ലോകത്തിലെ മികച്ച ചിത്രങ്ങളിൽ കൊച്ചിയും; ഇന്ത്യൻ ഫൊട്ടോഗ്രാഫർമാർ നിറഞ്ഞാടിയ ഒരു മത്സരം
Mail This Article
പിങ്ക് ലേഡി ഫുഡ് ഫൊട്ടോഗ്രാഫർ ഓഫ് ദി ഇയർ 2024ലെ വിജയ ചിത്രങ്ങൾ പ്രഖ്യാപിച്ചു. ഫുഡ് ഫൊട്ടോഗ്രഫിയിലും ഫിലിം മേക്കിംഗിലുമുള്ള മികവിനെ അംഗീകരിക്കുന്ന മത്സരമായ പിങ്ക് ലേഡി ഫുഡ് ഫൊട്ടോഗ്രാഫർ ഓഫ് ദി ഇയറിന്റെ 2024ലെ വിജയ ചിത്രങ്ങളിൽ ഇന്ത്യൻ ഫൊട്ടോഗ്രാഫർമാരുടെ സാന്നിധ്യം എടുത്തു പറയേണ്ടതാണ്.
സ്ട്രീറ്റ് ഫുഡ് വിഭാഗത്തിൽ വളരെ പ്രശംസിക്കപ്പെട്ട ഒന്നാണ് എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെ തിരക്കുകൾക്കിടയില്‍ രണ്ട് തൊഴിലാളികൾ ഒരു ബെഞ്ചിന് മുകളിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന ചിത്രം. രാജ്യാന്തര തലത്തിൽ മലയാളികൾക്ക് അഭിമാനമായ ആ ചിത്രം പകർത്തിയതാകട്ടെ യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്നുള്ള മാർക്ക് എഹ്രെൻബോൾഡാണ്.
ദൃശ്യങ്ങളിലൂടെ ഭക്ഷണ കഥകൾ പ്രദർശിപ്പിക്കുന്ന മത്സരം 2011ലാണ് സ്ഥാപിതമായത്. ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട മത്സരത്തിലേക്ക് ലോകമെമ്പാടുനിന്ന് 100,000 എൻട്രികളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. കലാപരമായ ഫുഡ് പോർട്രെയ്‌റ്റുകൾ മുതൽ സാമൂഹിക പ്രശ്‌നങ്ങളിൽ ഭക്ഷണത്തിന്റെ പങ്ക് വരെ ഫുഡ് ഫൊട്ടോഗ്രഫിയുടെ വൈവിധ്യമാർന്ന വശങ്ങൾ ആഘോഷിക്കുന്ന വിവിധ വിഭാഗങ്ങളാണ് മത്സരത്തിലുള്ളത്. ഫുഡ് ഫൊട്ടോഗ്രഫിയുടെയും കഥപറച്ചിലിന്റെയും വ്യത്യസ്‌ത വശങ്ങൾ എടുത്തുകാണിക്കുന്ന മത്സരത്തിൽ മൊത്തത്തിലുള്ള വിജയിയെ കൂടാതെ വിവിധ വിഭാഗങ്ങളിലും വിജയികളുണ്ട്.
ഷാംപെയ്ൻ ടൈറ്റിംഗർ ഫുഡ് സെലിബ്രേഷൻ വിഭാഗത്തിൽ ഇന്ത്യയിലെ തമിഴ്നാട്ടിൽ ഒക്ടോബറിൽ നടക്കുന്ന വാർഷിക ഉത്സവമായ കുലസൈ ദസറയുടെ ചിത്രമെടുത്ത ഉദയൻ ശങ്കർ പാൽ പ്രത്യേക പരാമർശം നേടി. ഉദയൻ പകർത്തിയ മഹാരാഷ്ട്രയിലെ ഹർനൈ ബീച്ചിലെ പ്രഭാത ദൃശ്യം ഫുഡ് ഫോർ സെയിൽ വിഭാഗത്തിൽ പ്രത്യേക പരാമർശവും നേടി.
വാരണാസി തെരുവിലെ ചായക്കടയുടെ ചിത്രമെടുത്ത അരുൺ സാഹ, സ്ട്രീറ്റ് ഫുഡ് വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി. ഫാമിലി ഫുഡ് വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയത് പരമ്പരാഗത ശൈലിയിൽ പുഷ്കർ മേളയിൽ (രാജസ്ഥാൻ, ഇന്ത്യ) അത്താഴം കഴിക്കുന്ന ഒരു ഇടയ കുടുംബത്തിന്റെ ചിത്രമാണ്. കൊണാർക്ക് ബസുവാണ് ഫൊട്ടോഗ്രാഫർ.
ഫുഡ് പൊളിറ്റിക്സ് വിഭാഗത്തിൽ കറുത്ത മത്സ്യത്തിന്റെ ചിത്രം എടുത്തത് ഹൈദർ ഖാനാണ്. ഫുഡ് ഇൻ ആക്ഷന്‍ എന്ന വിഭാഗത്തിൽ ഒന്നാം സ്ഥാനം കിഷോർ ദാസിനാണ്. കിഷോർ പകർത്തിയ, കൊൽക്കത്തയിലെ ഫുട്പാത്തിൽ താമസിക്കുന്ന കുടുംബം ഭക്ഷണം പങ്കിടുന്ന ചിത്രം വേൾഡ് ഫുഡ് പ്രോഗ്രാം ഫുഡ് ഫോർ ലൈഫ് വിഭാഗത്തില്‍ മൂന്നാം സ്ഥാനവും നേടി.
അതേ വിഭാഗത്തിൽ വളരെ പ്രശംസിക്കപ്പെട്ട ചിത്രങ്ങളാണ് സൗരഭ് സിരോഹിയ പകർത്തിയ റമദാനിലെ ഇഫ്താർ വേളയിൽ കൊൽക്കത്തയിലെ നഖോദ മസ്ജിദിൽ മിൽക്ക് ഷേക്ക് നോമ്പ് തുറക്കുന്നതും ദേബ്ദത്ത ചക്രവർത്തി എടുത്ത പശ്ചിമ ബംഗാളിലെ തെരായ് തേയിലത്തോട്ടങ്ങളുടേതും. മൊമന്റ്സ് ഓഫ് ഹാപ്പിനെസ് എന്ന വിഭാഗത്തിൽ ലഡാക്കിൽ അലക്സാണ്ടറുടെ നഷ്ടപ്പെട്ട സൈന്യത്തിന്റെ പിൻഗാമികളാണെന്ന് അവകാശപ്പെടുന്ന ബ്രോക്പാസ് കഴിക്കുന്ന പ്രഭാതഭക്ഷണചിത്രവും ദേബ്ദത്തയാണ് പകർത്തിയത്.
ബ്രിങ് ഹോം ദി ഹാർവെസ്റ്റ് വിഭാഗത്തിൽ പ്രശംസിക്കപ്പെട്ടതാണ് ഇൻലെ തടാകത്തിലെ മത്സ്യത്തൊഴിലാളികൾ തങ്ങളുടെ ബോട്ടുകളുമായി അതിരാവിലെ മത്സ്യബന്ധനത്തിന് തയാറെടുക്കുന്ന ചിത്രം. സംഘമിത്ര സർക്കാരാണ് ചിത്രം പകർത്തിരിക്കുന്നത്. യംഗ് വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയ ജോധ്പൂരിലെ മിൽക്ക് കേക്ക് ഉണ്ടാക്കുന്ന കടകളുടെ ചിത്രം പകർത്തിയത് ഇൻഡിഗോ ലാർമറാണ്.