ADVERTISEMENT

ആയാംകുടി കുട്ടപ്പമാരാർ ആശാൻ ഓർമയാകുമ്പോൾ കഥകളിവാദ്യകലാരംഗത്ത് ഒരു വാദനസംസ്കാരത്തിനാണ് അറുതിയാകുന്നത്. മുഖത്തു ഭാവഭേദങ്ങളില്ലാതെ അസാമാന്യപ്രൗഢിയോടെ ചെണ്ടയുമായി ആശാൻ അരങ്ങിൽ നിന്നിരുന്നപ്പോൾ ആ ഉൾക്കനം മറ്റു കലാകാരന്മാരിലേക്കും കാണികളിലേക്കും വരെ സംക്രമിച്ചിരുന്നു. അപ്പോഴൊക്കെ, 

രിക്തഃ സർവ്വോ ഭവതി ഹി ലഘുഃ 

പൂർണതാ ഗൗരവായ’ (പൊള്ളയായതെന്തും ലഘുവായിരിക്കും. പൂർണതയിലാണല്ലൊ ഗൗരവമിരിക്കുന്നത്) എന്ന കാളിദാസവചനമാണ് ഓർമയിൽ വരാറുള്ളത്. 

കഥകളിയിലെ സംഘർഷഭരിതമായ ജീവിതമുഹൂർത്തങ്ങൾക്ക് നാദങ്ങളിലൂടെ മിഴിവു നൽകുമ്പോഴും ആശാൻ അരങ്ങിൽ ജ്ഞാനഗൗരവത്തോടെ നിലകൊണ്ടു. ഭാവഭേദങ്ങളുടെ തരംഗിതമായ പ്രവാഹം ആശാന്റെ കയ്യും കോലും പെരുമാറുന്ന ചെണ്ടയിൽനിന്നു മാത്രം. ഒന്നിനും ഇളക്കാൻ കഴിയാത്ത നിലയോടെ തന്റെ പ്രവൃത്തിയിൽ മാത്രം പൂർണമായി ശ്രദ്ധിച്ചുകൊണ്ടാണ് അദ്ദേഹം അരങ്ങിൽ നിൽക്കുക.

കളിക്കു കൊട്ടുമ്പോൾ ചെണ്ടയിൽനിന്നു ചിതറിപ്പോകുന്ന നാദങ്ങളില്ല; അനാവശ്യ ശബ്ദങ്ങൾകൊണ്ടുള്ള കസർത്തുകളില്ല. നടന്റെ പ്രവൃത്തിക്കു വേണ്ട ഒതുക്കവും വൃത്തിയും തന്റെ കലയിലും അദ്ദേഹം പ്രകടിപ്പിച്ചു. അത്തരത്തിൽ നാട്യവും വാദനവും ഒന്നിനൊന്നു പൂരകമായി. സ്വാതന്ത്ര്യമെടുക്കാവുന്ന ചിലയിടങ്ങളിൽ മാത്രം തന്റേതായ ശൈലിയിൽ ചില സങ്കീർണപ്രയോഗങ്ങൾ അദ്ദേഹം നിർവഹിച്ചു. അവയാകട്ടെ മറ്റു ചെണ്ടക്കാർക്ക് അത്ര പെട്ടെന്നു വഴങ്ങിയെന്നുമിരിക്കില്ല.

മേളപ്പദത്തിൽ നാം ആശാന്റെ മറ്റൊരു മുഖമാണു കാണുക. അവിടെ നടന്മാരുടെ സാന്നിധ്യമില്ലാത്തതിനാൽ മനോധർമപ്രയോഗങ്ങൾക്കു സ്വാതന്ത്ര്യം കൂടുതലുണ്ടല്ലോ. സങ്കീർണമായ എണ്ണങ്ങളും പല ഗതികളിലും പല ലയഭേദങ്ങളിലുമുള്ള മനോധർമങ്ങളും ചേർന്ന്, സുശിക്ഷിതരായ ആസ്വാദകരെ വിസ്മയിപ്പിക്കാൻപോന്ന പ്രയോഗങ്ങളാണവിടെ. താളസ്ഥിതിയില്ലാത്തവർക്ക് അവ മനസ്സിലാക്കാൻതന്നെ പ്രയാസമാവും. വാചികസംഗീതത്തിൽ ശിക്ഷണം ലഭിച്ചിട്ടുള്ളതുകൊണ്ടും താളശാസ്ത്രത്തിൽ ആഴത്തിലുള്ള അവഗാഹമുള്ളതുകൊണ്ടുമാവും, ചെണ്ടയുടെ നാദഗരിമ വിടാതെതന്നെ ആ വാദ്യത്തിനിണങ്ങുന്ന പ്രൗഢസഗീതമൊരുക്കാനാണ് അദ്ദേഹം ശ്രദ്ധവയ്ക്കാറുള്ളത്. ചുരുക്കിപ്പറഞ്ഞാൽ, മേളപ്പദത്തിനായാലും കഥയ്ക്കു കൊട്ടുമ്പോഴായാലും അരങ്ങത്ത് ആയാംകുടിയാശാനെങ്കിൽ അതു വേറിട്ടറിയാം.

കുറൂർ വാസുദേവൻ നമ്പൂതിരി ആയാംകുടി കുട്ടപ്പമാരാർക്കൊപ്പം. ചിത്രം: മനോരമ
കുറൂർ വാസുദേവൻ നമ്പൂതിരി ആയാംകുടി കുട്ടപ്പമാരാർക്കൊപ്പം. ചിത്രം: മനോരമ

ഇടയ്ക്ക എന്ന വാദ്യത്തിന്റെ ധർമം പലതാണ്. പഞ്ചവാദ്യത്തിൽ അതു മറ്റു വാദ്യോപകരണങ്ങൾക്കൊപ്പം സ്വതന്ത്രമായ കൊട്ടുവാദ്യമാണ്. അതുകൊണ്ടുതന്നെ പഞ്ചവാദ്യത്തിനു കൂടുമ്പോൾ കനമുള്ള വകകൾ കൊട്ടി താളവട്ടങ്ങൾ നിറയ്ക്കുകയാണ് ആശാന്റെ വഴി. കഥകളിക്കാവുമ്പോൾ അത് അഭിനേതാക്കളുടെ രംഗവൃത്തികളോടിണങ്ങി പ്രവർത്തിക്കുമ്പോൾത്തന്നെ സംഗീതത്തിന് അകമ്പടിവാദ്യമായിച്ചേരുകയും ചെയ്യുന്നു. സംഗീതത്തിൽ വേണ്ടത്ര അവഗാഹമുള്ളതുകൊണ്ട് ശ്രുതി ചേർത്തു വായിക്കാനും ഒപ്പം മുദ്രകൾക്കു കൂടാനും ആയാംകുടിയാശാനു പ്രത്യേക വൈഭവമുണ്ടായിരുന്നു.

1931ൽ ആയാംകുടി കുഞ്ഞൻ മാരാരുടെയും നാരായണിയമ്മയുടെയും പുത്രനായി ജനിച്ച കുട്ടപ്പമാരാരാശാൻ തൊട്ടിയിൽ കൃഷ്ണക്കുറുപ്പ്, തേർവഴി അച്യുതക്കുറുപ്പ്, പുതുശ്ശേരി മാധവക്കുറുപ്പ് എന്നിവരിൽനിന്നാണ് വിവിധ വാദ്യങ്ങൾ അഭ്യസിച്ചത്. തിരുവനന്തപുരം കൊട്ടാരം കഥകളിയോഗത്തിൽ പ്രവർത്തിക്കുന്ന കാലത്ത് അവിടെ ചെണ്ടവാദനത്തിനുണ്ടായിരുന്ന കഥകളിരംഗത്തെ ഇതിഹാസം കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളിന്റെ പരിശീലനവും അദ്ദേഹത്തിനു ലഭിച്ചു. എന്റെ അച്ഛൻ കുറൂർ വാസുദേവൻ നമ്പൂതിരി കൃഷ്ണൻകുട്ടി പൊതുവാൾ ആശാന്റെ കീഴിലാണ് ചെണ്ടപഠനം ആരംഭിച്ചത്. കൂടുതൽ പഠിപ്പിക്കുന്നതിനായി പൊതുവാളാശാൻ തന്നെയാണ് ആയാംകുടിയാശാനെ നിയോഗിച്ചത്. ആശാൻ ഇവിടെ ഞങ്ങളുടെ കുടുംബഗൃഹത്തിൽ അഞ്ചു വർഷം താമസിച്ചുകൊണ്ടാണ് അച്ഛന്റെ അഭ്യസനം പൂർത്തിയാക്കിയത്. പിൽക്കാലത്ത് അദ്ദേഹത്തിന്റെ കീഴിൽ ചെണ്ടയും ഇടയ്ക്കയും പഠിക്കാനുള്ള ഭാഗ്യം എനിക്കുമുണ്ടായി. 

കേരള സർക്കാരിന്റെ പല്ലാവൂർ അപ്പു മാരാർ അവാർഡ്, കേരള കലാമണ്ഡലം അവാർഡ് എന്നിവയുൾപ്പെടെ ഇരുനൂറോളം പുരസ്കാരങ്ങൾ ആശാനു ലഭിച്ചിട്ടുണ്ട്. ചെണ്ടവാദകരുടെതന്നെ കുലഗുരുവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗം മൂലം കലാരംഗത്തിനും ഞങ്ങളുടെ കുടുംബത്തിനുമുണ്ടായ നഷ്ടം പറഞ്ഞറിയിക്കാൻ വയ്യ. ആശാന്റെ ഓർമകൾക്കു മുന്നിൽ കണ്ണീരോടെ പ്രണാമം അർപ്പിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com