയിൽ വീട്ടിൽ കെ.കെ.തോമസിന്റെ സങ്കര ജേഴ്സി ഇനത്തിൽപ്പെട്ട പശു പ്രസവലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്. പശു കിടക്കുകയും എഴുന്നേൽക്കുകയും മുക്കുകയും ചെയ്യുന്നുണ്ട്. മാസം തികഞ്ഞതുമാണ്. പക്ഷേ കുട്ടി പുറത്തേക്കു വരുന്നതുമില്ല. നാലാമത്തെ പ്രസവവുമാണ്. മുൻ പ്രസവങ്ങൾ ഒന്നും തന്നെ പ്രയാസമുള്ളവ ആയിരുന്നില്ല. മണിക്കൂറുകൾ കഴിഞ്ഞിട്ടും കുട്ടി പുറത്തു വരാതിരുന്നപ്പോഴാണ് എടത്വ വെറ്ററിനറി സർജനായ ഡോ. ശ്രീജിത്തിനെ അദ്ദേഹം വിളിക്കുന്നത്. എന്നാൽ ആലപ്പുഴയിൽ വെച്ച് നടക്കുന്ന പ്രതിമാസ അവലോകന യോഗത്തിൽ പങ്കെടുക്കേണ്ടതിനാൽ മൃഗസംരക്ഷണ വകുപ്പിൽനിന്നും റിട്ടയർ ചെയ്ത സീനിയർ വെറ്ററിനറി സർജൻ ഡോ. രമേഷിനെ ബന്ധപ്പെടുത്തി നൽകുകയായിരുന്നു ഡോ. ശ്രീജിത്ത് ചെയ്തത്.
Also read: പുറത്തെടുത്ത ആട്ടിൻകുട്ടിയെ കണ്ട് ഉടമ ഞെട്ടി; മകൾക്ക് കണ്ടു നിൽക്കാൻ പോലും കഴിഞ്ഞില്ല
രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഏതു സ്ഥലത്തും ചികിത്സയും സേവനവും നൽകിവരുന്ന ഡോ. രമേശ് ആലപ്പുഴ പട്ടണത്തിലും സമീപപ്രദേശങ്ങളിലുമുള്ള ക്ഷീരകർഷകരുടെ പ്രിയങ്കരനാണ്. ഏകദേശം ഒൻപതരയോടു കൂടി ഡോ. രമേശ് തോമസിന്റെ വീട്ടിലെത്തി പശുവിനെ പരിശോധിച്ചു. ബാഹ്യ ജനനേന്ദ്രിയത്തിലൂടെ കൈകൾ അകത്തേക്ക് കടത്തി പരിശോധിച്ച ഡോക്ടറുടെ കൈകൾ സ്പർശിച്ചത് കിടാവിന്റെ തലയിലാണ്. സാധാരണ പ്രസവ സമയത്ത് മുൻകൈകളും ഒപ്പം തലയും മുന്നോട്ട് വരുന്ന ആന്റീരിയർ പ്രസന്റേഷൻ എന്ന രീതിയിലായിരുന്നു കുട്ടിയുടെ കിടപ്പ്. തല അൽപം ചരിഞ്ഞു കിടക്കുന്ന അവസ്ഥയിലുമാണ്. തല നേരെയാക്കി കുട്ടിയെ പുറത്തെടുക്കാൻ ശ്രമിക്കുമ്പോഴാണ് ഡോക്ടർക്ക് കിടാവിന്റെ രൂപത്തെക്കുറിച്ച് ബോധ്യം വന്നത്.
Also read: രണ്ട് തലയും ഒരുടലുമായി പശുക്കിടാവ്; കർഷകനെ ബുദ്ധിമുട്ടിലാക്കിയ മോൺസ്റ്റർ കാഫ്
കൂടുതൽ പരിശോധനയിൽ രണ്ടു തലയുള്ള ഒരു കുട്ടിയാണ് ഉള്ളിലുള്ളതെന്ന് ബോധ്യമായി. രണ്ടു തലയുള്ള കിടാവിനെ പുറത്തേക്കു സുഗമമായിവലിച്ചെടുക്കുക അത്ര എളുപ്പമല്ല. ചില ഘട്ടങ്ങളിൽ കുട്ടി ബുദ്ധിമുട്ടില്ലാതെ പുറത്തേക്കു വരാറുമുണ്ട്. എന്നാൽ, ഏറെ സമയം പരിശ്രമിച്ചിട്ടും തലകൾ ഒതുക്കി മുൻകൈകളിൽ കുട്ടിയെ വലിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതുകൊണ്ട് സിസേറിയൻ ചെയ്ത് കുട്ടിയെ പുറത്തെടുക്കാൻ തീരുമാനിച്ചു. സഹായത്തിന് മാരാരിക്കുളം വെറ്ററിനറി സർജൻ ഡോ. വിഷ്ണു സോമൻ, വെളിയനാട് ബ്ലോക്ക് രാത്രികാല മൃഗചികിത്സാ പദ്ധതിയിലെ ഡോ. ഹരിശങ്കർ എന്നിവരുമെത്തി.
പൂർണ വളർച്ചയെത്തിയ, രണ്ടു തലകൾ യോജിച്ചു ചേർന്ന നിലയിലുള്ള ഒരു കാള കുട്ടിയെ ആയിരുന്നു ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. രണ്ടു തല, രണ്ടു വായ, രണ്ട് മൂക്ക്, നാലു കണ്ണുകൾ, രണ്ടു ചെവി എന്നിവയോടു കൂടിയ വികൃത രൂപിയായ ഒരു കിടാവായിരുന്നു അത്. പുറത്തെടുത്ത കുട്ടിക്കു ജീവനുണ്ടായിരുന്നില്ല. ബാക്കി ശരീരഭാഗങ്ങൾ എല്ലാം സാധാരണ കിടാവിന്റെ പോലെ തന്നെ ആയിരുന്നു.
Also read: രണ്ടു നാവ്, 3 കണ്ണുകള്‍, രണ്ടു തല: വികൃതരൂപത്തില്‍ വീണ്ടും പശുക്കുട്ടി
ഡൈ സെഫാലസ്സ് മോൺസ്റ്റർ എന്നാണ് ഇത്തരം രണ്ടു തലയുള്ള വികൃതരൂപിയായ കിടാക്കളെ വിളിക്കുന്നത്. ജനതിക വൈകല്യമാണ് ഇത്തരം ജനനങ്ങൾക്കു കാരണമാകുന്നത്. അണ്ഡവും ബീജവും സംയോജിച്ച് ഭ്രൂണമായി മാറി കോശങ്ങൾ ഇരട്ടിച്ച് വളരുന്ന ഘട്ടത്തിൽ ഉണ്ടാകുന്ന അപാകതകൾ മൂലമാണ് ഇത്തരം വികൃത രൂപത്തിലുള്ള കിടാക്കൾ ജനിക്കുന്നത്.