ADVERTISEMENT

ജനുവരി 2023, ലണ്ടൻ.

ഏതൻസിലെ അക്രോപോളിസിനെ ഓർമ്മിപ്പിക്കുന്ന പടുകൂറ്റൻ തൂണുകളുള്ള ബ്രിട്ടിഷ് മ്യൂസിയത്തിൽ നിന്നും പുറത്തിറങ്ങി. മഴയും മൂടൽമഞ്ഞുമുള്ള ഇരുണ്ട ശീതകാല ദിനം. തള്ളുവണ്ടിയിൽ കപ്പലണ്ടിയും ആൽമണ്ടും കാരമലിൽ മുക്കി വറുക്കുന്ന ഒരാൾ. വെളുത്ത പുകയും സ്വാദൂറുന്ന ഗന്ധവും വായുവിൽ പരന്നു. അതാണ് ഇന്നത്തെ ഉച്ചഭക്ഷണം, ഈ തണുപ്പിൽ ഉചിതം. ട്യൂബ് ട്രെയിനിൽ കയറി ചാറിംഗ് ക്രോസ്സിൽ ഇറങ്ങി ട്രഫാൽഗർ സ്ക്വയറിലേക്ക് നടന്നു. ചത്വരത്തിന്റെ ശിൽപചാതുര്യം കണ്ട ശേഷം നാഷണൽ ഗാലറിയിൽ കടന്നു. ഡാവിഞ്ചിയുടെ 'മഡോണ ഓഫ് ദ് റോക്സ്', വാൻഗോഗിന്റെ 'സൂര്യകാന്തികൾ' - അവ രണ്ടുമാണ് പ്രധാന ആകർഷണം. എവിടെ അവർ? റിസപ്ഷനിൽ ചോദിച്ചു. റൂം നമ്പർ ഒൻപതില്‍ ഡാവിഞ്ചി, 43-ൽ വാൻഗോഗ്. ആ രണ്ട് ചിത്രങ്ങൾ കണ്ട് പെട്ടെന്ന് പോകണം, ഗ്രീനിച്ചും കാനറി വാർഫും കാത്തിരിക്കുന്നു. പക്ഷേ അനന്തമായി നീളുന്ന മുറികളിൽ മഹാരഥന്മാരുടെ നീണ്ട നിര എന്നെ കാത്തിരുന്നു. ഡാവിഞ്ചി, മൈക്കലാഞ്ചലോ, ടിഷ്യൻ, റാഫേൽ, ബോട്ടിച്ചെല്ലി, കാനലെറ്റോ, ബസാനോ, വാൻ ഡൈക്ക്, വാൻഗോഗ്, ഗോഗിൻ, റെംബ്രാന്റ്, മോനെ, മാനെ, പിസ്സാരോ, സെസാൻ, പിക്കാസോ, ജാൻ സ്റ്റീൻ, അവർക്യാംപ്, ഫാബ്രീഷ്യസ്, മെറ്റ്സു, ബ്രുഷെൽ. ശൈലികൾ - ക്ളാസിക്കൽ, റിയലിസം, ഇംപ്രഷനിസം, പോസ്റ്റ് ഇംപ്രഷനിസം, പ്രീ മോഡേൺ. ഇത്രയും പ്രതീക്ഷിച്ചില്ല. ഇന്നിനി വേറെങ്ങും പോകുന്നില്ല, ഇവിടെ കൂടാം.

vangogh-four
നാഷണൽ ഗാലറി, ലണ്ടൻ

അമൂല്യ സൃഷ്ടികൾ സൂക്ഷിച്ചു വച്ചിരിക്കുന്ന മന്ദിരവും ഉജ്ജ്വല കലാസൃഷ്ടിയാണ്. ഗ്രീക്ക് വാസ്തുശൈലിൽ പണിത പുറം ചുവരുകൾക്കുള്ളിൽ കൊട്ടാര സമാനമായ ഉൾഭാഗം. രണ്ട് നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള  ഈ കലാശാലയിൽ 2300 ചിത്രങ്ങൾ. യൂറോപ്പിലെ പ്രമുഖ ഗാലറികളുമായി താരതമ്യം ചെയ്താൽ ചെറുത്, എന്നാൽ പ്രദർശിപ്പിക്കുന്ന ചിത്രകല സങ്കേതങ്ങളുടെ വ്യാപ്തി പരിഗണിച്ചാൽ ഈ ശാല മറ്റൊന്നിനും പിന്നിലല്ല. ശ്രദ്ധേയമായ രചനകൾ - ബാക്കസും അറിയാഡ്നയും (ടിഷ്യൻ), ബാത്തേഴ്സ് (സെസാൻ), ബാത്തേഴ്സ് അറ്റ് അനിയെ (ജോർജ് സ്യൂററ്റ്), സാംസണും ദലീലയും (പോൾ റൂബൻസ്), റെംബ്രാൻഡ് (സെൽഫ് പോർട്രെയ്റ്റ്), സാൻ റൊമാനോയിലെ യുദ്ധം (പൗലോ ഉച്ചല്ലോ), പിങ്ക് മഡോണ (റാഫേൽ), കല്ലാശാരിയുടെ പണിശാല (കാർനലറ്റോ), വീനസും മാർസും (ബോട്ടിചെല്ലി).

തേജോമയമായ ഇടനാഴികളിലൂടെ ഞാൻ നടന്നു. ഡച്ച് ചിത്രകാരന്മാരുടെ ഗ്രാമശോഭ, മനുഷ്യ സ്വഭാവത്തിന്റെ ആഴം, ബൈബിളിലെ സംഭവങ്ങളുടെ വിവിധ ആഖ്യാനങ്ങൾ. മനസ്സിലേക്ക് തുറന്ന വാതിലായ  പോർട്രെയ്റ്റുകളിൽ പ്രശസ്തരും സാധാരണക്കാരുമുണ്ട്. വരകളുടെ, വരികളുടെ കടുംചായത്തിന്റെ, ഇളം നിറങ്ങളുടെ ഉത്സവം. തിരിക്കിട്ടു നടന്നും സ്വസ്ഥമായിരുന്നും ഇടവഴിയിൽ കുരുങ്ങിയും ആസ്വാദകർ. അതാ ഡാവിഞ്ചിയുടെ മഡോണ. അത് രണ്ടെണ്ണമുണ്ട്, മറ്റൊന്ന് പാരീസിലെ ലൂവ്ര് മ്യൂസിയത്തിൽ മുമ്പ് കണ്ടിട്ടുണ്ട്. ഇംപ്രഷനിസ്റ്റ് ചിത്രകാരന്മാരുടെ നാൽപ്പത്തിമൂന്നാം നമ്പർ മുറിയിൽ വാൻഗോഗിന്റെ 'ഗോതമ്പ് പാടം', 'സൂര്യകാന്തികൾ', 'ഞണ്ടുകൾ.' തൊട്ടടുത്ത് സുഹൃത്ത് പോൾ ഗോഗിന്റെ ചിത്രങ്ങൾ. അവയെ പൊതിഞ്ഞു നിൽക്കുന്ന അനുവാചകർ. അപ്പോൾ വാൻഗോഗിന്റേയും സുഹൃത്തിന്റേയും സൗമ്യ സാന്നിദ്ധ്യമറിഞ്ഞു. ചിത്രങ്ങൾക്ക് അങ്ങനെയൊരു മാന്ത്രികതയുണ്ട്. മനോഹരമായി ഫ്രെയിം ചെയ്ത കലാസൃഷ്ടി കാണുമ്പോൾ കലാകാരൻ ഏകാന്തനായി രചനയിൽ മുഴുകിയ ആ നിമിഷം ഞാൻ ഓർക്കും, അവരുടെ ഉൾച്ചൂട് ഞാനറിയും.

vangogh-thirteen
വാൻഗോഗ് ഇമ്മേഴ്‌സീവ് അനുഭവം

ഒരു മാസത്തിനു ശേഷം ക്ലോവർഡെയ്ൽ, ബ്രിട്ടീഷ് കൊളംബിയ, കാനഡ. അസുഖകരമായ തണുപ്പുള്ള ഒരു ശീതകാല സായാഹ്നം. നഗരത്തിൽ വിരുന്നു വന്ന ഡച്ച് ചിത്രകാരനെ കാണാൻ ഭാര്യയോടൊത്ത് വന്നിരിക്കുകയാണ് ഞാൻ. തികച്ചും വ്യത്യസ്തമായ ഒരു പ്രദർശനം. എന്റെ ഭാര്യ വാൻഗോഗിന്റെ പേര് ഈയിടെയാണ് കേട്ടത്. പ്രദർശനം ഇഷ്ടപ്പെടില്ലെന്നാണ് ഞാൻ കരുതിയത്. പക്ഷേ എന്നെ അത്ഭുതപ്പെടുത്തി അവൾ വിശദമായി ആമുഖ വിവരണം വായിക്കുന്നു. എൻലാർജ് ചെയ്ത പ്ളാസ്റ്റിക് പ്രിന്റിനു മുകളിൽ അച്ചടിച്ച അക്ഷരങ്ങളിൽ കലാസപര്യയുടെ ആമുഖം. യഥാർത്ഥ കാഴ്ചയ്ക്കു മുമ്പുള്ള അവതാരിക. വിൻസന്റിന്റെ ജീവിതചിത്രവും രചനയുടെ പരിണാമവും ഇവിടെ വിവരിച്ചു വച്ചിരിക്കുന്നു.

vangogh-seven
രണ്ട് ഞണ്ടുകൾ, വാൻഗോഗ് വരച്ച ഓയിൽ ക്യാൻവാസ്, 1889, നാഷണൽ ഗാലറി, ലണ്ടൻ.

ശൂന്യമായ ഫ്രെയ്മിന്റെ അപ്പുറം നിൽക്കുന്ന സഖി ഇപ്പോൾ ഒരു ചിത്രമാകുന്നു. അവളുടെ മുഖത്ത് വീഴുന്ന പ്രകാശം കാലയവനികയുടെ പിന്നിൽ മറഞ്ഞ ചിത്രലേഖകനുമായി ഒരൊറ്റ നിമിഷത്തെ സംവേദനം നൽകുന്നു. ധനിക കുടുംബത്തിൽ ജനിച്ച വിൻസന്റ് മിഷനറിയാവാൻ പുറപ്പെട്ട് മടങ്ങി വന്ന ശേഷം മുപ്പതാം വയസ്സിലാണ് പെയിന്റ് ബ്രഷ് വീണ്ടും കയ്യിലെടുത്തത്. ചിത്രകലയെ ആത്മാവിഷ്ക്കാരമായി സ്വീകരിക്കും മുമ്പ്, സഹോദരൻ തിയോയെ പോലെ വിൻസന്റും കലാവ്യാപാരം ചെയ്തിരുന്നു. തിയോ ബ്രസ്സൽസിൽ, വിൻസന്റ് ഹേഗിൽ. കച്ചവടത്തിലെ പരാജയമാണ് അയാളെ വരകളുടേയും വർണങ്ങളുടെയും ലോകത്തേക്ക് നയിച്ചത്.

പാരീസിലെ അതൃപ്‌തി നിറഞ്ഞ ദിനങ്ങൾക്കു ശേഷം, വിൻസെന്റ് മാനം മൂടിയ ആകാശം ഉപേക്ഷിച്ച് ഫ്രഞ്ച് ഗ്രാമപ്രദേശമായ ആർലയിലെ സൂര്യൻ പ്രകാശിക്കുന്ന സമതലത്തിലേക്ക് യാത്രയായി. അതൊരു വഴിത്തിരിവായി. ഇരുണ്ട നിറങ്ങളിൽ നിന്നും ജ്വലിക്കുന്ന വർണ്ണങ്ങളിലേക്കുള്ള പ്രയാണം ലേഖകന്റെ മനോഭാവത്തിൽ വന്ന മാറ്റമാണ്. എന്നാൽ തന്റെ ചിത്രങ്ങളുടെ പ്രസാദം കലാകാരനിൽ എപ്പോഴുമില്ല. അയാൾ മുറിവേറ്റ ആത്മാവാകുന്നു. പുതിയ വഴി വെട്ടുന്നവരെ അവരുടെ കാലത്തിന് ഒരിക്കലും മനസ്സിലാകില്ല. നൂറു വർഷം കഴിഞ്ഞ് ആധുനിക അനുവാചകരുടെ മുന്നിൽ അവർ മഹാന്മാരാകും. പക്ഷേ ജീവിച്ചിരിക്കുമ്പോൾ ഈ ഭാവിദർശനം അവർക്ക് ലഭ്യമല്ല. മഹത്വമുണ്ടെങ്കിലും അതിന്റെ വലുപ്പം അവർക്കറിയില്ല. അംഗീകാരവും സ്നേഹവും കൊതിക്കുന്ന സാധാരണ മനുഷ്യരാണവർ. വർത്തമാനകാലം അതു നിഷേധിച്ചാൽ അവർ വ്യവസ്ഥിതിയോടു കലഹിക്കും, സ്വയം സംശയിക്കും. എന്നാൽ പ്രതിഭ ഇല്ലാതാകില്ല. പുതുവഴികൾ തേടി അതു വളരും, കൈവഴിയായി പിരിഞ്ഞ് ഒഴുകും – ചേരേണ്ട കടലിൽ ചേരുന്ന വരെ, നിശ്ചയിക്കപ്പെട്ട ദിനങ്ങൾ അവസാനിക്കുന്നതു വരെ. വിൻസന്റിന്റെ മുറിവേറ്റ മനസ്സ് ഇവിടെ കത്തുകളിലെ ലിഖിതമായും വെളിവാകുന്നു. വരകൾക്കു പിന്നിലെ മനോധർമം അറിയാനാകുക ഒരു അപൂർവ്വത.  തിയോയ്ക്ക് എഴുതിയ നൂറുകണക്കിന് സന്ദേശങ്ങൾ വാൻഗോഗ് എന്ന ചിത്രത്തിന് വ്യക്തത നൽകുന്നു.

vangogh-nine
വാൻഗോഗ് ഇമ്മേഴ്‌സീവ് അനുഭവം

നിശയുടെ അഗാധനീലീമയിൽ പ്രകാശം വീഴുന്ന ഇടനാഴി കടന്ന് ഞങ്ങൾ വിശാലമായ ഒരിടത്ത് പ്രവേശിച്ചു. മൂന്നൂറ് ചിത്രങ്ങൾ മുപ്പതിനായിരം ചതുരശ്ര അടി മുറിയിൽ ആധുനിക പ്രൊജക്ഷൻ വിദ്യയുടെ സഹായത്തോടെ പതിപ്പിക്കുന്നു. നാല് ട്രില്യൺ കൊൺടന്റ് പിക്സലുകൾ വ്യക്തത കുറയാതെ വിവിധ പ്രതലങ്ങളിലായി വാൻഗോഗിന് പുനർജീവൻ നൽകുന്നു. അകമ്പടിയായി സംഗീതമാധുര്യം, ശബ്ദ നിയന്ത്രണം. ചുവരിലും തറയിലും നിറങ്ങളുടെ, നിഴലിന്റെ ഉൽസവം ആരംഭിച്ചു. ഒറ്റയായും കൂട്ടമായും, ഇരുന്നും കിടന്നും നടന്നും കാണികൾ ആ നിഴൽ നാടകത്തിന് സാക്ഷികളാകുന്നു. കേൾവികേട്ട ഉദാത്ത രചനകൾക്ക് നവീനഭാഷ്യവും ചടുലതയും നൽകിയിരിക്കുന്നു. നിശ്ചലചിത്രം ചലിച്ചേക്കാം, കാലത്തിൽ ഉറഞ്ഞു പോയ കഥാപാത്രം കണ്ണ് ചിമ്മിയേക്കാം.

vangogh-twelve
വാൻഗോഗ് ഇമ്മേഴ്‌സീവ് അനുഭവം

വാൻഗോഗ് എന്നല്ല മഹാന്മാരായ എല്ലാ കലാകാരന്മാർക്കും ഒരു നിയോഗമുണ്ട് - അനന്തര തലമുറയിലെ ആസ്വാദരുടെ മുന്നിൽ ആധുനിക മാധ്യമങ്ങളിൽ വെളിവാകുക. കാണികൾക്ക് ആസ്വദിക്കാം, അത്ഭുതപ്പെടാം, ചിത്രത്തിന് തുടർച്ച നൽകാം, ഉള്ളിൽ കയറി ഒരു കഥാപാത്രം പോലുമാകാം. ആ നിമിഷം ഒപ്പിയെടുക്കാൻ ഞാൻ അൽപം പിന്നോട്ടു മാറി അനുകൂലമായ അവസരത്തിനായി ശ്രദ്ധാലുവാകണം, ആത്മപ്രേരണയാൽ ക്യാമറയിൽ വിരലമർത്തണം. 'കഫേ ടെറസ്സ് അറ്റ് നൈറ്റ്' (1888) ആർലയിലെ ഒരു തെരുവിന്റെ ദൃശ്യമാണ്. രചയിതാവിന്റെ ജീവിതാസക്തി ഉറപ്പിക്കുന്ന കടുംനിറങ്ങളിൽ, വെളിച്ചം വീണ കല്ലുപാകിയ തെരുവും ഭക്ഷ്യശാലയിലെ മനുഷ്യരും, അകലെ ഇരുൾ വീഴുന്ന ഇടനാഴിയും, മുകളിൽ താരകങ്ങൾ പ്രഭ തൂകുന്ന നീലാകാശവും. ഈയിടം ഇതേ രൂപത്തിൽ ഇപ്പോഴും അവിടെയുണ്ട്. രാവിന്റെ ആകാശനീലിമയുടെ ആഘോഷം മറ്റു രണ്ടു ചിത്രങ്ങളിൽ തുടർന്നു (നൈറ്റ് ഓവർ ദ് റോൺ, 1888; സ്റ്റാറി നൈറ്റ്, 1889). നീലനിശയിൽ റോൺ നദിയിൽ പ്രതിഫലിക്കുന്ന വിളക്കുകൾ, ആർലയിലെ പുൽമേട്ടിൽ പരക്കുന്ന പ്രകാശം. മൃത്യുവിനെ മറികടന്നു വ്യാപിക്കുന്ന ആത്മപ്രകാശം.

vangogh-three
വാൻഗോഗ് വരച്ച സൈപ്രസുകളുള്ള ഗോതമ്പ് ഫീൽഡ്, 1889, നാഷണൽ ഗാലറി, ലണ്ടൻ.

ചേതോഹരമായ വർണവിന്യാസമുള്ള ഇടനാഴിയിലൂടെ ഞങ്ങൾ നടന്നു. ചിത്രം ഒരൊറ്റ നിമിഷത്തിൽ തെളിയുകയല്ല, കൺമുന്നിൽ രൂപമെടുത്ത് പ്രതലങ്ങളിൽ വിവിധ വ്യഖ്യാനമാകുന്നു. ഈ കണ്ടത് തന്നെയല്ലേ എതിർ വശത്തും കാണുന്നത്? പക്ഷേ കാണി എവിടെ നിൽക്കുന്നു എന്നത് ദൃശ്യത്തിന്റെ അർത്ഥതലങ്ങളെ സ്വാധീനിക്കും. ആർലയിലെ പുൽമേടുകൾ, കാറ്റിൽ ഉലയുന്ന സ്വർണ നിറമുള്ള ഗോതമ്പു വയൽ, സൂര്യനിലേക്കു മുഖമുയർത്തിയ സൂര്യകാന്തികൾ, പൂപ്പാത്രത്തിലെ വർണദലങ്ങൾ, മരക്കൂട്ടത്തിലൂടെ കാമിനിയുടെ കരം ഗ്രഹിച്ചു നീങ്ങുന്ന ഒരു യുവാവ്. തടാകപ്പരപ്പിൽ ഉലയുന്ന വള്ളം. തിരയടിക്കുന്ന കടൽത്തീരം. പോസ്റ്റ്മാൻ, തോണിക്കാരൻ, ക്ഷുരകൻ, സത്രക്കാരി, നാവികൻ, കർഷകൻ, യാചകൻ, വൃദ്ധൻ - ദിനംപ്രതി കണ്ടവരും വിൻസന്റിന് വിഷയമായി. ആന്തരിക പ്രകൃതിയെ ധ്യാനിച്ച അയാൾ സ്വന്തം ഛായാചിത്രങ്ങളും സമൃദ്ധമായി വരച്ചു - പല കാലത്ത്, പല രൂപത്തിൽ. സുഹൃത്ത് ഗോഗിനുമായി കലഹിച്ച ശേഷം മനസ്സിന്റെ പിടിവിട്ട് തന്റെ ചെവി മുറിച്ച ആ ദിനങ്ങൾ ഉൾപ്പെടെ. 

vangogh-two
സൂര്യകാന്തി, വാൻഗോഗ് വരച്ച ഓയിൽ ക്യാൻവാസ്, 1888, നാഷണൽ ഗാലറി, ലണ്ടൻ.

വിൻസന്റിനെ പൂക്കൾ എന്നും ആനന്ദിപ്പിച്ചിരുന്നു. അവ പ്രതീക്ഷയും നവോന്മേഷവും നൽകി. പക്ഷേ ശാശ്വതമല്ല, പൂവിട്ടത് കൊഴിഞ്ഞേ തീരൂ. തിരശ്ശീലയിൽ വസന്തം തുടങ്ങി. ആൽമണ്ട് മരത്തിന്റെ ചിനപ്പുകൾ വളരുന്നു, പൂവണിഞ്ഞ് താഴ്വരയിൽ നിറയുന്നു. പിന്നെയവ കാറ്റിൽ മൃദുലമായി കൊഴിയുന്നു. പൊഴിഞ്ഞു പോകുമ്പോഴും ഒരു ശബ്ദമുണ്ട്, അവയുടെ വിടവാങ്ങൽ സംഗീതമാകുന്നു. ഇതൊരു സെൻ നിമിഷമായത് യാദൃശ്ചികമല്ല. ജപ്പാനിലെ ആലേഖന ശൈലി വാൻഗോഗിനെ സ്വാധീനിച്ചിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ യൂറോപ്പിന് ജപ്പാനിൽ കമ്പം കയറിയിരുന്നു. ആദ്യം മടിച്ചെങ്കിലും വാൻഗോഗ് കിഴക്കിന്റെ ലാളിത്യത്തെ, സൗന്ദര്യബോധത്തെ സ്വീകരിച്ചു. പാശ്ചാത്യ രീതിയാണ് ഏറ്റവും മികച്ചതെന്ന വാദം തള്ളി ഏഷ്യൻ ചിത്രമെഴുത്തിനെ ഒപ്പം നിർത്തി. തന്റെ ഭാവിരചനകളിലൂടെ ആ ബഹുമാനം വെളിവാക്കി അനശ്വരത നൽകി. വ്യവസായ വിപ്ളവം വഴിപാകിയ യന്ത്രവീക്ഷണം സ്വീകരിച്ച യൂറോപ്പിൽ കലയുടെ പുതുജീവനായി ജപ്പാൻ. പ്രകൃതിയിലേക്ക് മടങ്ങാനുള്ള ക്ഷണമായി അത് വിൻസന്റ് സ്വീകരിച്ചു. 

vangogh-eight
വാൻഗോഗ് ഇമ്മേഴ്‌സീവ് അനുഭവം

ഉള്ളം നിറയുന്ന ആനന്ദത്തോടെ അല്ലാതെ ഒരു ജാപ്പനീസ് വുഡ്കട്ട് നിങ്ങൾക്ക് ആസ്വദിക്കാനാകില്ല! നൂറുകണക്കിന് ഏഷ്യൻ ചിത്രങ്ങൾ ശേഖരിച്ച വിൻസന്റ് തന്റെ ശൈലിയിൽ പരിഷ്കാരം വരുത്തി. തുടർന്നുള്ള ദിനങ്ങളിൽ പുതിയൊരു ലോകം തുറന്നു. നഗരം ഉപേക്ഷിച്ച് തെക്കുദേശമായ ആർലയിലേക്ക് പുറപ്പെടാനുള്ള കാരണം അതാണ്. ഫ്രാൻസിലെ ജപ്പാൻ, അതായിരുന്നു ലക്ഷ്യം. അവിടെ ചിത്രലേഖകരുടെ ഒരു സമൂഹമുണ്ടാക്കി ഒരുമിച്ച് വരയ്ക്കുക. പോൾ ഗോഗിനെ വിളിച്ചു വരുത്തിയത് ആ ഉദ്ദേശ്യത്തോടെ. പക്ഷേ ചങ്ങാതി യോജിച്ചില്ല, വിൻസന്റ് അതോടെ ഉലഞ്ഞു. ഏകാന്തനായി അലയാനാണ് നിയോഗം, അയാൾ മഹത്വം നേടുന്നത് ആ വഴിയിലാകും. ഉദയസൂര്യന്റെ നാടിന്റെ സ്വാധീനം അവിടേയും തീർന്നില്ല- ഹോക്കുസായിയുടെ 'ഗ്രേറ്റ് വേവ്സ്' (1831) വിൻസന്റിന്റെ നീലരാവിലെ ചുരുളുകളായി (സ്റ്റാറി നൈറ്റ്, 1889). അന്ത്യപാദത്തിൽ മാനസികാരോഗ്യ കേന്ദ്രത്തിലെ മുറിയുടെ ജാലകത്തിലൂടെ കണ്ട കാഴ്ച. സൈപ്രസ് മരങ്ങൾ തലയുയർത്തുന്ന താഴ്വരയുടെ മേലെയുള്ള വാനം ഒരൊറ്റ രാവിലേതല്ല, പല ഇരവുകൾ കലർന്ന ഭാവന. അലയടിക്കുന്ന തിരയുടെ സ്വാധീനം ആകാശഗംഗയുടെ ചുരുളിൽ, സാഗരനീലിമയിൽ.

vangogh-eleven
വാൻഗോഗ് ഇമ്മേഴ്‌സീവ് അനുഭവം

നടനം തീർന്ന് വിൻസന്റ് കയ്യൊപ്പ് ചാർത്തുന്നു. ഒരു വർഷം മുമ്പ് ഇതുപോലൊരു പിക്കാസോ പ്രദർശനത്തിൽ, കൈകോർത്തു നീങ്ങി ആ നിമിഷത്തിൽ മുഴുകിയ യുവമിഥുനങ്ങളെ കണ്ടിരുന്നു. എന്തു കൊണ്ടോ മലയാളിക്ക് അത് പറഞ്ഞിട്ടില്ല. പുറത്തു പോയാൽ ഭാര്യയും ഭർത്താവും പത്തടി അകലത്തിലാണ് നടപ്പ്. പക്ഷേ ഈ നിമിഷം എന്തുകൊണ്ടായിക്കൂടാ? ഞങ്ങൾ ചേർന്നു നടന്നു കൈകോർത്തു. ബഞ്ചിൽ ഒരുമിച്ചിരുന്ന് ആൽമണ്ട് പൂക്കളിൽ ലയിച്ചു. നക്ഷത്രഖചിതമായ നീലാകാശത്ത് പറന്നു നടന്നു. തീരത്തിറങ്ങി തിരയെണ്ണി. വീണ്ടും പെയിന്റിങ്ങ് തുടങ്ങണമെന്ന് സഖി പറയുന്നു. ഇവൾ പഴയ ചിത്രകാരിയോ?പ്രദർശനം നടത്താനും പേരെടുക്കാനും ധനം നേടാനും മാത്രമല്ല മനുഷ്യർ വരയ്ക്കുന്നത്. പ്രകാശനത്തിൽ സ്വന്തം തൃപ്തിയാണ് പ്രധാനം. അവളുടെ വീട്ടിൽ പർപ്പിൾ ചായം തേച്ച ഒരു ചുവരിന് വാൻഗോഗിന്റെ സ്പർശം ഉണ്ടായിരുന്നുവെന്ന് ഞാനോർത്തു. പക്ഷേ നമ്മുടെ അകങ്ങളിൽ ഇളം നിറങ്ങൾ മതിയെന്ന് ആരോ നിശ്ചയിച്ചിരിക്കുന്നു. യാഥാസ്ഥിതികരായ അവർ വെള്ളച്ചായം തേച്ച് സർഗാത്മകതയെ മറച്ചു കളയും. പക്ഷേ കടുംനിറങ്ങൾക്ക് എന്താണ് പ്രശ്നം? ഈ ചോദ്യമാണ് വാൻഗോഗ് തന്റെ കാലത്തോട് ചോദിച്ചത്. അയാളെ പോലെ പൂർണതയില്ലാത്ത ബ്രഷ് സ്ട്രോക്കുകൾ ആയിരുന്നു എന്റെ സഖിയുടേതും. പക്ഷേ എന്താണ് പൂർണത? ആരാണ് ഇതൊക്കെ നിശ്ചയിക്കുന്നത്?

vangogh-ten
വാൻഗോഗ് ഇമ്മേഴ്‌സീവ് അനുഭവം

ജീവിതത്തിന്റെ അപൂർണ്ണതയിലും നശ്വരതയിലും സൗന്ദര്യം കാണുന്ന ജാപ്പനീസ് ചിന്തയായ 'വാബി സാബി' വിൻസന്റ് നെഞ്ചോടു ചേർത്തിരിക്കണം. വ്യവസ്ഥാപിത രീതികളെ പൊളിച്ചെഴുതി പുതിയ ലോകങ്ങൾ തുറക്കുക. എല്ലാം എല്ലാവരും പിന്തുടരുന്ന രീതിയിലേ ചെയ്യാവൂ എന്ന് ശഠിക്കുന്ന ആൾക്കൂട്ടത്തെ അവഗണിച്ചു മുന്നോട്ടു പോകുക. അനശ്വരനായ ആ ചിത്രലേഖകൻ ഞങ്ങളുടെ കാൽപ്പനികതയെ ഉണർത്തി ലക്ഷ്യബോധത്തെ സ്ഫുടം ചെയ്തു. ആൽമണ്ട് പുഷ്പങ്ങളെ വാൻകൂവർ നഗരത്തിൽ സമൃദ്ധമായ ചെറിപ്പൂക്കളിൽ കാണാൻ ഞങ്ങൾക്ക് വളരെ എളുപ്പമാണ്. വസന്തം തുടങ്ങുമ്പോൾ വാൻഗോഗ് മറ്റൊരു നഗരം തേടി യാത്രയായിട്ടുണ്ടാകും. പക്ഷേ ഏപ്രിലിൽ സക്കുറയുടെ ചുവട്ടിൽ ആനന്ദത്തോടെ നിൽക്കുന്ന ജപ്പാൻകാരെ കാണുമ്പോൾ ഞാനയാളെ വീണ്ടും ഓർക്കും. വിൻസന്റും ഹോക്കുസായിയും അവരിലൂടെ മന്ദഹസിക്കും.

English Summary:

From Da Vinci to Van Gogh: Navigating Finest Art Collections at the National Gallery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com