സോണി വേൾഡ് ഫൊട്ടോഗ്രഫി അവാർഡ് വിജയികളിൽ ഇന്ത്യക്കാരും; അതിമനോഹര ചിത്രങ്ങളിതാ...
Mail This Article
ലോകത്തിലെ ഏറ്റവും വലിയ ഫൊട്ടോഗ്രഫി മത്സരങ്ങളിലൊന്നായ സോണി വേൾഡ് ഫൊട്ടോഗ്രഫി അവാർഡ് 2024-ലെ വിജയികളെ പ്രഖ്യാപിച്ചു. പ്രഫഷണൽ, ഓപ്പൺ, യൂത്ത്, സ്റ്റുഡന്റ് എന്നിങ്ങനെ നാല് മത്സരങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഫൊട്ടോഗ്രഫി മത്സരമാണിത്. വിവിധ രാജ്യങ്ങളിൽ നിന്നായി 395,000 ചിത്രങ്ങളാണ് ഈ വർഷം ജൂറിക്ക് ലഭിച്ചത്.
വിജയികളിൽ ഇന്ത്യയുടെ മിതുൽ കജാരിയയും ഉൾപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്. 'കൺസ്ട്രക്ഷൻ സൈറ്റില്‍ കുട്ടി ഉറങ്ങുന്നു' എന്ന തലക്കെട്ടിലുള്ള അദ്ദേഹത്തിന്റെ ഫോട്ടോ, ദൈനംദിന ജീവിതത്തിന്റെ വേദനാജനകമായ ഒരു നിമിഷത്തെയാണ് പകർത്തിയത്. മലയാളിയായ വിനയ മോഹൻ യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ നിന്നാണ് മത്സരിച്ച് വിജയിയായത്. കർണാടക മേഖലയിൽ, ശിവന്റെ രൂപമായി ആരാധിക്കപ്പെടുന്ന ഗുളികൻ തെയ്യമായിരുന്നു അദ്ദേഹം ചിത്രത്തില്‍ പകർത്തിയത്. ദേശീയ, പ്രാദേശിക അവാർഡ് ജേതാക്കളുടെ ചിത്രങ്ങൾ ഏപ്രിൽ 19 മുതൽ മെയ് 6 വരെ ലണ്ടനിലെ സോമർസെറ്റ് ഹൗസിൽ നടക്കുന്ന പ്രദർശനത്തിൽ പ്രദർശിപ്പിക്കും.
ഫൊട്ടോഗ്രഫിയിൽ ആഗോള സമീപനം വളർത്തിയെടുക്കുകയാണ് അവാർഡിന്റെ ലക്ഷ്യം. സോണി സ്പോൺസർ ചെയ്യുന്ന അവാർഡുകൾ വേൾഡ് ഫൊട്ടോഗ്രഫി ഓർഗനൈസേഷനാണ് സംഘടിപ്പിക്കുന്നത്. പണം, ക്യാമറ ഉപകരണങ്ങൾ, ലണ്ടനിലേക്കുള്ള യാത്ര എന്നിവ വാഗ്ദാനം ചെയ്യുന്നതിനൊപ്പം പങ്കെടുക്കുന്ന ഫൊട്ടോഗ്രഫർമാർക്കുള്ള കരിയർ കെട്ടിപ്പടുക്കുന്നതിനുള്ള രാജ്യാന്തര അവസരങ്ങളും മത്സരം ഒരുക്കുന്നു.