ഗുഹയ്ക്കുള്ളിൽ നാടക തിയറ്റർ, പ്രകൃതി സൗന്ദര്യത്തിന്റെ അദ്ഭുത ദൃശ്യമായി സെന്റ് മൈക്കിൾസ്
Mail This Article
ഗുഹയുടെ പ്രകൃതി സൗന്ദര്യം ആസ്വദിച്ചു കൊണ്ടൊരു നാടകം കണ്ടാലോ? പാറയിൽ പ്രതിധ്വനിക്കുന്ന ശബ്ദങ്ങളിലൂടെ ലൈവ് തിയറ്ററിന്റെ മാന്ത്രികത അനുഭവിക്കാൻ പോകേണ്ടത് ബ്രിട്ടിഷ് ഓവർസീസ് ടെറിട്ടറിയായ ജിബ്രാൾട്ടറിലെ അപ്പർ റോക്ക് നേച്ചർ റിസർവിലേക്കാണ്. ചുണ്ണാമ്പുകല്ലിൽ തീർത്ത ഒരു പ്രകൃതിദത്ത അദ്ഭുതമാണ് സെന്റ് മൈക്കിൾസ് ഗുഹ. നാടകാവതരണത്തിനുള്ള സവിശേഷവും ആകർഷകവുമായ വേദിയായി മാറിയ ഗുഹയ്ക്ക് ആയിരക്കണക്കിനു വർഷം പഴക്കമുള്ള സമ്പന്നമായ ചരിത്രമാണുള്ളത്.
ഒരു കാലത്ത് അഭയകേന്ദ്രമായും ആരാധനാലയമായും ഉപയോഗിച്ചിരുന്ന ഗുഹ ഇപ്പോൾ വിനോദകേന്ദ്രമാണ്. പാറക്കൂട്ടങ്ങളാൽ സൃഷ്ടിക്കപ്പെട്ട പ്രകൃതിദത്തമായ ശബ്‌ദവിന്യാസം അവിടെ അവതരിപ്പിക്കപ്പെടുന്ന നാടകങ്ങൾക്ക് അസാധാരണ ഭംഗി നൽകുന്നു. പാരമ്പര്യേതര പശ്ചാത്തലത്തിൽ നാടകം അവതരിപ്പിക്കാനുള്ള സാധ്യത പരിശോധിക്കുന്നതിന്റെ ഭാഗമായിട്ടാണ് സെന്റ് മൈക്കിൾസ് ഗുഹ കലാപരമായ കാര്യങ്ങൾക്ക് ഉപയോഗിച്ചു തുടങ്ങിയത്.
പ്രകൃതിദത്തമായ ഒരു ഗുഹയെ ഏകദേശം 600 പേർക്ക് ഇരിക്കാവുന്ന ഒരു ഫങ്ഷനൽ തിയറ്ററാക്കി മാറ്റുകയെന്നത് വലിയ വെല്ലുവിളിയായിരുന്നു. ഇരിപ്പിട ക്രമീകരണങ്ങൾ, ലൈറ്റിങ്, ശബ്ദ ഉപകരണങ്ങൾ, പ്രകടനം നടത്തുന്നവർക്കും പ്രേക്ഷകർക്കുമുള്ള ശുചിമുറികൾ തുടങ്ങിയ നിർമിച്ചത് നിരവധി ചർച്ചകൾക്കു ശേഷമാണ്. മാത്രമല്ല, ഗുഹയിൽ നടന്ന ആദ്യ നാടക അവതരണങ്ങൾ പരീക്ഷണ സ്വഭാവമുള്ളവയായിരുന്നു. അവ ശ്രദ്ധ നേടിയതോടെ ഒരു നാടകവേദിയെന്ന നിലയിൽ ഗുഹയുടെ സാധ്യതകളെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നു.
വെല്ലുവിളികളെ സർഗ്ഗാത്മകതയും ചാതുര്യവും കൊണ്ട് നേരിട്ടതോടെ അതുല്യവും അവിസ്മരണീയവുമായ നാടകാനുഭവങ്ങൾക്ക് വേദിയായി ഗുഹ മാറി. ക്ലാസിക്കൽ നാടകങ്ങൾ മുതൽ സമകാലിക നൃത്ത–സംഗീതസൃഷ്ടികള്‍ വരെയുള്ള പരീക്ഷണാത്മക പ്രകടനങ്ങള്‍ അവിടെ നടക്കാറുണ്ട്. പ്രകൃതിദത്തമായ ഒരു ഗുഹയെ കലാ ആവിഷ്കാരത്തിനും സാമൂഹിക സംഗമത്തിനുമുള്ള ഇടമാക്കി മാറ്റുന്നതിലൂടെ, നമ്മുടെ ഗ്രഹത്തിലെ പ്രകൃതിദത്തമായ അദ്ഭുതങ്ങൾ സംരക്ഷിക്കേണ്ടതിന്റെയും അവയെ ആഘോഷിക്കുന്നതിന്റെയും പ്രാധാന്യം ഓർമപ്പെടുത്തുകയാണ് സെന്റ് മൈക്കിൾസ്.
ശബ്ദങ്ങളും സംഗീതവും വ്യക്തതയോടും ആഴത്തോടും കൂടി പ്രതിധ്വനിപ്പിക്കുന്ന ഗുഹ ലോകമെമ്പാടുമുള്ള കലാകാരന്മാരെ ആകർഷിക്കുന്നു. മാത്രമല്ല, വാർഷിക മിസ് ജിബ്രാൾട്ടർ മത്സരവും ഇപ്പോൾ അവിടെയാണ് സംഘടിപ്പിക്കുന്നത്.