തെരുവുകൾ സുന്ദരമാക്കിയ ഹനീഫ്, മരണം മായിക്കാത്ത വർണ്ണക്കൂട്ടുകൾ ബാക്കി
Mail This Article
41-ാം വയസ്സ്. മരണത്തിനു കീഴടങ്ങേണ്ട പ്രായമാണോ? കാൻസർ ബാധിച്ച് മരണത്തിലേക്ക് യാത്രയായ ഹനീഫ് ഖുറേഷിക്ക് 41 വയസ്സേയുണ്ടായിരുന്നുള്ളൂ. ഇന്ത്യൻ കലാലോകം ദു:ഖത്തോടെ വിട നൽകിയ ഹനീഫ്, ഒരു പ്രതിഭാധനനായ കലാകാരനായിരുന്നു. ഡൽഹിയുടെ തെരുവുകളെ വർണ്ണാഭമാക്കി ആ മനുഷ്യനെക്കുറിച്ച് നമ്മിൽ പലർക്കുമറിയില്ല.
ഗുജറാത്തിൽ ജനിച്ച ഹനീഫ് ഖുറേഷി ബറോഡയിലെ എംഎസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ ശേഷമാണ് കലായാത്ര ആരംഭിച്ചത്. ഹാൻഡ്-ലെറ്ററിംഗിലും സൈൻബോർഡ് പെയിന്റിംഗിലും ആകൃഷ്ടനാകുന്നതിന് മുമ്പ് അദ്ദേഹം പരസ്യരംഗത്തും പ്രവർത്തിച്ചിരുന്നു. വർണ്ണങ്ങളോടുള്ള അഭിനിവേശം അദ്ദേഹത്തെ ഇന്ത്യയുടെ ഇടവഴികളിൽ ചായം വീശാൻ പ്രേരിപ്പിച്ചു.
തന്റെ കാഴ്ചപ്പാട് മുന്നോട്ട് നയിക്കാനായി 2013ൽ ഹനീഫ് ഖുറേഷി സ്ഥാപിച്ച ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് സെന്റ്+ആർട്ട് (st+art) ഫൗണ്ടേഷൻ. അർജുൻ ബാൽ, അക്ഷത് നൗരിയാൽ, ജിയൂലിയ അംബ്രോഗി, താനിഷ് തോമസ് എന്നിവർക്കൊപ്പം 2013ലാണ് ഇത് സ്ഥാപിച്ചത്. കലയെ ജനാധിപത്യമാക്കുക എന്ന ലക്ഷ്യത്തോടെ അവർ തെരുവുകളിലെ വിശാലമായ ചുവരുകളിൽ വലിയ ചുമർചിത്രങ്ങൾക്ക് അനുയോജ്യമായ ഇടങ്ങൾ കണ്ടെത്തി.
ഡൽഹിയിലെ ലോധി ആർട്ട് ഡിസ്ട്രിക്റ്റ് ആയിരുന്നു ഹനീഫ് ഖുറേഷിയുടെ ഏറ്റവും ഫലപ്രദമായ പദ്ധതികളിൽ ഒന്ന്. ഈ സാധാരണ പ്രദേശത്തെ ഹനീഫ് ഊർജ്ജസ്വലമായ തെരുവ് ആർട്ട് ചുവർച്ചിത്രങ്ങളാൽ പുനരുജ്ജീവിപ്പിച്ചു. ആകർഷകമായ തെരുവ് കല ആസ്വദിക്കാൻ സന്ദർശകർ അവിടെ ഇന്നും വന്നുകൊണ്ടിരിക്കുന്നു.
ഇന്ത്യയിലുടനീളമുള്ള പൊതു ഇടങ്ങളെ പരിവർത്തനം ചെയ്യുന്നതിൽ നിർണായക പങ്ക് വഹിച്ച ഹനീഫ് ഖുറേഷി, സെന്റ്+ആർട്ട് ഫൗണ്ടേഷനിലൂടെ കോയമ്പത്തൂർ, ഹൈദരാബാദ്, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം ചിത്രങ്ങൾ വരച്ചു. ടൈപ്പോഗ്രാഫിയുെടയും പോപ്പ് സംസ്‌കാരത്തിന്റെയും സ്വാധീനം കാണപ്പെടുന്ന ഈ പ്രോജക്റ്റുകള്‍, ദേശീയ–രാജ്യാന്തര കലാകാരന്മാരുടെ 60–തിലധികം സൃഷ്ടികളുടെ ശ്രദ്ധേയമായ ശേഖരമായി മാറിക്കഴിഞ്ഞു.
15 മാസത്തിനു മുമ്പാണ് ക്യാൻസർ ബാധിതനാണെന്ന് ഹനീഫ് ഖുറേഷി അറിയുന്നത്. അപ്പോഴും പ്രത്യാശ കൈവിടാതെ പോരാട്ടം തുടരുകയും ഇന്ത്യൻ കലാരംഗത്ത് സംഭാവന നൽകുകയും ചെയ്തു കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ വിടവാങ്ങൽ കലാലോകത്തിൽ ഒരു ശൂന്യത സൃഷ്ടിക്കുന്നുണ്ടെങ്കിലും കലാപ്രേമികളെ എത്രയോ ചിത്രങ്ങൾ അദ്ദേഹം തെരുവുകളിൽ ബാക്കിയാക്കിയിരിക്കുന്നു.