യഥാർഥ 'ഹാരി പോട്ടർ' കവർചിത്രം വിൽപനയ്ക്ക്; ലേലം നടക്കുക അടുത്ത മാസം
Mail This Article
ജെ.കെ. റൗളിംഗ് എഴുതിയ 'ഹാരി പോട്ടർ ആൻഡ് ദ ഫിലോസഫേഴ്‌സ് സ്റ്റോൺ' എന്ന നോവൽ 1997-ലാണ് പ്രസിദ്ധീകരിച്ചത്. കാലക്രമേണ ഈ നോവൽ പരമ്പര സൂപ്പർഹിറ്റായി മാറുകയും ലോകത്തിലെ ഏറ്റവും ജനപ്രിയമായ കുട്ടികളുടെ പുസ്തകം എന്ന സ്ഥാനം നേടുകയും ചെയ്തു.
'ഹാരി പോട്ടർ ആൻഡ് ദ ഫിലോസഫേഴ്‌സ് സ്റ്റോൺ' എന്ന പുസ്തകത്തിന്റെ ആദ്യ പതിപ്പിനായി, എഴുത്തുകാരനും ചിത്രകാരനുമായ തോമസ് ടെയ്‌ലറാണ് വാട്ടർകളർ കവർ ആർട്ട് സൃഷ്ടിച്ചത്. പുസ്‌തകം പ്രസിദ്ധീകരിക്കുന്ന സമയത്ത് ടെയ്‌ലർ ഒരു ബുക്ക്‌ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു. ഹോഗ്വാർട്സ് സ്കൂൾ ഓഫ് വിച്ച്ക്രാഫ്റ്റ് ആൻഡ് വിസാർഡ്രിയിലേക്കുള്ള ആദ്യ യാത്രയ്ക്കായി ഹോഗ്വാർട്സ് എക്സ്പ്രസ് ട്രെയിനിൽ കയറാൻ തയ്യാറായി നിൽക്കുന്ന ഹാരി പോട്ടറെയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
ഇരുണ്ട തവിട്ട് നിറമുള്ള മുടി, വൃത്താകൃതിയിലുള്ള കണ്ണട, നെറ്റിയിലെ മിന്നൽപ്പിണർ പാടേ എന്നിവയുമായി നിൽക്കുന്ന ഹാരി പോട്ടറിന്റെ കവർചിത്രം ഇപ്പോൾ വിൽപ്പനയ്‌ക്കെത്തുകയാണ്. അടുത്ത മാസം നടക്കാനിരിക്കുന്ന ലേലത്തിൽ 600,000 ഡോളർ (അഞ്ച് കോടി രൂപ) വരെ കവർ ചിത്രം നേടുമെന്നാണ് പ്രതീക്ഷ. ലേലസ്ഥാപനമായ സോതബീസിന്റെ അഭിപ്രായത്തിൽ, ഹാരി പോട്ടറുമായി ബന്ധപ്പെട്ട ഒരു ഇനത്തിന് ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന പ്രീസെയിൽ മൂല്യമാണിത്.
ഹാരി പോട്ടർ ആൻഡ് ദ ഫിലോസഫേഴ്‌സ് സ്റ്റോൺ എന്ന പുസ്തകത്തിന്റെ നിരവധി വിവർത്തന പതിപ്പുകൾക്കായി ടെയ്‌ലറുടെ കവർ ഉപയോഗിച്ചതായി ലേലസ്ഥാപനം പറയുന്നു. എന്നിരുന്നാലും, 'ഹാരി പോട്ടർ ആൻഡ് സോർസറേഴ്സ് സ്റ്റോൺ' എന്ന പേരിൽ പുറത്തിറങ്ങിയ പുസ്തകത്തിന്റെ യുഎസ് പതിപ്പിനായി ഇത് ഉപയോഗിച്ചിട്ടില്ല. 2021-ൽ ടെക്‌സാസിലെ ഡാളസിൽ നടന്ന ഹെറിറ്റേജ് ലേലത്തിൽ 421,000 ഡോളറിന് വിറ്റുപോയ ഹാരി പോട്ടർ ആന്റ് ദ ഫിലോസഫേഴ്‌സ് സ്റ്റോണിന്റെ ഒപ്പിടാത്ത ആദ്യ പതിപ്പാണ് ഈ പുസ്തക പരമ്പരയുമായി ബന്ധപ്പെട്ടത് റെക്കോർഡ് വിലയിൽ വിറ്റുപോയ വസ്തുവെന്ന് സോതബീസ് പറയുന്നു.
2001-ൽ ലണ്ടനിലെ സോതബീസിൽ വെച്ച് തന്നെ ഈ ചിത്രീകരണം മുൻപ് ലേലം ചെയ്തിട്ടുണ്ട്. ഏകദേശം 106,000 ഡോളറാണ് അന്ന് ലഭിച്ചത്. 20 വർഷത്തിനുശേഷം വീണ്ടും ലേലത്തിനായി എത്തിയ ചിത്രം, ആ തുകയുടെ നാലിരട്ടി വിലയ്ക്ക് വിറ്റുപോകുമെന്നതാണ് പ്രതീക്ഷ.