ചൈനീസ് പെൺകുട്ടിയുടെ ഭരതനാട്യം അരങ്ങേറ്റം ബെയ്ജിങ്ങിൽ
Mail This Article
ബെയ്ജിങ് ∙ ഇന്ദ്രനീലശോഭയുള്ള വേഷവും ഭാവസാന്ദ്ര മുദ്രകളും. ചൈനീസ് ബാലികയുടെ ഭരതനാട്യം അരങ്ങേറ്റത്തിനു പാട്ടും പിന്നണിയും അതിലേറെ വാത്സല്യവുമായി ലീല സാംസൺ ഉൾപ്പെടെ പ്രമുഖർ. ഇന്ത്യയുടെ സ്വന്തം ഭരതനാട്യം പഠിച്ച ചൈനീസ് ബാലികയ്ക്കാണ് ചൈനയിൽ ഞായറാഴ്ച ഗംഭീര അരങ്ങേറ്റം നടന്നത്.
13 വയസ്സുള്ള ലെയ് മുസിയുടെ നടനം ചരിത്രം സൃഷ്ടിച്ചു. ചൈനയിൽ ഇതാദ്യമാണ് ഭരതനാട്യത്തിൽ ഒരാൾ അരങ്ങേറ്റം നടത്തുന്നത്.
പൂർണമായും ചൈനയിലാണ് ലെയ് നൃത്തം അഭ്യസിച്ചത്. ലീല സാംസൺ, ഷാങ് ജുൻ ഉൾപ്പെടെയുള്ള പ്രമുഖരുടെ ശിഷ്യയായ ജിൻ ഷാൻ ഷാന്റെ ഭരതനാട്യം സ്കൂളിലായിരുന്നു 10 വർഷമായി പഠനം. രണ്ടു മണിക്കൂറിലേറെ നീണ്ട പരിപാടിയിൽ പ്രദീപ് റാവത്തിന്റെ ഭാര്യ ശ്രുതി റാവത്തായിരുന്നു മുഖ്യാതിഥി. ഇന്ത്യൻ സംസ്കാരം തന്നെയാണു ഭരതനാട്യത്തിൽ കുടികൊള്ളുന്നതെന്ന് ‘ഡൂഡു’ എന്ന് ഓമനപ്പേരുള്ള ലെയ് മുസി ചിരി തൂകി പറയുന്നു.