80 കിലോ ഭാരമുള്ള ശിൽപം; അകത്ത് 49 വർഷം പഴക്കമുള്ള ആഡംബര സ്കോച്ച്...!
Mail This Article
500 മണിക്കൂറിലധികം സമയമെടുത്ത് നിർമ്മിച്ച 80 കിലോഗ്രാം ഭാരമുള്ള ശിൽപത്തിനകത്ത് സൂക്ഷിച്ചിരുന്നത് ആഡംബര സ്കോച്ച് വിസ്കി..! ദി ഡാൽമോർ ഡിസ്റ്റിലറിയിൽ നിന്നുള്ള 49 വർഷം പഴക്കമുള്ള അപൂർവ സിംഗിൾ മാൾട്ട് വിസ്കിയാണ് ശിൽപത്തിനകത്ത് സൂക്ഷിച്ചിരിക്കുന്നത്. “ദ് റയർ” എന്ന് പേരിട്ടിരിക്കുന്ന ശിൽപം രൂപകൽപ്പന ചെയ്തിരിക്കുന്നത് സഹ ഹദീദ് ആർക്കിടെക്റ്റ്സിന്റെ ഡയറക്‌ടറായിരുന്ന മെലഡി ല്യൂങ് ആണ്.
അൽനെസ് ആസ്ഥാനമായുള്ള ഒരു സ്കോട്ടിഷ് വിസ്കി ഡിസ്റ്റിലറിയാണ് ഡാൽമോർ. 1839ൽ സ്ഥാപിതമായ ഡാൽമോറും സ്കോട്ട്ലൻഡിലെ ഡിസൈൻ മ്യൂസിയമായ വി ആൻഡ് എ ഡണ്ടിയും തമ്മിലുള്ള പങ്കാളിത്തതിന്റെ ഭാഗമായിട്ടാണ് ദി ലൂമിനറി സീരീസ് എന്ന പേരിൽ 3 ആഡംബര സ്കോച്ച് വിസ്കി കുപ്പികൾ മാർച്ചിൽ പ്രദർശനത്തിന് എത്തിച്ചത്. മൂന്നു കുപ്പികളിൽ രണ്ടെണ്ണത്തെയാണ് ശിൽപമാക്കി മാറ്റിയത്.
ശിൽപത്തിന്റെ രൂപത്തിൽ സൂക്ഷിച്ചിരുന്ന രണ്ട് കുപ്പികളിൽ ഒന്ന് ലേലസ്ഥാപനമായ സോത്ത്ബൈസ് കഴിഞ്ഞ ആഴ്‌ച നടത്തിയ ലേലത്തിൽ 93,750 പൗണ്ടിന് (ഏകദേശം 1 കോടി രൂപ) വിറ്റുപോയി. ശിൽപരൂപത്തിലുള്ള രണ്ടാമത്തെ കുപ്പി ഡിസ്റ്റിലറിയിലെ ആർക്കൈവിൽ സൂക്ഷിക്കും.
ഓറഞ്ച് നിറത്തിലുള്ള ഒരൊറ്റ ഗ്ലാസ് കഷണം കൊണ്ടാണ് ശിൽപം നിർമ്മിച്ചിരിക്കുന്നത്. പ്രത്യേകമായി തയാറാക്കിയ ചൂളയിൽ ഗ്ലാസ് ചൂടാക്കി ഒരു ഡിഗ്രി വീതം കുറച്ച്, കുറച്ചായിരുന്നു നിർമ്മാണം. 12 ആഴ്ച കാലം കൊണ്ട് തണുപ്പിച്ചാണ് 80 കിലോഗ്രാം ഭാരമുള്ള ശിൽപമായി രൂപാന്തരപ്പെടുത്തിയത്.
ദി ഡാൽമോർ ഡിസ്റ്റിലറി നിരവധി സ്കോച്ച് വിസ്കി ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഒരു കലാരൂപത്തിലേക്ക് അവ പരിവർത്തനം ചെയ്തത് ആദ്യമായിട്ടാണ്. ആകെ രണ്ട് കുപ്പികളിൽ ഒന്നാണ് ലേലത്തിന് പോയത് എന്നത് കൊണ്ടു തന്നെ അത് വലിയ വാർത്തയായിരുന്നു.