ADVERTISEMENT

സെപ്റ്റംബർ 2009, ലൂവ്ര്, പാരീസ്.

ലോകത്തിലെ ഏറ്റവും വലിയ ഈ മ്യൂസിയം സഞ്ചാരികളുടെ പറുദീസയാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള കൊട്ടാരക്കെട്ടുകളാണ് പിന്നീട് കലാകേന്ദ്രമായി മാറിയത്. നാലു ലക്ഷം പ്രദർശന വസ്തുക്കൾ, മുപ്പത്തയ്യായിരം കലാസൃഷ്ടികൾ - ചിത്രങ്ങൾ, ശിൽപ്പങ്ങൾ, പുരാവസ്തുക്കൾ, പുരാതനരേഖകൾ. ലൂവ്രിലെ മാസ്റ്റർപീസുകൾ ആസ്വദിച്ചു കാണാൻ ചുരുങ്ങിയത് രണ്ട് വർഷം വേണം, എനിക്കുള്ളത് രണ്ട് മണിക്കൂർ. കാണേണ്ടത് തിരഞ്ഞെടുക്കുക - വേറെ വഴിയില്ല.

ഡാവിഞ്ചിയുടെ കാറിന്റെ ആദ്യകാല മോഡൽ
ഡാവിഞ്ചിയുടെ കാറിന്റെ ആദ്യകാല മോഡൽ

മനസ്സിൽ മോഹമുണർത്തി ഡാവിഞ്ചിയുടെ മോണലിസ, ഏറ്റവും പ്രശസ്തമായ ചിത്രം. ജനലക്ഷങ്ങളുടെ സ്നേഹഭാജനം - എഴുതിയും പാടിയും അനുകരിച്ചും മോഷ്ടിച്ചും പൊന്നുംവില കൊടുത്ത് സ്വന്തമാക്കിയും, കലാസ്വാദകരും തസ്കരരും അവളുടെ അനന്തര ജീവിതം ആഘോഷമാക്കി. ഗ്രീക്ക്‌ ശിൽപങ്ങൾ നിരന്നു നിൽക്കുന്ന ഒരു ഇടനാഴിയിലൂടെ ഞാനവളെ തേടി പോയി. ഡാവിഞ്ചിയുടെ മറ്റൊരു പ്രശസ്ത ചിത്രം 'മഡോണ ഓഫ് ദ റോക്സ്' വഴിയിൽ കാണാം. ചിത്രത്തിൽ മറിയവും ഉറിയേൽ മാലാഖയും കുട്ടികളായ യേശുവും (സ്നാപക) യോഹന്നാനും. മറ്റനേകം ചിത്രങ്ങളും ശിൽപങ്ങളും നിറഞ്ഞ ഒരു ഹാൾ പിന്നിട്ടു. തുടിച്ചു നിൽക്കുന്ന പേശികളോടെ ഗ്രീക്ക് വീരൻമാർ, അംഗവടിവിന്റെ പൂർണതയുള്ള സ്ത്രീകൾ. 'മോണലിസ അതാ അവിടെ'- ദിശാസൂചികൾ വായിച്ച് ആവേശം നുരഞ്ഞു പൊന്തുകയാണ്, ഓരോ വളവിലും തിരിവിലും ഉന്മാദം. അവസാനം ആ മുറിയിലെത്തുമ്പോൾ ഒരാൾക്കൂട്ടമുണ്ട്. അവരെ വകഞ്ഞു മാറ്റി അവളുടെ ചാരെയെത്തുമ്പോൾ ചിത്രത്തിന്റെ വലിപ്പക്കുറവിൽ അത്ഭുതം തോന്നും, ഇതൊരു വ്യക്തിയുടെ ഛായാചിത്രം (Portrait) എന്നറിയുമ്പോൾ സാധാരണ നില കൈവരും. തലമുറകളെ ത്രസിപ്പിച്ച കലാസൃഷ്ടി. ടസ്കൻ സുന്ദരിയുടെ ഗൂഢസ്മിതം ഇപ്പോഴും ഒരു പ്രഹേളിക. ഡാവിഞ്ചിയുടെ മാഗ്നം ഓപസ്.

ഡാവിഞ്ചിയുടെ മോണാലിസ, ലൂവ്രെ (1503-19)
ഡാവിഞ്ചിയുടെ മോണാലിസ, ലൂവ്രെ (1503-19)

നവംബർ 2021, തവാസൻ, ബ്രിട്ടീഷ് കൊളംബിയ, കാനഡ.

ആദിമവാസികളുടെ വാസഗേഹമായിരുന്ന പ്രദേശത്ത് ഇപ്പോൾ വിശാലമായ ഷോപ്പിങ് മാൾ - തവാസൻ മിൽസ്. ഇവിടെയൊരു പ്രദർശനമുണ്ട് - ഡാവിഞ്ചിയുടെ പെയിന്റിങ്ങുകളുടെ ഉന്നത നിലവാരമുള്ള അനുകരണം, യന്ത്രങ്ങളുടെ മാതൃക, നോട്ട് ബുക്കിൽ കോറിയിട്ട മാതൃകാചിത്രങ്ങളും നീരീക്ഷണങ്ങളും. ചുവരിൽ ഡാവിഞ്ചിയുടെ ജീവിതരേഖ കാണാം. ഫ്ളോറൻസ് നഗരത്തിനു പുറത്തുള്ള വിഞ്ചി ഗ്രാമത്തിൽ തുടങ്ങി, ഇറ്റലിയിലും യൂറോപ്പിലും വ്യാപിച്ച്, ഫ്രാൻസിൽ പൂർണമായ അറുപത്തിയേഴ്‌ വർഷങ്ങൾ. ചരിത്രത്തിൽ പകരം വയ്ക്കാനില്ലാത്ത പ്രതിഭ. ചിത്രകലയിൽ മൈക്കലാഞ്ചലോ ഡാവിഞ്ചിക്ക് തുല്യൻ, ശിൽപ്പവിദ്യയിൽ ഡാവിഞ്ചിയേക്കാൾ കേമൻ. പക്ഷേ വിവിധ മേഖലകളിലെ സംഭാവനകൾ പരിഗണിക്കുമ്പോൾ ഡാവിഞ്ചി അഗ്രഗണ്യനാകുന്നു. ചിത്രകാരൻ, ശിൽപ്പി വാസ്തുശിൽപ്പി, നഗരാസൂത്രകൻ, ശാസ്ത്രജ്ഞൻ, എൻജിനീയർ, അനാട്ടമിസ്റ്റ്,

എക്കോളജിസ്റ്റ് - ഡാവിഞ്ചിയുടെ പ്രതിഭയ്ക്ക് അതിരില്ലായിരുന്നു.

ലൂവ്രെ മ്യൂസിയത്തിനുള്ളിൽ, 2009
ലൂവ്രെ മ്യൂസിയത്തിനുള്ളിൽ, 2009

ഗുരുവായ വെരോക്കിയോയുടെ ചിത്രത്തിൽ (The baptism of Christ, 1475) പ്രഭ തൂകുന്ന മുഖമുള്ള ഒരു മാലാഖയെ വരച്ചാണ് ഡാവിഞ്ചി ആദ്യമായി ശ്രദ്ധ നേടുന്നത്. ശിഷ്യന്റെ കഴിവ് ബോധ്യമായ ഗുരു ഡാവിഞ്ചിയെ സ്വതന്ത്രനാക്കി. മോണലിസ, മഡോണ ഓഫ് ദ് റോക്ക്സ്, അനൺസിയേഷൻ, വിട്രൂവിയൻ മാൻ, സെയിന്റ് ജോൺ ദ് ബാപ്റ്റിസ്റ്റ്, പോർട്രെയ്റ്റ് ഓഫ് ജിനർവ ബെഞ്ചി എന്നീ ചേതോഹര ചിത്രങ്ങളുടെ കോപ്പികൾ ഇപ്പോൾ എന്റെ കൺമുന്നിൽ. ഒരു അർധവിരാമം പോലെ അഡോറേഷൻ ഓഫ് ദ് മാജൈ, ബാറ്റ്ൽ ഓഫ് അൻഗിയാരി.

മോണലിസ ഇവിടേയും പ്രമുഖ സ്ഥാനം അലങ്കരിക്കുന്നു. സന്ദർശകർക്ക് സെൽഫി എടുത്ത് അവളെ സ്വന്തമാക്കാം. ഫ്ളോറൻസിലെ സമ്പന്നൻ ഫ്രാഞ്ചെസ്കോ ഗ്ളോക്കോണ്ടോയുടെ ഭാര്യ ലിസ ഗെരാർഡിനിയാണ് മോണലിസ എന്ന് പൊതുവെ കരുതപ്പെടുന്നു. മുഖഭാവം തന്നെയാണ് ഈ ഓയിൽ പെയിന്റിങ്ങിന്റെ പ്രധാന ആകർഷണം. മനസിന്റെ ആഴത്തിലേക്കുള്ള താക്കോൽ. പശ്ചാത്തലത്തിലെ ഭൂപ്രകൃതി സ്ഥലകാല സന്ദേഹമുണ്ടാക്കുന്നു (Aerial perspective). നവോത്ഥാന കാലത്ത് പ്രചാരമുണ്ടായിരുന്ന സ്ഫുമാറ്റോ എന്ന രചനാരീതിയാണ് ചിത്രകാരൻ സ്വീകരിച്ചത്. നിറങ്ങളും നിഴലുകളും അതിരുകളില്ലാതെ ഒന്നുചേർന്ന്, പ്രഭാപൂർണമായ ഇടങ്ങളുടെ ശോഭ അൽപം കുറച്ച്, ഇരുണ്ട ഇടങ്ങളെ പ്രകാശിപ്പിക്കുന്ന വൈഭവം. ഇതേ പ്രഭാവം 'സ്നാപക യോഹന്നാനിലും' കാണാം. ഇരുട്ടിൽ കൈ ചൂണ്ടി പ്രഭാപൂരിതനാകുന്ന ചുരുണ്ട മുടിയുള്ള യുവാവ്.

ഡാവിഞ്ചിയുടെ (1513) 'ജോൺ ദി ബാപ്റ്റിസ്റ്റ്' എന്നതിന്റെ പകർപ്പ്
ഡാവിഞ്ചിയുടെ (1513) 'ജോൺ ദി ബാപ്റ്റിസ്റ്റ്' എന്നതിന്റെ പകർപ്പ്

_

ചിത്രകാരനായി ആദരിക്കപ്പെട്ടെങ്കിലും കാലത്തിനു മുന്നേ നടന്ന ഡാവിഞ്ചിയുടെ ശാസ്ത്ര പരീക്ഷണങ്ങൾ അന്ന് വേണ്ടത്ര ശ്രദ്ധ നേടിയില്ല. പക്ഷികളുടെ പറക്കൽ ഡാവിഞ്ചി നിരന്തരം പഠിച്ചിരുന്നു, ഗ്ലൈഡറിന്റെ ആദിരൂപം രൂപകൽപ്പന ചെയ്ത് കുന്നിൻ മുകളിൽ നിന്നു ചാടി സ്വയം പറന്നു. മിലാനിലെ ഡ്യൂക്കിനു വേണ്ടി യുദ്ധോപകരണങ്ങൾ മെനഞ്ഞു (കവചിത വാഹനം, ഉത്തോലക തെറ്റാലി, ചക്രങ്ങളിൽ അരിവാൾ ഘടിപ്പിച്ച തേര്, യന്ത്രരൂപം നൽകിയ അമ്പും വില്ലും). ഒടുങ്ങാത്ത ജിജ്ഞാസ ചിന്തയുടെ അതിരുകൾ ഭേദിച്ചു - ക്രാങ്ക് ഷാഫ്റ്റ്, സ്കൂബാ ഡൈവിംഗ് ഗിയർ, സമയം അളക്കുന്ന മെറിഡിയൻ, അന്തരീക്ഷത്തിലെ ജലസാന്നിദ്ധ്യം നിർണയിക്കുന്ന ഹൈഗ്രോമീറ്റർ, മെക്കാനിക്കൽ ഓട്ടോമൊബൈലിന്റെ ആദിരൂപം; പ്രകാശശാസ്ത്ര (Optics), ജലശാസ്ത്ര (Hydraulics) ജ്ഞാനം - ആധുനിക ശാസ്ത്രത്തിന്റെ പിതാവെന്ന് ടസ്കനിയിലെ ആ പ്രതിഭാശാലിയെ വിശേഷിപ്പിക്കാം. ആറായിരം താളുകൾ വരുന്ന പുസ്തകങ്ങളിൽ, സ്വന്തം കൈപ്പടയിൽ ലിയോനാർദോ തന്റെ നിരീക്ഷണങ്ങൾ രേഖപ്പെടുത്തി.

ചരിത്രത്തിൽ ആദ്യമായി കലയും ശാസ്ത്രവും സമന്വയിപ്പിച്ചത് ഡാവിഞ്ചിയാണ്. മനുഷ്യ ശരീരം കീറിമുറിച്ച് പരീക്ഷണം നടത്തി, രക്ത സംക്രമണ വ്യവസ്ഥയും ഹൃദയത്തിന്റെ ഘടനയും പേശികളുടെ ക്രമീകരണവും ഗർഭസ്ഥ ശിശുവിന്റെ സ്ഥാനവും മനസ്സിലാക്കി. കണ്ടെത്തലുകൾ ചിത്രമായും അക്ഷരമായും കോറിയിട്ടു. നഗരാസൂത്രണത്തിലെ ഡാവിഞ്ചിയുടെ ആശയങ്ങൾ ഇന്നും പ്രസക്തം. മെഡീവൽ പീരിയഡിലെ ഇടുങ്ങിയ തെരുവുകൾ ഉപേക്ഷിച്ച് വിശാലമായ ഇടങ്ങൾ വിഭാവന ചെയ്തത് ഡാവിഞ്ചിയാണ്. സമനിരപ്പ് വേണമെന്ന നിർബന്ധം വിട്ട്, പടവുകൾ കെട്ടി നഗരത്തെ പലതട്ടുകളാക്കി. ഒന്നാംകിട ജലസേചന പാതകളും, മാലിന്യം നീക്കുന്ന ചാലുകളും ക്രമീകരിച്ചു.

ഡാവിഞ്ചി പ്രദർശനം, ബ്രിട്ടിഷ് കൊളംബിയ, കാനഡ.
ഡാവിഞ്ചി പ്രദർശനം, ബ്രിട്ടിഷ് കൊളംബിയ, കാനഡ.

പതിനഞ്ചാം നൂറ്റാണ്ടിലെ കലാവിമർശകൻ ജോർജിയോ വസാരി കലാസ്വാദകരെ ഭ്രമിപ്പിക്കുന്ന ഡാവിഞ്ചിയുടെ ധിഷണയെ ദൈവികദാനം എന്നുതന്നെ വിശേഷിപ്പിക്കുന്നു. വിശ്വശിൽപി രൂപമാർന്നതു പോലെ ഒരു ജന്മം. പക്ഷേ പ്രതിഭയുമായി ജനിച്ചതു കൊണ്ടായില്ല, നിരന്തരമായ പരിശീലനത്തിലൂടെയാണ് മേധാവിത്വം കൈവരുന്നത്. ബാല്യം മുതൽ അന്തമില്ലാത്ത ആകാംക്ഷയുടെ ഉടമയായിരുന്നു ലിയോനാർദോ. പ്രപഞ്ച രഹസ്യങ്ങൾ അറിയാൻ ഒരൊറ്റ മേഖലയിലെ മികവ് മതിയാകില്ല. വിവിധ മേഖലകളിലെ അഗാധമായ ജ്ഞാനം യോജിപ്പിച്ച്, പരസ്പര ബന്ധങ്ങൾ കാണുന്നിടത്താണ് നിഗൂഢതകൾ അനാവരണം ചെയ്യപ്പെടുന്നത്.

ഡാവിഞ്ചി തന്റെ കാലത്തെ മതമേധാവിത്വവും അന്ധമായ വിശ്വാസ പ്രമാണങ്ങളും അംഗീകരിച്ചില്ല. പരീക്ഷണ-നിരീക്ഷണങ്ങളിലൂടെയും തെളിവുകളിലൂടെയും ഉറപ്പിച്ചതല്ലാത്ത യാതൊരു സത്യവും സ്വീകരിച്ചതുമില്ല.

ആധുനിക ശാസ്ത്രാന്വേഷണ രീതി ആദ്യമായി പ്രയോഗിച്ചത് ഡാവിഞ്ചിയാണ്. പക്ഷേ അത് റിഡക്ഷനിസമല്ല, സിംസ്റ്റംസ് തിങ്കിംഗ് ആയിരുന്നു. വസ്തുക്കളേയും പ്രതിഭാസങ്ങളേയും മനസ്സിലാക്കേണ്ടത് വേറിട്ടല്ല, അവ തമ്മിലുള്ള പരസ്പര ബന്ധത്തിലൂടെയാണ്. ആധുനിക ശാസ്ത്രത്തിന് അടിത്തറയിട്ടത് ഡാവിഞ്ചിയാണെന്ന് പറയുമ്പോഴും, ആ മഹാമനീഷി ഗാലിലിയോ, ന്യൂട്ടൺ, ദെക്കാർത്തെ എന്നീ ദ്വൈത ചിന്തകരിൽ നിന്ന് വ്യത്യസ്തനായിരുന്നു. ഇപ്പോൾ നവലോകം ഡാവിഞ്ചിയുടെ സമഗ്രചിന്തയുടെ ആഴം അറിയാൻ തുടങ്ങുന്നു. ഒന്നും വേറിട്ടതല്ല, എല്ലാം പരസ്പര ബന്ധിതം. ജീവന്റെ ചങ്ങലയാൽ ചേരാത്തതൊന്നും പ്രപഞ്ചത്തിലില്ല. ശാസ്ത്രത്തിനപ്പുറം രാഷ്ട്രതന്ത്രം, സാമ്പത്തികം, പരിസ്ഥിതി, മാനവിക വിഷയങ്ങൾ എന്നിങ്ങനെ അനേകം മേഖലകളിൽ പ്രസക്തമായ ആശയം.

ഡാവിഞ്ചി പ്രദർശനം, ബ്രിട്ടിഷ് കൊളംബിയ, കാനഡ.
ഡാവിഞ്ചി പ്രദർശനം, ബ്രിട്ടിഷ് കൊളംബിയ, കാനഡ.

യന്ത്രങ്ങളെ വിട്ട് ഞാൻ അടുത്ത മുറിയിലേക്ക്. ചുവരിൽ ഒരു മാസ്റ്റർപീസ് - അവസാന അത്താഴം. പുതിയൊരു പിഗ്മെന്റ് ഉപയോഗിച്ച് പരീക്ഷണം നടത്തിയതിനാൽ പാതിയോളം മങ്ങിയ നിലയിൽ. രണ്ടാം ലോകയുദ്ധകാലത്ത് ഇറ്റലിയിലെ മിലാനിലെ ഒരു പള്ളിയിൽ, സഖ്യകക്ഷിസേനയുടെ ബോംബി‌ംഗിനെ അതിജീവിച്ച ചിത്രം. ചിത്രകാരന്റെ സൂക്ഷ്മമായ സ്കെച്ചുകളും കാണാം. ഡാൻ ബ്രൗണിന്റെ 'ഡാവിഞ്ചി കോഡ്' പരാമർശം ഇല്ലാതെ വരുന്നതെങ്ങനെ? നേരുപറഞ്ഞാൽ മറ്റൊരു പുസ്തകത്തിലെ (Holy blood, holy grail (Baigent, Leigh & Lincoln, 1982) വിവരങ്ങളാണ് ഡാൻ ബ്രൗൺ ഉപയോഗിച്ചത്. താളുകളെ തീപിടിപ്പിക്കുന്ന രീതിയിൽ എഴുതിയത് അയാളുടെ മിടുക്ക്. ഡാവിഞ്ചി കോഡ് എന്നൊന്നില്ല! ഒരു പറ്റം കലാവിമർശകർ അങ്ങനെ പറയുന്നുവെന്ന് ഇവിടെ കാണുന്നു. അതൊരു ഗൂഢാലോചന സിദ്ധാന്തമാകാം.

യേശുവിന്റെ വലതു ഭാഗത്തിരിക്കുന്നത് മഗ്ദലന മറിയമെങ്കിൽ പന്ത്രണ്ടാമത്തെ ശിഷ്യൻ എവിടെ? (അയാൾ വരാൻ വൈകിയതാണെങ്കിലോ?) എന്തൊക്കെ പറഞ്ഞാലും, യേശുവിന്റെ വക്ഷസിൽ ചാരിക്കിടന്ന 'അരുമശിഷ്യൻ യോഹന്നാന്റെ' സ്ത്രൈണഭാവം വിശദീകരിക്കുക പ്രയാസം. അവർ രണ്ടുപേർ ധരിച്ചിരിക്കുന്നത് വിപരീത നിറങ്ങളുള്ള, പരസ്പര പൂരകമായ അങ്കികളാണ്, ഇണകളെ പോലെ. 'നിങ്ങളിൽ ഒരാൾ എന്നെ ഒറ്റും' എന്ന് യേശു പറഞ്ഞ നിമിഷമാണ് ഡാവിഞ്ചിയുടെ വിഷയം. മറ്റു പതിനൊന്ന് ശിഷ്യരും 'ആരാണയാൾ' എന്ന ചോദ്യമുയർത്തുമ്പോൾ ഗുരുവും ശിഷ്യനും (യും?) തങ്ങൾക്കിടയിൽ ഒരു ശൂന്യസ്ഥലം സൃഷ്ടിച്ച് തീവ്രവേദനയിൽ

 ലൂവ്രെ മ്യൂസിയം, പാരീസ്, 2009
ലൂവ്രെ മ്യൂസിയം, പാരീസ്, 2009

ആണ്ടുപോയത് എന്തുകൊണ്ടാവാം? വിവാദം മാറ്റി നിർത്തി ഇങ്ങനെ ചിന്തിക്കാം - ഇത് ഡാവിഞ്ചിയുടെ ഭാഷ്യമാണ്. കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യം. ഇതൊരു അഭിപ്രായം മാത്രമാണ്, പരമസത്യമല്ല. കലയുടെ ലക്ഷ്യം അതാണ്‌, അനേകം വ്യാഖ്യാനങ്ങൾക്കുള്ള സാധ്യത തുറന്നിടുക. പക്ഷേ സൂക്ഷിച്ചു നോക്കുന്നവർക്കായി ഡാവിഞ്ചി സൂചനകൾ ഒളിപ്പിച്ചു വച്ചിട്ടുണ്ട്.

അടുത്ത മുറിയിൽ ആ മഹാനുഭാവന്റെ ഉത്തമ സൃഷ്ടികൾ ശബ്ദവും സംഗീതവും ചേർത്ത് കൂറ്റൻ സ്ക്രീനിൽ പതിപ്പിച്ചിരിക്കുന്നു. നാലു ചുവരിലും മേൽക്കൂരയിലും തറയിലും ഡാവിഞ്ചി. 360 ഡിഗ്രി ഇമ്മഴ്സീവ് അനുഭവം. വിഞ്ചി ഗ്രാമത്തിലെ പണിശാലയിലേക്കും, ഫ്ലോറൻസിലേയും, റോമിലേയും, മിലാനിലേയും കലാകേദാരങ്ങളിലേക്കും മനസ്സ് പറന്നു പോയി. ഗ്ലൈഡറിൽ വായുവിൽ തെന്നിനീങ്ങുന്ന ലിയോനാർദോ. ആന്തരിക ശരീരശാസ്ത്രത്തിലും പേശീവ്യവസ്ഥയിലുമുള്ള അവഗാഹം ചിത്രങ്ങൾക്ക് നൽകുന്ന ജീവോർജ്ജം ഇപ്പോൾ നേരിട്ട് കാണാനാകുന്നു. ഇത്രയും വലിപ്പത്തിൽ മോണലിസയുടെ മുഖത്തിന്റെ ക്ളോസപ്പ് ആദ്യമായി കാണുകയാണ്. വശ്യമായ, തേജോമയമായ, നിഗൂഢമായ ആ പുഞ്ചിരി! അടുത്ത ദൃശ്യത്തിൽ, ലിസയുടെ സഹോദരിയാണോ എന്ന് സംശയിച്ചു പോകുന്ന ഗിനെർവ ബെഞ്ചിയുടെ ചുരുണ്ട സ്വർണ മുടിയിഴകളുടെ സൗന്ദര്യം! മംഗലവാർത്തയിൽ മറിയത്തിന്റേയും മാലാഖയുടേയും ദിവ്യദീപ്തി! മനസ്സുകൊണ്ട് ഞാൻ ആ മഹാപ്രതിഭയെ നമിക്കുന്നു.

ഈ പകൽ ധന്യമായി. നൂറ്റാണ്ടുകൾക്ക് അപ്പുറമിരുന്ന് ആ ധിഷണാശാലി നമ്മെ നിർഭയമായി മുന്നോട്ടു ചലിക്കാൻ പ്രേരിപ്പിക്കുന്നു - അറിയാൻ, രേഖപ്പെടുത്താൻ, അറിഞ്ഞത് പകരാൻ; ആന്തരിക സത്തയെ തേച്ചു മിനുക്കാൻ. അവസാനത്തെ മുറിയിൽ വിർച്വൽ റിയാലിറ്റി കാത്തിരിക്കുന്നുണ്ട്. കസേരയിൽ ഇരുന്ന് ഹെഡ്സെറ്റ് ഉറപ്പിച്ചു.

കാഴ്ചയിൽ ഡാവിഞ്ചിയുടെ പണിപ്പുര, സ്വകാര്യ മുറി, ജലത്തിൽ താളം തുള്ളുന്ന ഒരു വഞ്ചി, കറങ്ങുന്ന ടർബൈൻ. കൈ നീട്ടി തൊടാവുന്ന കൃത്രിമ സ്വപ്നം! ജാലകം തുറക്കുമ്പോൾ അകലെ ആർനോ നദി, തവിട്ടു മേൽക്കൂരയുള്ള എണ്ണമറ്റ കെട്ടിടങ്ങൾ, തലയെടുപ്പോടെ ഡുവോമോ കത്തീഡ്രൽ, ദൂരെ മലനിരകൾ. കണ്ണിമ ചിമ്മാതെ ഇരിക്കുമ്പോൾ, കാഴ്ചയെ മറച്ച് ഡാവിഞ്ചിയുടെ ഗ്ലൈഡർ പാറിപ്പറന്നു.

English Summary:

Museum full of Da Vinci's masterpiece

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com