ADVERTISEMENT

ഫ്രഞ്ച് ഇംപ്രഷനിസ്റ്റ് മാസ്റ്റർ ക്ലോഡ് മോനെറ്റിന്റെ ലാൻഡ്‌സ്‌കേപ്പ് പെയിന്റിങ് 'ലെസ് സോൾസ്, ഗിവേർണി' (ദി വില്ലോസ്, ഗിവേർണി), പാരീസ് ലേലത്തിൽ വിൽപ്പനയ്‌ക്കെത്തുന്നു. 1948 മുതൽ സ്വകാര്യമായി സൂക്ഷിച്ചിരിക്കുന്ന പെയിന്റിങ്ങിന് 3 ദശലക്ഷം യൂറോ (26,70,51,000 രൂപ) വരെ ലഭിക്കുമെന്നാണ് വിൽപ്പനയുടെ മേൽനോട്ടം വഹിക്കുന്ന ലേല സ്ഥാപനമായ അഡർ കണക്കാക്കുന്നത്. ഫ്രഞ്ച് ആർട്ട് മാർക്കറ്റിൽ അപൂർവമായിത്തീർന്നവയാണ് മോനെറ്റിന്റെ പെയിന്റിങ്ങുകകൾ. പതിറ്റാണ്ടുകൾക്ക് ശേഷമാണ് മോനെറ്റിന്റെ ഒരു ചിത്രം ലേലത്തിനു വരുന്നത്. 

"ക്ലോഡ് മോനെറ്റിന്റെ ഈ അളവിലുള്ള പെയിന്റിങ്ങുകൾ ഫ്രഞ്ച് കുടുംബങ്ങൾക്കിടയിൽ ഇപ്പോൾ നിലവിലില്ല. അവ വലിയ മ്യൂസിയങ്ങളിലോ വിദേശ ശേഖരങ്ങളിലോ കാണപ്പെടുന്നു, എന്നാൽ ഫ്രാൻസിൽ അവ കണ്ടെത്തുന്നത് വളരെ അപൂർവമാണ്. ഇത് ഫ്രഞ്ച് വിപണിയെ സംബന്ധിച്ചിടത്തോളം ഒരു വലിയ അവസരമാണ്"–ലേല സ്ഥാപനമായ അഡറിന്റെ പ്രതിനിധി ഡേവിഡ് നോർഡ്മാൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

നവംബർ 24-ന് ഹോട്ടൽ ഡ്രൗട്ടിൽ നടക്കാനിരിക്കുന്ന അഡർ ലേല സ്ഥാപനത്തിന്റെ ഇംപ്രഷനിസ്റ്റ്, മോഡേൺ ആർട്ട് വിൽപ്പനയിലെ ഏകദേശം മൂന്ന് ഡസൻ ലോട്ടുകളിൽ ഒന്നായിട്ടാണ് മോനെറ്റിന്റെ ലാൻഡ്‌സ്‌കേപ്പ് പെയിന്റിങ് പ്രത്യക്ഷപ്പെടുന്നത്. 1948 മുതൽ സ്വകാര്യ കൈകളിൽ തുടരുന്ന പെയിന്റിങ് 1886 വരച്ചതാണ്. 73 സെ.മി. x 92 സെ.മി. (28.7 ഇഞ്ച് x 36.2 ഇഞ്ച്) വലിപ്പമുള്ള മോനെറ്റിന്റെ ഈ എണ്ണച്ചായ ചിത്രത്തിന് രസകരമായ ഒരു ചരിത്രമുണ്ട്. ജൂത വംശജരായ ഒരു കുടുംബമാണ് സൂക്ഷിച്ചിരുന്നത്. 1948-ൽ നൈസിലെ ഒരു ഗാലറിയിൽ നിന്ന് വാങ്ങിയ ചിത്രം പാരീസിലെ വസതിയിൽ പ്രദർശിപ്പിക്കുകയും തലമുറകളായി കൈമാറി സൂക്ഷിക്കുകയും ചെയ്തു.

മോനെറ്റിന്റെ വാട്ടർ ലില്ലി പോലെ പ്രസിദ്ധമല്ലെങ്കിലും മോണറ്റിന്റെ സൃഷ്ടികൾ കൂടുതൽ വിരളമായിക്കൊണ്ടിരിക്കുന്ന കലാവിപണിയിൽ, ഈ മാസ്റ്റർപീസ് കളക്ടർമാർക്കും കലാപ്രേമികൾക്കും ഇടയിൽ ഒരു ആവേശം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. "ഇത് ക്ലോഡ് മോനെറ്റിന്റെ സാധാരണമായ ഒരു ചിത്രമാണ്, ബ്രഷ് സ്ട്രോക്കുകളും പ്രകാശത്തിന്റെ കടന്നുവരവുമാണ് അതിന്റെ പ്രത്യേകത"– ഡേവിഡ് നോർഡ്മാൻ കൂട്ടിചേർത്തു.

അമേരിക്കൻ ചിത്രകാരി മേരി കസാറ്റിന്റെ 'പോർട്രെയിറ്റ് ഡി ജ്യൂൺ ഫില്ലെ ഓ ചാപ്യോ ബ്ലാങ്ക്' എന്ന സൃഷ്ടിയും ലേലത്തിൽ ഉൾപ്പെടുന്നുണ്ട്. 800,000 മുതൽ 1.2 ദശലക്ഷം യൂറോ വരെ അതിന് ലഭിക്കുമെന്ന് കണക്കാക്കുന്നു.

English Summary:

Claude Monet's Painting 'Les Souls, Giverny' Expected to Fetch Millions at Auction in Paris

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com