ആറാം വയസ്സിൽ പോളിയോ, 18-ാം വയസ്സിൽ നട്ടെല്ലും ഇടുപ്പും തകർത്ത് അപകടം; ഫ്രിഡയുടെ ജീവിതകഥ
Mail This Article
വേദനകളെ ആത്മാവിന്റെ കണ്ണാടിയാക്കിയാണ് ഫ്രിഡ കാലോ എന്ന മെക്‌സിക്കൻ പെൺകുട്ടി ലോകത്തെ കീഴടക്കിയത്. മാനസികവും ശാരീരികവുമായ തളർച്ചകൾ ജീവിതത്തിലുടനീളം അനുഭവിക്കേണ്ടി വന്നിട്ടും ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട കലാപ്രതിഭകളിൽ ഒരാളായി അവൾ വളർന്നു.
1907 ൽ മെക്‌സിക്കോ സിറ്റിയിലെ കൊയോകാൻ എന്ന സ്ഥലത്താണ് കാലോ ജനിച്ചത്. ആറാം വയസ്സിൽ പോളിയോ പിടിപെട്ട കാലോയെ 1922 ൽ നടന്ന ഒരു ബസ് അപകടം പൂർണമായും തകർത്തു. നട്ടെല്ലും ഇടുപ്പും തകർത്ത അപകടം നടക്കുമ്പോൾ 18 വയസ്സായിരുന്നു പ്രായം. ജീവിതത്തിന്റെ ശിഷ്ടകാലം വേദനയോടെ ചെലവഴിക്കാൻ വിധിക്കപ്പെട്ട അവൾ നിരവധി ശസ്ത്രക്രിയകൾക്ക് വിധേയയായി.
ആ അപകടത്തിൽനിന്നു കരകയറുന്നതിനിടെയാണ് കാലോ പെയിന്റിങ് ആരംഭിച്ചത്. ആത്മകഥാപരമായ ആ പെയിന്റിങ്ങുകൾ വേദന, കഷ്ടപ്പാടുകൾ, സ്വത്വം, മരണം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്തു. പ്രകാശമാനമായ നിറങ്ങള്‍ കൊണ്ടും പ്രതീകാത്മകത കൊണ്ടും ശ്രദ്ധിക്കപ്പെട്ട പെയിന്റിങ്ങുകൾ ശുദ്ധ സത്യസന്ധതയുടെയും വൈകാരിക ശക്തിയുടെയും പ്രതീകമായി. ദ് ടു ഫ്രിഡാസ് (1939), ഹെൻറി ഫോർഡ് ഹോസ്പിറ്റൽ (1932), ദ് ബ്രോക്കൺ കോളം (1944) എന്നിവയാണ് കാലോയുടെ ഏറ്റവും പ്രശസ്തമായ ചിത്രങ്ങളിൽ ചിലത്.
ഫ്രിഡ കാലോയുടെ 143 ചിത്രങ്ങളിൽ 55 എണ്ണവും സ്വന്തം ഛായാചിത്രങ്ങളാണ്. ആത്മപരിശോധനയിലൂടെ സ്വന്തം സ്വത്വവും അനുഭവങ്ങളും വരച്ചിട്ട കാലോയുടെ സങ്കീർണമായ ആന്തരിക ലോകത്തിലേക്കുള്ള വാതിലാണ് ഇവ. യൂറോപ്യൻ സമകാലികരുടെ സെൽഫ് പോർട്രെയിറ്റുകളിൽനിന്ന് വ്യത്യസ്തമായി, കാലോ അവളുടെ യാഥാർഥ്യം വർണങ്ങളിൽ തുറന്നുകാട്ടി.
'തോൺ നെക്ലേസ് ആൻഡ് ഹമ്മിങ് ബേഡ്' എന്ന സെൽഫ് പോർട്രെയിറ്റ്, ഫ്രിഡ കാലോയുടെ വർഷങ്ങളായുള്ള സഹനത്തിന്റെ പ്രതീകമാണ്. മുള്ള് കഴുത്തിൽ മുറിവേൽപ്പിക്കുമ്പോഴും ക്ഷമയോടെ വേദന സഹിക്കുന്ന അവളുടെ ഭാവം ശാന്തവും ഗംഭീരവുമാണ്.
ശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിക്കുന്ന സമയത്താണ് ‘അഴിഞ്ഞ മുടിയുള്ള സെൽഫ് പോർട്രെയിറ്റ്’ കാലോ വരച്ചത്. ഈ ചിത്രം, എപ്പോഴും കെട്ടി വച്ച മുടിയോടെ കാണപ്പെടുന്ന കാലോയുടെ സാധാരണ ഛായാചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. ഇത് അവളുടെ വ്യക്തിഗത വളർച്ചയെയും കാലക്രമേണ പരിവർത്തനത്തെയും പ്രതീകപ്പെടുത്തുന്നു.
1939-ൽ ഫ്രിഡ കാലോ വരച്ച 'ദ് ടു ഫ്രിഡാസ്', ഫ്രിഡയുടെ രണ്ട് വ്യത്യസ്ത വ്യക്തിത്വങ്ങളെ കാണിക്കുന്നു. ഒന്ന്, തകർന്ന ഹൃദയത്തോടെ ടെഹ്വാന വേഷത്തിലിരിക്കുന്ന പരമ്പരാഗത ഫ്രിഡ. അടുത്തിരിക്കുന്നത്, സ്വതന്ത്രയായ, ആധുനിക വസ്ത്രം ധരിച്ച ഫ്രിഡ. ഫ്രിഡയുടെ ഡയറിയിൽ, ഈ പെയിന്റിങ്ങിനെക്കുറിച്ച് അവൾ എഴുതിരിക്കുന്നത്, സ്വാതന്ത്ര്യത്തിനായുള്ള തേടലായിട്ടാണ്. ഒറ്റപ്പെടലിൽനിന്നു രക്ഷ നേടാനായി സൃഷ്ടിച്ച ഒരു സാങ്കൽപിക ബാല്യകാല സുഹൃത്തിന്റെ ഓർമയിൽനിന്നാണ് ഉത്ഭവിച്ചതെന്നും അതിൽ പറയുന്നു.
വ്യക്തിപരമായ പര്യവേക്ഷണത്തിനപ്പുറം, കാലോയുടെ ഛായാചിത്രങ്ങൾ രാഷ്ട്രീയ സന്ദേശങ്ങളും നൽകാറുണ്ട്. ഹെൻറി ഫോർഡ് ഹോസ്പിറ്റൽ (1932) എന്ന ഛായാചിത്രം, ഗർഭം അലസിയ കാരണം ശാരീരികവും മാനസികവുമായി തകർന്ന കാലോ ഒരു ആശുപത്രിക്കിടക്കയിൽ കിടക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. സാമൂഹിക വിലക്കുകളെ വെല്ലുവിളിക്കുന്ന ഈ ചിത്രം, സ്ത്രീകളുടെ ആരോഗ്യത്തെയും പ്രത്യുൽപാദന അവകാശങ്ങളെയും കുറിച്ചുള്ള ചർച്ചകൾക്ക് കാരണമായി.
കാലോയുടെ ജീവിതത്തിന്റെ അവസാന വർഷങ്ങളിൽ, നിരവധി അസുഖങ്ങളും സങ്കീർണതകളും അവളെ പീഡിപ്പിച്ചു. മെക്സിക്കൻ ചുമർചിത്രകാരൻ ഡീഗോ റിവേരയെയാണ് കാലോ വിവാഹം കഴിച്ചത്. പ്രക്ഷുബ്ധമായ ഒരു ബന്ധമായിരുന്നു അത്. നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്ന ഡീഗോ, കാലോയുടെ ഒറ്റപ്പെടൽ തിരിച്ചറിഞ്ഞില്ല. അത് പലപ്പോഴും അവളുടെ ചിത്രങ്ങളിൽ പ്രതിഫലിച്ചു.
1943-ൽ വരച്ച 'തിങ്കിങ് എബൗട്ട് ഡെത്ത്' എന്ന ചിത്രത്തിൽ മരണത്തെ അവളുടെ നെറ്റിയിൽ കാണിക്കുന്ന തലയോട്ടിയും എല്ലുകളുമായി പ്രതീകപ്പെടുത്തുന്നു കാലോ. ആരോഗ്യം വഷളായതിനാൽ മിക്കവാറും കിടപ്പിലായിരുന്ന കാലോ മരണത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയിരുന്നു. 1954-ൽ 47-ാം വയസ്സിൽ കാലോ മരിക്കുന്നതുവരെ ഡീഗോയുമായുള്ള ദാമ്പത്യം തുടർന്നെങ്കിലും പലപ്പോഴും അവർ ഏകയായിരുന്നു.
മെക്സിക്കൻ സംസ്കാരവും പ്രതീകാത്മകതയും ഉൾക്കൊള്ളുന്ന കാലോയുടെ ചിത്രങ്ങളിൽ, മെക്സിക്കൻ നാടോടിക്കലയുടെ ഘടകങ്ങൾ, പരമ്പരാഗത മെക്സിക്കൻ വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ എന്നിവ കാണാം. മെക്‌സിക്കോ സിറ്റിയിലെ ഫ്രിഡ കാലോ മ്യൂസിയം, ന്യൂയോർക്ക് സിറ്റിയിലെ മ്യൂസിയം ഓഫ് മോഡേൺ ആർട്ട്, ലണ്ടനിലെ ടേറ്റ് മോഡേൺ എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള പ്രമുഖ മ്യൂസിയങ്ങളിൽ കാലോയുടെ സൃഷ്ടികൾ പ്രദർശനത്തിനുണ്ട്.
കാലോ എഴുതിയ ഒരു ഡയറി അവളുടെ മരണശേഷം പ്രസിദ്ധീകരിച്ചിരുന്നു. ജീവിതത്തെയും കലയെയും കുറിച്ചുള്ള കാലോയുടെ ചിന്തകളെയും വികാരങ്ങളെയും കുറിച്ച് ഉൾക്കാഴ്ചകൾ നൽകാൻ ആ ഡയറി സഹായിക്കുന്നു. ലോകമെമ്പാടുമുള്ള കലാകാരന്മാർക്കും ആക്ടിവിസ്റ്റുകൾക്കും പ്രചോദനമായി മാറിയ കാലോ ശക്തിയുടെയും സഹിഷ്ണുതയുടെയും സ്വയം പ്രകടനത്തിന്റെയും പ്രതീകമാണ്. വേദനയുടെയും കഷ്ടപ്പാടുകളുടെയും ലോകത്തും സൗന്ദര്യവും അർഥവും സൃഷ്ടിക്കാൻ കഴിയുമെന്ന ഓർമപ്പെടുത്തലാണ് ഫ്രിഡ കാലോ എന്ന കലാകാരി.