ലോകത്തെ ഏറ്റവും വിലയുള്ള പുസ്തകം എഴുതിയത് ഡാവിഞ്ചി, സൂക്ഷിക്കുന്നത് ബിൽ ഗേറ്റ്‌സ്!
Mail This Article
‘കോഡെക്സ് ലെസ്റ്റർ’ 18 കടലാസ് ഷീറ്റുകൾ പകുതിയായി മടക്കി, മിറർ കോഡിൽ എഴുതിയ ഒരു ചെറിയ പുസ്തകം. 500 വർഷം പഴക്കമുള്ള ഈ നോട്ട്ബുക്കാണ് ലോകത്തിലെ ഏറ്റവും വിലയുള്ള പുസ്തകം. എഴുതിയത്: ലിയനാർദോ ഡാവിഞ്ചി. വില: 30 മില്യൺ ഡോളർ. 1717-ൽ അത് സൂക്ഷിച്ചിരുന്ന ലെസ്റ്ററിലെ പ്രഭുവായ തോമസ് കോക്കിന്റെ പേരിലാണ് അറിയപ്പെടുന്നത്.
ലിയനാർദോ ഡാവിഞ്ചി ചിത്രകാരനും ശിൽപിയും മാത്രമായിരുന്നില്ല ഗണിതത്തിലും ശരീരഘടനാശാസ്ത്രത്തിലും പണ്ഡിതനുമായിരുന്നു. വിമാനം ഉൾപ്പെടെ ശാസ്ത്രത്തിലെ നിരവധി കണ്ടുപിടുത്തങ്ങളുടെ ആദ്യരൂപം തയാറാക്കിയത് ഡാവിഞ്ചിയാണ്. അത്തരം കണ്ടുപിടുത്തങ്ങളെക്കുറിച്ച് അദ്ദേഹമെഴുതിയ കുറിപ്പുകളാണ് കോഡെക്സ് ലെസ്റ്റർ എന്ന ചെറുപുസ്തകത്തിലുള്ളത്. മഹാപ്രതിഭയായ ഡാവിഞ്ചിയുടെ സ്വകാര്യരേഖയെന്നതിലുപരി ഒരു അമൂല്യചരിത്രരേഖയാണിതെന്ന ബോധ്യമുള്ളതിനാലാണ് 1994-ൽ ബിൽ ഗേറ്റ്‌സ് 30 മില്യണിലധികം ഡോളറിന് കോഡെക്‌സ് ലെസ്റ്റർ വാങ്ങിയത്.
ജലത്തിന്റെ സ്വഭാവത്തെയും ചലനത്തെയും കുറിച്ചുള്ള നിരീക്ഷണങ്ങളും പരീക്ഷണങ്ങളും ഉൾപ്പെടെയുള്ള തന്റെ ആശയങ്ങളുടെയും അന്വേഷണങ്ങളുടെയും ഒരു സംഗ്രഹമായിട്ടാണ് ഡാവിഞ്ചി കോഡെക്സ് ലെസ്റ്റർ എഴുതിരിക്കുന്നത്. ആധുനിക ഓഡോമീറ്ററും നദികളുടെ ഒഴുക്കിന്റെ വേഗതയെക്കുറിച്ചുള്ള നിരീക്ഷണങ്ങളും മുൻകൂട്ടി കാണാകുന്ന ഒരു ഉപകരണവും കോഡെക്സിലെ കണ്ടുപിടുത്തങ്ങളിൽ ഉൾപ്പെടുന്നു. വേലിയേറ്റങ്ങൾ, ചുഴലിക്കാറ്റുകൾ, അണക്കെട്ടുകൾ, ദ്രാവക ചലനാത്മകത, ലെൻസുകളുടെ ഗുണങ്ങൾ, ചന്ദ്രനും ഭൂമിയും സൂര്യനും തമ്മിലുള്ള ബന്ധം, ക്രിസ്റ്റലുകളുടെ ഗുണവിശേഷതകൾ, ഭൂകമ്പങ്ങളുടെ സ്വഭാവം എന്നിവയെക്കുറിച്ചുള്ള ഡാവിഞ്ചിയുടെ വിശദമായ ചിത്രങ്ങളും അതിൽ കാണാം. ഫോസിലുകളുടെ രൂപീകരണത്തെയും ചന്ദ്രന്റെ പ്രകാശത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങൾ ഭാവിയിലെ ശാസ്ത്ര കണ്ടെത്തലുകൾക്ക് വഴിയൊരുക്കി.
ഡാവിഞ്ചിയുടെ പ്രസിദ്ധമായ മിറർ-ഇമേജ് ശൈലിയിലാണ് ഈ കുറിപ്പുകൾ എഴുതിയിരിക്കുന്നത്. അതായത് വാക്കുകൾ വലത്തുനിന്ന് ഇടത്തോട്ട് വായിക്കണം. 1994-ൽ ബിൽ ഗേറ്റ്‌സ് അതു വാങ്ങിയശേഷം, വർഷത്തിലൊരിക്കൽ ആ കൈയെഴുത്തുപ്രതി കനത്ത സുരക്ഷാ സംവിധാനത്തോടെ പ്രദർശനത്തിനായി ലഭ്യമാക്കാറുണ്ട്. മാത്രമല്ല കോഡെക്‌സ് സ്വന്തമാക്കിയ ശേഷം, ഗേറ്റ്‌സ് അതിന്റെ പേജുകൾ ഡിജിറ്റൽ ഇമേജ് ഫയലുകളാക്കി സ്കാൻ ചെയ്തു സൂക്ഷിച്ചു. പിന്നീട് അതിൽ ചില ചിത്രങ്ങൾ മൈക്രോസോഫ്റ്റ് പ്ലസിന്റെ ഭാഗമായി ഒരു സിഡി-റോമിൽ സ്‌ക്രീൻസേവറായും വാൾപേപ്പറായും വിതരണം ചെയ്തു. വിൻഡോസ് 95, വിൻഡോസ് 98, വിൻഡോസ് എംഇ എന്നിവയുടെ ഡെസ്ക്ടോപ്പ് തീമിനായി ഉൾപ്പെടുത്തുകയും ചെയ്തു.
പ്രദർശനത്തിന് ചുറ്റുമുള്ള ടച്ച്‌സ്‌ക്രീനുകളിൽ പഴക്കം ചെന്ന ഇറ്റാലിയൻ ഭാഷയിലെ പതിപ്പാണ് കാണുന്നത്. 18 കടലാസ് ഷീറ്റുകൾ പകുതിയായി മടക്കി ഇരുവശത്തും എഴുതി, 72 പേജുള്ള ഒരു കുഞ്ഞു പുസ്തകമാക്കിയ കോഡെക്സ് ലെസ്റ്റർ, ഡാവിഞ്ചിയുടെ മറ്റു കൈയെഴുത്തുപ്രതികൾ പോലെയല്ല. ഓരോ പേജിലും ഓരോ വിഷയം എഴുതുന്ന ഡാവിഞ്ചി ഇവിടെ ജലത്തെക്കുറിച്ചുള്ള പഠനത്തിനായിട്ടാണ് ഈ പുസ്തകം ഉപയോഗിച്ചിരിക്കുന്നത്.