സ്വർണ മ്യൂസിയമോ? 2,500 വർഷത്തെ ചരിത്രം; 55,000 ലധികം വസ്തുക്കൾ, അപൂർവ കേന്ദ്രം കൊളംബിയയിൽ
Mail This Article
മ്യൂസിയോ ഡെൽ ഓറോ എന്നറിയപ്പെടുന്ന, കൊളംബിയയിലെ ഗോൾഡ് മ്യൂസിയം ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പുരാവസ്തു മ്യൂസിയങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. കൊളംബിയയിലെ സെൻട്രൽ ബാങ്കായ ബാൻകോ ഡി ലാ റിപ്പബ്ലിക്കയാണ് 1939 ൽ മ്യൂസിയം സ്ഥാപിച്ചത്. ലോകത്തിലെ ഏറ്റവും വലിയ സ്വർണ പുരാവസ്തുശേഖരമാണിത്.
34,000 ലധികം കൊളംബിയൻ സ്വർണ പുരാവസ്തുക്കളടക്കം 55,000 ലധികം വസ്തുക്കൾ മ്യൂസിയത്തിലുണ്ട്. സ്പാനിഷ് അധിനിവേശത്തിനു മുമ്പ് കൊളംബിയയിലുണ്ടായിരുന്ന കാലിമ, മ്യൂസ്‌ക, ക്വിംബായ, സാൻ അഗസ്റ്റിൻ, സെനു, ടിയാരഡെൻട്രോ, ടോളിമ, ടൈറോണ, ഉറബാ എന്നിവയുൾപ്പെടെ വിവിധ തദ്ദേശീയ സംസ്കാരങ്ങളുടെ ബാക്കിപത്രങ്ങളാണിവ. പ്രതിവർഷം 500,000 സന്ദർശകരെ ആകർഷിക്കുന്ന ലോക പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമാണ് മ്യൂസിയോ ഡെൽ ഓറോ.
ഓഷ്‌വിറ്റ്സ്-ബിർകെനൗ മെമ്മോറിയൽ ആൻഡ് മ്യൂസിയം (പോളണ്ട്), വത്തിക്കാൻ മ്യൂസിയങ്ങൾ (ഇറ്റലി), പെർഗമൺ മ്യൂസിയം എന്നിവയ്ക്കൊപ്പം 2018 ൽ നാഷനൽ ജിയോഗ്രഫി മാസിക മ്യൂസിയോ ഡെൽ ഓറോയെ ചരിത്രത്തിലെ ഏറ്റവും മികച്ച മ്യൂസിയങ്ങളിലൊന്നായി തിരഞ്ഞെടുത്തിരുന്നു. 1939 ൽ ഔദ്യോഗികമായി മ്യൂസിയം തുറന്ന വേളയിൽ 600 പുരാവസ്തുക്കള്‍ മാത്രമാണ് പ്രദർശനത്തിനുണ്ടായിരുന്നത്, ബാക്കിയുള്ളവ പിന്നീട് കണ്ടെത്തി സൂക്ഷിക്കപ്പെട്ടവയാണ്.
മ്യൂസിയത്തിന്റെ പേര് മ്യൂസിയോ ഡെൽ ഓറോ അഥവാ ഗോൾഡ് മ്യൂസിയം എന്നാണെങ്കിലും അിടെയുള്ളത് സ്വർണം മാത്രമല്ല. മൺപാത്രങ്ങൾ, തുണിത്തരങ്ങൾ, അമൂല്യ കല്ലുകൾ എന്നിവയും ഉൾപ്പെടുന്നു. എൽ ഡൊറാഡോ കഥയ്ക്ക് കാരണമായ മുയിസ്ക റാഫ്റ്റ്, പൊപോറോ ക്വിംബായ എന്ന സ്വർണപ്പാത്രം, ടെയ്‌റോണ തുടങ്ങി തദ്ദേശവാസികളുടെ ദൈനംദിന ജീവിതത്തിലോ ആചാരങ്ങളിലോ ഉപയോഗിച്ചിരുന്ന വസ്തുക്കളാണ് പ്രദർശനത്തിനുള്ളത്.