നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിന് ഒരു വയസ്സ്; എത്തിയത് ഒരു ദശലക്ഷത്തിലധികം സന്ദർശകർ
Mail This Article
ഇന്ത്യയിലെ തന്നെ ആദ്യ മൾട്ടി ഡിസിപ്ലിനറി ആർട്ട് & കൾച്ചർ ഡെസ്റ്റിനേഷനായ നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ ഒരു വർഷം പൂർത്തിയാക്കി. 2023 മാർച്ച് 31-നാണ് സെന്റർ പ്രവർത്തനം ആരംഭിച്ചത്. നിരവധി നാഴികക്കല്ലുകളാൽ നിറഞ്ഞ ആദ്യവർഷത്തിൽ സെന്റർ ഒരു ദശലക്ഷത്തിലധികം സന്ദർശകരെ സ്വാഗതം ചെയ്തു.
5 ലോകോത്തര വേദികളിലായി 700-ലധികം ഷോകൾ നടത്തി, 670-ലധികം അവിശ്വസനീയമായ കലാകാരന്മാരെ അവതരിപ്പിച്ചു, കൂടാതെ നാല് വിഷ്വൽ ആർട്ട് എക്സിബിറ്റുകളും പ്രദർശിപ്പിച്ചു. വാർഷികത്തിന്റെ ഭാഗമായി തത്സമയ പ്രകടനങ്ങളും അതുല്യമായ വിഷ്വൽ ആർട്ട് എക്‌സിബിറ്റും ഉൾക്കൊള്ളുന്ന പ്രത്യേക ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
“അഗാധമായ അഭിമാനത്തോടും സന്തോഷത്തോടും നന്ദിയോടും കൂടിയാണ് ഞങ്ങൾ ഞങ്ങളുടെ സാംസ്കാരിക കേന്ദ്രത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കുന്നത്. എൻഎംഎസിസിയിൽ കഴിഞ്ഞ വർഷം, ഒരു ദശലക്ഷത്തിലധികം പ്രേക്ഷകർ ബ്ലോക്ക്ബസ്റ്റർ ഷോകൾക്കും വിസ്മയിപ്പിക്കുന്ന ആഗോള പ്രകടനങ്ങൾക്കും അതിശയിപ്പിക്കുന്ന കലാസൃഷ്ടികൾക്കും സാക്ഷ്യം വഹിച്ചു. ഇന്ത്യയുടെയും ലോകത്തെയും ഏറ്റവും മികച്ചത് ആദ്യമായി പ്രദർശിപ്പിച്ച അസാധാരണമായ വർഷമാണിത്. ഞങ്ങളുടെ യാത്ര ആരംഭിച്ചതേയുള്ളൂ”, സ്ഥാപകയും ചെയർപേഴ്സണുമായ നിത അംബാനി പറഞ്ഞു.
മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ജിയോ വേൾഡ് സെന്ററിനുള്ളിലാണ് നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ. ഇന്ത്യയിലെ തന്നെ ആദ്യ മൾട്ടി ഡിസിപ്ലിനറി ആർട്ട് & കൾച്ചർ ഡെസ്റ്റിനേഷൻ സെന്ററിൽ മൂന്ന് പെർഫോമിംഗ് ആർട്സ് സ്പേസുകളാണുള്ളത്. 2,000 സീറ്റുകളുള്ള ഗ്രാൻഡ് തിയേറ്റർ, സാങ്കേതികമായി നൂതനമായ 250 സീറ്റുകളുള്ള സ്റ്റുഡിയോ തിയേറ്റർ, ഡൈനാമിക് 125 സീറ്റർ ക്യൂബ് എന്നിവയാണ് പ്രത്യേകതകൾ.
ഇന്ത്യയിലും ലോകമെമ്പാടുമുള്ള മികച്ച കലാപ്രതിഭകളുടെ പ്രദർശനങ്ങളുടെയും ഇൻസ്റ്റാളേഷനുകളുടെയും ഒരു നിര സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ ആഗോള മ്യൂസിയം മാനദണ്ഡങ്ങൾക്കനുസൃതമായി നിർമ്മിച്ച നാല് നിലകളുള്ള സമർപ്പിത വിഷ്വൽ ആർട്‌സ് ഇടമായ ആർട്ട് ഹൗസും കൾച്ചറൽ സെന്ററിന്റെ സവിശേഷതയാണ്.