ഷേക്സ്പിയറിനെ വരച്ചതാര്? മാസ്റ്റർപീസ് ചിത്രം വരച്ച ആ നിഗൂഢ കലാകാരനെക്കുറിച്ചറിയാം
Mail This Article
വിശ്വസാഹിത്യകാരൻ വില്യം ഷേക്‌സ്‌പിയറിന്റെ ഈ ചിത്രം കണ്ടിട്ടില്ലാത്തവർ വിരളമാകും. നൂറ്റാണ്ടുകൾക്കു മുൻപ് ജീവിച്ചിരുന്ന എഴുത്തുകാരനെ പരിചയപ്പെടുത്താൻ മിക്കപ്പോഴും ഉപയോഗിക്കുന്ന ചിത്രവും ഇതു തന്നെ. ലണ്ടനിലെ നാഷനൽ പോർട്രെയ്റ്റ് ഗാലറിയിൽ സൂക്ഷിച്ചിരിക്കുന്ന ചന്ദോസ് പോർട്രെയ്‌റ്റ് എന്ന ഈ ഓയിൽ പെയിന്റിങ് ഷേക്‌സ്‌പിയറിന്റെ മുഖത്തോട് ഏറ്റവും സാദൃശ്യമുള്ള ചിത്രമായാണ് കരുതപ്പെടുന്നത്. എന്നാൽ ഈ ലോക പ്രസിദ്ധ മാസ്റ്റർപീസ് വരച്ചതാരാണെന്ന് എന്ന വിഷയം ഇന്നും ചർച്ചയിലാണ്. പൊതുവെ അനുമാനിക്കപ്പെടുന്ന പേര് ജോൺ ടെയ്‌ലർ എന്ന കലാകാരന്റേയാണ്. എന്നാൽ ആ വ്യക്തിയും ദുരൂഹതയുടെ മൂടുപടത്തിനു പിന്നിലാണ് എന്നതാണ് വസ്തുത.
1856-ൽ സ്ഥാപിക്കപ്പെട്ട നാഷനൽ പോർട്രെയിറ്റ് ഗാലറി സ്വന്തമാക്കിയ ആദ്യത്തെ വസ്തു ചന്ദോസ് പോർട്രെയ്റ്റായിരുന്നു. അതിന്റെ മുന്‍കാല ഉടമസ്ഥരിൽ ഒരാളായ ജയിംസ് ബ്രിജസ്, ഡ്യൂക്ക് ഓഫ് ചന്ദോസിന്റെ പേരാണ് ഈ പോർട്രെയ്‌റ്റിന് നൽകിയിരിക്കുന്നത്. നാഷനൽ പോർട്രെയ്റ്റ് ഗാലറി സ്ഥാപിച്ചശേഷം ഷേക്‌സ്‌പിയറിന്റെ 60-ലധികം ഛായാചിത്രങ്ങൾ അവിടെ ലഭിച്ചിട്ടുണ്ടെന്നാണ് കണക്ക്. എന്നാൽ അവയിലൊന്നിലും ഷേക്സ്പിയറുടെ വ്യക്തിത്വം തെളിയിക്കപ്പെട്ടിട്ടില്ല. അവയിൽ ഷേക്സ്പിയർ ജീവിച്ചിരുന്ന കാലത്ത് വരപ്പിച്ച ഛായാചിത്രം ഏതെന്നു അറിയുവാനും വ്യക്തമായ തെളിവുകളൊന്നുമില്ല. എന്നിരുന്നാലും, ചന്ദോസ് പോർട്രെയ്‌റ്റ് എന്ന ഇരുണ്ട ക്യാൻവാസിൽ തേൻ നിറമുള്ള വെളിച്ചത്തിലിരിക്കുന്ന ഷേക്സ്പിയറിന്റെ ചിത്രം 1610-ൽ ജോൺ ടെയ്‌ലർ വരച്ചതാണെന്ന് പറപ്പെടുന്നു.
ജോൺ ടെയ്‌ലർ എന്ന ചിത്രകാരന്റേത് ദുരൂഹമായ വിവരണങ്ങൾ മാത്രമുള്ള ഒരു ജീവിതമാണ്. കൃത്യമായ രേഖകളോ വിവരങ്ങളോ ലഭ്യമല്ല. ഇദ്ദേഹം വരച്ച മറ്റു ചിത്രങ്ങളും ലഭ്യമല്ല. എവിടുന്ന് വന്നുവെന്നോ എന്ന് മരിച്ചുവെന്നോ ആർക്കുമറിയില്ല. ആകെയുള്ള വിവരത്തിൽ ജോൺ ടെയ്‌ലർ 1580 ല്‍ ജനിച്ചുവെന്നും 1653–ൽ മരിച്ചുവെന്നും പറയുന്നത് എത്രത്തോളം സത്യമാണെന്നും അറിയില്ല. ആകെയുള്ളത് ചന്ദോസ് പോർട്രെയിറ്റാണ്. ഷേക്‌സ്‌പിയറിന്റെ ഉറ്റ സുഹൃത്തായിരുന്നു ടെയ്‌ലർ എന്ന് കലാകാരനും അഭിനേതാവുമായിരുന്ന ജോർജ് വെർട്ട്യൂ ഒരിക്കൽ അവകാശവാദം ഉന്നയിച്ചിരുന്നു.
യഥാർഥജീവിതത്തിൽ നിന്ന് പകർത്തിയതാണ് എന്ന് അവകാശപ്പെടുന്ന, ടാർനിയ കൂപ്പർ രചിച്ച ഒരു റിപ്പോർട്ട് 2006 ൽ നാഷനൽ പോർട്രെയിറ്റ് ഗാലറി പ്രസിദ്ധീകരിച്ചിരുന്നു. ഷേക്സ്പിയറിനെ ജോൺ ടെയ്‌ലറിന് വ്യക്തിപരമായി അറിയാമായിരുന്നോ, അതോ വിവരണങ്ങളെയോ നിലവിലുണ്ടായിരുന്ന ചിത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള സൃഷ്ടിയായിരുന്നോ എന്ന ചോദ്യങ്ങൾ ഇന്നും ബാക്കിയാണ്. പ്രകാശത്തെയും നിഴലിനെയും കുറിച്ചുള്ള സൂക്ഷ്മമായ ധാരണ തെളിയുന്ന ചിത്രത്തിൽ ഷേക്‌സ്‌പിയറിന്റെ തലയുടെ സൂക്ഷ്മമായ ചരിവ്, പുരികത്തിന്റെ നേർത്ത അവസ്ഥ എന്നിവ യഥാർഥജീവിതത്തിൽ നിന്ന് പകർത്തിയാൽ കിട്ടുന്നത്ര സൂക്ഷ്മമാണ്.
എന്തുകൊണ്ടാണ് ജോൺ ടെയ്‌ലർ കൂടുതൽ അറിയപ്പെടാതെ പോയത്? മാസ്റ്റർപീസ് ചിത്രം വരച്ച നിഗൂഢ കലാകാരന്റെ മറ്റൊരു ചിത്രവും കണ്ടെടുക്കപ്പെടാഞ്ഞത് എന്തുകൊണ്ട്? ചോദ്യങ്ങൾ ബാക്കിയാകുന്നു; ചന്ദോസ് പോർട്രെയ്‌റ്റിന്റെ മനോഹാരിതയും.